ഒറ്റ കുത്ത്, മൂന്ന് മിനിറ്റില്‍ ഇമ്മ്യൂണോതെറാപ്പി

പ്രതീകാത്മക ചിത്രം, ANI
പ്രതീകാത്മക ചിത്രം, ANI

രോഗനിര്‍ണയത്തിലും ചികിത്സയിലും ആശുപത്രി സന്ദര്‍ശനത്തിലും സമയം പ്രധാനമാണ്. കാന്‍സര്‍ ബാധിച്ചവരെ സംബന്ധിച്ചിടത്തോളം പുതിയ ഗവേഷണവും കണ്ടുപിടുത്തവുമെല്ലാം ആശ്വാസകരമാണ്. ഇപ്പോഴിതാ ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് കാന്‍സര്‍ രോഗികള്‍ക്ക് ഒറ്റ കുത്തിവെയ്പ്പില്‍ മൂന്ന് മിനിറ്റുകൊണ്ട് ആശ്വാസം പകരുന്ന ഇമ്മ്യൂണോഗ്ലോബുലിന്‍ വികസിപ്പിച്ചിരിക്കുകയാണ്.

ഈ പുതിയ ചികിത്സാരീതി മണിക്കൂറുകളിളില്‍ നിന്ന് ചികിത്സയെ മിനിറ്റുകളിലേക്ക് എത്തിക്കുകയാണ്. യൂറോപ്പില്‍ ഇത് ആദ്യമായി നടപ്പിലാക്കുന്ന രാജ്യമാണ് ഇംഗ്ലണ്ട്. ത്വക്ക്, മൂത്രസഞ്ചി, അന്നനാളം എന്നിവിടങ്ങളില്‍ അര്‍ബുദമുള്ള രോഗികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഇതോടെ മാസം തോറും ഐ.വി ഡ്രിപ്പുകള്‍ ഉപയോഗിക്കുന്നവരുടെ തോത് കുറയും.

നിവോലുമാബ് എന്നറിയപ്പെടുന്ന ഈ കുത്തിവയ്പ്പ് ഒരുതരം ഇമ്മ്യൂണോതെറാപ്പിയാണ്. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തി കാന്‍സര്‍ കോശങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ ഇത് സഹായിക്കുന്നു. ഇതുവരെ, ഇതേ മരുന്ന് ഒരു ഇന്‍ട്രാവണസ് ഡ്രിപ്പിലൂടെയാണ് നല്‍കിയിരുന്നത്. ഓരോ സെഷനും 60 മിനിറ്റ് വേണ്ടിവരും. ഈ പുതിയ ചികിത്സാരീതിയിലൂടെ വെറും മൂന്ന് മുതല്‍ അഞ്ച് മിനിറ്റിനുള്ളില്‍ ശരീരത്തില്‍ കുത്തിവയ്ക്കാന്‍ കഴിയും. ഇതൊരു പുതിയ മരുന്നല്ല, അത് നല്‍കുന്നതിനുള്ള ഒരു പുതിയ മാര്‍ഗമാണിത്.

രണ്ടാഴ്ച കൂടുമ്പോള്‍ ചികിത്സ ആവശ്യമുള്ള ഒരു അര്‍ബുദരോഗിയ്ക്ക് ഐ.വി ഡ്രിപ്പിലൂടെ, ഓരോ തവണയും കുറഞ്ഞത് ഒരു മണിക്കൂര്‍ ആവശ്യമാണ്. എന്നാല്‍ ഈ കുത്തിവയ്പ്പിലൂടെ ഇത് കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അവസാനിക്കും. ഇതിലൂടെ മണിക്കൂറുകള്‍ ലാഭിക്കാനാകും. ഇതിലൂടെ അര്‍ബുദ രോഗികള്‍ക്ക് അവരുടെ വിലപ്പെട്ട സമയം ഇഷ്ടത്തിന് ചെലവാക്കാന്‍ സാധിക്കും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: UK`s NHS offers faster cancer treatment with a 3-minute immunotherapy injection, Nivolumab