ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗണേശപ്രതിമ; 40000 ചതുരശ്ര മീറ്ററിലെ വെങ്കലശില്പം

തായ്‌ലൻഡിലെ ഗണേശ പ്രതിമ/ ganeshthailand.com
തായ്‌ലൻഡിലെ ഗണേശ പ്രതിമ/ ganeshthailand.com

രാജ്യമെമ്പാടും ഗണേശചതുർഥിയ്ക്കായുള്ള ഒരുക്കത്തിലാണ്. മനോഹരമായ ഗണേശവിഗ്രഹങ്ങള്‍ വീടുകളിലും തെരുവുകളിലും തയ്യാറായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെങ്കല ഗണേശ പ്രതിമ ഇന്ത്യയിലല്ലെന്നറിയാമോ? അത്  തായ്‌ലൻഡിലാണ്. തായ്‌ലൻഡിലെ ചാച്ചോങ്‌സാവോ പ്രവിശ്യയിലെ ക്ലോങ് ഖ്വാൻ ജില്ലയിലുള്ള ഫ്രാ ഫിക്കാനെറ്റ് എന്നുപേരുള്ള ഗണേശ വിഗ്രഹത്തിന് 12 നില കെട്ടിടത്തേക്കാൾ ഉയരമുണ്ട്. 39 മീറ്റർ ഉയരമുള്ള ഈ പ്രതിമ പൂർണമായും വെങ്കലത്തിൽ നിർമിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗണേശ പ്രതിമയെന്ന റെക്കോർഡ് സ്വന്തമാക്കിയ പ്രതിമ കാണാനും ഭക്തരും സഞ്ചാരികളും ഒട്ടേറെയെത്താറുണ്ടിവിടെ. ക്ലോങ് ഖ്വാൻ ഗണേഷ് ഇന്റർനാഷണൽ പാർക്കിലാണ് പ്രതിമ സ്ഥിതിചെയ്യുന്നത്.

തായ്‌ലൻഡിലെ ആത്മീയ, സാംസ്കാരികകേന്ദ്രമായി സ്ഥാപിക്കപ്പെട്ട ഖ്ലോങ് ഖുവാൻ ഗണേഷ് ഇന്റർനാഷണൽ പാർക്കിന്റെ പ്രധാന ആകർഷണമാണിത്. തീർത്ഥാടന കേന്ദ്രമെന്നതിലുപരി, പ്രധാനടൂറിസം ആകർഷണം കൂടിയാണിത്. 

ഗണേശപ്രതിമ

നാല് വർഷമെടുത്ത് നിർമിച്ച പ്രതിമ പൂർത്തിയയത് 2012-ലാണ്. 854 വ്യത്യസ്തങ്ങളായ വെങ്കല കഷ്ണങ്ങൾ കൂട്ടിച്ചേർത്താണ് വിജയിച്ചു നിൽക്കുന്ന ഗണേശന്റെ ഭാവം പരുവപ്പെടുത്തിയത്. 40,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പ്രതിമ ബാംഗ് പകോംഗ് നദിക്ക് മുകളിലൂടെ തലയുയർത്തി നിൽക്കുന്നു. റോഡിലൂടെയും നദിയിലൂടെയും യാത്ര ചെയ്യുന്നവർക്ക് ഗണേശപ്രതിമ കാണാം. ഗണേശന്റെ നാല് കൈകളിലും പ്രാദേശിക പ്രാധാന്യമുള്ള ചിഹ്നങ്ങൾ കാണാം. ചക്ക (സമൃദ്ധി), കരിമ്പ് (മാധുര്യം), വാഴപ്പഴം (പോഷണം), മാമ്പഴം (ജ്ഞാനം) എന്നിവയാണവ. പിറ്റാക്ക് ചല്യൂംലാവോയാണ് പ്രതിമയുടെ ശില്പി.

എന്തുകൊണ്ട് തായ്‌ലൻഡിൽ ഒരു ഗണേശ പ്രതിമ?

തായ്‌ലൻഡിന് ഗണപതിയുമായി ആഴത്തിലുള്ള സാംസ്കാരിക ബന്ധമുണ്ട്. തായ് സംസ്കാരത്തിൽ ഫ്രാ ഫിക്കാനെറ്റ് എന്നറിയപ്പെടുന്ന ഗണേശൻ, വിഘ്നങ്ങളെ ഇല്ലാതാക്കുന്നവനായും കല, പഠനം, ജ്ഞാനം എന്നിവയുടെ രക്ഷാധികാരിയായും ആരാധിക്കപ്പെടുന്നു. ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും തമ്മിലുള്ള നൂറ്റാണ്ടുകളുടെ സാംസ്കാരിക വിനിമയത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് തായ്‌ലൻഡിലുടനീളമുള്ള ആരാധനാലയങ്ങളിലും കലാ വിദ്യാലയങ്ങളിലും പോലും ഗണപതിയുടെ ചിത്രങ്ങൾ കാണാം. തായ്‌ലൻഡിലേക്കുള്ള യാത്ര പദ്ധതിയിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒരു സ്ഥലമാണ് ക്ലോങ് ഖ്വാനിലെ ഫ്രാ ഫിക്കാനെറ്റ് പ്രതിമ.

അനുയോജ്യമായ സമയം

നവംബറിനും ഫെബ്രുവരിക്കും ഇടയിലാണ് പാർക്ക് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ കാലയളവിൽ തായ്‌ലൻഡിലെ കാലാവസ്ഥ സുഖകരവും പുറംകാഴ്ചകൾ കാണാൻ ഏറ്റവും ഉത്തമവുമാണ്.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഗണേശവിഗ്രഹം മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണുള്ളത്. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Discover the 39m tall Phra Phikanet, world`s largest bronze Ganesha statue, in Thailand`s Khlong Khwan Ganesh International Park.