നടന്നു കാണാം വിര്‍ജീനിയ: കാൽനടയായി ആസ്വദിക്കാവുന്ന വിർജീനിയയിലെ 8 നഗരങ്ങൾ

വിർജീനിയ (wikipedia)
വിർജീനിയ (wikipedia)

തിരക്കുള്ള തെരുവുവഴികളിലൂടെയോ കാടിന്റെ ഏകാന്തതയിലൂടെയോ ഉള്ള ചെറുനടത്തങ്ങള്‍ യാത്രയുടെ അനുഭൂതി ഇരട്ടിയാക്കുന്നു. അയല്‍കൂട്ടായ്മയില്‍ പുലരുന്ന പ്രാദേശിക ജീവിതങ്ങള്‍, ചരിത്രമുറങ്ങുന്ന തെരുവുകള്‍, കലാപ്രകടനങ്ങള്‍, മനോഹര പാതകള്‍... വിര്‍ജീനിയയുടെ ഓരോ കോണിലൂടെയുമുള്ള കാല്‍നടയാത്ര കാത്തുവെക്കുന്നത് ആനന്ദകരമായ അനുഭവങ്ങളാണ്. പ്രധാനകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വിര്‍ജീനിയ ആംട്രാക്ക് സേവനം ഡ്രൈവ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കിത്തരികയും ചെയ്യും. കാല്‍നടയാത്രക്കാര്‍ക്ക് ആസ്വദിക്കാവുന്ന വിര്‍ജീനിയയിലെ എട്ട് നഗരങ്ങളും അവിടുത്തെ കാഴ്ചകളും പരിചയപ്പെടാം.

1.അലക്സാന്‍ഡ്രിയ
നൂറ്റാണ്ടുകളുടെ പഴമയാണ് അലക്സാന്‍ഡ്രിയയുടെ സൗന്ദര്യം. 18-19 നൂറ്റാണ്ടില്‍ പണിതുയര്‍ത്തിയ കെട്ടിടങ്ങള്‍ വരിനില്‍ക്കുന്ന പൗരാണിക പാതകള്‍ നദീമുഖത്തേക്ക് തുറക്കുന്നു. ദി വെയര്‍ഹൗസ് അല്ലെങ്കില്‍ വെര്‍ച്യു ഫീഡ് ആന്‍ഡ് ഗ്രെയിന്‍ പോലെ പ്രാദേശിക രുചി വിളമ്പുന്ന റെസ്റ്ററന്റുകള്‍, ബൂട്ടിക്കുകള്‍, ആര്‍ട്ട് ഗാലറികള്‍ എന്നിവ കണ്ട് നദീതീരത്തെ ഫൗണ്ടേഴ്സ് പാര്‍ക്കിലേക്ക് കടന്നുചെല്ലാം.

2.നോര്‍ഫോക്ക്
സംസ്‌കാരിക വൈവിധ്യത്തിന്റെ രസകരമായ അനുഭവത്തിനായി നോര്‍ഫോക്കിലേക്ക് ആംട്രാക്ക് യാത്ര നടത്താം. സെല്‍ഡന്‍ മാര്‍ക്കറ്റിലെ ഷോപ്പിങ്, ക്രൈസ്ലര്‍ മ്യൂസിയം ഓഫ് ആര്‍ട്ടിലെ ചരിത്രക്കാഴ്ചകള്‍, ഗാലറി ഉക്വെന്‍സിയിലെ കലാദര്‍ശനം, നിയോണ്‍ ഡിസ്ട്രിക്റ്റിലെ പബ്ലിക്ക് മ്യൂറല്‍ ചിത്രങ്ങള്‍..അങ്ങനെ നടക്കാവുന്ന ദൂരത്തിനുള്ളില്‍ നോര്‍ഫോക്ക് പകരുന്ന കാഴ്ചകള്‍ പലതാണ്. നോട്ടിക്കസ് മ്യൂസിയവും ബാറ്റില്‍ഷിപ്പ് വിസ്‌കോണ്‍സിന്‍ പോലുള്ള സ്ഥലങ്ങളും അനന്തമായ ഡൈനിങ് സാധ്യതകളും നോര്‍ഫോക്കിനെ ഫാമിലി ട്രിപ്പിന് അനുയോജ്യമാക്കുന്നു.

3.വിര്‍ജീനിയ ബീച്ച്
നോര്‍ഫോക്കില്‍ നിന്ന് ഒരു ചെറിയ ആംട്രാക്ക് യാത്ര മതി വിര്‍ജീനിയ ബീച്ചില്‍ എത്തിച്ചേരാന്‍. മനോഹരമായ തീരത്തുകൂടി നടക്കാനും ഇവിടെ അവസരമുണ്ട്. വിര്‍ജീനിയ അക്വേറിയത്തിലും വൈബെ ക്രിയേറ്റീവ് ഡിസ്ട്രിക്റ്റിലും ചെന്നാല്‍ സമുദ്രജീവികളെക്കുറിച്ച് കൂടുതലറിയാം. ഷെഫ് ടേബിള്‍ ടൂറിലൂടെ കക്കയിറച്ചിയുടെ രുചി ആസ്വദിക്കുകയുമാവാം.

4.ചാര്‍ലോട്ട്സ്വില്ലെ
ചാര്‍ലോട്ട്സ്വില്ലെയിലെ ഡൗണ്‍ടൗണ്‍ മാളില്‍ കാല്‍നടയാത്രക്കാര്‍ക്ക് മാത്രമായി എട്ട് ബ്ലോക്കുകള്‍ കടകള്‍, ഗാലറികള്‍, പാതയോര കഫേകള്‍ എന്നിവയുണ്ട്. മേരിബെറ്റില്‍ നിന്ന് നല്ലൊരു പേസ്ട്രി കഴിച്ചോ, പാരാമൗണ്ട് തിയേറ്ററില്‍ ഒരു ഷോ കണ്ടുകൊണ്ടോ ദിവസം തുടങ്ങാം. പ്രകൃതിയുടെ മൗനമാസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി തൊട്ടുത്ത് റിവാന ട്രെയില്‍ എന്ന വനപാതയുണ്ട്.

വില്യംസ്ബർഗ്

5.റൊണോക്കെ
റൊണോക്ക റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അപ്പലാച്ചിയന്‍ ട്രെയിലിന്റെ മക്അഫി നോബിലേക്ക് എളുപ്പം എത്തിച്ചേരാം. അതിശയിപ്പിക്കുന്ന 270 ഡിഗ്രി കാഴ്ചകള്‍ക്ക് പേരുകേട്ട, 3,197 അടി ഉയരമുള്ള ഈ കൊടുമുടി ലോകമെമ്പാടുമുള്ള ഹൈക്കര്‍മാരുടെ ഇഷ്ട ഡെസ്റ്റിനേഷനാണ്. മക്അഫി നോബ് ട്രെയിലിലേക്ക് സ്‌റ്റേഷനില്‍ നിന്ന് ഷട്ടില്‍ സര്‍വീസുമുണ്ട്.

6.ഫ്രെഡറിക്‌സ്ബര്‍ഗ്
പുരാവസ്തു കടകള്‍, ആര്‍ട്ട് ഗാലറികള്‍, കഫേകള്‍ എന്നിവ നിറഞ്ഞ നഗരം. ഫുഡെയില്‍ ഉച്ചഭക്ഷണം കഴിക്കാം. തുടര്‍ന്ന് നദീതീര കാഴ്ചകള്‍ക്കും അല്‍പം ശുദ്ധവായുവിനുമായി റാപ്പഹന്നോക്ക് റിവര്‍ ഹെറിറ്റേജ് ട്രെയിലിലേക്ക് പോകാം. ഒന്നിനും ഡ്രൈവ് വേണ്ടിവരില്ല.

7.റിച്ച്മണ്ട്
ബൂട്ടിക്ക്‌ ഷോപ്പിങ്ങിനും ലഘുഭക്ഷണത്തിനും കാരിടൗണിലൂടെ നടക്കാം. കലാസ്വാദനമാണ് ഇഷ്ടമെങ്കില്‍ നടത്തം ആര്‍ട്‌സ് ഡിസ്ട്രിക്റ്റിലൂടെയാക്കണം. ഹൈക്കിങ് താത്പര്യമുള്ളവര്‍ക്കും പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ക്കും കനാല്‍ തീരത്തുകൂടെ നഗരത്തിലെ ഏറ്റവും മികച്ച ഹൈക്കുകളിലൊന്നായ ബെല്ലെ ഐലിലേക്കെത്താം.

8.വില്യംസ്ബര്‍ഗ്
18-ാം നൂറ്റാണ്ടിലെ കൊളോണിയല്‍ തെരുവുകളാണ് വില്യംസ്ബര്‍ഗിന്റെ പ്രത്യേകത. ബെറെറ്റ് സീഫുഡ് റെസ്റ്ററന്റും ടാപ്ഹൗസ് ഗ്രില്ലും നാടന്‍ സ്വാദുമായി കാത്തിരിക്കുന്നു. ആംബര്‍ ഓക്‌സില്‍ വ്യത്യസ്ത പാനീയങ്ങളാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Discover Virginia`s charm on foot! Explore historic streets, vibrant art scenes, and scenic trails in these 8 walkable cities. Amtrak access makes car-free travel easy.