കാർ നിർത്തിയപ്പോൾ ചുറ്റും കണ്ണോടിച്ചു;തകർന്ന കെട്ടിടങ്ങൾ, പലസ്തീൻ അഭയാർഥികൾ താമസിക്കുന്ന സ്ഥലങ്ങൾ...

അബുദാബിയിൽനിന്ന് എയർ അറേബ്യ വിമാനം പറന്നുയർന്നപ്പോൾ സീറ്റുകളെല്ലാം നിറഞ്ഞിരുന്നു. അത് കണ്ടപ്പോഴാണ് മനസ്സ് തെല്ലൊന്ന് തണുത്തത്. ''സംഘർഷഭൂമിയാണ്, എന്തെങ്കിലും പ്രതികൂലസാഹചര്യത്തിൽ പെട്ടാൽ എന്നെ വിളിക്കരുത്. ടെൻഷനടിക്കാൻ വയ്യ.'' ദുബായിലെ ലെബനൻ എംബസിയിൽനിന്ന് വിസ വന്നതറിഞ്ഞപ്പോഴേ ജീവിതപാതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. സഹപ്രവർത്തകനായ ലെബനൻ സ്വദേശി സമീപകാലത്ത് നാട്ടിൽ പോയിവന്ന ധൈര്യത്തിലാണ് ഇറങ്ങിപ്പുറപ്പെട്ടത്. എപ്പോൾവേണമെങ്കിലും എന്തും സംഭവിക്കാമെന്ന ആധി അപ്പോഴും മനസ്സിലുണ്ടായിരുന്നു.
ഭൂഖണ്ഡങ്ങളുടെ നടുവിൽ
മൂന്നേകാൽ മണിക്കൂറിനുള്ളിൽ കടലിനെ തൊട്ടുതലോടിയപോലെ വിമാനം ബെയ്റൂത്തിലെ റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങി. ലാൻഡ്‌ചെയ്യുമ്പോൾ ജനാലയിലൂടെ കണ്ട കാഴ്ച മനോഹരം; മുന്നിൽ നീലനിറത്തിലുള്ള മെഡിറ്ററേനിയൻ കടൽ, പിന്നിൽ മഞ്ഞും മേഘവും മൂടിയ മലനിരകൾ. യൂറോപ്-ഏഷ്യ-ആഫ്രിക്ക ഭൂഖണ്ഡങ്ങളുടെ നടുവിൽ സ്ഥിതിചെയ്യുന്ന ലെബനൻ, അപൂർവതകളുടെയും വൈവിധ്യങ്ങളുടെയും ദേശമാണ്. വടക്കും കിഴക്കും സിറിയയും തെക്കുഭാഗത്ത് ഇസ്രയേലുമാണ് അതിര്.
Content Highlights: Comprehensive exploration of Lebanon's diverse landscapes and historic sites. Insights into the ancient ruins of Baalbek and the coastal charm of Beirut.