മെസ്സിക്ക് പ്രിയപ്പെട്ട ഹെർബൽ ടീ; ലോഡുകണക്കിനാണ് ലോകകപ്പ് സമയത്ത് എത്തിച്ചത്‌

മെസ്സി, യഹ്ബ മാറ്റേ | AFP, Instagram
മെസ്സി, യഹ്ബ മാറ്റേ | AFP, Instagram

കാൽപ്പന്തുകളിയിലേക്ക് (2026 Fifa World Cup) ലോകം മുഴുവൻ ചുരുങ്ങിക്കഴിഞ്ഞു. അതിനിടെ ഇഷ്ടതാരങ്ങളെക്കുറിച്ചുള്ള ചർച്ചകളിലാണ് ആരാധകർ. ഇതിഹാസതാരം ലയണൽ മെസ്സിയുടെ (Lionel Messi) ആരോഗ്യരഹസ്യങ്ങളും ഭക്ഷണതാത്പര്യങ്ങളും ആളുകൾ താത്പര്യത്തോടെയാണ് വായിക്കുന്നത്. കരിയറിന്റെ തുടക്കകാലത്ത് മധുരപലഹാരങ്ങൾ, പിസ്സ, റെഡ് മീറ്റ് എന്നിവ ഏറെ കഴിക്കുമായിരുന്നു മെസ്സി. എന്നാൽ, ഇത് അദ്ദേഹത്തിന്റെ ശരീരത്തെ വളരെ മോശമായി ബാധിച്ചു. പലപ്പോഴും ചില മാച്ചുകൾക്കിടയിൽ ഛർദിക്കാനും തുടങ്ങി.

അതിനുശേഷമാണ് ഫിറ്റ്‌നെസിലേക്ക് താരം കൂടുതൽ ശ്രദ്ധതിരിച്ചത്. ഒലീവ് ഓയിൽ, മുഴുധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ അദ്ദേഹം കൂടുതലായി തന്റെ ഡയറ്റിൽ ഉൾപ്പെടുത്തി. അതിനൊപ്പം ധാരാളം വെള്ളവും. പഞ്ചസാര, ജങ്ക് ഫുഡ് എന്നിവ പൂർണമായും ഒഴിവാക്കി. മത്സ്യം, ചിക്കൻ, പ്രോട്ടീൻ ഷേക്ക് എന്നിവയിലൂടെ ആവശ്യത്തിന് പ്രോട്ടീൻ ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കി.

എന്നാൽ, മത്സരങ്ങൾക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ തയ്യാറെടുപ്പ് അതിലും വ്യത്യസ്തമാണ്. മത്സരത്തിന് പത്തുദിവസം മുമ്പേ തന്നെ ശരീരത്തിലെത്തുന്ന കാർബോഹൈഡ്രേറ്റ്‌സിന്റെ അളവ് നന്നായി കുറയ്ക്കും. ഈ സമയത്ത് ദിവസവും മൂന്ന് പ്രോട്ടീൻ ഷേക്കാണ് അദ്ദേഹം കുടിക്കുക. അങ്ങനെ ശരീരത്തിനാവശ്യമായ പ്രോട്ടീൻ ഭക്ഷണത്തിലുൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കും. മത്സരത്തിന് അഞ്ചുദിവസം മുമ്പ് മഞ്ഞൾ, ഇഞ്ചി എന്നിവയടങ്ങിയ വെജിറ്റബിൾ സൂപ്പ് ശീലമാക്കും. ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ, ഭക്ഷണം വളരെ ലളിതമാക്കും. മത്സ്യം അല്ലെങ്കിൽ ചിക്കൻ എന്നിവയ്‌ക്കൊപ്പം പുഴുങ്ങിയ ഉരുളക്കിഴങ്ങ്, പച്ചക്കറികൾ എന്നിവയും പഴങ്ങളുമാണ് കഴിക്കുക.

കാർബണേറ്റഡ് സോഡയും മറ്റും മെസ്സി പൂർണമായും ഒഴിവാക്കും. എന്നാൽ ഈ സമയത്ത് അദ്ദേഹം ഒഴിവാക്കാത്തൊരു ശീലമുണ്ട്, യഹ്ബ മാറ്റേ (Yerba Mate) എന്ന പാനീയം കുടിക്കുന്നത്. പരമ്പരാഗത സൗത്ത് അമേരിക്കൻ ഹെർബൽ ടീ ആണിത്. പഞ്ചസാര ചേർക്കാത്ത ഈ പാനീയം കളിക്കളത്തിൽ കൂടുതൽ ജാഗ്രത പുലർത്താൻ സഹായിക്കുന്നു. മത്സരത്തിനിടയിലും പരിശീലനത്തിനിടയിലും അദ്ദേഹം ഇടയ്ക്കിടെ ഇത് കുടിക്കുന്നത് കാണാറുണ്ട്.

അദ്ദേഹത്തിന് മാത്രമല്ല, മറ്റ് അർജന്റീന കളിക്കാർക്കും ഇത് ഏറെ ഇഷ്ടമാണ്. ബ്രസീൽ, ഉറുഗ്വെ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കും ഏറെ പ്രിയപ്പെട്ട ഹെർബൽ ടീയാണിത്. അതുകൊണ്ടുതന്നെ 2022 ലോകകപ്പിൽ ഈ ടീമുകളെല്ലാം ഖത്തറിലേക്ക് ലോഡുകണക്കിന് യഹ്ബ മാറ്റേ കൊണ്ടുവന്നു. ബ്രസീൽ കളിക്കാർക്കായി 26 പൗണ്ട് യഹ്ബ മാറ്റേ ആണ് കൊണ്ടുവന്നതെങ്കിൽ, അർജന്റീന 1100 പൗണ്ട് അളവിലാണ് ഖത്തറിലെത്തിച്ചത്.

ഉണക്കി അരിഞ്ഞ മാറ്റേ ലീഫ്‌സ് കൊണ്ട് നിർമിക്കുന്ന, കഫീൻ സമ്പുഷ്ടമായ, ചൂടോടെ കുടിക്കുന്ന പാനീയമാണിത്. കയ്പ്പുരുചിയാണെങ്കിലും, പോഷകങ്ങൾ ഏറെയുണ്ട് ഇതിൽ. മെറ്റൽ സ്‌ട്രോയിലൂടെയാണ് ഇത് കുടിക്കുന്നത്. പഠനങ്ങൾ പ്രകാരം കരളിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് ഇതേറെ നല്ലതാണ്. ആന്റിഓക്‌സിഡന്റുകൾ ധാരാളമടങ്ങിയിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Lionel Messi's transition from junk food to a clean diet of whole grains, fruits, and vegetables. Specific 10-day pre-match nutrition protocol involving protein shakes and vegetable soups. The role of Yerba Mate as a natural performance enhancer.