വിഷുക്കട്ട മുതല്‍ വിഷുക്കഞ്ഞിയും പുഴുക്കും നാരങ്ങാക്കറിയും വരെ

കറിനാരങ്ങ കിച്ചടി
കറിനാരങ്ങ- ഒരെണ്ണം
പച്ചമുളക്-മൂന്നെണ്ണം
ഇഞ്ചി, ജീരകം- അഞ്ച് ഗ്രാം
തേങ്ങ ചിരകിയത്- കാല്‍ കപ്പ്
തൈര്- അരക്കപ്പ്
ഉപ്പ്, പഞ്ചസാര, കടുക്- കാല്‍ ടീസ്പൂണ്‍ വീതം
കറിവേപ്പില- രണ്ട് തണ്ട്
ഉണക്കമുളക്- രണ്ടെണ്ണം
ചെറിയ കഷണങ്ങളാക്കിയ നാരങ്ങ ഉപ്പ് ചേര്‍ത്ത് ഒരു രാത്രി വെക്കുക. ഇതിലേക്ക് നുറുക്കിയ പച്ചമുളകും ചേര്‍ക്കണം. തേങ്ങ ജീരകം ചേര്‍ത്തരച്ചതില്‍ തൈരൊഴിച്ച് ഇളക്കുക. ഇത് നാരങ്ങയില്‍ ചേര്‍ത്ത് ഉപ്പും പഞ്ചസാരയുമിട്ട് ഇളക്കണം. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉണക്കമുളകും ചേര്‍ക്കുക. എന്നിട്ട് കിച്ചടിക്ക് മുകളില്‍ തൂവാം.
ഇടിച്ചക്ക തോരന്‍
ഇടിച്ചക്ക തൊലികളഞ്ഞത് - ഒന്ന്
മഞ്ഞള്‍പൊടി - ഒരു ടീസ്പൂണ്‍
തേങ്ങ ചിരവിയത് - അരക്കപ്പ്
വറ്റല്‍മുളക് - മൂന്നെണ്ണം
സവാള ചെറുതായരിഞ്ഞത് - രണ്ടെണ്ണം
പച്ചമുളക് ചെറുതായരിഞ്ഞത് - രണ്ടെണ്ണം
ജീരകം - അര ടീസ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
വെള്ള ഉഴുന്ന് - ഒരു ടീസ്പൂണ്‍
കറിവേപ്പില - ആവശ്യത്തിന്
കായം - അര ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തൊലികളഞ്ഞ് വൃത്തിയാക്കിയ ഇടിച്ചക്ക കഷണങ്ങള്‍ കുക്കറിലിട്ട് കാല്‍കപ്പ് വെള്ളമൊഴിച്ച് രണ്ട് വിസില്‍ വരുന്നതുവരെ വേവിക്കുക. അല്പസമയത്തിനുശേഷം ഫോര്‍ക്ക് ഉപയോഗിച്ച് ഇടിച്ചക്ക ചതച്ചെടുത്ത് മാറ്റിവെക്കണം. തേങ്ങ ചിരവിയതും പച്ചമുളകും അല്പം വെള്ളവും ചേര്‍ത്ത് അരച്ചെടുക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്, ജീരകം, ഉഴുന്ന് എന്നിവ താളിക്കുക. ശേഷം സവാളയും പച്ചമുളകും ചേര്‍ത്ത് വഴറ്റണം. ഇതിലേക്ക് കറിവേപ്പിലയും കായം പൊടിച്ചതും തേങ്ങ അരച്ചതും ഇടിച്ചക്കയും ചേര്‍ത്ത് നന്നായി വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ചെറുതീയില്‍ അല്പനേരം പാകം ചെയ്തശേഷം വിളമ്പാം.
വിഷുപ്പുഴുക്ക്
പച്ച ചക്ക - കാല്‍ ഭാഗം (നുറുക്കിയത്)
തേങ്ങ ചിരവിയത് - ഒന്നര കപ്പ്
ജീരകം - അര ടീസ്പൂണ്‍
വെളുത്തുള്ളി - മൂന്നെണ്ണം
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
പച്ചമുളക് - മൂന്നെണ്ണം
കറിവേപ്പില - ആവശ്യത്തിന്
വെളിച്ചെണ്ണ - ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ഒരു പാത്രത്തില്‍ വെള്ളമൊഴിച്ച് അതിലേക്ക് ചക്കയിട്ട് തിളപ്പിക്കുക. ഇതിലേക്ക് കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് മൂടിവെച്ച് വേവിക്കാം. തേങ്ങചിരവിയത്, മഞ്ഞള്‍പൊടി, പച്ചമുളക്, വെളുത്തുള്ളി, ജീരകം എന്നിവ നന്നായി അരച്ചെടുക്കുക. ചക്ക വെന്തശേഷം ഈ മിശ്രിതം അതിലേക്കിട്ട് അല്പനേരം കൂടി പാകം ചെയ്തശേഷം തീ അണയ്ക്കുക. ഇതിലേക്ക് കറിവേപ്പിലയും വെളിച്ചെണ്ണയും തൂവി വിളമ്പാം.
വിഷുക്കഞ്ഞി
ഉണക്കലരി - അരക്കപ്പ്
പച്ചരി - അരക്കപ്പ്
ചെറുപയര്‍ പരിപ്പ് - കാല്‍ കപ്പ്
അമരപ്പയര്‍ - കാല്‍ കപ്പ്
തേങ്ങാപ്പാല്‍ - രണ്ട് കപ്പ്
തേങ്ങ ചിരവിയത് - ഒരു കപ്പ്
ഉപ്പ് - ആവശ്യത്തിന്
ഒരു പാനില്‍ അമരപ്പയറും ചെറുപയര്‍പരിപ്പുമിട്ട് നന്നായി വറുത്തെടുത്ത് മാറ്റിവെക്കുക. പച്ചരിയും ഉണക്കലരിയും വെവ്വേറെ കഴുകി വെക്കണം. ശേഷം മൂന്ന് കപ്പ് വെള്ളമൊഴിച്ച് വെവ്വേറെ വേവിച്ചെടുക്കാം. വെന്തശേഷം ഇവ രണ്ടും യോജിപ്പിക്കാം. ഒരു പാനില്‍ രണ്ടോ മൂന്നോ കപ്പ് വെള്ളമൊഴിച്ച് വറുത്തെടുത്ത അമരപ്പയറും ചെറുപയര്‍ പരിപ്പും വേവിച്ചെടുക്കാം. ശേഷം ഇത് ചോറില്‍ ചേര്‍ത്ത് യോജിപ്പിച്ച് തേങ്ങാപ്പാലും ഉപ്പും ചേര്‍ക്കാം. കുറച്ച് സമയം വേവിച്ചശേഷം തേങ്ങ ചിരവിയത് ചേര്‍ത്ത് വിളമ്പുന്നതിന് മുമ്പ് നന്നായി ഇളക്കിയെടുക്കാം.
വിഷുക്കട്ട
ഉണക്കലരി- അരക്കപ്പ്
ശര്‍ക്കപ്പാനി- അരക്കപ്പ്
തേങ്ങയുടെ ഒന്നാം പാല്‍,
രണ്ടാം പാല്‍, മൂന്നാം പാല്‍- അരക്കപ്പ് വീതം
ജീരകം- ഒരു ടീസ്പൂണ്‍
നെയ്യ്- ഒരു ടേബിള്‍സ്പൂണ്‍
ഏലയ്ക്കാപ്പൊടി, ചുക്കുപൊടി- ഒരു നുള്ള് വീതം
ഉണക്കലരി ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. ഇത് അരിച്ചെടുത്ത് ഒരു പാനിലേക്കിട്ട് തേങ്ങയുടെ രണ്ടാം പാലും മൂന്നാം പാലും ചേര്‍ക്കുക. ഇളംതീയില്‍ ഇളക്കി കുറുക്കി പാല്‍ വറ്റിയാല്‍ ഒന്നാംപാലും ജീരകവും ഉപ്പും ചേര്‍ത്തിളക്കുക. നന്നായി കുറുകുമ്പോള്‍ ഈ കൂട്ട് നെയ്യ് തടവിയ ഒരു പാനിലേക്കൊഴിച്ച് മുകളില്‍ ജീരകം വിതറി മിനുസപ്പെടുത്തണം. തണുത്തു കഴിയുമ്പോള്‍ ഇഷ്ടമുള്ള രൂപത്തില്‍ മുറിച്ച് ശര്‍ക്കരപ്പാനി മുകളില്‍ തൂകാം.
കണി അട
അരിപ്പൊടി വറുത്തത്- ഒരു കപ്പ്
ചൂടുവെള്ളം, വാഴയില - ആവശ്യത്തിന്
തേങ്ങ ചിരകിയത്- ഒരു കപ്പ്
ശര്‍ക്കര ചീകിയത്- അരക്കപ്പ്
ഏലയ്ക്കാപ്പൊടി, ഉപ്പ്- ഒരു നുള്ള് വീതം
വെളിച്ചെണ്ണ- അല്പം
അരിപ്പൊടി ഉപ്പും വെള്ളവും ചേര്‍ത്ത് കുഴച്ച് മാവാക്കി ഉരുട്ടിയെടുക്കുക. തേങ്ങചിരകിയതും ശര്‍ക്കരയും ഏലയ്ക്കാപ്പൊടിയും ഒന്നിച്ച് ഇളക്കിയെടുക്കണം. അടയ്ക്കുള്ളില്‍ വെക്കാനുള്ള കൂട്ടാണിത്. വാഴയില കീറി അതിനുമുകളിലായി എണ്ണ പുരട്ടി, മാവില്‍നിന്ന് നാരങ്ങാ വലിപ്പമുള്ള ഉരുളകളെടുത്ത് അതില്‍വെച്ച് പരത്തുക. ഇതില്‍ നേരത്തെ തയ്യാറാക്കിയ തേങ്ങാക്കൂട്ട് നിരത്തി ഇല മടക്കാം. ആവിത്തട്ടില്‍ വച്ച് പത്തോ പതിനഞ്ചോ മിനിറ്റ് പുഴുങ്ങിയെടുക്കുക.
(മാവ് തയ്യാറാക്കുമ്പോള്‍ അരിപ്പൊടിക്ക് പകരം ഗോതമ്പുപൊടിയും ഉപയോഗിക്കാം. അതുപോലെ അടയ്ക്കുള്ള കൂട്ടില്‍ ശര്‍ക്കരയ്ക്ക് പകരം പഞ്ചസാരയും ഉപയോഗിക്കാവുന്നതാണ്)
Content Highlights: tasty vishu recipes