ഗുണത്തില്‍ മാത്രമല്ല രുചിയിലും കേമനാണ് പുഴുക്ക്

പച്ചക്കറികളും പയര്‍വര്‍ഗങ്ങളുംകൊണ്ട് തയ്യാറാക്കുന്ന പുഴുക്കുകള്‍ എന്നും ആരോഗ്യം സംരക്ഷിക്കാന്‍ മികച്ചവയാണ്. പ്രതിരോധശേഷിക്കും ആരോഗ്യം നിലനിര്‍ത്തുന്നതിലും ചെറുപയര്‍, മുതിര, വന്‍പയര്‍ പോലുള്ള പയര്‍വര്‍ഗങ്ങള്‍ക്ക് വലിയ പങ്കുണ്ട്. വിറ്റമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് അവ. ദഹനം മെച്ചപ്പെടുത്താനും ഈ പയര്‍വര്‍ഗങ്ങള്‍ നല്ലതാണ്. ധാരാളം പച്ചക്കറികളും ഉള്ളതിനാല്‍ പുഴുക്ക് കഴിക്കുന്നതിലൂടെ പലവിധ പോഷകങ്ങളും ഫൈബറും ശരീരത്തിലെത്തുന്നു. രുചിയിലും ഗുണത്തിലും മുന്നിട്ടുനില്‍ക്കുന്ന പുഴുക്കുകള്‍ തയ്യാറാക്കാം.
വന്‍പയര്‍-മത്തങ്ങ പുഴുക്ക്
ചേരുവകള്‍
ചതുരക്കഷണങ്ങളാക്കിയ കാച്ചില്‍, ചേമ്പ്, ചേന, കൂര്‍ക്ക: ഓരോ കപ്പ് വീതം
ചതുരക്കഷണങ്ങളാക്കിയ മധുരക്കിഴങ്ങ്, നനക്കിഴങ്ങ്: അരക്കപ്പ് വീതം
പച്ചമത്തന്‍: അരമുറി
വന്‍പയര്‍: മുക്കാല്‍ കപ്പ്
മഞ്ഞള്‍പ്പൊടി: അര ടീസ്പൂണ്‍
ഉപ്പ്: പാകത്തിന്
മുളകുപൊടി: അര ടീസ്പൂണ്‍
കറിവേപ്പില: മൂന്ന് തണ്ട്
തേങ്ങ ചിരകിയത്: ഒരു തേങ്ങ
വെളുത്തുള്ളി: രണ്ട് അല്ലി
ജീരകം: കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ: ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
തലേദിവസം വെള്ളത്തില്‍ കുതിര്‍ത്ത വന്‍പയറിലെ വെള്ളം മുഴുവന്‍ കളഞ്ഞ് വേവിക്കുക. മീഡിയം സൈസില്‍ ചതുരക്കഷണങ്ങളാക്കിയ പച്ചക്കറികള്‍ എല്ലാം മഞ്ഞള്‍പ്പൊടി, ഉപ്പ്, മുളകുപൊടി, വേവാന്‍ ആവശ്യമായ വെള്ളം എന്നിവ ചേര്‍ത്ത് വേവിക്കുക. ഇനി വേവിച്ച വന്‍പയര്‍ ചേര്‍ക്കാം. തേങ്ങ, വെളുത്തുള്ളി, ജീരകം എന്നിവ രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളംകൂട്ടി അരച്ച് ചേര്‍ക്കുക. തീ കുറച്ചുവെച്ച് നന്നായി ഇളക്കുക. തീ ഓഫ് ചെയ്ത് കറിവേപ്പില വിതറി മുകളില്‍ വെളിച്ചെണ്ണ തൂവുക.
ചേമ്പിന്‍തണ്ട് പുഴുക്ക്
ചേരുവകൾ
കിഴങ്ങുവര്‍ഗങ്ങള്‍ മീഡിയം സൈസില്‍ ചതുരക്കഷണങ്ങളാക്കിയത്:
കാച്ചില്‍: അരക്കപ്പ്
ചേമ്പ്: അരക്കപ്പ്
ചേന: അരക്കപ്പ്
കപ്പ: അരക്കപ്പ്
ചേമ്പിന്‍ തണ്ട്: പത്തെണ്ണം
ചേമ്പിന്റെ ഇല: രണ്ടെണ്ണം
മുതിര: മുക്കാല്‍ കപ്പ്
മഞ്ഞള്‍പ്പൊടി: അര ടീസ്പൂണ്‍
മുളകുപൊടി: ഒരു ടീസ്പൂണ്‍
ഉപ്പ്: പാകത്തിന്
കറിവേപ്പില: മൂന്ന് തണ്ട്
തേങ്ങ ചിരകിയത്: ഒരു തേങ്ങ
വെളുത്തുള്ളി: രണ്ട് അല്ലി
ചെറിയ ഉള്ളി: ആറെണ്ണം
പച്ചമുളക്: മൂന്നെണ്ണം
ജീരകം: കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ: ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
കുതിര്‍ത്തുവെച്ച മുതിര കുക്കറില്‍ രണ്ട് വിസില്‍ വേവിക്കുക. പച്ചക്കറികള്‍ മഞ്ഞള്‍പ്പൊടി, ഉപ്പ്, മുളകുപൊടി, വേവാന്‍ ആവശ്യമായ വെള്ളം എന്നിവ ചേര്‍ത്ത് ഒരു വിസില്‍ വേവിക്കുക. ഇനി കുക്കറിലേക്ക് വേവിച്ച മുതിര ചേര്‍ക്കാം. തേങ്ങ, വെളുത്തുള്ളി, ജീരകം, പച്ചമുളക്, ചെറിയ ഉള്ളി, അല്പം വെള്ളം എന്നിവ അരക്കുക. അരപ്പ് കുക്കറില്‍ ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി തീ ഓഫ് ചെയ്ത് കറിവേപ്പില വിതറി മുകളില്‍ വെളിച്ചെണ്ണ ഒഴിച്ച് അഞ്ചുമിനിറ്റ് മൂടിവെച്ച് വിളമ്പാം.
വാഴപ്പിണ്ടി പുഴുക്ക്
ചേരുവകള്‍
കപ്പ (മീഡിയം സൈസില്‍ കഷണങ്ങളാക്കിയത്: അരക്കപ്പ്
പച്ചക്കായ: ഒരെണ്ണം
ചെറുതായി നുറുക്കിയ വാഴപ്പിണ്ടി: ഒരു കപ്പ്
പപ്പായ: അരക്കപ്പ്
ചെറുപയര്‍: കാല്‍ക്കപ്പ്
വന്‍പയര്‍: കാല്‍ക്കപ്പ്
മഞ്ഞള്‍പ്പൊടി: ഒരു ടീസ്പൂണ്‍
ഉപ്പ്: പാകത്തിന്
തേങ്ങ: ഒരുകപ്പ്
ജീരകം: ഒരു ടീസ്പൂണ്‍
കാന്താരിമുളക്: 10 എണ്ണം
ചെറിയ ഉള്ളി: എട്ടെണ്ണം ചതച്ചത്
വെളിച്ചെണ്ണ: 2 ടേബിള്‍ സ്പൂണ്‍
കടുക്: ഒരു ടീസ്പൂണ്‍
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ചെറുപയറും വന്‍പയറും എട്ടുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. ഒരു കുക്കറില്‍ മീഡിയം സൈസില്‍ കഷണങ്ങളാക്കിയ കപ്പ, പച്ചക്കായ, പപ്പായ, ചെറുതായി നുറുക്കിയ വാഴപ്പിണ്ടി, കുതിര്‍ത്ത ചെറുപയര്‍, വന്‍പയര്‍, കറിവേപ്പില, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവയും കഷണങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന രീതിയില്‍ വെള്ളവും ചേര്‍ക്കണം. നന്നായി ഇളക്കിയ ശേഷം നാല് വിസില്‍ വേവിക്കുക. തേങ്ങ, ജീരകം, കാന്താരിമുളക്, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ പേസ്റ്റ് പരിവത്തില്‍ അരച്ചെടുക്കുക. ഒരു പാന്‍ ചൂടാക്കി വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് ചതച്ചുവെച്ച ചെറിയ ഉള്ളി ചേര്‍ക്കുക. രണ്ടായി മുറിച്ച വറ്റല്‍മുളക് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കാല്‍ക്കപ്പ് വെള്ളം ചേര്‍ക്കുക. തിളച്ച ശേഷം വേവിച്ചുവെച്ച പുഴുക്ക് ചേര്‍ക്കാം. നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി അരപ്പ് ചേര്‍ക്കുക. വീണ്ടും ഇളക്കുക. തീ കുറച്ചുവെച്ച് അഞ്ചുമിനിറ്റ് വേവിച്ച് വാങ്ങാം.
Content Highlights: tasty puzhukku recipe