പനീര്‍ സാന്‍വിച്ചും സ്റ്റഫ്ഡ് പനിയാരവും: ചായക്കടി റെഡി

ലഞ്ച് ബോക്‌സ് ഒരുക്കുന്നതുപോലെ തന്നെ അമ്മമാരെ വലയ്ക്കുന്ന മറ്റൊരു സംഗതിയാണ് വൈകുന്നേരത്തേക്കുള്ള സ്‌നാക്ക്‌സ് തയ്യാറാക്കല്‍. കുഞ്ഞുവയറുനിറയ്ക്കാന്‍ നല്ല രുചിയുള്ള, എളുപ്പത്തില്‍ തയ്യാറാക്കാവുന്ന സ്‌നാക്കുകള്‍ നോക്കിയാലോ…
പനീര്‍ സാന്‍വിച്ച്
ചേരുവകള്‍:
വീറ്റ് ബ്രഡ് - എട്ട് സ്ലൈസ്
പനീര്‍ കഷണങ്ങളാക്കിയത്- നാല്
പുളി ഇല്ലാത്ത തൈര് - ഒരു കപ്പ്
തക്കാളി - ഒന്ന്
സവാള - ഒന്ന്
വെളുത്തുള്ളി - രണ്ട് അല്ലി
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
ഗരം മസാല - ഒരു ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് - അരക്കപ്പ്
പുതിനയില - അര കപ്പ്
പച്ചമുളക് - മൂന്നെണ്ണം
ഉപ്പ്, ബട്ടര്‍ - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: മിക്‌സി ജാറില്‍ മല്ലിയില, പുതിനയില, പച്ചമുളക്, വെളുത്തുള്ളി, ഉപ്പ് എന്നിവ ഒരു ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്ത് അരച്ച് ഗ്രീന്‍ ചട്ണി തയ്യാറാക്കുക. ബാക്കി തൈരിലേക്ക് എല്ലാ പൊടികളും ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേര്‍ത്ത് യോജിപ്പിക്കുക. പാനില്‍ ബട്ടര്‍ ചൂടാക്കി, ബ്രഡ് സ്ലൈസ് ഓരോന്നായി തൈരില്‍ മുക്കിയെടുത്ത് പാനില്‍ വെച്ച് രണ്ടു വശവും ടോസ്സ്റ്റ് ചെയ്‌തെടുക്കുക. പനീര്‍ സ്ലൈസും ഇത് പോലെ തന്നെ തൈര് കൂട്ടില്‍ മുക്കി പാനില്‍ വെച്ച് രണ്ട് വശവും മൊരിയിച്ചെടുക്കുക. ഇനി ടോസ്റ്റ് ചെയ്ത ബ്രഡ് സ്ലൈസില്‍ ഒരു സ്പൂണ്‍ ഗ്രീന്‍ ചട്ണി പുരട്ടിയതിന് ശേഷം ഒരു സ്ലൈസ് പനീര്‍ വെച്ച്, അതിനു മുകളില്‍ ഒരു സ്ലൈസ് തക്കാളിയും സവാളയും വെച്ച് മറ്റൊരു ബ്രഡ് കൊണ്ട് മൂടി കോണോടു കോണ്‍ മുറിച്ച് സാന്‍വിച്ച് തയ്യാറാക്കാം.
സ്റ്റഫ്ഡ് പനിയാരം
ചേരുവകള്‍:
ചിക്കന്‍ ബ്രെസ്റ്റ് - രണ്ട്
ദോശമാവ് - രണ്ട് കപ്പ്
സവാള - രണ്ടെണ്ണം
ഉരുളക്കിഴങ്ങ് - ഒന്ന്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് - രണ്ട്
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
ചിക്കന്‍ മസാല - ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
ഉപ്പ്,എണ്ണ,മല്ലിയില - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ചിക്കനും ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വേവിച്ചുവയ്ക്കുക. പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി, സവാളയും പച്ചമുളകും ചെറുതായി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് പച്ചമണം മാറുമ്പോള്‍ ചിക്കന്‍ ചെറുതായി അരിഞ്ഞതു ചേര്‍ക്കുക. പൊടികളും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക. വേവിച്ചുടച്ച ഉരുളക്കിഴങ്ങും ചേര്‍ത്ത് വഴറ്റിയതിനുശേഷം അല്പം മല്ലിയില ചേര്‍ത്ത് അടുപ്പില്‍ നിന്ന് മാറ്റി ആറാന്‍ വയ്ക്കുക. ശേഷം ഈ കൂട്ട് ചെറിയ ഉരുളകളാക്കുക. ഉണ്ണിയപ്പ ചട്ടിയില്‍ അര സ്പൂണ്‍ വീതം എണ്ണ തൂവി ചൂടാവുമ്പോള്‍ ഓരോ ടേബിള്‍ സ്പൂണ്‍ ദോശമാവ് ഒഴിക്കുക. ഓരോന്നിലും തയ്യാറാക്കിയ ചിക്കന്‍ ഉരുളകള്‍ വെച്ച്, വീണ്ടും ഒരു സ്പൂണ്‍ മാവൊഴിക്കണം. ഒരു വശം മൊരിഞ്ഞു വരുമ്പോള്‍ മറിച്ചിട്ട് രണ്ടു വശവും നന്നായി മൊരിയിച്ചു കോരുക.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Tasty Evening Treats for Children