വാളൻപുളിയോ കുടംപുളിയോ? കറിയിലിടാൻ ഏതാണ് മികച്ചത്

Image/Shutterstock
Image/Shutterstock

പുളി ചേർത്തുള്ള കറികൾ കൂട്ടി ഉണ്ണുന്നതാണ് മലയാളികളുടെ ശീലം. കറികൾക്ക് പുളിരസം നൽകുന്നത് പ്രധാനമായും വാളൻപുളിയും കുടംപുളിയുമാണ്. രണ്ടിനും ആരാധകരേറെ. ഒന്ന് ശീലിച്ചുകഴിഞ്ഞാൽ അത് വിട്ട് മറ്റൊന്ന് പരീക്ഷിക്കാൻ പലരും തയ്യാറാവാറില്ല. ടേസ്റ്റ് നഷ്ടമാകും എന്നതുതന്നെ കാരണം. എന്നാൽ ഏത് പുളിയാണ് ആരോഗ്യകരം? പുളി തോന്നുംപോലെ ചേർക്കാൻ പറ്റുമോ? കറികളിൽ പുളി ചേർക്കും മുൻപ് ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കണം.

വാളൻപുളി ചേർക്കുമ്പോൾ

വടക്കൻ കേരളത്തിലുള്ളവരുടെ ഫേവറിറ്റാണ് വാളൻപുളി. സാമ്പാറും രസവും മീൻകറിയുമെല്ലാം വാളൻപുളിയിട്ടാണ് ഭൂരിഭാഗം പേരും തയ്യാറാക്കുന്നത്.

* ടാമറനിഡസ് ഇൻഡിക്ക എന്ന ശാസ്ത്രനാമമുള്ള വാളൻപുളിയിൽ പോഷകഘടകങ്ങൾ ഏറെയുണ്ട്.

* ഇതിലെ ഭക്ഷ്യനാരുകൾ മോശം കൊളസ്ട്രാളായ എൽ.ഡി.എല്ലിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

* ദഹനസംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർക്ക് വാളൻപുളിയിട്ട കറികൾ നല്ലതാണ്.

* ഇതിലെ പോളിഫിനോളുകളും ഫ്‌ളേവനോയ്ഡുകളും ഗ്ലൂക്കോസിന്റെ അളവ് ഉയരുന്നത് തടയും.

ശ്രദ്ധിക്കാൻ

വാളൻപുളിയുടെ അമിതോപയോഗം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയർത്തിയേക്കാം.

* പുളിയിലെ അസിഡിക് സ്വഭാവം പല്ലിന്റെ ഇനാമലിനെ കേടാക്കിയേക്കാം.

* ആന്റിബയോട്ടിക്കുകൾ, ആസ്പിരിൻ എന്നിവ കഴിക്കുമ്പോൾ പുളിയുടെ ഉപയോഗം കുറയ്ക്കണം.

Image/Shutterstock

കുടംപുളിയുടെ മേന്മകൾ

ഗ്രാസിനിയ ഇൻഡിക്ക എന്ന ശാസ്ത്രീയനാമമുള്ള കുടംപുളിക്കുമുണ്ട് ഗുണങ്ങൾ. മലബന്ധം, വയറിളക്കം എന്നിവ തടയാൻ നല്ലതാണ് ഇത്. വായിലെ അൾസർ ചെറുക്കാനും കുടലിലെ വ്രണങ്ങളെ സുഖപ്പെടുത്താനുമുള്ള ഘടകങ്ങൾ കുടംപുളിയിലുണ്ട്.

കൊളസ്‌ട്രോളോ പൂരിത കൊഴുപ്പുകളോ ഇല്ലാത്തതിനാൽ എല്ലാവർക്കും കുടംപുളി ചേർത്ത കറികൾ കൂട്ടാം.

ശ്രദ്ധിക്കാൻ
കുടംപുളി ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കുടംപുളിയുടെ അമിതോപയോഗം ചിലപ്പോഴെങ്കിലും ശരീരഭാരം കുറയാൻ കാരണമാകും. ചില കുട്ടികളിൽ ഇത് വയറിളക്കം, ഛർദി എന്നിവയ്ക്ക് കാരണമായേക്കാം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Health Benefits of Tamarind and Malabar Tamarind Revealed