പുട്ടുണ്ടല്ലോ, പുട്ടിന്‍ പൊടിയുണ്ടല്ലോ...

പുട്ട്‌
പുട്ട്‌

ബാക്കി വന്ന പുട്ട് കൊണ്ട്, രുചികരമായ ചില വിഭവങ്ങളുണ്ടാക്കാം. രണ്ട് കഷണം പുട്ട് കൈകൊണ്ട് നന്നായി പൊടിക്കുക. അല്പം നെയ്യ് ഒരു പാനില്‍ ചൂടാകുമ്പോള്‍ അതിലേക്ക് അല്പം ജീരകമിട്ട് വഴറ്റുക. ശേഷം പുട്ട് പൊടിച്ചതും അല്പം പഞ്ചസാരയും ചേര്‍ത്ത് നന്നായിളക്കാം. ആവശ്യമെങ്കില്‍ മൂന്നോ നാലോ കശുവണ്ടിയും ഉണക്കമുന്തിരിയും ചേര്‍ക്കുന്നതും നല്ലതാണ്. 

ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കണം. ശേഷം ഉണക്കമുളകും കറിവേപ്പിലയുമിട്ട് വഴറ്റാം. അതിലേക്ക് ഒരു സവാള, മൂന്ന് പച്ചമുളക്, ഒരു തക്കാളി, ചെറിയ കഷണം ഇഞ്ചി എന്നിവ നുറുക്കിയതും ചേര്‍ത്തിളക്കുക. നന്നായി വഴന്നുവരുമ്പോള്‍ അല്പം ഗരംമസാല, മല്ലിപ്പൊടി, അല്പം മുളകുപൊടി എന്നിവ ചേര്‍ത്തിളക്കുക. അതിലേക്ക് രണ്ട് മുട്ട പൊട്ടിച്ചത് ചേര്‍ത്ത് വീണ്ടും ഇളക്കുക. അവസാനം മൂന്ന് കഷണം പുട്ട് പൊടിച്ചതും ചേര്‍ത്തിളക്കാം. പുട്ട് പൊടിച്ചതില്‍ നന്നായി മസാല പിടിക്കുമ്പോള്‍ അടുപ്പില്‍നിന്നിറക്കാം.

പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ഒരു സവാള, ചെറിയ കഷണം ഇഞ്ചി, മൂന്ന് പച്ചമുളക് എന്നിവ നുറുക്കിയത് ചേര്‍ത്ത് വഴറ്റുക. അതിലേക്ക് അല്പം മഞ്ഞള്‍പൊടി, രണ്ട് ടീസ്പൂണ്‍ മുളകുപൊടി, അര കഷണം കാരറ്റ്, ബീന്‍സ് എന്നിവ പൊടിയായി അരിഞ്ഞതും കാല്‍ കപ്പ് ഗ്രീന്‍പീസ് വേവിച്ചതും ചേര്‍ത്തിളക്കുക. അവസാനം നാല് കഷണം പുട്ട് പൊടിച്ചതുമിട്ട് നന്നായി ഇളക്കണം. ചൂടോടെ കഴിക്കാം. കാരറ്റിനും ബീന്‍സിനും ഗ്രീന്‍പീസിനും പകരം ചീര മുറിച്ചതുമിട്ട് ഈ വിഭവം തയ്യാറാക്കാം. 

റവയ്ക്ക് പകരം പുട്ട് പൊടിച്ചതും പച്ചമുളകും ചെറിയുള്ളിയും കടുകും കറിവേപ്പിലയുമിട്ട് ഉപ്പുമാവുണ്ടാക്കാം.

ഒരു പാനില്‍ നെയ്യ് ചൂടാകുമ്പോള്‍ മൂന്ന് കഷണം പുട്ട് പൊടിച്ചത് ചേര്‍ത്തിളക്കുക. അല്പനേരത്തിനുശേഷം മാറ്റിവെക്കുക. ഇനി അല്പം വെള്ളത്തില്‍ പഞ്ചസാര ചേര്‍ത്ത് ചൂടാക്കി, പഞ്ചസാര സിറപ്പ് തയ്യാറാക്കുക. അതിലേക്ക് കശുവണ്ടി നുറുക്കിയത്, കിസ്മിസ് എന്നിവയും നെയ്യും ചേര്‍ത്ത് ചൂടാക്കുക. അതിലേക്ക് പുട്ട് പൊടിച്ചതുമിട്ട്, തുടര്‍ച്ചയായി ഇളക്കിക്കൊണ്ടേയിരിക്കണം.   വശങ്ങളില്‍നിന്ന് വിട്ടുവരുമ്പോള്‍ അടുപ്പില്‍ നിന്നിറക്കാം. ചൂടാറുമ്പോള്‍ ലഡുവിന്റെ വലുപ്പത്തില്‍ ഉരുട്ടിയെടുക്കാം.

Content Highlights: snacks from leftover puttu