രാവിലത്തെ ഇഡ്ഡലി ബാക്കിയുണ്ടെങ്കില്‍, അതുപയോഗിച്ച് കുട്ടികള്‍ക്ക് പലഹാരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാം. വ്യത്യസ്തമായ രുചിയായതുകൊണ്ട് കുട്ടികള്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്യും. 
ഒരു പാനില്‍ കടുക് പൊട്ടിച്ച്, സവാള, ഇഞ്ചി, തക്കാളി എന്നിവ നുറുക്കിയത് ചേര്‍ത്ത് വഴറ്റുക. ശേഷം മുളകുപൊടി, മഞ്ഞള്‍പൊടി, മസാല എന്നിവയും ചെറുതായി നുറുക്കിയ നാല് ഇഡ്ഡലിയുമിട്ട് നന്നായി ഇളക്കിയെടുക്കാം. എരിവുള്ള മസാല ഇഡ്ഡലി റെഡി. ആവശ്യമെങ്കില്‍ കാപ്‌സിക്കം, പച്ചമുളക് എന്നിവയും ചേര്‍ക്കാം. 

To advertise here,

ഫ്രൈ ഇഡ്ഡലി ഉണ്ടാക്കുന്നതിനായി ഒരു പാനില്‍ കടുകും ജീരകവുമിട്ട് പൊട്ടിക്കുക. ശേഷം പച്ചമുളക് നുറുക്കിയതും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റണം. ശേഷം മഞ്ഞള്‍പൊടിയും നാല് ഇഡ്ഡലി നുറുക്കിയതും ആവശ്യത്തിന് ഉപ്പും ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കാം. എരിവ് കൂടുതല്‍ വേണമെന്നുണ്ടെങ്കില്‍, മുളകുപൊടിയിടാം.  

ഇഡ്ഡലി കൊണ്ട് ഉപ്പുമാവും തയ്യാറാക്കാം. പാനില്‍ കടുകിട്ട് പൊട്ടുമ്പോള്‍ ഉഴുന്നുപരിപ്പ്, മുളകുപൊടി, സവാള നുറുക്കിയത്, പച്ചമുളക് നുറുക്കിയത്, ഇഞ്ചി നുറുക്കിയത്, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റണം. അതിലേക്ക് നന്നായുടച്ച ഇഡ്ഡലിയും ചേര്‍ത്താല്‍ ഉപ്പുമാവ് തയ്യാറായി.

ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ കാരറ്റ് ഗ്രേറ്റ് ചെയ്തത്, നന്നായി വേവിച്ചുടച്ച ഗ്രീന്‍പീസ്, മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവയിട്ട് വഴറ്റുക. പച്ചക്കറികള്‍ വെന്തുകഴിഞ്ഞാല്‍ അതിലേക്ക് നന്നായി ഉടച്ച ഇഡ്ഡലിയുമിട്ട് ഇളക്കണം. എന്നിട്ട് അടുപ്പില്‍നിന്നിറക്കി, ചൂടാറുമ്പോള്‍ ഓരോ ഉരുളയായെടുത്ത് കൈയില്‍വെച്ച് അമര്‍ത്തി എണ്ണയില്‍ വറത്തുകോരുക. ഇങ്ങനെ ഇഡ്ഡലി വടയും തയ്യാറാക്കാം.