നഗരജീവിതത്തിന്റെ വിരസത മാറ്റാന്‍ ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

മൂന്നാർ, മാതൃഭൂമി ലെെബ്രറി
മൂന്നാർ, മാതൃഭൂമി ലെെബ്രറി

യാത്രകള്‍ ഒരു ചെക്ക്ലിസ്റ്റ് പോലെ തോന്നിയിരുന്നു. കണ്ടു തീര്‍ക്കേണ്ട സ്ഥലങ്ങള്‍, എടുക്കേണ്ട ഫോട്ടോകള്‍, മടക്കം അങ്ങനെ പലതും ചിന്തിച്ച് ടിക്ക് ചെയ്ത് യാത്ര ചെയ്യുന്നവരായിരുന്നു കൂടുതലും. എന്നാല്‍ ഇന്നത് മാറി വരികയാണ്. ഇന്നത്തെ യാത്രികര്‍ക്ക് വേറിട്ടൊരു യാത്രാനുഭവമാണ് വേണ്ടത്. അവര്‍ അത്തരം കാര്യങ്ങള്‍ തിരഞ്ഞുകൊണ്ടാണ് യാത്ര തുടങ്ങുന്നത്. അവര്‍ അന്വേഷിക്കുന്നത് ശാന്തമായ, സമാധാനപരമായ, എന്നാല്‍ സാഹസികതയുള്ള യാത്രാ അനുഭവങ്ങളെയാണ്. അവിടെയാണ് 'ഗ്രാമീണ ടൂറിസം' അഥവാ 'റൂറല്‍ ടൂറിസം'(Rural Tourism) ശദ്ധേയമാകുന്നത്.

വെറുമൊരു ആശയം മാത്രമായിരുന്ന ഈ പദം, ഇപ്പോള്‍ യാത്രികരുടെ ബക്കറ്റ് ലിസ്റ്റുകളില്‍ ഇടം നേടുന്നു. അതിന്‍റെ ഏറ്റവും വലിയ തെളിവാണ് 2025-ലെ ഏഷ്യയിലെ ഏറ്റവും മികച്ച ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി മൂന്നാറിനെ, യാത്രാ പ്ലാറ്റ്‌ഫോമായ അഗോഡ തിരഞ്ഞെടുത്തത്. കാമറൂണ്‍ ഹൈലാന്‍ഡ്‌സ് (മലേഷ്യ), ഖാവോ യായ് (തായ്ലന്‍ഡ്), പുന്‍കാക് (ഇന്തോനേഷ്യ), ഫുജികവാഗുചിക്കോ (ജപ്പാന്‍), കെന്റിങ് (തായ്വാന്‍), സാപ (വിയറ്റ്‌നാം) എന്നിവിടങ്ങളാണ് മൂന്നാറിന് പുറമെ, പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന മറ്റ് സ്ഥലങ്ങള്‍.

എന്തുകൊണ്ടാണ് ഗ്രാമീണ യാത്രകള്‍ വേറിട്ടുനില്‍ക്കുന്നത്
നഗരജീവിതത്തിന്റെ വേഗതയും,ജോലിഭാരവും, 'ഹസില്‍ കള്‍ച്ചറും’ (ദീര്‍ഘനേരം ജോലി ചെയ്യുകയും സ്വയം പരിചരണം വേണ്ടെന്ന് വയ്ക്കുകയും ചെയ്യുന്ന) നമ്മെ നിത്യ ജീവീതത്തില്‍ കൂടുതല്‍ ക്ഷീണിതരാക്കുമ്പോള്‍, ഏവരും ആഗ്രഹിക്കുന്നത് 'സ്ലോ ട്രാവല്‍' അനുഭവങ്ങളാണ്.

മലനിരകളിലെ ശാന്തത,നാട്ടിന്‍പുറത്തെ ഭക്ഷണരുചികള്‍,ചരിത്രവും സാംസ്‌കാരവും ചേര്‍ന്ന കഥകളുടെ ഉറവിടം,ഗ്രാമങ്ങളുടെ തനത് സൗന്ദര്യവും സാമൂഹ്യ ജീവിതം എന്നിവയാണ് ഗ്രാമീണ യാത്രകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.

ഗ്രാമീണ ടൂറിസത്തിന്റെ വളര്‍ച്ച
ഗ്രാമീണ ടൂറിസത്തിന്റെ ആവശ്യക്കാര്‍ കൂടിവരുന്ന കാലഘട്ടമാണിപ്പോള്‍. ഗ്രാമീണ ടൂറിസം വിപണി 2035-ഓടെ വന്‍ ലാഭമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. തിരക്കേറിയ നഗരജീവിതത്തില്‍ നിന്ന് ഒരു ഇടവേള വേണമെങ്കില്‍, ഗ്രാമീണ യാത്രകള്‍ തന്നെയാണ് ഏറ്റവും നല്ല മരുന്ന്. പ്രകൃതിയോടും സമൂഹത്തോടും വീണ്ടും ഇടപഴകാനും സ്വന്തം ജീവിതത്തിന് കൂടുതല്‍ നിറം പകരാനും ഒരു ഗ്രാമീണ യാത്ര തന്നെ ധാരാളം.

മൂന്നാര്‍
കേരളത്തിലെ പശ്ചിമഘട്ട മലനിരകളുടെ ഉന്നതിയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഹില്‍ സ്റ്റേഷനാണ് മൂന്നാര്‍. മനോഹരമായ തേയിലത്തോട്ടങ്ങള്‍, മൂടല്‍മഞ്ഞ് മൂടിയ താഴ്വരകള്‍, തണുത്ത കാലാവസ്ഥ എന്നിവയാണ് ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. കൂടാതെ പ്രകൃതി നിരീക്ഷകര്‍ക്കും സാഹസികത ഇഷ്ടപ്പെടുന്നവരുടെയും പ്രിയപ്പെട്ട ഇടമാണ് മൂന്നാര്‍. വെള്ളച്ചാട്ടങ്ങള്‍, തടാകങ്ങള്‍, വ്യൂപോയിന്റുകള്‍, തോട്ടങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, സാഹസിക നിറഞ്ഞ വിനോദങ്ങള്‍ എന്നിവയെല്ലാം ആസ്വദിക്കാനായി മൂന്നാറിലേക്ക് ഓടിയെത്താം. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയാണ് ഇവിടത്തെ മറ്റൊരാകര്‍ഷണം. ഇരവികുളം ദേശീയോദ്യാനവും, മാട്ടുപ്പെട്ടി ഡാമും, എക്കോ പോയിന്റും സഞ്ചാരികളുടെ പറുദീസയാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Escape the hustle and discover the serene charm of rural tourism in Munnar, Kerala. Explore tea gardens, misty valleys, and experience slow travel.