രുദാബായി കി വാവിന്റെ കല്പടവുകള്‍ പറയും അനശ്വരപ്രണയത്തില്‍ ആത്മാഹൂതി ചെയ്ത രാജ്ഞിയുടെ കഥ

പ്രണയവും വീര്യവും നിശ്ചയദാര്‍ഢ്യവും സംഗമിക്കുന്ന ചരിത്ര സ്മാരകം; അതാണ് ഗുജറാത്തിലെ അദ്ലജ് ഗ്രാമത്തിലെ സ്റ്റെപ് വെല്‍ അഥവാ പടവ് കിണര്‍. അഹമ്മദാബാദില്‍നിന്ന് 18 കിലോമീറ്റര്‍ മാറി ഭവ്‌നഗറിനടുത്താണ് ഈ ശില്പവിസ്മയം. താജ്മഹല്‍ പണിത ശില്പിയുടെ അതേ ദുര്‍വിധി ഏറ്റുവാങ്ങിയവരാണ് അദ്ലജ് പടിക്കിണറിന്റെ അനുഗൃഹീത ശില്പികളും. കൊത്തുപണികളും ശില്പ വൈവിധ്യവും രൂപഭംഗിയും സമന്വയിക്കുന്ന പടിക്കിണര്‍ കണ്ട് മതിമറന്ന മഹമൂദ് ബേഗ്ഡ രാജാവ് സന്തോഷാതിരേകത്തോടെ മറ്റൊരെണ്ണംകൂടി പണിയാമോ എന്ന് ശില്പികളോട് ചോദിച്ചുവത്രേ. ആവാമെന്ന് പറഞ്ഞ ശില്പികളാരും പിന്നീട് ലോകം കണ്ടില്ല. ആ മനോഹരനിര്‍മിതിയുടെ മറ്റൊരു പതിപ്പ് രാജാവിന് സഹിക്കാനാവില്ലായിരുന്നു. ചരിത്ര നിര്‍മിതികളുടെ പിന്നാമ്പുറങ്ങളില്‍ ഇങ്ങനെ എത്രയെത്ര രക്തക്കറ പുരണ്ട കഥകള്‍ ഒളിഞ്ഞിരിക്കുന്നു! ജലക്ഷാമം പരിഹരിക്കാനും ജലസംഭരണത്തിനും ഗുജറാത്തില്‍ കാണപ്പെടുന്ന പടിക്കിണറുകള്‍ 'വാവ്' എന്നാണ് അറിയപ്പെടുന്നത്. വാവുകളില്‍നിന്ന് ജലം കോരിയെടുക്കാറില്ല, പകരം വിശാലമായ പടികളിലൂടെ ഇറങ്ങിച്ചെന്ന് ശേഖരിക്കുകയാണ് പതിവ്. നാലാം നൂറ്റാണ്ട് മുതല്‍ തുടങ്ങുന്നു വാവുകളുടെ ചരിത്രം. ജലസംഭരണികള്‍ എന്നതിനുമപ്പുറം വാവുകള്‍ മതപരമായ വിശുദ്ധ ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും ഇടങ്ങള്‍ കൂടിയാണ്. യാത്രികര്‍ക്കും അകമ്പടിപോകുന്ന മൃഗങ്ങള്‍ക്കും തങ്ങാനും വിശ്രമിക്കാനുമൊരു തണലിടം.
വിസ്മയിപ്പിക്കുന്ന നിര്‍മാണശൈലി
വാസ്തുവിദ്യയും കൊത്തുപണികളും ഒത്തുചേരുന്ന പടിക്കിണറുകള്‍ ഭൂമിക്കടിയിലേക്കാണ് നിര്‍മിക്കപ്പെടുന്നത്. കലയും ശാസ്ത്രവും സാങ്കേതികവിദ്യയും വികസിച്ചതോടുകൂടി വാവുകളുടെ രൂപവും ഘടനയും വിപുലമായി. വാണിജ്യപാതകളിലും തീര്‍ഥാടനവഴികളിലും നിര്‍മിക്കപ്പെട്ട പതിനൊന്നാം നൂറ്റാണ്ടിലെ വാവുകള്‍ വാസ്തുകലയുടെ നിദര്‍ശനങ്ങളാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെത്തിയപ്പോള്‍ വാവുകള്‍ വിപുലവും വൈവിധ്യപൂര്‍ണവുമായ അദ്ഭുതനിര്‍മിതികളായി മാറി. വിവിധകാലങ്ങളില്‍ പണിത വാവുകളില്‍ ഹൈന്ദവ-മുസ്ലിം നിര്‍മാണ ശൈലികള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. പുരാതനമായ കോട്ടകളും കൊട്ടാരങ്ങളും പള്ളികളും പോലെ പ്രസിദ്ധമല്ലെങ്കിലും വാഴ്ചയുടെയും വീഴ്ചയുടെയും നിത്യ സ്മാരകങ്ങളായി വാവുകളും ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ നാടുവാണിരുന്ന വാഗേല രാജവംശത്തിലെ വീര്‍ സിങ്ങിന്റെ ധര്‍മപത്‌നിയായിരുന്നു സുന്ദരിയായിരുന്ന രുദാബായി. ജനക്ഷേമതത്പരരായിരുന്ന രാജാവും രാജ്ഞിയും നാട്ടിലെ ജലക്ഷാമം പരിഹരിക്കാന്‍ അദ്ലജ് ഗ്രാമത്തില്‍ ഒരു പടിക്കിണര്‍ നിര്‍മാണവുമായി മുന്നോട്ട് പോകുമ്പോഴായിരുന്നു അയല്‍രാജ്യത്തെ രാജാവ് മഹമൂദ് ബേഗ്ഡയുടെ സൈന്യം രാജ്യം ആക്രമിച്ചത്. വീര്‍സിങ് യുദ്ധത്തില്‍ മരണമടഞ്ഞു. രാജ്യം മാത്രമല്ല, റാണിയെയും സ്വന്തമാക്കാനായിരുന്നു ബേഗ്ഡയുടെ പദ്ധതി.
പ്രണയാഭ്യര്‍ഥന രാജശാസനമായി വന്നപ്പോള്‍ റാണിയുടെ മറുപടി ഇങ്ങനെയായിരുന്നു. ''ജനങ്ങള്‍ക്കുവേണ്ടി പണിതുതുടങ്ങിയ പടിക്കിണര്‍ സമയബന്ധിതമായി ആദ്യം പൂര്‍ത്തിയാക്കൂ. അതിനുശേഷം ബാക്കി കാര്യങ്ങള്‍ ആലോചിക്കാം''. പ്രാണപ്രിയന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ മറ്റൊരു മാര്‍ഗമില്ലായിരുന്നു അവരുടെ മുന്നില്‍. രാജ്ഞിയുടെ ആഗ്രഹം നിറവേറ്റാനായി ബേഗ്ഡ രാജാവ് കര്‍മനിരതനായി. ഇന്‍ഡോ-ഇസ്ലാമിക്ക് ശൈലിയില്‍ അഞ്ചുനിലയില്‍ ശില്പചാരുതയുടെ നിത്യവിസ്മയമായി പടിക്കിണര്‍ പൂര്‍ത്തിയായി. ഒട്ടും വൈകിയില്ല, പ്രാര്‍ഥനാനിരതയായി വാവിനെ വലംവെച്ച റാണി എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പ്രാണപ്രിയന്റെ സ്വപ്‌നമായ ജലാശയത്തില്‍ ചാടി ആത്മാഹുതി നടത്തി. ഏതായാലും റാണിയുടെ അനശ്വര പ്രണയവും സ്ഥൈര്യവും അദ്ലജ് വാവും ഇന്നും യാത്രികരെ ആകര്‍ഷിക്കുന്നു.
ബുദ്ധ സാംസ്‌കാരിക യാത്രാസമിതിയുടെ ഭാഗമായി അദ്ലജില്‍ ഞങ്ങളെത്തുമ്പോള്‍ ദിവസങ്ങളായി വിടാതെ കൂടിയിരുന്ന ചാറ്റല്‍മഴ മാറി വെയിലുദിച്ചിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷം മാറിയതോടെ മനസ്സും തെളിഞ്ഞു. പ്രായമായവരും യുവാക്കളും കുട്ടികളുമായി നൂറുകണക്കിന് സന്ദര്‍ശകര്‍ പ്രവേശനവഴിയിലും വിശാലമായ പുല്‍പ്പരപ്പിലും ഊഴം കാത്തിരിക്കുന്നു. വീല്‍ചെയറുകളില്‍ സന്ദര്‍ശകരായെത്തിയ മുതിര്‍ന്ന പൗരന്മാരും കുറവല്ല. അഞ്ചുനില കെട്ടിടത്തിന്റെ ഉയരത്തില്‍ ഭൂമിയുടെ ഉള്ളിലേക്കാണ് പടിക്കിണര്‍ പണിതുതീര്‍ത്തത്. പുറത്തുനിന്ന് കാണുമ്പോള്‍ വലിയൊരു മണ്ഡപം മാത്രമാണ്. പടികളിറങ്ങി ഒടുവില്‍ ജലാശയത്തിലേക്ക് എത്തിച്ചേരാം. തെക്ക്, കിഴക്ക്, പടിഞ്ഞാറ് ദിശകളില്‍നിന്ന് ഇതിലേക്ക് പടികളുണ്ട്. വെളിച്ചവും കാറ്റും നിര്‍ബാധം കടന്നുവരുന്ന അഷ്ടഭുജങ്ങളോടുകൂടിയ അഞ്ചുനില ഭൂഗര്‍ഭ നിര്‍മിതി നൂറുകണക്കിന് പില്ലറുകളിലും ബീമുകളിലുമാണ് പണി തീര്‍ത്തിരിക്കുന്നത്. ഓരോ നിലകളും കലാപരമായി ഒന്നിനൊന്ന് വ്യത്യസ്തമാണ്. വിശാലമായ മൂന്ന് പ്രവേശനവഴികള്‍ അദ്ലജ് വാവിന്റെ സവിശേഷതയാണ്. ഉത്തരേന്ത്യയില്‍ സുലഭമായി കാണപ്പെടുന്ന സാന്‍ഡ് സ്റ്റോണാണ് നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്നത്.
വീര്‍സിങ്ങിന്റെ കാലത്തുതന്നെ പണി തുടങ്ങിയെങ്കിലും രുദാബായിയുടെ മേല്‍നോട്ടത്തിലാണ് ബേഗ്ഡ രാജാവ് കൊത്തുപണികളും ശില്പവേലകളും പൂര്‍ത്തിയാക്കിയത്. കൊത്തുപണികള്‍കൊണ്ട് സമ്പന്നമായ മണ്ഡപം, അതിനുശേഷം പടികള്‍, വീണ്ടും മണ്ഡപം, വീണ്ടും പടികള്‍. ഈ വിധം അഞ്ചുനിലകള്‍ ഇറങ്ങിവരണം.
എല്ലാ നിലയിലും ആളുകള്‍ക്ക് സമ്മേളിക്കാനുള്ള ഇടങ്ങളുണ്ട്. മണ്ഡപങ്ങള്‍ക്ക് മുകളിലെ ശില്പമുദ്രിതമായ തട്ടുകളും ചുമര്‍ശില്പങ്ങളും നമ്മുടെ മനം കവരും. പുരാണേതിഹാസ കഥാമുഹൂര്‍ത്തങ്ങള്‍, നൃത്തരൂപങ്ങള്‍, സംഗീതക്കച്ചേരികള്‍, കലാവിരുന്ന് ആസ്വദിക്കുന്ന രാജാവ്, വെണ്ണ കടയുന്ന സ്ത്രീ, നവഗ്രഹങ്ങള്‍, കല്പവൃക്ഷം... അങ്ങനെ കാഴ്ചാവസന്തമായി മാറുന്ന എത്രയെത്ര കലാരൂപങ്ങള്‍. അറബിക്ക്-പേര്‍ഷ്യന്‍ ശൈലിയില്‍ രൂപപ്പെട്ട പൂക്കളും ജ്യാമിതീയ രൂപങ്ങളും നിരവധി.
രാത്രികാലങ്ങളില്‍ തിരിതെളിയിക്കാനുള്ള ചെരാതുകള്‍ ഭിത്തികളില്‍ ഉറപ്പിച്ചിരിക്കുന്നു. താഴേക്കിറങ്ങുന്ന പടികളെല്ലാം തുറസ്സായി
ഒരുക്കിയിരിക്കുന്നു. ഏറ്റവും താഴത്തെ തട്ടില്‍ രണ്ട് ജലാശയങ്ങള്‍. ഒന്ന് റാണിക്ക് നീരാടാനുള്ള കുളം. രണ്ടാമത്തെത് ജലം ശേഖരിക്കാനുള്ള കിണര്‍. വെള്ളം ലഭിക്കാനുള്ള സംവിധാനം എന്ന രീതിയില്‍ മാത്രമല്ല പടിക്കിണറുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. വെള്ളം ശേഖരിക്കാനെത്തുന്ന സ്ത്രീകള്‍ക്ക് ഒരുമിച്ചിരിക്കാനും സംസാരിക്കാനും ഇടമുണ്ട്. പടിക്കിണറുകളുടെ നിര്‍മാണവും സാങ്കേതികതയും ഏറെ സവിശേഷമാണ്. ഭൂമിയുടെ അന്തര്‍ഭാഗങ്ങളിലേക്ക് പണിയുന്ന നിര്‍മിതികളാകയാല്‍ ഭൂമിയുടെ മര്‍ദത്തെ താങ്ങാന്‍ ശേഷിയുള്ളതാവണം ഘടന. തൂണുകളും അവയെ ബന്ധിപ്പിക്കുന്ന ബീമുകളും വളരെ ശക്തമായിരിക്കണം. ഭൗമോപരിതലത്തിലും ഭൂമിക്കടിയിലും ഉണ്ടാകാവുന്ന സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ നിര്‍മിതിക്ക് കഴിയുന്നതിനാലാണ് അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും വാവുകള്‍ സുരക്ഷിതമായി നില്‍ക്കുന്നത്.
മുകള്‍നിലയില്‍ സുലഭമായി പതിക്കുന്ന പ്രകാശം താഴത്തെ നിലയിലെത്തുമ്പോള്‍ സ്വാഭാവികമായും കുറയുന്നു. ഓരോനിലയിലും ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ തണുപ്പ് കൂടിവരുന്നതായി അനുഭവപ്പെടും. ജലാശയമെത്തുമ്പോള്‍ സുഖമുള്ള കുളിരും സാന്ദ്രമായൊരു മൗനവും മനസ്സിനെ പൊതിയും. മോഹസാക്ഷാത്കാരം നേടിയ രുദാബായിയുടെ ആത്മാവിന്റെ സാന്നിധ്യം ഇവിടെ നിറയുന്നുണ്ടോ! വീര്‍സിങ് രാജാവിന്റെ ഭഗ്നമോഹങ്ങളും ശില്പികളുടെ നൊമ്പരങ്ങളും മൗനമായുറഞ്ഞിരിക്കുന്നുവോ ഇരുളും വെളിച്ചവും ഇണചേരുന്ന അറകളില്‍! ഒരു വിഭ്രമലോകത്തെത്തിയ പ്രതീതിയില്‍ ഒരു നിമിഷം നമ്മള്‍ നിശ്ശബ്ദരാകും.
മുകളിലേക്ക് കയറിവരുമ്പോള്‍ ശരീരോഷ്മാവും അന്തരീക്ഷ താപവും കൂടിക്കൂടി വരും. തുറന്ന വെള്ളിവെളിച്ചത്തിലേക്ക് എത്തിയാലും നിമിഷങ്ങള്‍ക്ക് മുന്‍പേയുള്ള മായക്കാഴ്ചകളില്‍നിന്ന് മുക്തമാകാന്‍ സമയമെടുക്കും. പഴയകാലത്തെ സര്‍ഗാത്മക ഇടങ്ങളായിരുന്ന സ്റ്റെപ് വെല്ലുകള്‍ പലതും ശില്പകലാ സാമ്രാജ്യത്തിലെ വംശനാശം വന്ന ഇനങ്ങളായി ഇന്ന് മാറിയിരിക്കുന്നു. അക്കൂട്ടത്തില്‍ നന്നായി പരിരക്ഷിക്കപ്പെടുന്ന വാവുകള്‍ വളരെ കുറവാണ്. അവയുടെ വാസ്തുശാസ്ത്രപരമായ പ്രാധാന്യവും വേണ്ടത്ര തിരിച്ചറിയപ്പെട്ടിട്ടില്ല. നിരവധി വാവുകളും ഇതേ ഗണത്തിലുള്ള രാജസ്ഥാനിലെ ബാഓലികളും സംരക്ഷണമില്ലാതെ, മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങളായി മാറുന്നുവെന്നത് ദുഃഖകരം. ഗതകാലത്തിന്റെ കലാപാരമ്പര്യവും ജനസുരക്ഷാ അടയാളങ്ങളുമായ വാവുകള്‍ അവഗണിക്കപ്പെടേണ്ടവയല്ല. അവയുടെ ഘടനയും നിര്‍മാണശൈലിയും സാങ്കേതിക വൈദഗ്ധ്യവും പഠനവിധേയമാകേണ്ടതാണ്. പഴയകാലത്തെ ജലസംഭരണികള്‍ ജലലഭ്യത കുറയുന്ന പുതിയ കാലത്തും ഏറെ പ്രസക്തമാണെന്ന് നമുക്കറിയാം. വാസ്തുശില്പ വിസ്മയങ്ങളായി അവ സംരക്ഷിക്കപ്പെടേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്. സഞ്ചാരികളെ ആകര്‍ഷിക്കാനും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കാനും സര്‍ക്കാരുകളും പുരാവസ്തു വകുപ്പും സംയുക്തമായി പരിശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Content Highlights: Rudabai ki vav a wonderful tale of romance, valor and sacrifice