വന്നുകയറുന്ന പെണ്ണുങ്ങളെല്ലാം എന്നും കൊഞ്ചും മീനും കറിവെച്ച് നടുവൊടിക്കണം എന്നായിരുന്നു അവര്‍ക്ക്

രുചിയോര്‍മ
#ഡോ.ജിജി ജെ. അലക്‌സ്
പ്രതീകാത്മകചിത്രം/ shutterstock
പ്രതീകാത്മകചിത്രം/ shutterstock

വാത്തി എന്നൊരു മീനുണ്ട്. ഒരു തരത്തിലുള്ള വികാരവും ഇല്ലാത്ത, ചില മനുഷ്യരെ പോലെ യാതൊരു ക്യാരക്ടറും ഇല്ലാത്ത ഒരു മത്സ്യം. അതിന്റെ രുചി മുഴുവന്‍ അതിന്റെ ചേരുവകളിലാണ് എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ എനിക്ക് ഈ മീന്‍ ചിരിയുണര്‍ത്തുന്ന ഒരു കഥാപാത്രമാണ്. കൊല്ലം പട്ടണത്തിലുള്ള എന്റെ ഒരു സുഹൃത്ത് കല്യാണമൊക്കെ കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടില്‍ സസന്തോഷം വാഴുന്ന സമയം. ആദ്യമായാണ് അവള്‍ ഈ മീന്‍ കാണുന്നത്. അയല, മത്തി, നെത്തോലി, കൊഞ്ച്, ചൂര, നെയ്മീന്‍, ഞണ്ട് ഇത്രയും മീനുകള്‍ മാത്രമറിയാവുന്ന അവള്‍ ഈ മീന്‍ എന്തെന്ന് പോലും മനസ്സിലാവാതെ നില്‍ക്കുന്നു. 'മീന്‍ പാലില്‍ പറ്റിച്ചാല്‍ മതി കേട്ടോ' എന്ന് ഓർഡര്‍ കൊടുത്ത് ഭര്‍ത്താവ് ജോലിക്കുപോയി. 'അതിപ്പം എങ്ങനാ' എന്ന് വിചാരിച്ച് അവള്‍ അമ്മായിഅമ്മയോടു കാര്യം പറഞ്ഞു. ആ നല്ല അമ്മ അപ്പോള്‍ തന്നെ പറഞ്ഞു, 'അത് ഞാന്‍ ശരിയാക്കി കൊടുക്കാം, അവനു ചെറിയ തീയില്‍ ഇരുന്നു പറ്റി വേവുന്ന മീനാണിഷ്ടം.'

സന്തോഷത്തോടെ അവള്‍ പിന്മാറി, അമ്മ വളരെ ശ്രദ്ധയോടെ വാത്തി വെട്ടിക്കഴുകി വരഞ്ഞുവെച്ചു, അടി കട്ടിയുള്ള പരന്ന ഒരു പാനില്‍ എണ്ണയൊഴിച്ചു, വരഞ്ഞുവെച്ച മീന്‍ മെല്ലെ ഇട്ടു കൊടുത്തു, തിരിച്ചും മറിച്ചും ഇട്ടു ഷാലോ ഫ്രൈ ചെയ്യുന്ന സമയം, കുറെയേറെ ചെറിയ ഉള്ളി വൃത്തിയാക്കി രണ്ടായി മുറിച്ചതും, വെളുത്തുള്ളിയും ഇഞ്ചിയും, ഉണ്ടമുളകു ചതച്ചതും ഇത്തിരി മഞ്ഞളും, ഉപ്പും, രണ്ടു കഷ്ണം കുടംപുളിയും അതിന്റെ കൂടെ ഇട്ടു, മൂന്നാം പാലും രണ്ടാം പാലും ഒഴിച്ച് ചെറിയ തീയില്‍ അതിങ്ങനെ വറ്റിച്ചു വറ്റിച്ചു റെഡിയാക്കി കുറച്ചു കഴിഞ്ഞു ഒന്നാം പാലും ഒഴിച്ച് കൊടുത്തു, ഒരു മണിക്കൂറോളം മീനിങ്ങനെ ചെറിയ തീയില്‍ ഇരുന്നു. തേങ്ങാപ്പാലും, കൊച്ചുള്ളിയുടെയും മുളകിന്റെയും സത്തും കുടിച്ചു നല്ല സ്വയമ്പനായി, നല്ല മണം വരാന്‍ തുടങ്ങിയപ്പോഴേ അവള്‍ അടുക്കളയില്‍ ചെന്ന് തല കാണിച്ചു, 'ങ്ഹാ എന്തേ,' അമ്മായിഅമ്മ ചോദിച്ചു. 'എന്തെങ്കിലും സഹായം'? 'വേണ്ട ഒരു സഹായവും വേണ്ട'. അമ്മായിഅമ്മയെ ഒന്ന് തണുപ്പിക്കാന്‍ അവള്‍ പിന്നെയും പറഞ്ഞു, 'എന്ത് പ്രയാസമാണമ്മാ ഈ മീന്‍ തയ്യാറാക്കാന്‍,' 'അതേ പ്രയാസമാ, ഞാന്‍ അവന്റെ കൊച്ചിലെ ഇങ്ങനെയാ പാകം ചെയ്തു കൊടുത്തിട്ടുള്ളത്, അത് കൊണ്ട് എവിടെ പോയാലും അവനു പിടിക്കില്ല, ഭക്ഷണം അവനു ഞാന്‍ കൊടുത്താല്‍ മാത്രമേ ശരിയാകുള്ളൂ'. 'കഷ്ടം, ബാക്കിയുള്ളവരെ പ്രയാസപ്പെടുത്താന്‍, നല്ല ശീലങ്ങളൊക്കെ പഠിപ്പിച്ചിട്ടുണ്ടല്ലോ' എന്നവള്‍ മനസ്സില്‍ പറഞ്ഞു. 'അപ്പോള്‍ ഇവരാണല്ലേ കല്‍പ്രിറ്റ് ഞാന്‍ ശരിയാക്കി തരാം' എന്ന് കൂടി അവള്‍ മനസ്സില്‍ കൂട്ടിച്ചേര്‍ത്തു.

ജോലി കഴിഞ്ഞു ഭര്‍ത്താവ് വാത്തിയും സാമ്പാറും കൂട്ടി ചോറുണ്ണാനായി 'ബി. മുരളിയുടെ വാഴക്കൂമ്പിലെ സണ്ണിക്കുട്ടിയെ' പോലെ ഓടി വന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അവള്‍ മെല്ലെ മൊഴിഞ്ഞു, 'നല്ല രുചി അല്ലേ ചേട്ടാ?' 'അതേ നല്ല രുചി, എന്റമ്മ അങ്ങനാ, കഷ്ടപ്പെട്ട് ഞങ്ങള്‍ക്ക് രുചിയുള്ള ആഹാരം വെച്ച് തരും, അല്ലാതെ വേലക്കാരെ കൊണ്ട് എന്തെക്കെങ്കിലും മുറിച്ചിട്ട് കറി വെച്ച് തരില്ല'. 'ചുമ്മാതല്ല അമ്മയ്ക്ക് കാല് മുഴുവന്‍ ഇങ്ങനെ നീര് പിടിച്ചിരിക്കുന്നത്, അത് ചേട്ടന് അറിയുമോ എന്തോ? വല്ലപ്പോഴും അമ്മയുടെ ആരോഗ്യം കൂടി ഒന്ന് നോക്കുന്നത് നല്ലതാ,' അവള്‍ തിരിച്ചടിച്ചു, എന്നിട്ട് ഇങ്ങനെ കൂടി പറഞ്ഞു, 'അയ്യോ എനിക്കിതൊക്കെ വല്യ പ്രയാസമായിരിക്കും പാകം ചെയ്യാന്‍'. 'അതായിരിക്കും മോളെ, അല്ലേലും എന്റമ്മ പറയാറുണ്ട്, ഇപ്പോഴത്തെ പരിഷ്‌കാരികളായ പെണ്ണുങ്ങള്‍ക്ക് അഹങ്കാരം മാറാന്‍ രണ്ടു കിലോ കൊഞ്ച് പച്ചയ്ക്കു വൃത്തിയാക്കാന്‍ മേടിച്ചുകൊടുത്താല്‍ മതിയെന്ന്, ഒരു മൂലേല് അതും വൃത്തിയാക്കിക്കൊണ്ടിരുന്നോളും എന്ന്'. 'ആഹാ അപ്പൊ അമ്മേം കണക്കാ മോനും കണക്കാ, രണ്ടും കൂടെ കൊഞ്ചും മേടിച്ചു തോടും കളഞ്ഞു ഇവിടങ്ങിരുന്നോ,' അവള്‍ മനസ്സില്‍ പറഞ്ഞു. 'നീയെന്തെങ്കിലും പറഞ്ഞോ' എന്നയാള്‍ ചോദിച്ചതിന് 'അയ്യോ ഇല്ല പാവം അമ്മ' എന്നവള്‍ മധുരമായി മൊഴിഞ്ഞു. 'ഇത് ഒരു നടയ്ക്കു പോകുന്ന ലക്ഷണമില്ല' അവള്‍ മനസ്സിലോര്‍ത്തു.

അമ്മ പിന്നെയും മോന് ചെറുതീയില്‍ പാലില്‍ പറ്റിച്ചു വാത്തി വെച്ച് കൊടുത്തു, മകന്‍ അത് ആസ്വദിച്ച് കഴിക്കുകയും ചെയ്തു. വസന്തവും ശിശിരവും കഴിഞ്ഞു. ഒരു വേനല്‍ക്കാലം, കൂട്ടുകാരിയും ഭര്‍ത്താവും വേറെ സ്ഥലത്തേക്ക് വീട് വെച്ച് മാറി. അങ്ങനെയിരിക്കെ ഒരിക്കല്‍ അയാള്‍ വീണ്ടും വാത്തി മേടിച്ചു കൊണ്ട് വന്നു, 'ഇത് പാലില്‍ പറ്റിക്കണം' എന്നും ഓർഡര്‍ കൊടുത്തു ജോലിസ്ഥലത്തേക്ക് പോയി. അവള്‍ക്കറിയാവുന്നതു പോലെ അത് കറിവെച്ചു. കുറച്ചുനേരം അടുക്കളയില്‍ നിന്നപ്പോള്‍ കാല് കഴച്ചു, മീനിന്റെ തീ കുറച്ചു കൂട്ടിവെച്ച്, അരപ്പ് പറ്റിച്ചതിനുശേഷം അടുപ്പണച്ചു. അവള്‍ പോയി കിടന്നു. രണ്ടു മണിക്ക് ഭര്‍ത്താവു വന്നു കോളിങ് ബെല്‍ അടിച്ചപ്പോഴാണ് അവള്‍ എണീറ്റത്.

'വാത്തി പറ്റിച്ചോ' എന്ന് ചോദിച്ചുകൊണ്ട് അയാള്‍ മുറിക്കകത്തേക്കു കയറി. 'ഇതെന്തു പാടപ്പ, ഞാനിവിടെ വട്ടിത്തുറുപോലെ നില്‍ക്കുന്നത് കാണുന്നില്ലേ മനുഷ്യാ, എന്നോട് എന്റെ വിശേഷം ചോദിക്കുന്നതിനുപകരം മീന്‍ റെഡി ആയോ എന്നാ ചോദ്യം' എന്നവള്‍ മനസ്സ് കൊണ്ടലറി. പെട്ടെന്നു തന്നെ ചോറും വിളമ്പി, സാമ്പാറും മോരും മീനുമെടുത്തു അരികത്തു വെച്ച് കഴിക്കാനാരംഭിച്ചു, ഭര്‍ത്താവ് എന്തെങ്കിലും അഭിപ്രായം പറയുമോ എന്ന് കാത്തുകൊണ്ടവള്‍ അരികത്തിരുന്നു. ചോദിക്കുന്നതിനുമുന്‍പ് തന്നെ അഭിപ്രായം എത്തി, 'കൊറേ തീ വാരിയിട്ട് മീന്‍ കരിച്ച് വെയ്ക്കുന്നതല്ല മീന്‍ പാലില്‍ പറ്റിക്കുന്നത്, അതിന് അല്പം ക്ഷമയൊക്കെ വേണം, ചെറിയ തീയില്‍ ഇരുന്നു കറിയാകണം, എന്റമ്മ എനിക്കങ്ങനാ വാത്തി പറ്റിച്ച് തന്നുകൊണ്ടിരുന്നത്.' 'ഇത് നല്ല പാട്, എനിക്ക് ഒരു മണിക്കൂറൊന്നും നിന്ന് മീന്‍ പറ്റിക്കാന്‍ പറ്റില്ല, വീട്ടില്‍ വേറെയും പണികളുണ്ട്, ഈ രുചിയൊക്കെയേ പറ്റുകയുള്ളു,' അവളും എന്തൊക്കെയോ തിരിച്ചുപറഞ്ഞു. അങ്ങനെ ആ പകലടങ്ങി. വാത്തിയോടും, ഭര്‍ത്താവിനോടും, അദ്ദേഹത്തിന്റെ അമ്മയോടും അവള്‍ക്കു വല്ലാത്ത ദേഷ്യം തോന്നി.

കാലചക്രമങ്ങനെ ഉരുണ്ടുനീങ്ങുന്നതിനിടയില്‍ അയാള്‍ക്ക് വീണ്ടും അമ്മയുണ്ടാക്കുന്ന വാത്തി പറ്റിച്ചത് കഴിക്കാന്‍ മോഹമുദിച്ചു. മാര്‍ക്കറ്റില്‍നിന്നും മുഴുത്ത വാത്തി അഞ്ചാറെണ്ണം വാങ്ങി അയാള്‍ വീട്ടിലെത്തി, ചട്ടിയില്‍ മീന്‍ തട്ടിയിട്ട്, അയാള്‍ അവളോട് അപേക്ഷിച്ചു, 'ദൈവത്തെ ഓര്‍ത്ത് തീ കോരിയിടാതെ ഇതൊന്നു പാലില്‍ പറ്റിച്ചു തരുമോ മാഡം.' ചിരിച്ചുകൊണ്ടിരുന്ന ഭാര്യ സംഹാരദുര്‍ഗ്ഗയായി മാറി, ചട്ടിയിലിരുന്ന മീനെല്ലാം സിങ്കിലേക്കു എടുത്ത് ഒരേറു കൊടുത്തുകൊണ്ടവള്‍ അലറി, 'എടുത്ത് പൂച്ചയ്‌ക്കോ പട്ടിക്കോ കൊടുത്തോണം ഈ മീനെല്ലാം, എനിക്ക് ഈ സാധനത്തിനെ കാണുമ്പോള്‍ നിങ്ങടമ്മേ ഓര്‍മ്മ വരും, ഒരു മനുഷ്യപ്പറ്റും ഇല്ലാത്ത ഒരു ജന്മം, അവര്‍ക്കു കഷ്ടപ്പെടുന്നത് ഒരു ഹരമായിരിക്കാം, എന്നും പറഞ്ഞു വന്നുകയറുന്ന പെണ്ണുങ്ങളെല്ലാം കൊഞ്ചും തൊലിച്ച് മീനും പറ്റിച്ച് നടുവൊടിക്കണം എന്ന് മകനെ പറഞ്ഞു പറഞ്ഞു പഠിപ്പിച്ചു ഇങ്ങനാക്കി, എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് ചേട്ടാ. ഇനി മേലാല്‍ ഈ മീന്‍ ഇവിടെ വാങ്ങിക്കരുത്, അത്രയ്ക്ക് കൊതിയാണെങ്കില്‍ അമ്മയോട് പറഞ്ഞ് ഉണ്ടാക്കിക്കഴിക്കൂ'.

അന്ന് മുതല്‍ അവരുടെ വീട്ടില്‍ നിന്നും വാത്തിയൊഴിഞ്ഞു പോയി. വാത്തി കഴിക്കാന്‍ പറ്റാതെ കരയുന്ന ആ മകനെ ഞാന്‍ അല്പം സങ്കടത്തോടെ ഓര്‍ക്കാറുണ്ട്. വാത്തിയിലൂടെ ശാക്തീകരിക്കപ്പെട്ട എന്റെ പ്രിയ കൂട്ടുകാരിയെയും.
 

Content Highlights: ruchiyorma vathi fish and a village food memories of a newly married couple