പട്ടിയെന്ന പശുക്കുട്ടിയിൽ നിന്നും പേരുവന്ന പട്ടീശ്വരം ക്ഷേത്രത്തിലേക്ക്

ക്ഷേത്രനഗരമായ കുംഭകോണത്തെ ഒരുവിധം ക്ഷേത്രങ്ങളും വലംവെച്ചുവന്നപ്പോഴാണ് അന്നാട്ടുകാരനായ സുഹൃത്ത് പട്ടീശ്വരം എന്ന ഗ്രാമത്തെക്കുറിച്ചും അവിടുത്തെ ക്ഷേത്രങ്ങളെക്കുറിച്ചും പറഞ്ഞത്. അതോടെ അവിടേക്കുകൂടി പോകാനുള്ള ആഗ്രഹം മനസ്സിലുദിച്ചു. നേരം പുലര്‍ന്നയുടന്‍ ഓട്ടോ കയറി. കുംഭകോണത്തുനിന്നും ഏതാണ്ട് എട്ട് കിലോമീറ്ററിലധികം ദൂരമുണ്ട് പട്ടീശ്വരത്തേക്ക്. കൊച്ചുകൊച്ചുഗ്രാമങ്ങളും വയലേലകളും കടന്ന് യാത്ര തുടര്‍ന്നു. മാനം മുട്ടെയുയര്‍ന്ന ഗോപുരത്തിനുമുന്‍പില്‍ വണ്ടി ബ്രേക്കിട്ടു. കോവിലിന്റെ കിഴക്കേ നടയിലാണ് എത്തിയത്. 'ധേനുപുരീശ്വരര്‍ ക്ഷേത്രം, തിരുപട്ടീശ്വരം' എന്ന് ഗോപുരത്തില്‍ വലിയ ബോര്‍ഡില്‍ പേര് കണ്ടു. പല നിറത്തിലെ ചായക്കൂട്ടുകളില്‍ ദേവീദേവന്മാരുടെ ശില്‍പങ്ങള്‍ കൊത്തുപണി ചെയ്ത ഗോപുരം. നേരം വെളുത്ത് വെളിച്ചം പരക്കുന്നതെയുള്ളൂ. എങ്ങുമെങ്ങും മഞ്ഞളിന്റെയും കുങ്കുമത്തിന്റെയും സുഗന്ധം. അരളിയും മുല്ലയും പനിനീര്‍ പുഷ്പങ്ങളും കൊരുത്ത മാലകള്‍ വില്‍ക്കുന്നവര്‍. പൂക്കൂടയില്‍ പൂമാലകളുമായി ഈശ്വരനരികില്‍ വന്നണയുന്ന ഭക്തര്‍. ക്ഷേത്രപരിസരം കണ്ണിനും മനസ്സിനും കുളിര്‍മ്മയേകി.
തഞ്ചാവൂര്‍ ജില്ലയില്‍ പട്ടീശ്വരം എന്ന ഗ്രാമത്തിലാണ് അരുള്‍മിഗു ധേനുപുരീശ്വരര്‍ തിരുക്കോവില്‍. പൊന്നി നദിയുടെ തെക്കുഭാഗം. ഐതിഹ്യങ്ങളും പുരാണങ്ങളുമായി ബന്ധപ്പെട്ട ധാരാളം കഥകള്‍ ക്ഷേത്രത്തോട് ബന്ധപ്പെട്ടുകിടക്കുന്നു. ദേവീ ഭാഗവതത്തിലും ശിവപുരാണത്തിലും ഈ ക്ഷേത്രത്തെക്കുറിച്ചു കാണാം. ശിവക്ഷേത്രമാണിത്. ധേനുപുരീശ്വര്‍ എന്നാണ് ഇവിടുത്തെ ശിവപ്രതിഷ്ഠ അറിയപ്പെടുന്നത്. പട്ടീശ്വരം എന്ന സ്ഥലത്തായതിനാല്‍ പട്ടീശ്വരര്‍ എന്നും പേരുണ്ട്. ജ്ഞാനാംബികൈ എന്ന പേരില്‍ പാര്‍വതിദേവിയുടെ പ്രതിഷ്ഠയുമുണ്ട്. മൂലദൈവം ശിവനാണെങ്കിലും ഇവിടുത്തെ ദുര്‍ഗാദേവിയുടെ പ്രതിഷ്ഠ പ്രശസ്തമാണ്. മഹിഷാസുരന്‍, ദുര്‍ഗമാസുരന്‍ എന്നീ അസുരന്മാരെ നിഗ്രഹിക്കാനായി ത്രിമൂര്‍ത്തികളില്‍നിന്നും അവതരിച്ച ആദിപരാശക്തിയുടെ അംശമായ ദുര്‍ഗാദേവിയാണ് ഇവിടെ കുടികൊള്ളുന്നത്.
ശിലയില്‍ തീര്‍ത്ത കാവ്യങ്ങള്‍
ദ്രാവിഡ ക്ഷേത്ര വാസ്തുവിദ്യയിലാണ് ക്ഷേത്രം. ഇവിടുത്തെ ഓരോ ശിലാ നിര്‍മിതികളും ഓരോ കാവ്യങ്ങളാണ്. അവയുടെ നിര്‍മ്മാണ വൈദഗ്ധ്യം ഏവരെയും അമ്പരപ്പിക്കും. ഏകദേശം നാല് ഏക്കറിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം, ആറാം നൂറ്റാണ്ടില്‍ ചോള സാമ്രാജ്യത്തിന്റെ ഭരണകാലത്ത് പുനര്‍നിര്‍മ്മിക്കപ്പെട്ടു എന്നാണ് കരുതുന്നത്. ശേഷം പല്ലവ രാജാക്കന്മാരും നായ്ക്കന്മാരും ക്ഷേത്രത്തിനുവേണ്ടി സംഭാവനകള്‍ നടത്തി. ക്ഷേത്രത്തിന്റെ നാല് ദിശകളില്‍ നാല് ഗോപുരങ്ങളും ഏഴുനിലകളുള്ള രാജഗോപുരവുമുണ്ട്. മൂന്ന് പ്രകാരങ്ങളുണ്ട്. അതില്‍ ആദ്യ പ്രകാരത്തിന് നടുവിലെ മണ്ഡപത്തിലാണ് ധേനുപുരീശ്വരന്റെ പ്രതിഷ്ഠ. അടുത്തായി ഛണ്ഡികേശന്‍, നടരാജന്‍, സൂര്യ ഭഗവാന്‍ എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട്. അതിനുവടക്കാണ് ജ്ഞാനാംബികൈ അമ്മയുടെ കോവില്‍. കിഴക്കേ ഗോപുരത്തിലൂടെ നന്ദിയെ തൊഴുതുവഴങ്ങി ശിവപ്രതിഷ്ഠയ്ക്കരികിലേക്കും, വടക്കേ ഗോപുരത്തിലൂടെ ദുര്‍ഗാദേവി സന്നിധിയിലുമെത്താം.
ദുര്‍ഗാദേവിയായ് അവതരിച്ച ആദിപരാശക്തി
ധാരാളം ചൊല്‍ക്കഥകള്‍ ഈ ക്ഷേത്ര ഉത്ഭവവുമായി ബന്ധപ്പെട്ടുണ്ട്. മാര്‍ക്കണ്ഡേയ മഹര്‍ഷിയും ആദിപരാശക്തിയും ശിവഭഗവാനെ പൂജിച്ച സ്ഥലമാണ് ഇവിടമെന്നും കരുതപ്പെടുന്നു. ഒരുനാള്‍ ആദിപരാശക്തി തപസ്സുചെയ്യാന്‍ നിശബ്ദതയും ശാന്തിയുമുള്ള പ്രദേശം അന്വേഷിച്ചു. ഒടുവില്‍ ഇവിടെ തപസ്സിലേര്‍പ്പെട്ടു. ദേവലോകവാസികള്‍ മരങ്ങളും ചെടികളും വള്ളികളുമായി അവതരിച്ച് ദേവിക്ക് തുണയായി. ഗോമാതാവായ കാമധേനുവിന്റെ മകളായ പട്ടി (നന്ദിനി) എന്ന പശുക്കുട്ടിയെ ദേവിയുടെ സഹായത്തിനായി ഭൂമിയിലേക്കയച്ചു. ദേവിയുടെ തപസ്സില്‍ സംപ്രീതനായ ശിവഭഗവാന്‍ ദര്‍ശനം നല്‍കി. പട്ടീശ്വരത്തുവെച്ച് ആദിപരാശക്തി ഭഗവാനെ പൂജ ചെയ്തതിനാല്‍ ഈ പ്രദേശം ദേവഭൂമിയായി മാറി. ഏവര്‍ക്കും തുണയായി ദുര്‍ഗാഭഗവതിയായി അവതരിക്കാനും ഭഗവാന്‍ ദേവിയോട് നിര്‍ദ്ദേശിച്ചുവത്രെ.
വിശ്വാമിത്ര മഹര്‍ഷിക്ക് ഗായത്രീ മന്ത്രം സിദ്ധിച്ചതും ബ്രഹ്‌മഋഷി സ്ഥാനം കൈവന്നതും ഇവിടെ വെച്ചാണെന്നാണ് വിശ്വാസം. തേത്രായുഗത്തില്‍ ഭഗവാന്‍ ശ്രീരാമന്‍ ബ്രാഹ്‌മണനായ രാവണനെ വധിച്ചപ്പോഴുണ്ടായ ബ്രഹ്‌മഹത്യ ദോഷം മാറ്റിയത് പട്ടീശ്വരത്തെ ശിവപ്രതിഷ്ഠയെ ആരാധിച്ചുകൊണ്ടാണെന്നും വിശ്വസിക്കുന്നു.
നേര്‍ക്കുള്ള ശിവദര്‍ശനം
ക്ഷേത്രങ്ങളില്‍ പൊതുവെ ശിവപ്രതിഷ്ഠയ്ക്ക് നേര്‍ എതിര്‍വശത്ത് നന്ദിയുടെ പ്രതിഷ്ഠയാണ്. എന്നാല്‍ പട്ടീശ്വരത്തെ നന്ദീ പ്രതിഷ്ഠ ശിവ പ്രതിഷ്ഠയ്ക്ക് നേര്‍ എതിര്‍വശത്തല്ല. അല്പം മാറിയാണ്. ഈ ഐതിഹ്യങ്ങളെല്ലാം ക്ഷേത്രച്ചുമരുകളില്‍ വരച്ചുചേര്‍ത്തിട്ടുണ്ട്. പ്രശസ്ത ശിവഭക്തരായ 63 നായനാര്‍മാരില്‍ പ്രധാനിയാണ് തിരുജ്ഞാനസംബന്ധര്‍. അദ്ദേഹം ശിവനെ വാഴ്ത്തിക്കൊണ്ട് എഴുതിയ തേവാരം പാട്ടുകളില്‍ പട്ടീശ്വരത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. സംബന്ധര്‍ തന്റെ അനുയായികള്‍ക്കൊപ്പം ഓരോ ശിവസ്ഥലങ്ങളും സന്ദര്‍ശിക്കുകയായിരുന്നു. അടുത്തതായി പട്ടീശ്വേരത്തേക്ക് പോകാന്‍ പുറപ്പെട്ടു. ഉച്ചയോടടുത്ത സമയം. അഞ്ചുവയസ്സ് പ്രായം മാത്രമുള്ള സംബന്ധര്‍ക്ക് ആ കൊടുംവെയില്‍ താങ്ങാനായില്ല. അതുമനസ്സിലാക്കിയ ശിവഭഗവാന്‍ സംബന്ധര്‍ക്ക് നടന്നുവരാനായി ഭൂതഗണങ്ങളോട് തണലേകുന്ന മുത്തുപ്പന്തല്‍ നിര്‍മിക്കാന്‍ നിര്‍ദ്ദേശിച്ചു. പന്തലിലൂടെ നടന്നുവരുന്ന സംബന്ധര്‍ക്ക് ദര്‍ശനം ശരിയായി ലഭിക്കാന്‍ ശിവപ്രതിഷ്ഠക്ക് എതിര്‍വശത്തുള്ള നന്ദിയോട് അല്പം മാറി കുടികൊള്ളാന്‍ ശിവന്‍ ആവശ്യപ്പെട്ടുവെന്നാണ് വിശ്വാസം.
ക്ഷേത്രത്തിന്റെ കാവലാള്‍
കൊത്തുപണികള്‍ ചെയ്ത് മനോഹരമാക്കിയ തൂണുകളുള്ള ആദ്യ പ്രകാരം കടന്ന് പ്രധാന ആരാധനാമൂര്‍ത്തിയായ ധേനുപുരീശ്വരന് അരികിലെത്തി. ഇനി ചണ്ഡികേശനരികിലേക്ക്. ഛണ്ഡികേശനെ തൊഴുതുകൊണ്ട് ഒരു സ്ത്രീ കൈ തട്ടുന്നതുകണ്ടു. അതെന്തിനാണെന്ന് ചോദിച്ചു. ശൈവിസം പ്രചരിപ്പിക്കുന്ന 63 നായനാര്‍മാരില്‍ ഒരാളാണ് ചണ്ഡികേശന്‍. അദ്ദേഹത്തെ ക്ഷേത്ര സമ്പത്തിന്റെയും സാമഗ്രികളുടെയും കാവലാളായാണ് കരുതപ്പെടുന്നത്. പ്രാര്‍ഥിക്കാനെത്തുന്ന ഭക്തര്‍ ക്ഷേത്രത്തില്‍നിന്നും ഒന്നും കൊണ്ടുപോകുന്നില്ലെന്നും വെറുംകൈയോടെയാണെന്നും കാണിക്കാനാണ് ചണ്ഡികേശനുമുന്‍പില്‍ കൈ തട്ടുന്നത് എന്നാണ് വിശ്വാസം.
പട്ടിയില്‍ നിന്നും പട്ടീശ്വരം
പട്ടീശ്വരം എന്ന പേരിനുപിന്നിലും കഥയുണ്ട്. പട്ടി എന്ന പശുക്കുട്ടി ഇവിടെ ഭഗവാനെ പ്രതിഷ്ഠിച്ചുകൊണ്ട് പൂജ ചെയ്തു. അതോടെ ഈ സ്ഥലം പട്ടീശ്വരം എന്നും ഭഗവാന്‍ പട്ടീശ്വരന്‍ എന്നും വിളിക്കപ്പെട്ടു എന്നാണ് വിശ്വാസം. പുരാണങ്ങളില്‍ മഴപ്പാടി എന്നായിരുന്നു ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. കാമധേനു ശിവനെ പൂജിച്ച് സന്താനഭാഗ്യം നേടിയതിനാലാണത്രെ ഭഗവാന്‍ ധേനുപുരീശ്വരര്‍ എന്ന പേരിലും അറിയപ്പെടുന്നത്.
ശീഖ്ര ഫലപ്രാപ്തി
ഒരു കാലത്ത് ചോള തലസ്ഥാനമായ പഴയറയുടെ ഭാഗമായിരുന്നു പട്ടീശ്വരം. ചോളരാജാക്കന്മാരുടെ കുലദൈവമായിരുന്നു ഇവിടുത്തെ ദുര്‍ഗാദേവി. പ്രധാന തീരുമാനങ്ങളിലും യുദ്ധം, മറ്റു യാത്രകള്‍ എന്നിവയ്ക്ക് പുറപ്പെടുമ്പോഴും ദുര്‍ഗാദേവിയെ കണ്ടുവഴങ്ങിയിരുന്നെന്നാണ് കരുതപ്പെടുന്നത്. ദുര്‍ഗാദേവി ആനന്ദത്തോടെ ശാന്ത സ്വരൂപിണിയായി നിലകൊള്ളുന്നതിനാല്‍ ഇവിടെ പ്രാര്‍ഥിക്കുന്നതിനെല്ലാം ശീഖ്രഫലപ്രാപ്തി ഉണ്ടെന്ന് പറയപ്പെടുന്നു. രാഹു കേതു ദോഷങ്ങള്‍, ചൊവ്വാ ദോഷങ്ങള്‍ എന്നിവ മാറാന്‍ ചൊവ്വ, വെള്ളി, ഞായര്‍, അമാവാസി, അഷ്ടമി, നവമി തീയതികളില്‍ ദേവിയെ പൂജിക്കുന്നത് വിശേഷഫലം തരുമെന്നാണ് വിശ്വാസം. ദേവിക്ക് അരളിപ്പൂ മാല, താമര മാല, നാരങ്ങാമാല എന്നിവ ചാര്‍ത്തുന്നതും പ്രധാനമാണ്.
എങ്ങനെ പോകാം
കുംഭകോണത്തുനിന്നും 9 കിലോമീറ്റര്‍ ദൂരമെയുള്ളൂ പട്ടീശ്വരത്തേക്ക്. സ്വാമി മലയില്‍നിന്നും 3 കിലോമീറ്ററും. തഞ്ചാവൂരില്‍നിന്നും കുംഭകോണത്തുനിന്നും ബസ് സര്‍വീസുകളുണ്ട്.
Content Highlights: Pilgrimage to Dhaenupureeswarar Temple, Patteeswaram, Kumbakonam