പഞ്ചപാണ്ഡവരുടെ ക്ഷേത്രനടകളിലേക്ക്

പഞ്ചപാണ്ഡവര്‍ നടന്നുതീര്‍ത്ത വഴികളിലൂടെയാണ് യാത്ര. എല്ലാം നഷ്ടപ്പെട്ട് രാജധാനി വിട്ടിറങ്ങിയ പഞ്ചപാണ്ഡവര്‍ അജ്ഞാതവാസക്കാലത്ത് പ്രതിഷ്ഠ നടത്തിയ അഞ്ച് ക്ഷേത്രങ്ങള്‍. ഈ യാത്ര മനസ്സിനും ശരീരത്തിനും ആത്മീയതയുടെ കുളിര് സമ്മാനിക്കുമെന്നുറപ്പ്. ചെങ്ങന്നൂരും പരിസരത്തുമാണ് ഈ അഞ്ച് ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത്. അഞ്ചിടങ്ങളിലും ചൈതന്യത്തിന്റെ തിളക്കവുമായി കുടികൊള്ളുന്നത് വിഷ്ണു വിഗ്രഹങ്ങളും. ഇന്ത്യയിലെ നൂറ്റിയെട്ട് വൈഷ്ണവ മഹാക്ഷേത്രങ്ങളില്‍ ഉള്‍പ്പെടുന്ന പഞ്ചപാണ്ഡവക്ഷേത്രങ്ങളില്‍ തെന്നിന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരുടെയും പ്രവാഹമുണ്ട്.
ആദ്യം ദര്‍ശനം നടത്തേണ്ട തൃച്ചിറ്റാറ്റ് ക്ഷേത്രം ചെങ്ങന്നൂര്‍ എം.സി. റോഡിന് സമീപത്താണ്. മനസ്സുകുളിര്‍ക്കുന്ന കാഴ്ച. യുധിഷ്ഠിരന്റെ തേവാരമൂര്‍ത്തി വാഴുന്നയിടം. ചുറ്റോടുചുറ്റ് കല്‍പ്പടവുകളുള്ള കുളത്തിന്റെ കരയിലാണ് ക്ഷേത്രം. ഇതാണ് ശംഖ് തീര്‍ഥക്കുളം. ഉത്സവത്തിന് 'കുളത്തില്‍വേല' എന്നറിയപ്പെട്ടിരുന്ന 'വേലകളി' നടത്തിയിരുന്നത് ഈ പടവുകളില്‍വെച്ചായിരുന്നെന്ന് ക്ഷേത്രം സംബന്ധി എസ്.പി. ഹരികുമാര്‍ പറഞ്ഞു. ഇടക്കാലത്ത് നിലച്ചുപോയ 'കുളത്തില്‍ വേലകളി'യെ പൂര്‍വാധികം ശക്തിയോടെ മടക്കിക്കൊണ്ടുവരാനായി പടവുകള്‍ ഭംഗിയോടെ കെട്ടിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
പമ്പയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്താണ് ക്ഷേത്രം. പഞ്ചപാണ്ഡവരില്‍ യുധിഷ്ഠിരന്‍ വിഗ്രഹം പ്രതിഷ്ഠിച്ചതെന്ന വിശ്വാസത്താലാണ് ദര്‍ശനത്തിന് തുടക്കം ഇവിടെനിന്നാകുന്നത്. മംഗളധ്വനി മുഴക്കുന്ന ശംഖ് വലംകൈയിലും ശ്രീചക്രം ഇടംകൈയിലും ഏന്തിനില്‍ക്കുന്ന മഹാവിഷ്ണു വിഗ്രഹമാണ് ഇവിടുത്തെ പ്രതിഷ്ഠാസങ്കല്പം. വിഷ്ണുപൂജയാണ് പ്രധാന വഴിപാട്. ചെങ്ങന്നൂരില്‍നിന്ന് തിരുവല്ല റോഡില്‍ രണ്ടുകിലോമീറ്റര്‍ ദൂരത്തില്‍ പാണ്ടനാട് റോഡിലേക്ക് അര കിലോമീറ്റര്‍ കഴിയുമ്പോഴാണ് ക്ഷേത്രം.
ഭീമന്‍ വെച്ചാരാധിച്ച വിഷ്ണുഭഗവാന്‍
പുലികളുടെ ഊരെന്ന രീതിയില്‍ പുലിയൂര്‍ എന്നറിയപ്പെടുന്ന ഗ്രാമത്തിലേക്കാണ് ഇനി യാത്ര. തൃപ്പുലിയൂര്‍ മഹാവിഷ്ണുക്ഷേത്രത്തിലേക്ക് പടവുകള്‍ കടന്നുചെല്ലുമ്പോഴേ കാണാം ഭീമന്റെ മുദ്ര. ക്ഷേത്രമുറ്റത്ത് വലിയ ഗഥ 'മയദത്തം' കാണാം. ഭീമസേനന്‍ വെച്ചാരാധിച്ചതിനാല്‍ 'ഭീമസേനതിരുപ്പതി' എന്നും ഭഗവാനെ വിശേഷിപ്പിക്കുന്നു.
ചതുര്‍ബാഹുരൂപത്തിലാണ് മഹാവിഷ്ണുവിന്റെ രൂപം. വലിയ ശ്രീകോവില്‍, നാലമ്പലം, തിടപ്പള്ളി, ദാരുശില്പങ്ങളുള്ള നമസ്‌കാരമണ്ഡപം, ചുവര്‍ചിത്രകലയോടെയുള്ള അകഭിത്തികള്‍. കായബലമുള്ള ഭീമന്‍ പ്രതിഷ്ഠിച്ച ക്ഷേത്രമായതിനാലാവണം വൃത്താകൃതിയിലുള്ള ശ്രീകോവിലിന് നല്ല ഉയരം.
സാധാരണ വിഷ്ണുവിഗ്രഹത്തില്‍നിന്ന് വിഭിന്നമാണ് ഭാവം. രൗദ്രം. ചതുശ്ശതമാണ് പ്രധാന വഴിപാട്. 100 നാഴി അരി, 100 നാളികേരം, 101 കദളിപ്പഴം, 100 തോല ശര്‍ക്കര എന്നിവ കൂട്ടി രസാനുപാകത്തില്‍ തയ്യാറാക്കുന്ന പായസമാണ് ചതുശ്ശതം. കാവടിയാട്ടം നടത്തുന്ന ഏക വിഷ്ണുക്ഷേത്രമാണിത്. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂരില്‍നിന്ന് മാവേലിക്കര റൂട്ടില്‍ അഞ്ചുകിലോമീറ്റര്‍ ദൂരത്തിലാണ് ക്ഷേത്രം.
തിരുവാറന്‍മുളയിലേക്ക്
പ്രകൃതിഭംഗി അത്രത്തോളം ഒഴുകിപ്പരക്കുന്ന ഗ്രാമീണതയിലൂടെയാണ് യാത്ര. വള്ളസദ്യയുടെ പ്രശസ്തി ആകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്ന ആ മണ്ണിലേക്ക് കാലുകുത്തുമ്പോഴേ ആറന്മുളയുടെ പെരുമ പൊതിയുന്നു. കടകളില്‍ ആറന്മുള കണ്ണാടിയും മയില്‍പ്പീലിയും മഞ്ചാടിക്കുരുവുമൊക്കെ വില്പനയ്ക്കുണ്ട്.
പാണ്ഡവരില്‍ മൂന്നാമനായ അര്‍ജുനന്‍ വെച്ചാരാധിച്ചിരുന്ന ശ്രീകൃഷ്ണവിഗ്രഹമാണ് തിരുവാറന്‍മുള ക്ഷേത്രത്തിലേതെന്ന് കരുതപ്പെടുന്നു. പതിനെട്ട് കരിങ്കല്‍പ്പടവുകള്‍ കയറിവേണം ക്ഷേത്രത്തിലെത്താന്‍. നാല് തൃക്കൈകളോടുകൂടിയ മഹാവിഷ്ണുവിഗ്രഹമാണിവിടെ. ആറടിയോളം ഉയരം. പടികള്‍ കടന്ന് കൊടിമരച്ചോട്ടിലെത്തുമ്പോള്‍ വാരിവിതറിയ നിലയില്‍ മഞ്ചാടിമണികള്‍. ഇഷ്ടകാര്യലബ്ധിക്കായി ഭക്തര്‍ കൊടിമരച്ചോട്ടില്‍ മഞ്ചാടി മുകളിലേക്ക് വാരിവിതറുന്നു.
'കൊടിമരത്തില്‍ മഞ്ചാടി'യെന്നാണ് ഈ വഴിപാട്. ചിങ്ങമാസത്തില്‍ ഉ്രതട്ടാതിക്കാണ് പാര്‍ഥസാരഥിയുടെ പ്രതിഷ്ഠ നടന്നതെന്നാണ് വിശ്വാസം. അര്‍ജുനന്റെ ജന്മദിനംകൂടിയായ അന്നാണ് ഉത്രട്ടാതി വള്ളംകളിയും നടക്കുന്നത്. അടച്ചുനേദ്യവും തുറന്ന പൂജയും ഇവിടത്തെ പ്രത്യേകതയാണ്.
ആറന്മുള പാര്‍ഥസാരഥിക്ക് ഇഷ്ടപ്പെട്ട വഴിപാടാണ് അന്നദാനം. ആറന്മുളയൂട്ട്, തിരുവോണസദ്യ, വള്ളസദ്യ എന്നിങ്ങനെ എല്ലാ ആഘോഷദിവസങ്ങളിലും അന്നദാനം പ്രധാനം. 64 ഇനം കറികള്‍ ഉള്‍പ്പെടുന്ന വിഭവസമൃദ്ധമായ വള്ളസദ്യയാണ് പ്രധാനം. പരിപ്പ്, സാമ്പാര്‍, പുളിശ്ശേരി, കാളന്‍, രസം, പാളത്തൈര്, മോര്, അവിയല്‍, ഓലന്‍, എരിശ്ശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, വിവിധയിനം മെഴുക്കുപുരട്ടികള്‍, തോരനുകള്‍, അച്ചാറുകള്‍, നിരവധി പായസങ്ങള്‍, പപ്പടം വലിയതും ചെറുതും, പഴം എന്നിങ്ങനെ നിരവധി വിഭവങ്ങള്‍.
പമ്പാനദിക്കരയിലെ നിലയ്ക്കലുള്ള നാരായണപുരത്ത് അര്‍ജുനന്റെ തേവാരമൂര്‍ത്തിയായിരുന്ന മഹാവിഷ്ണുവിന്റെ സാന്നിധ്യമുണ്ടായിരുന്നത്രേ. ഒരുദിവസം ഭഗവാന്‍ തന്റെ സ്വന്തം ഇഷ്ടപ്രകാരം നാരായണപുരത്തുനിന്ന് ആറുമുള കെട്ടിയ ചങ്ങാടത്തില്‍ പമ്പാനദിയിലൂടെ വന്നു. അങ്ങനെ ഭഗവാനെത്തിച്ചേര്‍ന്ന കര ആറന്മുളയായി. ആ യാത്രയുടെ ഓര്‍മയ്ക്കാണത്രേ വള്ളസദ്യയും വള്ളംകളിയും നടത്തുന്നത്.
സന്താനലബ്ധിക്കായി തേച്ചുകുളിസദ്യയുണ്ട്. പന്ത്രണ്ട് കുട്ടികളെ ഒരുദിനം രാവിലെ മുതല്‍ സന്തോഷിച്ച് പരിപാലിക്കുന്നതാണ് ഈ വഴിപാട്. അവര്‍ക്ക് തേച്ചുകുളിക്കാന്‍ എണ്ണയും ഇഞ്ചയും പയര്‍പൊടിയും കൊടുക്കണം. കളിക്കാന്‍ കളിപ്പാട്ടങ്ങള്‍. പലകൂട്ടം കറികള്‍ കൂട്ടി സദ്യ. ക്ഷേത്രം സന്ന്യാസിമാരുടെയും ഭജനക്കാരുടെയും തീര്‍ഥാടകരുടെയും ആശ്രമസ്ഥലംകൂടിയാണ്. അതുകൊണ്ട് ഭജനസദ്യയും ഇവിടെ പ്രധാനമാണ്. ചെങ്ങന്നൂര്‍ കോഴഞ്ചേരി പാതയില്‍ 11 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം.
നകുലന്റെ മഹാവിഷ്ണുസന്നിധിയിലേക്ക്
ആ തിരക്കില്‍നിന്ന് ദര്‍ശനപുണ്യം തേടി തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തിലെത്തുമ്പോള്‍ പത്തുമണിയാകുന്നു. പാണ്ഡവരില്‍ നാലാമനായ നകുലന്റെ തേവാരമൂര്‍ത്തിയാണ് ഇവിടത്തെ മഹാവിഷ്ണു. ഗോശാലകൃഷ്ണനും ഇവിടെ പ്രധാനമാണ്. ആ നടയില്‍ നിറയെ തൊട്ടിലുകള്‍. സന്താനഭാഗ്യത്തിനായി ഇവിടെ തൊട്ടില്‍ കെട്ടുന്നത് നേര്‍ച്ചയാണ്.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ചരിത്രംകൂടിയുണ്ട് ഈ വിഗ്രഹത്തിന്. അമ്പലപ്പുഴ മഹാരാജാവിന് സന്താനയോഗമില്ലാത്തതിനാല്‍ ലക്ഷണമൊത്ത വിഗ്രഹമെടുത്ത് പൂജിച്ചാല്‍ ബാലസിദ്ധിയുണ്ടാകും എന്ന് പ്രശ്‌നവിധി വന്നു. അതനുസരിച്ച് വിഗ്രഹം തേടി ഭടന്മാരെ അയച്ചപ്പോള്‍ ഇവിടത്തെ മേല്‍ശാന്തി കൃഷ്ണവിഗ്രഹം മാറോടടക്കിപ്പിടിച്ച് സമീപത്തുണ്ടായിരുന്ന ആറ്റില്‍ ചാടി ആത്മാഹുതി ചെയ്തു. കാലാന്തരത്തില്‍ ഒരു പണ്ഡിതന് ഇതേക്കുറിച്ച് സ്വപ്‌നദര്‍ശനമുണ്ടായി. തുടര്‍ന്ന് അമ്പത്തിയൊന്നാം ദിവസം ആ കൃഷ്ണവിഗ്രഹം തിരിച്ചെടുക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. അതാണ് ഗോശാലകൃഷ്ണന്റെ പ്രതിഷ്ഠ. ചെങ്ങന്നൂരില്‍നിന്ന് തിരുവല്ല പാതയില്‍ പ്രാവിന്‍കൂട് ജങ്ഷനില്‍നിന്ന് രണ്ടുകിലോമീറ്റര്‍ അകത്തോട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
തൃക്കൊടിത്താനം മഹാക്ഷേത്രം
ഉച്ചപൂജയുടെ സമയത്താണ് കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം ക്ഷേത്രത്തില്‍ എത്തുന്നത്. പഞ്ചപാണ്ഡവരില്‍ ഇളയസഹോദരനായ സഹദേവന്‍ ആരാധിച്ചിരുന്ന വിഗ്രഹമാണ് തൃക്കൊടിത്താനത്തെ മഹാവിഷ്ണു പ്രതിഷ്ഠ. തനിക്കുമാത്രം ആരാധനയ്ക്ക് വിഗ്രഹം ലഭിക്കാതെ വന്നപ്പോള്‍ സഹദേവന്‍ അഗ്‌നിയില്‍ ചാടി മരിക്കാനുറച്ചു. അപ്പോള്‍ ഒരുക്കപ്പെട്ട അഗ്‌നികുണ്ഡത്തില്‍നിന്ന് പ്രത്യക്ഷപ്പെട്ട വിഗ്രഹമാണ് തൃക്കൊടിത്താനത്തെ ചതുര്‍ബാഹുവായ മഹാവിഷ്ണു. 'അദ്ഭുതനാരായണന്‍' എന്ന പേരിലും ഭഗവാന്‍ അറിയപ്പെടുന്നു. പടിഞ്ഞാറെ നടയിലെ നരസിംഹമൂര്‍ത്തിക്കും ഇവിടെ തുല്യപ്രാധാന്യമുണ്ട്. രണ്ട് കൊടിമരമുള്ള ക്ഷേത്രമെന്ന പ്രസക്തിയുമുണ്ട്. നരസിംഹജയന്തിയും ദശാവതാരച്ചാര്‍ത്തും വൈശാഖമാസത്തിലാണ് നടത്തുന്നത്. പ്രധാനവഴിപാട് പാനകവും ചതുശ്ശതവും പാല്‍പ്പായസവും.
ആദ്യം ദര്‍ശനം നടത്തേണ്ടത് തൃച്ചിറ്റാറ്റ് ക്ഷേത്രത്തിലാണ്. ശേഷം പാണ്ഡവരുടെ ക്രമത്തില്‍ ദര്‍ശനം നടത്തണം. എല്ലാ ക്ഷേത്രങ്ങളും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലാണ്. വെള്ളപ്പൂക്കളുടെ സ്‌നേഹഗന്ധത്തില്‍നിന്ന് തൊഴുതിറങ്ങുമ്പോള്‍ ഒരു ഭക്ത ഓര്‍മിപ്പിക്കുന്നു: ''പാണ്ഡവരുടെ മാതാവായ കുന്തീദേവിയുടെ സങ്കല്പത്തില്‍ ദേവീപ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ മുതുകുളം പാണ്ഡവര്‍കാവ് ക്ഷേത്രം. അഞ്ചമ്പലദര്‍ശനത്തിനുവരുന്ന ഭക്തര്‍ ഈ ക്ഷേത്രംകൂടി ദര്‍ശിച്ചിട്ടേ ദര്‍ശനം പൂര്‍ത്തിയാക്കാവൂ.'' ചങ്ങനാശ്ശേരി മല്ലപ്പള്ളി റോഡില്‍ മൂന്നുകിലോമിറ്റര്‍ ദൂരത്തിലാണ് ക്ഷേത്രം.
Content Highlights: pilgrimage through panchapandava temples