ഓണാഘോഷത്തിന് മധുരം പകരാൻ വ്യത്യസ്തയിനം പായസക്കൂട്ടുകൾ

1. അമ്പലപ്പുഴ പാല്‍പ്പായസം
ചേരുവകൾ
പാല്‍ : 2.5 ലിറ്റര്‍
ഉണക്കലരി : 125 ഗ്രാം
പഞ്ചസാര : 750 ഗ്രാം
നെയ്യ് : 50 ഗ്രാം
വെള്ളം : 125 മില്ലി
തയ്യാറാക്കുന്ന വിധം
ഉരുളിയില്‍ നെയ്യ് ചൂടാക്കി ഉണക്കലരി ചേര്‍ക്കുക. വെള്ളവുംകൂടി ചേര്‍ത്ത് അരി വേവിക്കാം. വേവ് കൂടാതെ നോക്കണം. ശേഷം പാലും പഞ്ചസാരയും ചേര്‍ക്കാം. പാകമായശേഷം തീയണയ്ക്കാം.
2. പൈനാപ്പിള്‍പ്പായസം
ചേരുവകൾ
കൈതച്ചക്ക : 500 ഗ്രാം
പഞ്ചസാര : 250 ഗ്രാം
തേങ്ങ : രണ്ടെണ്ണം
ചൗവ്വരി (ആവശ്യമെങ്കില്‍): 50 ഗ്രാം
വറുത്ത അണ്ടിപ്പരിപ്പ് : 30 ഗ്രാം
തയ്യാറാക്കുന്ന വിധം
കൈതച്ചക്ക ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കാം. തേങ്ങ പിഴിഞ്ഞ് പാലെടുത്തുവെക്കണം. പൈനാപ്പിള്‍ വെള്ളത്തില്‍ വേവിച്ച് ഉടച്ചെടുക്കുക. ചൗവ്വരി വേവിച്ചെടുത്ത് മാറ്റിവെക്കുക. പാന്‍ ചൂടാക്കി നെയ്യ്, പൈനാപ്പിള്‍, ചൗവ്വരി, പഞ്ചസാര, തേങ്ങാപ്പാല്‍ എന്നിവ ചേര്‍ത്തിളക്കി ചെറുതീയില്‍ വേവിക്കുക. പാകമായശേഷം അണ്ടിപ്പരിപ്പ് ചേര്‍ത്ത് അലങ്കരിക്കാം. ചൂടോടെയോ തണുപ്പിച്ചോ കഴിക്കാം.
3. പപ്പായ പായസം
ചേരുവകൾ
പപ്പായ : രണ്ട്
ശര്‍ക്കര : ഒരു കിലോഗ്രാം
നെയ്യ് : 50 മില്ലി
അണ്ടിപ്പരിപ്പ് : പത്തെണ്ണം
തേങ്ങ : മൂന്നെണ്ണം
തയ്യാറാക്കുന്ന വിധം
പപ്പായ ഉടച്ചെടുക്കുക. ഒരു പാനില്‍ ശര്‍ക്കരയും നെയ്യും ഒപ്പം പപ്പായയും ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് തിളപ്പിച്ച് കുറുക്കുക. പായസപ്പരുവമായില്‍ തീയണച്ച് കശുവണ്ടി വിതറി അലങ്കരിക്കാം. .
4.കുമ്പളങ്ങപ്പായസം
ചേരുവകൾ
കുമ്പളങ്ങ : 1 കിലോഗ്രാം
പഞ്ചസാര : 500 ഗ്രാം
ചൗവ്വരി : 50 ഗ്രാം
പാല്‍ : 1.5 ലിറ്റര്‍
തയ്യാറാക്കുന്ന വിധം
കുമ്പളങ്ങ അരിഞ്ഞെടുത്തതും ചൗവ്വരിയും വെവ്വേറെ തിളപ്പിക്കുക. ശേഷം കുമ്പളങ്ങയില്‍നിന്ന് വെള്ളം മുഴുവനായും വാര്‍ത്തുകളയുക. ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി അതിലേക്ക് കുമ്പളങ്ങയിട്ട് നന്നായി വഴറ്റാം. ശേഷം പാലും പഞ്ചസാരയും ചേര്‍ക്കണം. ആവശ്യമുള്ള കട്ടിയാകും വരെ ഇളക്കിക്കൊണ്ടിരിക്കുക. വേവിച്ച ചൗവ്വരിയുംകൂടി ചേര്‍ത്തിളക്കി ചൂടോടെ വിളമ്പാം.
Content Highlights: onam special payasam recipes