ഓണാഘോഷത്തിന് മധുരം പകരാന്‍ നാല് തരം പായസരുചികള്‍

തക്കാളിപ്പായസം/ ഫോട്ടോ: സിദ്ദീക്കുൽ അക്ബർ
തക്കാളിപ്പായസം/ ഫോട്ടോ: സിദ്ദീക്കുൽ അക്ബർ

1.തക്കാളിപ്പായസം
ചേരുവകള്‍

തക്കാളി    :    250 ഗ്രാം
പഞ്ചസാര    :    250 ഗ്രാം
തേങ്ങാപ്പാല്‍    :    300 മില്ലിലിറ്റര്‍ 
നെയ്യ്    :    നാല് ടേബിള്‍സ്പൂണ്‍
ഏലയ്ക്ക    :    ഒരു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം
തക്കാളിയുടെ തൊലിയും വിത്തുകളും കളഞ്ഞ് അരിഞ്ഞെടുക്കുക. ചെറുചൂടില്‍ പഞ്ചസാരയ്‌ക്കൊപ്പം ചേര്‍ത്ത് വേവിക്കാം. തക്കാളി മൃദുവായാല്‍ തേങ്ങാപ്പാലും നെയ്യും ചേര്‍ക്കുക. ശേഷം ഏലയ്ക്കാപ്പൊടി ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍ നിന്ന് വാങ്ങാം. 

2. കപ്പപ്പായസം


ചേരുവകള്‍
കപ്പ    :    500 ഗ്രാം
പനംചക്കര    :    750 ഗ്രാം
നെയ്യ്    :    60 മില്ലി 
ഉപ്പ്    :    ആവശ്യത്തിന്
തേങ്ങ    :    രണ്ടെണ്ണം
കിസ്മിസ്    :    20 ഗ്രാം
അണ്ടിപ്പരിപ്പ്    :    30 ഗ്രാം
ഏലയ്ക്കപ്പൊടി    :    5 ഗ്രാം
ഈന്തപ്പഴം     :    (വേണമെങ്കില്‍)

തയ്യാറാക്കുന്ന വിധം
കപ്പ പുഴുങ്ങി വെള്ളം വാര്‍ത്തുകളയുക. ഒന്നരത്തേങ്ങയുടെ ഒന്നാംപാലും രണ്ടാംപാലുമെടുക്കുക. അരത്തേങ്ങ ചിരവിയുമെടുക്കാം. ശര്‍ക്കര വെള്ളത്തില്‍ അലിയിച്ച് സിറപ്പുണ്ടാക്കി മാറ്റിവയ്ക്കാം. വേവിച്ചരിഞ്ഞെടുത്ത കപ്പ നെയ്യില്‍ വഴറ്റുക. തേങ്ങയുടെ രണ്ടാംപാല്‍ ഒഴിച്ച് നന്നായി ഇളക്കിയശേഷം ശര്‍ക്കര സിറപ്പ് ഒഴിക്കാം. അരിഞ്ഞുവെച്ച ഈന്തപ്പഴം ചേര്‍ക്കാം. ശേഷം തീ കുറച്ച് ഒന്നാംപാല്‍ ഒഴിച്ച് ഏലയ്ക്കാപ്പൊടിയും ചേര്‍ത്തിളക്കി തീയണയ്ക്കാം. പാനില്‍ നെയ്യ് ചൂടാക്കി അതിലേക്ക് തേങ്ങ ചിരവിയത്, അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവയിട്ട് വറുത്തുകോരി പായസത്തിന് മുകളില്‍ തൂവാം. ശേഷം ചൂടോടെ വിളമ്പാം. 

3. പച്ചച്ചീരപ്പായസം

ചേരുവകള്‍
പച്ചച്ചീര    :    250  ഗ്രാം
പഞ്ചസാര    :    200 ഗ്രാം
നെയ്യ്    :    50 ഗ്രാം
പാല്    :    അര ലിറ്റര്‍

തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയെടുത്ത ചീര പച്ചനിറം നഷ്ടെപ്പടാത്ത രീതിയില്‍ ചൂടൂവെള്ളത്തിൽ വേവിച്ച് കുഴമ്പുരൂപത്തിലാക്കിയെടുക്കുക. പാലില്‍ പഞ്ചസാര ചേര്‍ത്ത് തിളപ്പിച്ച് മാറ്റിവയ്ക്കാം. അടികട്ടിയുള്ള പാനില്‍ ചെറുചൂടില്‍ നെയ്യ് ചൂടാക്കി അതിലേക്ക് ചീരയും പാലും ചേര്‍ത്ത് ഇളക്കണം. പായസത്തിന്റെ പാകമെത്തിയെന്ന് തോന്നിയാല്‍ തീയണച്ച് പായസം സെര്‍വിങ് ബൗളിലേക്ക് മാറ്റി ബദാം കൊണ്ട് അലങ്കരിക്കാം.


4.മാമ്പഴപ്പായസം

ചേരുവകള്‍
മാമ്പഴം    :    500 ഗ്രാം
ശര്‍ക്കര    :    250 ഗ്രാം
നെയ്യ്    :    50 മില്ലി
തേങ്ങ    :    രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം
മാങ്ങ കഷ്ണങ്ങളായി അരിയണം. ശര്‍ക്കര വെള്ളത്തില്‍ ലയിപ്പിച്ച് പാനിയുണ്ടാക്കുക. പാനില്‍ നെയ്യ് ചൂടാക്കി മാങ്ങ അതില്‍ ചേര്‍ത്ത് വഴറ്റുക. ശര്‍ക്കര പാനി ഇതിലേക്കൊഴിക്കാം. തീ കുറച്ചുവെച്ച് തേങ്ങാപ്പാല്‍ ഒഴിക്കാം.
 

Content Highlights: onam special payasam recipes