യാത്രാപ്രേമികൾ ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞ സ്ഥലങ്ങൾ; പ്രിയം വടക്കുകിഴക്കൻ ഇന്ത്യയോടോ?

ചിത്രം: Freepik
ചിത്രം: Freepik

2025-ൽ ശ്രദ്ധേയമായ ഒരു മാറ്റം ഇന്ത്യക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന യാത്രാപ്രേമമാണ്. സാവധാനത്തിലുള്ള ആഡംബര യാത്രകൾ ഇഷ്ടപ്പെടുന്ന മില്ലേനിയൽസ് മുതൽ, വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്ത് നഗരങ്ങൾ ചുറ്റുന്ന ജെൻ സി വരെയുള്ളവർ യാത്രകൾക്ക് ജീവിത്തിൽ വലിയ മുൻഗണന നൽകുന്നു. പല ക്രെഡിറ്റ് കാർഡുകളിലും ഇ.എം.ഐ അടിസ്ഥാനത്തിൽ വിമാനടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

ആത്മീയ യാത്രകൾക്കും വെൽനസ് റിട്രീറ്റുകൾക്കും ഈ വർഷം വലിയ സ്വീകാര്യത ലഭിച്ചു. വെറുമൊരു അവധിക്കാലം എന്നതിലുപരി, ജീവിതത്തിന്റെ അർത്ഥവും മനഃസമാധാനവും തേടിയാണ് പലരും ഇപ്പോൾ യാത്ര ചെയ്യുന്നത്. ഏത് പ്രായത്തിലുള്ളവർക്കും യാത്ര എന്നത് ഒരു പൊതുവായ ആഗ്രഹമായി മാറിക്കഴിഞ്ഞു.

എന്നാൽ, എവിടേക്ക് യാത്ര ചെയ്യണം എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന രീതി മാറിവരികയാണ്. ഒടിടി പ്ലാറ്റ്ഫോമുകളിലെ സിനിമകളും സീരീസുകളും മനോഹരമായ ലൊക്കേഷനുകൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതോടെ, ആ സ്ഥലങ്ങൾ നേരിട്ട് കാണാനുള്ള ആഗ്രഹം അവരിൽ വർദ്ധിക്കുന്നു. കഥയുടെ പശ്ചാത്തലവും തനിമയുള്ള കാഴ്ചകളും ഇപ്പോൾ യാത്രാ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ട്.

ട്രാവൽ പ്ലാറ്റ്ഫോമായ ixigo-യുടെ 'The Great Indian Travel Index 2025' പ്രകാരം, ഒടിടി ഹിറ്റുകൾ ഇന്ത്യക്കാരുടെ യാത്രാ പ്ലാനുകളെ വലിയ രീതിയിൽ സ്വാധീനിക്കുന്നു. വടക്കുകിഴക്കൻ ഇന്ത്യ (Northeast India) ആണ് ഇതിന്റെ ഗുണഫലം ഏറ്റവും കൂടുതൽ അനുഭവിച്ചത്. ദി ഫാമിലി മാൻ (സീസൺ 3), പാഥാൾ ലോക് (സീസൺ 2), ഡെൽഹി ക്രൈം (സീസൺ 3) തുടങ്ങിയ ജനപ്രിയ ഷോകൾ ഈ മേഖലയുടെ പ്രകൃതിഭംഗിയും സംസ്‌കാരവും പ്രേക്ഷകരിലേക്ക് എത്തിച്ചു.

ixigo -യുടെ കണക്കനുസരിച്ച് വടക്കുകിഴക്കൻ നഗരങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായി. ദിമാപൂരിലേക്ക് (നാഗാലാൻഡ്) 77%, അഗർത്തല (ത്രിപുര) 48%, ഗുവാഹത്തി (അസം), ഇംഫാൽ (മണിപ്പൂർ) എന്നിവിടങ്ങളിൽ 44% വീതവും, ഇറ്റാനഗറിലേക്ക്‌ (അരുണാചൽ പ്രദേശ്) 42% വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടായി.

ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്ഫോമായ Agoda-യുടെ കണക്കുകളും ഈ മാറ്റം ശരിവെക്കുന്നു. 2025 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സ്ഥലങ്ങളുടെ പട്ടിക ഇങ്ങനെ.

1. ഡാർജിലിംഗ് (പശ്ചിമ ബംഗാൾ): വടക്കുകിഴക്കൻ മേഖലയിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട ഇടം.

2. ഗാങ്‌ടോക്ക് (സിക്കിം): രണ്ടാം സ്ഥാനം.

3. ഷില്ലോങ് (മേഘാലയ): പ്രകൃതിഭംഗിയും സാംസ്‌കാരിക വൈവിധ്യവും മൂലം മൂന്നാം സ്ഥാനത്ത്.

ശീതകാലത്തും ഉത്സവ സീസണുകളിലും ഈ ഹിൽ സ്റ്റേഷനുകളോടുള്ള താല്പര്യം വർദ്ധിച്ചതായി കണക്കുകൾ കാണിക്കുന്നു. ഗുവാഹത്തി (അസം), സിലിഗുരി (പശ്ചിമ ബംഗാൾ) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ചുരുക്കത്തിൽ, വടക്കുകിഴക്കൻ ഇന്ത്യ ആഭ്യന്തര സഞ്ചാരികളുടെ പ്രിയപ്പെട്ട താവളമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover Northeast India`s rising popularity as a top travel destination for Indians in 2025. Explore stunning landscapes & rich culture. Plan your trip now!