മന്ത്രസ്വരൂപത്തിൽ ആരാധിക്കുന്ന മൂർത്തികളെ കോലസ്വരൂപത്തിൽ കെട്ടിയാടിക്കുന്ന മലയറാട്ട്

എല്ലാ വർഷവും കണ്ണൂർ, കാസർകോട് ജില്ലകളിലെ കാവുകളും ദേവസങ്കേതങ്ങളും തെയ്യാട്ടഉത്സവങ്ങൾക്ക് വേദിയാകാറുണ്ട്. എന്നാൽ, 29 വർഷങ്ങൾക്ക് ശേഷമാണ് തളിപ്പറമ്പിനടുത്തുള്ള തലോറ ഗ്രാമം മലയറാട്ട് എന്ന കളിയാട്ട മഹോത്സവത്തിന് സാക്ഷിയായത്. താന്ത്രികമായും സാംസ്‌കാരികപരമായും കലാപരമായും പ്രാധാന്യം അർഹിക്കുന്ന അനുഷ്ഠാന ഉത്സവമാണ് മലയറാട്ട്. വൈദീകബ്രാഹ്മണപരമ്പരയും മലയരുൾപ്പെടെ തെയ്യംകെട്ടുന്ന ഗോത്രസമുദായങ്ങളും തമ്മിലുള്ള ആരാധനാസമന്വയം. താന്ത്രിക ഉപാസനയുടെ മിശ്ര ധാരകൾ മലയാറാട്ടിൽ കാണാം. ഒരേ ദേവതയെ തന്നെ തന്ത്രത്തിലെ ദക്ഷിണാചാരം എന്ന ബ്രാഹ്മണിക സമ്പ്രദായത്താലും വാമാചാരം എന്ന കൌള സമ്പ്രദായത്താലും മലയറാട്ടിൽ ആരാധിക്കുന്നു.
പെരുഞ്ചെല്ലൂരിലെ മന്ത്രശാലകൾ
കേരളത്തിലെ അതിപുരാതനമായ മുപ്പത്തിരണ്ട് നമ്പൂതിരി സങ്കേതങ്ങളിൽ ഏറ്റവും പ്രാചീനമാണ് പെരുഞ്ചെല്ലൂർ ഗ്രാമം. മന്ത്രമൂർത്തി ഉപാസനയുള്ള പതിനൊന്ന് ഇല്ലങ്ങളാണ് പെരുഞ്ചെല്ലൂരിലുള്ളത്. ഈ ഇല്ലങ്ങളെ മന്ത്രശാലകൾ എന്നാണ് മാന്ത്രികപാരമ്പര്യങ്ങളിൽ പരാമർശിക്കുന്നത്. പെരുഞ്ചെല്ലൂരിലെ തന്ത്രിമാരായ പുന്തോട്ടത്തിൽ പുടയൂർ, ഇടവലത്ത് പുടയൂർ, ഇരുവേശി പുടയൂർ, നടുവത്ത് പുടയൂർ, എന്നീ നാല് തന്ത്രി കുടുംബങ്ങൾ മന്ത്രമൂർത്തി ഉപാസനയിലൂടെ മാന്ത്രികപാരമ്പര്യത്തെ പിന്തുടരുന്നവരാണ്.
Content Highlights: Malayarattu is a rare, complex ritualistic festival combining Tantric and tribal traditions. The festival at Thalora marks a significant cultural revival after 29 years.