23 ദിവസം, ഏഴ് രാജ്യങ്ങൾ, ആഡംബര സൗകര്യങ്ങളോടു കൂടിയ സ്വകാര്യ ജെറ്റ്; വൈറലായി ലോകസഞ്ചാരം പാക്കേജ്!

ഏവരെയും അമ്പരപ്പിക്കുന്ന ഒരു ആഡംബര ലോകസഞ്ചാരത്തിന്റെ പാക്കേജ് വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സാധാരണ യാത്രകളിൽ നിന്ന് വ്യത്യസ്തമായി, ആഡംബരത്തിന്റെ ഒരു പുതുലോകം തന്നെ ഇത് യാത്രക്കാർക്കായി കാത്തുവെച്ചിരിക്കുന്നു.
'ദ ക്യു എക്സ്പീരിയൻസസ്' ഒരുക്കുന്ന 'ദ ക്യു ഒഡീസി' എന്ന പ്രൈവറ്റ് ജെറ്റ് വേൾഡ് ടൂർ പാക്കേജിന്റെ പരസ്യമാണ് ഇപ്പോൾ ചർച്ചാവിഷയം. ഒരു ട്രാവൽ അഡ്വൈസർ എക്സിൽ പങ്കുവെച്ച ഈ പരസ്യം നിമിഷനേരം കൊണ്ടാണ് വൈറലായത്.
ജൂൺ ആറ് മുതൽ ജൂൺ 28 വരെ, ആകെ 23 ദിവസങ്ങളാണ് യാത്ര. യൂറോപ്പ്, ആഫ്രിക്ക, നോർത്ത് അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലായി ഏഴ് രാജ്യങ്ങളാണ് സന്ദർശിക്കുക. മുംബൈയിൽ നിന്ന് ആരംഭിച്ച് മുംബൈയിൽ തന്നെ അവസാനിക്കുന്ന രീതിയിലാണ് ഈ ടൂർ ക്രമീകരിച്ചിരിക്കുന്നത്. യാത്രയ്ക്ക് ഒരാൾക്ക് വരുന്ന ചെലവ് കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഒരാൾക്ക് 99 ലക്ഷം രൂപയാണ് ചെവല്!
മാൾട്ടയിലെ വാലെറ്റ, മൊറോക്കോ, ഗ്രീൻലാൻഡ്, അലാസ്ക(യുഎസ്എ), ദക്ഷിണ കൊറിയ (സോൾ) മംഗോളിയയിലെ ഗോബി മരുഭൂമി, ചൈനയിലെ ലിജിയാങ് എന്നിവിടങ്ങളാണ് സന്ദർശിക്കുക. മൂന്ന് ദിനങ്ങൾ വീതം ഓരോ സ്ഥലങ്ങളിലും ലഭിക്കും.
ഈ യാത്രയുടെ ഏറ്റവും വലിയ ആകർഷണം ആധുനിക സൗകര്യങ്ങളോടു കൂടിയ ആഡംബര സ്വകാര്യ ജെറ്റാണ്. യാത്രയിലുടനീളം ഒരു ഡോക്ടറുടെ സേവനം ലഭ്യമായിരിക്കും. പ്രശസ്ത ഇന്ത്യൻ ഷെഫ് വിക്കി രത്‌നാനി തയ്യാറാക്കുന്ന വിഭവങ്ങളാണ് വിമാനത്തിൽ ലഭിക്കുക. സസ്യാഹാരം കഴിക്കുന്നവർക്കായി പ്രത്യേക ക്രമീകരണങ്ങൾ ഉണ്ടായിരിക്കും. ലഗേജ് കൈകാര്യം ചെയ്യാൻ പ്രത്യേക സഹായികൾ മുതൽ, ലോണ്ട്രി സൗകര്യം വരെ ജെറ്റിലുണ്ട്.
യാത്രയുടെ മനോഹര നിമിഷങ്ങൾ പകർത്താൻ ഒരു പ്രൊഫഷണൽ ഫിലിം മേക്കർ സംഘത്തോടൊപ്പമുണ്ടാകും. ഓരോ രാജ്യത്തും വിജ്ഞാനപ്രദമായ യാത്രകൾക്കായി ഗൈഡുകളും ടൂർ ഡയറക്ടർമാരും സേവനത്തിനുണ്ടാകും. സാധാരണ വിമാനത്താവളങ്ങളിലെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ്, തികച്ചും ആഡംബരപൂർണ്ണമായ ഒരു അന്തരീക്ഷത്തിലാണ് സഞ്ചാരം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Experience an opulent 23-day world tour aboard a private jet, visiting 7 countries across continents. Unforgettable luxury awaits!