തന്റെ അന്ത്യവിശ്രമം മൂന്നാറില്‍ വേണമെന്ന് ഇസബെല്‍ ആഗ്രഹിച്ചു;കുന്നിന്‍മുകളില്‍ അവരെ അടക്കംചെയ്തു

#കെ.പി.ആന്റണി
മൂന്നാര്‍ സി.എസ്.ഐ. ചര്‍ച്ച്.
മൂന്നാര്‍ സി.എസ്.ഐ. ചര്‍ച്ച്.

വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമപ്പുറം വാസ്തുശില്പസൗന്ദര്യത്തിന്റെ സമ്പന്നമായ അടയാളങ്ങളെ തൊട്ടറിയാനാണ് ഈ യാത്ര. മലനിരകളെ പൊതിഞ്ഞ മൂടല്‍മഞ്ഞ് ആസ്വദിക്കാന്‍ വാഗമണിലെത്തുന്നവര്‍ക്കും മലകയറ്റത്തിനും ഇടുക്കിയെ പുണരാനെത്തുന്നവര്‍ക്കും ഒരിടവേളയെടുത്ത് പോകാന്‍ പറ്റിയ ഇടങ്ങള്‍.

സഞ്ചാരികളുടെയും വിശ്വാസികളുടെയും ഭൂപടത്തില്‍ ഒരുപോലെ അടയാളപ്പെട്ട പള്ളിക്കുന്ന് സെന്റ് ജോര്‍ജ് സി.എസ്.ഐ. ചര്‍ച്ച്, ഉപ്പുതറ സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച്, മൂന്നാര്‍ സി.എസ്.ഐ. ചര്‍ച്ച്. ഗോഥിക് ശൈലിയില്‍ പണിതീര്‍ത്ത, ഈ മൂന്നു ദേവാലയങ്ങളാണ് ലക്ഷ്യം, അവയോടുചേര്‍ന്നുള്ള കല്ലറകളും. ഓരോന്നിലുമുറങ്ങുന്ന സ്‌നേഹവാത്സല്യത്തിന്റെ ഓര്‍മകളില്‍ മുങ്ങിനിവരണം. ഉയരത്തിനും ഒതുക്കത്തിനും പ്രാധാന്യംകൊടുത്ത് യൂറോപ്പില്‍ രൂപമെടുത്ത നിര്‍മാണരീതിയാണ് ഗോഥിക് ശൈലി. ഉയരത്തില്‍ കൂര്‍ത്ത കമാനങ്ങള്‍, നിറംപിടിപ്പിച്ച കണ്ണാടിച്ചില്ലുകളോടെയുള്ള വലിയ ജനാലകള്‍, ഘടനാപരമായ വ്യക്തത, കൂറ്റന്‍ ആര്‍ച്ചുകള്‍...എല്ലാം ഏറെ മനോഹരം.

പള്ളിക്കുന്നിലെ ബ്രിട്ടീഷ് സെമിത്തേരി

ഉപ്പുതറ പള്ളിയിലേക്ക്...
പള്ളിക്കുന്ന് പള്ളിയില്‍നിന്ന് ചരിത്രനിമിഷങ്ങളെ പുണര്‍ന്ന് ഞങ്ങള്‍ ഉപ്പുതറ സെന്റ് ആന്‍ഡ്രൂസ് പള്ളിയിലേക്ക് പുറപ്പെട്ടു. ആസ്പിന്‍വാള്‍ കമ്പനിയുടെ ചുമതലക്കാരനായ വില്‍ക്കി സായിപ്പ് ക്രൈസ്തവരായ തോട്ടം തൊഴിലാളികള്‍ക്കായി 1952-ലാണ് പള്ളി പണിതത്. സി.എസ്.ഐ, മാര്‍ത്തോമ, യാക്കോബായ വിശ്വാസികള്‍ക്കായി ഇവിടെ പ്രത്യേകം കുര്‍ബാന നടക്കുമായിരുന്നു. പിന്നീട് ഓരോ വിഭാഗക്കാര്‍ക്കും സ്വന്തം പള്ളികള്‍ പണിതു. പീരുമേട് തേയിലക്കമ്പനി അടയ്ക്കുകയും ചെയ്തു. അതോടെ ഇവിടെയാരും വരാതായി. പള്ളിപ്പരിസരം കാടുപിടിച്ചു. ഡ്രാക്കുളപ്പള്ളിയെന്ന് പിന്നെയിതിനെ ആളുകള്‍ വിളിച്ചു. സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവകയുടെ കീഴില്‍ 2016-ല്‍ പുതിയ വികാരി സ്ഥാനമേറ്റു. ആരാധന വീണ്ടും തുടങ്ങി. അപ്പോഴും അധികമൊന്നും അറിയപ്പെട്ടിരുന്നില്ല. 

ചുറ്റുപാടുകളുടെ മനോഹാരിതയും പള്ളിയുടെ ചരിത്രവും വാസ്തുശില്പഭംഗിയും ഏതൊരു യാത്രികനെയും തൃപ്തിപ്പെടുത്തും. പള്ളി കണ്ടശേഷം തിരിച്ച് സഞ്ചാരികളുടെ പറുദീസയായ വാഗമണിലെത്തി. മൊട്ടക്കുന്നുകളും പൈന്‍മരത്തോട്ടങ്ങളുമാസ്വദിച്ച് വെയിലാറുംവരെ വാഗമണില്‍ ചെലവിട്ട് കുട്ടിക്കാനത്തെത്തി. അവഗണനയില്‍നിന്ന് മോചനം കാത്ത് കിടക്കുന്ന അമ്മച്ചിക്കൊട്ടാരവും സായാഹ്നസൂര്യനൊപ്പം പരുന്തുംപാറ വ്യൂ പോയിന്റുമെല്ലാം കണ്ടു. കാറ്റും മൂടല്‍മഞ്ഞും തമ്മിലുള്ള സൗഹൃദമത്സരമാസ്വദിച്ച് സഞ്ചാരികള്‍ക്കൊപ്പംതന്നെ നീങ്ങി. ഹോംസ്റ്റേയില്‍ രാത്രിതാമസം. രാവിലേ പൂങ്കാവനം കുന്നിലെ ട്രെക്കിങ് സൈറ്റിലേക്ക്. പ്രായഭേദമന്യേ, എല്ലാവര്‍ക്കും ഉല്ലാസകരമായ ട്രെക്കിങ്ങിന് അനുയോജ്യമാണിവിടം. കുന്നിന്‍മുകളില്‍ ഇളംകാറ്റാസ്വദിച്ച് പ്രഭാതസൂര്യനൊപ്പം കുറച്ചുനേരം. പുറംലോകം പൂങ്കാവനം കുന്നിനെക്കുറിച്ച് അറിഞ്ഞുവരുന്നതേയുള്ളൂ.

ഉപ്പുതറ സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച്

ലൂസിഫറിലെ പള്ളി
'ലൂസിഫര്‍' സിനിമയുടെ ചിത്രീകരണത്തോടെയാണ് ഉപ്പുതറ സെന്റ് ആന്‍ഡ്രൂസ് പള്ളി വീണ്ടും പ്രശസ്തമായത്. 'ലൂസിഫര്‍ ചര്‍ച്ച്' എന്നും ഇപ്പോള്‍ അറിയപ്പെടുന്നു. തേയിലത്തോട്ടത്തിനു നടുവില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന പള്ളിയുടെ തകര്‍ന്ന മേല്‍ക്കൂര, വലിയ കുരിശ്, ചില്ലകള്‍ മാത്രമുള്ള കൂറ്റന്‍ മരം, പൊളിഞ്ഞ കല്ലറകള്‍... കൂടെ മോഹന്‍ലാലും മഞ്ജു വാര്യരും. സിനിമാദൃശ്യം മനസ്സിലിട്ട് സഞ്ചാരികള്‍ ഇവിടേക്കൊഴുകി. സിനിമയ്ക്കുവേണ്ടി പള്ളി പൊളിച്ച് മാറ്റങ്ങള്‍ വരുത്തിയിരുന്നു. ചിത്രീകരണം കഴിഞ്ഞയുടനേ പഴയ ഘടനയില്‍ മാറ്റമൊന്നും വരുത്താതെ സിനിമാക്കാര്‍തന്നെ പള്ളി പുതുക്കിപ്പണിതു. വാഗമണിലും തേക്കടിയിലുമെത്തുന്ന സഞ്ചാരികള്‍ ഇവിടേക്കും വരുന്നു. 

പീരുമേട്ടില്‍നിന്ന് നേരേ മൂന്നാറില്‍. കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനും മൂന്നാര്‍ ടൗണിനുമിടയില്‍ കുന്നിന്‍മുകളില്‍ സി.എസ്.ഐ. ചര്‍ച്ച്. മൂന്നാറിന്റെ മടിത്തട്ടില്‍ മരണമടഞ്ഞ എല്‍നോര്‍ ഇസബെല്‍ മേയുടെ ശവകുടീരം പേരുകേട്ടതാണ്. പള്ളി പണിയുന്നതിന് 17 വര്‍ഷം മുന്‍പേ പണിത കല്ലറയാണ് ഇതിനെ പ്രശസ്തിയിലേക്കെത്തിച്ചത്. പ്ലാന്റേഷന്‍ മാനേജരായിരുന്ന ബ്രിട്ടീഷുകാരന്‍ ഹെന്റി മാന്‍സ്ഫീല്‍ഡ് നൈറ്റ് തന്റെ നവവധു ഇസബെലിനെ 1894 നവംബറില്‍ മൂന്നാറിലേക്ക് കൊണ്ടുവന്നു. ഒരു സായാഹ്നസവാരിക്കിടയില്‍ മൂന്നാറിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടയായ ഇസബെല്‍ തന്റെ അന്ത്യവിശ്രമം ഇവിടെയാകണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അറംപറ്റിയ വാക്കുകള്‍. മൂന്നാറില്‍ പടര്‍ന്നുപിടിച്ച കോളറ 1894 ഡിസംബര്‍ 23-ന്, 24-ാം വയസ്സില്‍ ഇസബെലിന്റെ ജീവനെടുത്തു.

പള്ളിക്കുന്ന് സെന്റ് ജോര്‍ജ് സി.എസ്.ഐ. ചര്‍ച്ച്

സ്വദേശമായ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാതെ ഇസബെലിന്റെ മൃതദേഹം, അവര്‍ പറഞ്ഞ കുന്നിന്‍മുകളില്‍ അടക്കംചെയ്തു. കുന്നിന്‍പുറം ക്രമേണ സെമിത്തേരിയായിമാറി. 1900 ഡിസംബര്‍ ഒന്‍പതിന് സെമിത്തേരി ഔദ്യോഗികമായി ആശീര്‍വദിക്കപ്പെട്ടു. ഇസബെല്‍ മേയുടെ ആദ്യപേരായി മരണരജിസ്റ്റര്‍ തുടങ്ങി. 1910-ല്‍ തറക്കല്ലിട്ട ദേവാലയം 1911 ഏപ്രില്‍ 16-ന് ഈസ്റ്റര്‍ദിനത്തില്‍ വിശ്വാസിസമൂഹത്തിന് തുറന്നുകൊടുത്തു. പള്ളി പണിയുന്നതിനുമുന്‍പായി സെമിത്തേരിയുള്ള ലോകത്തെ ആദ്യത്തെ പള്ളി. ബ്രിട്ടീഷ് ആംഗ്ലിക്കന്‍ സഭ പള്ളി സി.എസ്.ഐ. ഉത്തരകേരള ഇടവകയ്ക്ക് കൈമാറി. 2015-ല്‍ പൈതൃകദേവാലയമായി.

റോമന്‍ വാസ്തുകലയുടെ സ്വാധീനം സി.എസ്.ഐ. ചര്‍ച്ചിന്റെ നിര്‍മാണരീതിയില്‍ ദൃശ്യമാണ്. കുരിശിന്റെ രൂപത്തിലുള്ള ദേവാലയഘടന, ചരിഞ്ഞ മേല്‍ക്കൂര, ചിത്രങ്ങള്‍ ആലേഖനംചെയ്ത ജനല്‍ച്ചില്ലുകള്‍, ഇംഗ്ലണ്ടില്‍നിന്ന് കൊണ്ടുവന്ന പള്ളിമണി, ഘടികാരം, പിയാനോ, തൂക്കുവിളക്കുകള്‍... കൗതുകവും സന്തോഷവും നല്‍കുന്ന കാഴ്ചകളും അറിവുകളും.

ഇസബെല്‍ മേയുടെ ശവകുടീരം

തിരിച്ചിറങ്ങവേ ഇസബെല്‍ ഒരു നൊമ്പരമായി മനസ്സില്‍ തങ്ങി. അവരുടെ കല്ലറയ്ക്കരികില്‍ കുറച്ചുനേരമിരുന്നു. സ്‌നേഹത്തിന്റെ ആഴവും പ്രകൃതിയുടെ മാസ്മരികതയും ഉണര്‍ത്തിയ കുറെ ചോദ്യങ്ങളോടെ, സന്ദേഹങ്ങളോടെ മൂന്നാറില്‍നിന്ന് തിരിച്ചു. ഇല്ല, മരണമടഞ്ഞവര്‍ നമ്മെ വിട്ടുപിരിയുന്നില്ല.  

Content Highlights: lucifer church and other churches in munnar