ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശില്പങ്ങളുണ്ടാവുന്നത് ഇവിടെയാണ്

കളിമണ്ണില്‍ കവിതയെഴുതുന്ന ശില്‍പിമാരുടെ ഇടമാണ് കുമാര്‍തുളി. ബംഗാളിലെ ദേവതമാരുടെ ഗര്‍ഭഗൃഹം. കല്‍ക്കത്തയിലെ ഹൗറ സ്റ്റേഷനില്‍ നിന്നും ഏതാണ്ട് അരമണിക്കൂര്‍ യാത്ര ചെയ്താല്‍ കുമാര്‍തുളിയിലെത്താം. വഴിയില്‍ എഴുതിയ ബോര്‍ഡുകള്‍ വായിച്ച് കുമാര്‍തുളിയിലെത്തിയോ എന്ന് മനസിലാക്കാന്‍ ശ്രമിച്ചു, പക്ഷേ, ആരോടും ചോദിക്കേണ്ടിവന്നില്ല. റോഡിന്റെ വശങ്ങളില്‍ മുളയുടേയും തൂണുകളുടേയും സഹായത്താല്‍ തലയയുര്‍ത്തിനില്‍ക്കുന്ന വലിയ ദേവീദേവന്മാരെ കണ്ടതോടെ ഉറപ്പിച്ചു കുമാര്‍തുളിയിലെത്തിയെന്ന്.
വൃത്തിഹീനമായ തെരുവുകളില്‍ അലങ്കാരങ്ങളൊന്നും അണിയാതെ അനുഗ്രഹം ചൊരിഞ്ഞ് നില്‍ക്കുകയാണ് ദേവീദേവന്മാര്‍. ദുര്‍ഗയും ഗണേശനും കാര്‍ത്തികേയനും വീണ മീട്ടുന്ന സരസ്വതിയും പാതി നിര്‍മിതിയില്‍ റോഡുവക്കില്‍ നില്‍ക്കുന്നു. സാമാന്യം വീതിയുള്ള റോഡാണെങ്കിലും അവിടവിടെയായി നിരന്നുനില്‍ക്കുന്ന ശില്‍പങ്ങള്‍ കാരണം ഓട്ടോ പോലും ഞെങ്ങിഞെരുങ്ങിയാണ് ഈ വഴിപോകുന്നത്. ഇന്ത്യയിലെ ശില്‍പങ്ങളുടെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് കുമാര്‍തുളി.
സൗന്ദര്യവും ഗാംഭീര്യവും ഭക്തിയും തുളുമ്പുന്ന ബംഗാളിലെ ദേവതമാര്‍ പിറവി കൊള്ളുന്നത് കുമാര്‍തുളിയിലെ ഈ ഇടുങ്ങിയ ഗലികളിലാണോ എന്ന് ഒരുനിമിഷം സംശയം തോന്നി. ബംഗാളിന്റെ സംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്ന ആഘോഷങ്ങളായ ദുര്‍ഗാപൂജയുടേയും സരസ്വതിപൂജയുടേയും ഗണേശപൂജയുടേയും ദേവതമാര്‍ ഒരുങ്ങുന്നത് ഇവിടെയാണ്. ലോകത്തിന് മുന്നില്‍ കളിമണ്‍ ശില്‍പനിര്‍മാണത്തിന്റെ പര്യായമാണ് ഇവിടം.
കെട്ടിടങ്ങള്‍ക്കകത്ത് ഒതുങ്ങാത്ത വലിയ മൂര്‍ത്തികളാണ് റോഡിന് ഇരുവശത്തുമായി ചാഞ്ഞും ചെരിഞ്ഞും നില്‍ക്കുന്നത്. പത്തുകൈകള്‍ ഒളിപ്പിച്ച ദുര്‍ഗയും ആയുധമില്ലാത്ത മഹിഷാസുര മര്‍ദിനിയും വീണയില്ലാത്ത സരസ്വതിയും ജടാഭാരമില്ലാത്ത ശിവശങ്കരനും ഇനിയും ഏതെന്ന് നിര്‍ണയിക്കാനാകാത്ത അനേകം ദേവതമാരും. നോട്ടത്തില്‍ പോലും ആരാധന നിറച്ചാണ് ശില്‍പികള്‍ ഓരോ ദേവതമാര്‍ക്കും ജീവന്‍ നല്‍കുന്നത്.
ശില്‍പങ്ങളില്ലാതെ ഒരാഘോഷവും അവിടെ നടക്കാറില്ല. അതുകൊണ്ടുതന്നെ ഈ സംസ്‌കൃതിയുടെ അവിഭാജ്യ ഘടകമാണ് കുമാര്‍തുളിയിലെ കലാകാരന്മാര്‍. ദുര്‍ഗാശില്‍പങ്ങള്‍ നിര്‍മിച്ചിരുന്ന കുമാര്‍ സമുദായക്കാര്‍ ഹൂഗ്ലിയുടെ തീരത്ത് കുടിയേറി പാര്‍ത്തതിനുശേഷമാണ് ഈ പ്രദേശം കുമാര്‍തുളി എന്നറിയപ്പെടാന്‍തുടങ്ങിയത്. കുംഹാര്‍, കുമാര്‍, കുംഭാരന്മാര്‍ തുടങ്ങി പല പേരുകളിലാണ് കളിമണ്‍ശില്‍പികള്‍ ഇന്ത്യയിലെ വിവിധ ദേശങ്ങളില്‍ അറിയപ്പെടുന്നത്. വിഗ്രഹങ്ങള്‍ നിര്‍മിക്കുക എന്നത് ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ശ്രമകരമായ ജോലിയാണ്. മൂര്‍ത്തിയുടെ വലിപ്പം വര്‍ധിക്കുന്നതിനനുസരിച്ച് ജോലി പ്രയാസമേറിയതാകും.
ചീന്തിയെടുത്ത മുളങ്കമ്പില്‍ ചണനാര് കെട്ടിയാണ് പ്രതിമയുടെ അസ്ഥികൂടം നിര്‍മിക്കുക. അതിനുമുകളില്‍ വൈക്കോല്‍ കെട്ടിവരിഞ്ഞ് രൂപം നിര്‍മിക്കും. ഈ ഉടലില്‍ ഉമിയും കളിമണ്ണും ചേര്‍ന്ന മിശ്രിതം തേച്ചുപിടിപ്പിക്കുമ്പോഴാണ് ഓരോ മൂര്‍ത്തിക്കും ഉടല്‍രൂപവും സൗന്ദര്യവും കൈവരിക. പടുകൂറ്റന്‍ ശില്‍പങ്ങള്‍ മുതല്‍ സെന്റീമീറ്ററുകള്‍ മാത്രം വലിപ്പമുള്ളവ വരെ സൃഷ്ടിച്ചെടുക്കുന്നതില്‍ വിദഗ്ധരാണ് ഇവിടത്തെ ശില്‍പികള്‍. ഈ രൂപത്തില്‍ കളിമണ്‍ കുഴമ്പില്‍ മുക്കിയ തുണിത്തുണ്ടുകള്‍ കൊണ്ട് മിനുസം വരുത്തിയ ശേഷം പ്രതിമ ഉണക്കിയെടുക്കുന്നു. പിന്നെ നിറച്ചാര്‍ത്തിന്റെ ഉത്സവമാണ്.
പെയിന്റ് കൊണ്ട് ഓരോ പ്രതിമക്കും ആവശ്യമായ പുടവകള്‍ വരച്ച് അവരുടെ നഗ്‌നത മറക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് കളിമണ്ണുകൊണ്ട് പ്രത്യേകം നിര്‍മിച്ച ആഭരണങ്ങളും ചാര്‍ത്തുന്നു. ഓരോ ദേവതമാര്‍ക്കും അനുസരിച്ച് ആയുധങ്ങളും അവക്ക് അനുയോജ്യമായ നിറങ്ങളും നല്‍കും. പച്ച, മഞ്ഞ, ചുവപ്പ്, റോസ് എന്നീ നിറങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മൂര്‍ത്തിയുടെ കണ്ണുകള്‍ വരക്കുന്നതാണ് ഏറ്റവും വൈദഗ്ധ്യം വേണ്ട ജോലി.
കൊല്‍ക്കത്തയിലെ ദുര്‍ഗാവിഗ്രഹങ്ങളുടെ കണ്ണുകളിലാണ് മൂര്‍ത്തിയുടെ യഥാര്‍ഥ ഭംഗി കുടികൊള്ളുന്നതെന്ന് പറയാറുണ്ട്. ചെറിയ ബ്രഷുകൊണ്ട് ഏകാഗ്രതയോടെ, ഒരനുഷ്ഠാനം പോലെ ഇവയുടെ മുന്നില്‍ ചടഞ്ഞിരുന്ന് മൂര്‍ത്തികളെ മനോഹരമാക്കുന്ന കലാകാരന്മാര്‍ക്ക് ഇത് ജോലി മാത്രമല്ല, സമര്‍പ്പണം കൂടിയാണ്. കുമാര്‍തുളിയിലെ ചെറിയ ഗലികളില്‍ ഏകദേശം 450 ഓളം സ്റ്റുഡിയോകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിസ്താരമുള്ളതാണ് മുറിയെങ്കിലും അവിടെ തിങ്ങിക്കൂടിയിരിക്കുന്ന വിഗ്രഹങ്ങള്‍ മുറികളെ ചെറുതാക്കുന്നു.
പുതിയ തലമുറയിലെ കലാകാരന്മാര്‍ ചെവിയില്‍ ഇയര്‍ ഫോണ്‍ തിരുകി പാട്ടുകേട്ടാണ് ജോലി ചെയ്യുന്നതെങ്കിലും ഏകാഗ്രതക്ക് ഒട്ടും കുറവില്ല. പക്ഷേ, ശില്‍പങ്ങളുടെയത്ര നിറമുള്ളതല്ല ഈ ശില്‍പികളുടെ ജീവിതം. ഏറെ ശ്രമകരമായ ജോലിയാണെങ്കിലും തുച്ഛമായ കൂലിയാണ് ലഭിക്കുന്നത് എന്നതിനാല്‍ പരമ്പരാഗതമായ ജോലി ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണം കൂടിവരികയാണ്. എന്നാല്‍ ഡിമാന്റിന് കുറവില്ല. ആഘോഷങ്ങള്‍ വന്നുകൊണ്ടേ ഇരിക്കും. അതനുസരിച്ച് ഓര്‍ഡറുകളും. വര്‍ഷം മുഴുവന്‍ തിരക്കോടുതിരക്കാണെന്ന് പറയുന്നു ശില്‍പിയായ ധന്‍രാജ് കുമാര്‍. കൊല്‍ക്കത്തയിലും മറ്റും ദുര്‍ഗാപൂജ വലിയ ആര്‍ഭാടത്തോടെയാണ് നടത്തുന്നത്. പൂജകള്‍ക്കുള്ള വലിയ പന്തലുകള്‍ക്കും ലൈറ്റിങ്ങിനും ലക്ഷങ്ങള്‍ ചെലവാക്കുന്നവര്‍ ശില്‍പികള്‍ക്ക് പണം നല്‍കാന്‍ മടിക്കുന്നു.
കുമാര്‍തുളിയിലെ പരമ്പരാഗതമായ ശില്‍പങ്ങള്‍ക്ക് ആവശ്യക്കാരുണ്ടെങ്കിലും തെര്‍മോകോള്‍ കൊണ്ടുള്ള ശില്‍പങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് ലഭിക്കുമെന്ന് വന്നതോടെ ഇവരുടെ ശില്‍പങ്ങള്‍ക്ക് വീണ്ടും വിലകുറയുന്നു. എങ്കിലും മൂര്‍ത്തിനിര്‍മാണം ജീവശ്വാസമായി കൊണ്ടുനടക്കുന്നു ഭൂരിഭാഗവും. മൂര്‍ത്തികളെല്ലാം ഗംഗയുടെ പോഷകനദിയായ ഹുഗ്ലിയില്‍ നിമജ്ജനം ചെയ്യുന്നതോടെ മണ്ണിലേക്ക് തന്നെ മടങ്ങുമെന്ന് അറിയാമെങ്കിലും തങ്ങളെ കാത്തിരിക്കുന്ന ദേവതമാര്‍ക്ക് ദേഹവും ദേഹിയും നല്‍കാന്‍ കാത്തിരിക്കുകയാണ് കുമാര്‍തുളിയിലെ ഓരോ ശില്‍പിയും.
Content Highlights: Kumortuli in west bengal is famous for various clay idols