മൂന്നാർ,നെല്ലിയാമ്പതി,പൊന്മുടി...കെഎസ്ആർടിസി ഒരുക്കുന്ന ബജറ്റ് ട്രാവൽ

#സൂരജ് ഇന്ദു
കെഎസ്ആര്‍ടിസി മൂന്നാർ ട്രിപ്പിനിടെ
കെഎസ്ആര്‍ടിസി മൂന്നാർ ട്രിപ്പിനിടെ

സാധാരണക്കാരന്റെ മാറ്റിവയ്ക്കപ്പെട്ട യാത്രാസ്വപ്‌നങ്ങള്‍ക്ക് ചിറകുനല്‍കിക്കൊണ്ടാണ് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം യാത്രകള്‍ അവതരിപ്പിച്ചത്. ചുരുങ്ങിയ ചെലവില്‍ കേരളത്തിന്റെ സ്വന്തം ആനവണ്ടിയില്‍ കാഴ്ചകളുടെ പറുദീസകളിലേക്ക് സാധാരണക്കാരനെ കെഎസ്ആര്‍ടിസി വിളിച്ചപ്പോള്‍ കേരളം ഒന്നാകെ ആ യാത്രകള്‍ സൂപ്പര്‍ഹിറ്റാക്കി. ബജറ്റ് പേരില്‍ മാത്രമേയുള്ളൂ, കാഴ്ചകളുടെ ലക്ഷ്വറിയാണ് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ഉല്ലാസയാത്രകള്‍. ഒരിക്കല്‍ യാത്ര പോയവര്‍ വീണ്ടും ആനവണ്ടിക്കൊപ്പം തന്നെ സഞ്ചരിക്കാന്‍ താത്പര്യം കാട്ടുന്നതും അത് നല്‍കുന്ന സുരക്ഷിതത്വവും സന്തോഷവും കൊണ്ടുതന്നെയാണ്. ബജറ്റ് ടൂറിസത്തിന്റെ കൂടുതല്‍ വിശേഷങ്ങളിതാ.

തുടങ്ങി, ഹിറ്റായി

ചുരമിറങ്ങിവരുന്ന ആനവണ്ടി, അത് എന്നും മലയാളിക്ക് ഒരു വികാരമാണ്. പണ്ട് വലിയ ശബ്ദത്തില്‍ വരുന്ന ചുവപ്പും മഞ്ഞയും കലര്‍ന്ന ഒറ്റവാതില്‍ ബസ്സുകള്‍ മുതല്‍ ഇന്നത്തെ പ്രീമിയം ബസുകള്‍ വരെയുള്ള പരിണാമം ഇരുകൈയും നീട്ടിയാണ് യാത്രക്കാര്‍ സ്വീകരിച്ചത്. ദൂരയാത്രകള്‍ പോകാനും ചുരം കയറാനുമെല്ലാമായി ആനവണ്ടിയ്ക്ക് മാത്രമായി കാത്തിരിക്കുന്നവര്‍ ഒരുപാടാണ്. 2021-ലാണ് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ആരംഭിക്കുന്നത്. കേരളത്തിലെ എല്ലാ ഡിപ്പോകളും ബജറ്റ് ടൂറിസത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. മലക്കപ്പാറ യാത്രയും മൂന്നാര്‍ യാത്രയും ഗവി സവാരിയും നെഫര്‍ടിറ്റി കപ്പല്‍ യാത്രയുമെല്ലാം തുടങ്ങിയതുമുതലേ ട്രെന്‍ഡാണ്. സുരക്ഷിതമായി വളയം പിടിക്കുന്ന മികച്ച ഡ്രൈവര്‍മാരും കൂടെനിന്ന് ഓരോ സ്ഥലങ്ങളുടെയും പ്രത്യേകതകള്‍ വിവരിച്ച് ട്രിപ്പ് നയിക്കുന്ന കോര്‍ഡിനേറ്റര്‍മാരുമാണ് ഈ യാത്രകളെ ജനപ്രിയമാക്കിയത്.

നെല്ലിയാമ്പതിയിൽ

കേരളത്തില്‍ ആകെയുള്ള 93 ഡിപ്പോകളില്‍ 90 എണ്ണത്തിലും വിവിധ പാക്കേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദൂരത്തിനും സ്ഥലങ്ങള്‍ക്കുമനുസരിച്ച് യാത്രകളുടെ ചെലവില്‍ മാറ്റങ്ങളുണ്ട്. പത്തനംതിട്ടയില്‍ നിന്നും ഗവിയിലേക്ക് വണ്‍ഡേ ട്രിപ്പാണെങ്കില്‍ കോഴിക്കോട് നിന്നും അത് പൂര്‍ത്തിയാക്കാന്‍ രണ്ടുദിവസം എടുക്കുമെന്നര്‍ഥം.

1.പാവപ്പെട്ടവന്റെ ഊട്ടി

പാലക്കാടന്‍ ചുരത്തിന്റെ തെക്കുഭാഗമാണ് നെല്ലിയാമ്പതി മലനിരകള്‍. ഹില്‍സ്റ്റേഷന്‍ യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായുള്ള വണ്‍ഡേ പാക്കേജായാണ് ഈ യാത്ര ഒരുക്കിയിരിക്കുന്നത്. ഓറഞ്ച് തോട്ടങ്ങള്‍ക്ക് പ്രസിദ്ധമാണ് നെല്ലിയാമ്പതി. വേലകളുടെ ഈറ്റില്ലമായ നെന്മാറ കടന്നുവേണം നെല്ലിയാമ്പതിക്ക് പോകാന്‍. ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് കഴിഞ്ഞാല്‍ വീതികുറഞ്ഞ പാതയിലൂടെയാണ് യാത്ര. വളവുകള്‍ നിറഞ്ഞ പാതയായതിനാല്‍ കെഎസ്ആര്‍ടിസിയുടെ ഷോര്‍ട്ട് വീല്‍ ബസുകളാണ് ഈ യാത്രയ്ക്കായി ഉപയോഗിക്കുന്നത്. ഭക്ഷണസാധനങ്ങളും പ്ലാസ്റ്റിക്കും ചുരത്തില്‍ നിക്ഷേപിക്കരുത് എന്ന ബോര്‍ഡ് വഴിനീളെ കാണാം. വരയാടുമല സൈറ്റ് സീയിംഗ് ആണ് ആദ്യത്തെ ആക്റ്റിവിറ്റി. ഇവിടെയുള്ള വ്യൂപോയിന്റില്‍ നിന്നും ഫോട്ടോ എടുക്കാം. ശേഷം നേരെ സീതാര്‍കുണ്ട് വ്യൂപോയിന്റിലേക്ക്. തേയിലത്തോട്ടങ്ങള്‍ക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ നടന്നുവേണം ഇവിടേക്കെത്താന്‍. ഗ്രാമത്തെ മുഴുവന്‍ പച്ചപുതപ്പിച്ച തേയിലത്തോട്ടങ്ങള്‍ നെല്ലിയാമ്പതിയുടെ മറ്റൊരു പ്രത്യേകതയാണ്. മനോഹരമായ സീതാര്‍കുണ്ട് പോയിന്റില്‍ നിന്ന് നോക്കിയാല്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിര്‍ത്തി പ്രദേശങ്ങള്‍ കാണാം. തേയിലത്തോട്ടത്തിന്റെ നടുവില്‍ നിന്ന് ഒരു ഫോട്ടോ ഇത്തരം യാത്രകളില്‍ നിര്‍ബന്ധമാണല്ലോ. ഇതിനായി പ്രത്യേക സ്ഥലത്ത് ബസ് നിര്‍ത്തിത്തരും. ഓടിനടന്ന് ഫോട്ടോയെടുത്തുതരാന്‍ ടൂര്‍ കോര്‍ഡിനേറ്റര്‍മാരുമുണ്ടാകും. ഇനി പച്ചപ്പിനു വിടനല്‍കി കരിയിലകള്‍ വീണുകിടക്കുന്ന വഴിയിലൂടെ കേശവന്‍ പാറയിലേക്കുള്ള യാത്രയാണ്. അഡ്വഞ്ചര്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കുത്തനെയുള്ള ഈ പാറകയറ്റം നന്നായി ഇഷ്ടപ്പെടും. പാറ അവസാനിക്കുന്നിടത്ത് വ്യൂ പോയിന്റ് ഉണ്ട്. ഇതിനടുത്തായി എവിടിയുടെ തേയില ഫാക്ടറിയും. ഇത് സന്ദര്‍ശിക്കാനും ഫാക്ടറി വിലയില്‍ പര്‍ച്ചേസ് ചെയ്യാനും സാധിക്കും. ഓറഞ്ച് സീസണ്‍ ആണെങ്കില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓറഞ്ച് തോട്ടം സന്ദര്‍ശിക്കാം. തിരികെ ചുരമിറങ്ങിവരുമ്പോഴുള്ള പോത്തുണ്ടി ഡാമാണ് അവസാന ലൊക്കേഷന്‍. ഇവിടെനിന്നും ഒരു ചായകുടിച്ച് ഡാമിന്റെ നടപ്പാതയിലൂടെ നടന്ന് സായാഹ്നം ആസ്വദിക്കാം. കുട്ടികള്‍ക്കായി പാര്‍ക്കും ഇവിടെയുണ്ട്. ജീവിതത്തിരക്കുകള്‍ക്കിടയില്‍ നെല്ലിയാമ്പതി തരുന്ന റിഫ്രഷ്‌മെന്റ് തന്നെയാണ് യാത്രയുടെ ഹൈലൈറ്റ്. കോഴിക്കോട്, പാലക്കാട്, നിലമ്പൂര്‍, തൃശ്ശൂര്‍ എന്നീ ഡിപ്പോകളില്‍ നിന്നെല്ലാം നെല്ലിയാമ്പതിക്ക് വണ്‍ഡേ ട്രിപ്പുകളുണ്ട്.

2.കുട്ടവഞ്ചിയും ഗവിയും

‘ഓര്‍ഡിനറി' എന്ന സിനിമയിലൂടെയാണ് ഗവി എന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തുന്നത്. സിനിമയില്‍ താരമായി ഒരു ആനവണ്ടിയും ഉണ്ടായിരുന്നു. ഗവിയിലേക്ക് ടൂറിസ്റ്റ് വാഹനങ്ങള്‍ കടത്തിവിടാത്തതിനാല്‍ ആനവണ്ടിയിലാണ് സഞ്ചാരികളെല്ലാം ഗവി സന്ദര്‍ശിക്കാറുള്ളത്. ബജറ്റ് ടൂറിസം പാക്കേജുകളിലെ ജനപ്രിയ പാക്കേജും ഇതാണ്. രാവിലെ പത്തനംതിട്ടയില്‍ നിന്നും പുറപ്പെട്ട് കാനനപാതയിലൂടെ മൃഗങ്ങളെയെല്ലാം കണ്ടുള്ള യാത്രയാണിത്. ആങ്ങമൂഴി, അടവി വഴിയാണ് ഗവിയിലേക്ക് എത്തുന്നത്. അടവി എക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള കുട്ടവഞ്ചി സവാരി പ്രധാന ആകര്‍ഷണമാണ്. നിബിഡ വനത്തിലൂടെ ഒഴുകുന്ന കല്ലാര്‍ നദിയിലാണ് കുട്ടവഞ്ചി സവാരി. ഗവിയിലേക്ക് പോകുന്ന വഴിതന്നെ കൊച്ചുപമ്പ, കക്കി, മൂഴിയാര്‍, ആനത്തോട് തുടങ്ങിയ ഡാമുകള്‍ കാണാം. ഇരുവശവും കാടായതിനാല്‍ ആന ഉള്‍പ്പെടെയുള്ള വന്യജീവികളെയും ഇവിടെ കാണാന്‍ സാധിക്കും. ഗവിയിലെ പാര്‍ക്കും ആന മ്യൂസിയവും മറ്റൊരു ആകര്‍ഷണമാണ്. ദിവസം മുഴുവന്‍ കോടമഞ്ഞില്‍ പുതച്ചു കിടക്കുന്ന മലകളും പുല്‍മേടുകളും ഇടയ്ക്കിടെ പെയ്യുന്ന മഴയും ഗവിയെ മനോഹരമാക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലേറെ അടി ഉയരത്തിലാണ് ഗവി. നട്ടുച്ചയ്ക്കുപോലും വെളിച്ചമെത്താത്ത ഇടതൂര്‍ന്ന വനങ്ങളും കാട്ടരുവികളും ഈ യാത്രയില്‍ കാണാം. ബസ് ചാര്‍ജ്, ഭക്ഷണം, എന്‍ട്രി ഫീസുകള്‍, ബോട്ടിംഗ് ചാര്‍ജ് എന്നിവയെല്ലാം ഉള്‍പ്പെടുന്ന പാക്കേജ്. വൈകുന്നേരം പരുന്തുംപാറയിലെ മനോഹരമായ സൂര്യാസ്തമയം ആസ്വദിക്കാം. ചുരുക്കത്തില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി കിടക്കുന്ന അപൂര്‍വ്വ കാഴ്ചകള്‍ ഒറ്റ യാത്രയില്‍ കാണാനാവും. പത്തനംതിട്ടയില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നും വരുന്നവര്‍ക്ക് ഒരു ദിവസത്തില്‍ യാത്ര പൂര്‍ത്തിയാക്കാമെങ്കിലും മറ്റു ജില്ലക്കാര്‍ക്ക് രണ്ടുദിവസം വേണ്ടിവരും.

3. കേരളത്തിന്റെ കാശ്മീര്‍

കേരളത്തിന്റെ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാര്‍ ഏതൊരു സഞ്ചാരിയുടെയും മനംകവരുന്ന ഇടമാണ്. മഴയായാലും വെയിലായാലും മൂന്നാറിലെ ഭംഗിക്ക് യാതൊരു കുറവും വരാറില്ല. ഹില്‍സ്റ്റേഷനും ബൊട്ടാണിക്കല്‍ ഗാര്‍ഡനും എക്കോ പോയിന്റുമെല്ലാം ഏതൊരു സഞ്ചാരിയെയും ആകര്‍ഷിക്കും. മൂന്നാറിലെ പ്രധാന ഹില്‍സ്റ്റേഷനുകളും, രാജമല, മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളും ഈ യാത്രയില്‍ കാണാം. കൂവിയാല്‍ തിരികെ കൂവുന്ന എക്കോ പോയന്റ്, ടീ പ്ലാന്റുകള്‍, സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവ മൂന്നാര്‍ പാക്കേജില്‍ ഉള്‍പ്പെടുന്നു. ദൂരത്തിന് അനുസരിച്ച് വിവിധ ഡിപ്പോകളില്‍ നിന്നും വ്യത്യസ്ത പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് നിന്ന് വരുമ്പോള്‍ അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്പൂര്‍മൂഴി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് രണ്ടാം ദിവസം മൂന്നാറില്‍ എത്തുന്ന പാക്കേജ് നിലവിലുണ്ട്. മറയൂരിലെയും കാന്തല്ലൂരിലെയും തോട്ടങ്ങള്‍ സന്ദര്‍ശിച്ച് മറയൂര്‍ ശര്‍ക്കരയും വാങ്ങി മൂന്നാറിലെത്തുന്ന പാക്കേജും ഉണ്ട്. മൂന്നാര്‍ - ചതുരംഗപ്പാറ, മൂന്നാര്‍ - മാമലക്കണ്ടം എന്നിവയെല്ലാം വ്യത്യസ്ത പാക്കേജുകളാണ്. മൂന്നാറില്‍ കെഎസ്ആര്‍ടിസി ഡോര്‍മെറ്ററി സ്റ്റേ ഒരുക്കിയിട്ടുണ്ട്. മൂന്നാറില്‍ അടുത്തിടെ ആരംഭിച്ച ഡബിള്‍ ഡെക്കര്‍ ബസ് സവാരിയും ഇപ്പോള്‍ ട്രെന്‍ഡിങ്ങാണ്.

4. അടുത്ത യാത്ര സ്‌കോട്ട്ലന്‍ഡിലേക്കോ?

കെഎസ്ആര്‍ടിസിയില്‍ സ്‌കോട്ട്ലന്‍ഡിലേക്കോ? ആര്‍ക്കും സംശയം തോന്നും. എന്നാല്‍ ഏഷ്യയിലെ സ്‌കോട്ട്‌ലന്‍ഡ് എന്ന് വിളിക്കുന്ന ഒരു പ്രദേശം നമ്മുടെ കൊച്ചു കേരളത്തിലുണ്ട്. തേയിലത്തോട്ടങ്ങളും പുല്‍ത്തകിടികളും മൊട്ടക്കുന്നുകളും പൈന്‍ മരക്കാടുകളും സമ്പന്നമാക്കുന്ന വാഗമണ്‍. ഒരു വശത്ത് അഗാധമായ കൊക്കയും മറുവശത്ത് കരിമ്പാറ അരിഞ്ഞിറങ്ങിയ കോടമഞ്ഞു മൂടിയ മലനിരകളും വാഗമണിന്റെ പ്രത്യേകതയാണ്. ഗവി യാത്രയെക്കുറിച്ച് പറഞ്ഞതുപോലെ, ഒരു ദിവസംകൊണ്ട് പൂര്‍ത്തിയാകുന്നതും സ്റ്റേ ചെയ്ത് രണ്ട് ദിവസം ചെലവഴിക്കുന്നതുമായ പാക്കേജുകള്‍ വിവിധ ഡിപ്പോകള്‍ ഒരുക്കിയിട്ടുണ്ട്. വാഗമണിനോടൊപ്പം പരുന്തുംപാറ, കുമളി, തുടങ്ങിയപാക്കേജുകളുമുണ്ട്.

കെഎസ്ഇബിയുടെ തുരങ്കങ്ങളും വിവിധ വ്യൂപോയിന്റുകളും യാത്രയില്‍ കാണാം. അഡ്വഞ്ചര്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് ജീപ്പ് ട്രക്കിങ്ങും ഉണ്ട്. ട്രക്കിങ് പൂര്‍ത്തിയാക്കി ഉച്ചഭക്ഷണവും കഴിച്ച് വാഗമണിന്റെ പ്രധാന ആകര്‍ഷണമായ മൊട്ടക്കുന്ന്, ഗ്ലാസ് ബ്രിഡ്ജ്, പൈന്‍ ഫോറസ്റ്റ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. അഡ്വഞ്ചര്‍ പോയിന്റും പരാഗ്ലൈഡിങ്, റോപ് വേ പോലുള്ള ആക്ടിവിറ്റികളും കൊണ്ട് സമ്പന്നമാണ് വൈകുന്നേരങ്ങള്‍. രണ്ടുദിവസത്തെ പാക്കേജിന് വാഗമണില്‍ ആണ് സ്റ്റേ. രണ്ടാം ദിവസം കുമളിയില്‍ നിന്നും പ്രഭാതഭക്ഷണവും കഴിച്ച് തേക്കടി വന്യജീവി സങ്കേതത്തിലേക്കാണ് യാത്ര. ഒരു ദിവസം മുഴുവന്‍ കാണാനുള്ള കാഴ്ചകള്‍ തേക്കടിയിലുണ്ട്. എന്നാലും വൈകുന്നേരം വണ്ടി അതിര്‍ത്തി കടന്ന് തേനിയിലെത്തും. മലയാളവും തമിഴും ഒരേപോലെ സംസാരിക്കുന്ന തേനി. കാറ്റാടിപ്പാടങ്ങളും മുന്തിരിത്തോട്ടങ്ങളും സമൃദ്ധം. മുന്തിരിത്തോട്ടത്തില്‍ ഇഷ്ടംപോലെ സമയം ചെലവഴിക്കാം. തേനിയില്‍ നിന്നാണ് മടക്കയാത്ര.

ആർത്തുല്ലസിച്ച്

5.നെഫര്‍ടിറ്റി എന്ന ജലയാനം

കാടും മലയും കേറി മടുത്തെങ്കില്‍ അടുത്തതായി പരിചയപ്പെടുത്താന്‍ പോകുന്നത് ഒരു ജലയാത്രയാണ്. വെറും യാത്രയല്ല ഒരു ഫൈവ് സ്റ്റാര്‍ കപ്പല്‍ യാത്ര. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ക്രൂസ് ഷിപ്പാണ് കൊച്ചിയിലെ നെഫര്‍ടിറ്റി. നക്ഷത്ര ഹോട്ടലുകളോടു കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഈജിപ്ഷ്യന്‍ രാജ്ഞിയുടെ പേരുള്ള ഈ കപ്പലിലുളളത്. ഈജിപ്ഷ്യന്‍ ഐതിഹ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന കപ്പല്‍ പൂര്‍ണമായി ശീതീകരിച്ചതാണ്. മൂന്നുനിലകളുള്ള കപ്പലാണ് നെഫര്‍ടിറ്റി. ഈ സ്വപ്നയാത്ര ചുരുങ്ങിയ ചെലവില്‍ കെഎസ്ആര്‍ടിസിയോടൊപ്പം നടത്താം. വിവിധ ഡിപ്പോകളില്‍ നിന്നും പുറപ്പെടുന്ന യാത്ര വൈകീട്ട് മൂന്നുമണിയോടെ കൊച്ചിയിലെത്തും. ബോള്‍ഗാട്ടി പാലസിന് സമീപത്ത് നിന്നും ക്രൂയിസില്‍ കയറാം. പിന്നീടങ്ങോട്ട് പാട്ടും ഡാന്‍സും ഭക്ഷണവുമെല്ലാമായി അഞ്ച് മണിക്കൂര്‍ ഷിപ്പിലാണ്. ഭക്ഷണം പാക്കേജില്‍ ഉള്‍പ്പെടും. കപ്പലിലെ വെറൈറ്റി മെനു ഭക്ഷണപ്രിയരെ ആകര്‍ഷിക്കും. 200 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാള്‍, റസ്റ്റോറന്റ്, ലോഞ്ച് ബാര്‍, 3 ഡി തീയറ്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, സണ്‍ഡക്ക് തുടങ്ങിയ സവിശേഷതകള്‍ കപ്പലിനുണ്ട്. രാത്രിയോടെ തിരികെ ഇറങ്ങാം. കൂട്ടുകാരുമായും കുടുംബമായും ഒത്തുചേരാനും ഒരുമിച്ച് കടലില്‍ അടിച്ചുപൊളിക്കാനുമുള്ള അവസരമാണ് നെഫര്‍ടിറ്റി.

6.ചില യുണീക്ക് യാത്രകൾ

ഓരോ ജില്ലയിലും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ചില പ്രദേശങ്ങളു ണ്ടാവും. ഹില്‍സ്റ്റേഷനുകളോ ഡാമുകളോ വെള്ളച്ചാട്ടങ്ങളോ ഒക്കെയാവാം. അത്തരം പ്രദേശങ്ങളിലേക്ക് ആ ജില്ലയില്‍ നിന്നോ, അയല്‍ ജില്ലയില്‍ നിന്നോ മാത്രമാണ് ട്രിപ്പ് സജ്ജീകരിച്ചിട്ടുള്ളത്. ഒരു ഉദാഹരണം പറഞ്ഞാല്‍ കോഴിക്കോട് ബജറ്റ് ടൂറിസത്തിന്റെ കീഴില്‍ ജാനകിക്കാട്, മീന്‍തുള്ളിപ്പാറ, പെരുവണ്ണാമൂഴി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കരിയാത്തുംപാറയില്‍ അവസാനിക്കുന്ന സര്‍വീസുണ്ട്. ഈ വണ്‍ഡേ യാത്ര ദൂരെയുള്ള ഡിപ്പോകളില്‍ നിന്നില്ല. ഏഴരക്കുണ്ട്, പൈതല്‍മല, പാലക്കയംതട്ട് എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ യാത്രയും കാരാപ്പുഴ, പൂക്കോട്, അമ്പലവയല്‍ അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി, എടയ്ക്കല്‍ ഗുഹ, ഹണി മ്യൂസിയം എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന വയനാട് യാത്രയും ഇത്തരം ട്രിപ്പുകള്‍ക്ക് ഉദാഹരണമാണ്. എല്ലാ ഡിപ്പോകളില്‍ നിന്നും അടുത്തുള്ള പ്രധാന സ്ഥലങ്ങളിലേക്ക് ഇതുപോലെ വണ്‍ഡേ ട്രിപ്പുകളുണ്ട്. ചാലക്കുടി ഡിപ്പോയില്‍ നിന്നുള്ള മലക്കപ്പാറ യാത്രയും ഹിറ്റ് യാത്രകളിലൊന്നാണ്. വിവിധ ഡിപ്പോകള്‍ മലക്കപ്പാറ യാത്ര നടത്തുന്നുണ്ട്.

കെഎസ്ആര്‍ടിസി സിറ്റി റൈഡ്

7. നെയ്യാറും കടന്ന് പൊന്മുടിയിലേക്ക്

തലസ്ഥാനത്ത് നിന്നുമുള്ള പ്രധാന ബജറ്റ് യാത്രയാണ് നെയ്യാര്‍, പൊന്‍മുടി യാത്ര. വര്‍ഷത്തില്‍ എല്ലാ സമയവും തണുപ്പും മൂടല്‍മഞ്ഞും കാണപ്പെടുന്ന സ്ഥലമാണ് പൊന്‍മുടി. കാറ്റും തണുപ്പുമേറ്റ് കാടിന്റെയും മലനിരകളുടെയും കാഴ്ചകളിലൂടെ 22 ഹെയര്‍പിന്‍ വളവുകള്‍ താണ്ടി പൊന്‍മുടിയിലേക്ക് യാത്രചെയ്യാം. തിരുവനന്തപുരത്ത് നിന്ന് തുടങ്ങുന്ന യാത്രയിലെ ആദ്യ ലൊക്കേഷന്‍ കോട്ടൂര്‍ ആനപരിപാലന കേന്ദ്രമാണ്. ശേഷം നെയ്യാര്‍ ഡാമിലേക്ക്. ലയണ്‍ സഫാരി പാര്‍ക്കിനും ചീങ്കണ്ണി വളര്‍ത്തലിനും പ്രസിദ്ധമാണ് നെയ്യാര്‍. നെയ്യാര്‍ കഴിഞ്ഞാല്‍ കല്ലാര്‍ ഡാം. അതും കണ്ട് ഉച്ചയ്ക്ക് മൂന്നുമണിയോടെ പൊന്‍മുടിയിലെത്തും. വൈകീട്ട് 5.30 വരെ പൊന്‍മുടി ആസ്വദിക്കാം. ആറുമണിക്ക് മുമ്പേ സന്ദര്‍ശകര്‍ പൊന്‍മുടി വിടണം എന്ന നിര്‍ദേശമുണ്ട്. ഭക്ഷണവും എന്‍ട്രി ടിക്കറ്റുകളും ഈ യാത്രയില്‍ ഉള്‍പ്പെടുന്നില്ല. മീന്‍മുട്ടി വെള്ളച്ചാട്ടം വഴിയും വാഴ്‌വന്തോള്‍ ട്രക്കിങ് ആസ്വദിച്ചുമുള്ള യാത്രാ പാക്കേജുകള്‍ പൊന്‍മുടിയിലേക്കുണ്ട്. തിരുവനന്തപുരത്തെയും സമീപ ജില്ലകളിലെയും ഡിപ്പോകളില്‍ നിന്ന് പൊന്‍മുടി സര്‍വീസ് ഉണ്ട്.

8. ഡബിൾഡക്കറിൽ അനന്തപുരി ചുറ്റാം

വലിയ പാക്കേജുകള്‍ മാത്രമല്ല, രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൊച്ചുപാക്കേജുകളും കെഎസ്ആര്‍ടിസി നടത്തുന്നുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് തിരുവനന്തപുരം നഗരം ഡബിള്‍ ഡെക്കര്‍ ബസില്‍ ചുറ്റി ക്കാണാനുള്ള യാത്ര. വൈകീട്ട് 3 മണി മുതല്‍ 10 മണി വരെ ഓരോ മണിക്കൂര്‍ ഇടവിട്ടാണ് ഡബിള്‍ ഡെക്കര്‍ സവാരി. ടിക്കറ്റ് ഓണ്‍ലൈന്‍ ആയാണ് എടുക്കേണ്ടത്. തിരുവനന്തപുരം നഗരത്തെ അടുത്തറിയാനുള്ള ഈ യാത്രയില്‍ ഈസ്റ്റ് ഫോര്‍ട്ട്, സ്റ്റാച്യൂ, പാളയം, മ്യൂസിയം, വെള്ളയമ്പലം, കവടിയാര്‍, പേട്ട, ചാക്ക, ശംഖുമുഖം, ലുലുമാള്‍ വഴി വീണ്ടും നഗരത്തിലെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

കടപ്പാട്

പ്രനീഷ് എ.കെ.-യൂണിറ്റ് കോര്‍ഡിനേറ്റര്‍/ കണ്ടക്ടര്‍ താമരശ്ശേരി

എം. അജിത്കുമാര്‍-കോര്‍ഡിനേറ്റര്‍, വികാസ്ഭവന്‍

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore Kerala`s beauty with KSRTC`s budget-friendly tours. Affordable trips to Munnar, Thekkady, and more! Book your adventure now.