പ്ലാസിയും കടന്ന് വടക്കന്‍ ബംഗാളിലെ കിരീടേശ്വരിയെ കാണാന്‍

എവിടെയോ വായിച്ചതാണ്- മണിശങ്കര്‍ മുഖര്‍ജി എന്ന ശങ്കറിന്റെ ബംഗാളി നോവലായ 'ജനാരണ്യ' സത്യജിത് റായി സിനിമയാക്കുന്ന സമയം. ചര്‍ച്ചാവേളയില്‍ റായി നോവലിലെ ഒരു കഥാപാത്രത്തെക്കുറിച്ച് ശങ്കറിനോട് ചോദിച്ചു:
''അയാള്‍ കൊല്‍ക്കത്തയുടെ ഏത് ഭാഗത്തുനിന്ന് വരുന്നയാളാണ്?''
ശങ്കര്‍ പരുങ്ങി. കഥാപാത്രത്തെ സൃഷ്ടിക്കുമ്പോള്‍ കൊല്‍ക്കത്ത സ്വദേശി എന്ന് മാത്രമേ അദ്ദേഹം സങ്കല്പിച്ചിരുന്നുള്ളൂ. കൊല്‍ക്കത്തയുടെ ഏത് ഭാഗത്തുനിന്നാണ് വരുന്നത് എന്ന തരത്തില്‍ സൂക്ഷ്മമായി ചിന്തിച്ചിരുന്നില്ല. ഉത്തരമില്ലാതെയിരുന്ന ശങ്കറിനെ നോക്കി സത്യജിത് റായി പറഞ്ഞു:
''കൊല്‍ക്കത്ത നഗരത്തിന്റെ ഓരോ ഭാഗത്തുനിന്ന് വരുന്നവരും ഓരോ തരത്തിലുള്ളവരാണ്. അവരുടെ ബംഗാളിയുടെ താളം, സമീപനങ്ങള്‍, വസ്ത്രധാരണത്തിന്റെ വ്യതിയാനങ്ങള്‍, വിദ്യാഭ്യാസം, രൂപപ്രകൃതി എന്നിവയെല്ലാം സൂക്ഷ്മമായി വ്യത്യാസപ്പെട്ടിരിക്കുന്നു. നോവല്‍ എഴുതുമ്പോള്‍ അത്തരത്തിലുള്ള നിരീക്ഷണങ്ങള്‍ ആവശ്യമുണ്ടായി എന്നുവരില്ല. എന്നാല്‍, സിനിമയ്ക്ക് അത് നിര്‍ബന്ധമാണ്...''
ഹൗറയിലെയും സിയാല്‍ദയിലെയും മനുഷ്യക്കടലായ റെയില്‍വേസ്റ്റേഷനുകളില്‍നിന്ന് കുറച്ചുദൂരം മാറി, കൊല്‍ക്കത്ത എന്ന ചെറു സ്റ്റേഷനില്‍നിന്ന് വടക്കന്‍ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ബെര്‍ഹാംപൂര്‍ കോര്‍ട്ടിലേക്കുള്ള 13113 ഹസാര്‍ദുവാരി എക്സ്പ്രസില്‍ ഇരുന്നുകൊണ്ട് ഇതോര്‍ത്തത് പുറംകാഴ്ചകളിലെ സൂക്ഷ്മ വ്യതിയാനങ്ങള്‍ കണ്ടപ്പോഴാണ്. ഹൗറയുടെയും ചൗരംഗിയുടെയും ഗരിയാടിന്റെയും പിന്നടരുകളില്‍ക്കാണുന്ന മനുഷ്യരെക്കാള്‍ ഭേദപ്പെട്ട വസ്ത്രധാരണം ചെയ്ത സ്ത്രീപുരുഷന്മാര്‍, മെച്ചപ്പെട്ട വീടുകള്‍, കൃഷിത്തോട്ടങ്ങള്‍, ബഹളമയമെങ്കിലും ഒതുക്കമുള്ള റെയില്‍വേ സ്റ്റേഷനുകള്‍, സംസാരത്തില്‍ മിതത്വമുള്ള മനുഷ്യര്‍... ബാരക്പൂരും റാണഘട്ട് ജങ്ഷനും കൃഷ്ണനഗര്‍ സിറ്റി ജങ്ഷനും കഴിഞ്ഞപ്പോള്‍, ചരിത്രം, ഇരമ്പുന്ന ഒരു കടലായി വന്ന് ആലോചനകളെ കടപുഴക്കി. ചെറിയ റെയില്‍വേസ്റ്റേഷനിലെ മഞ്ഞ ബോര്‍ഡില്‍ കറുത്ത അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നു: പ്ലാസി. തീവണ്ടിച്ചക്രം ഉരുക്കുപാളങ്ങളില്‍ ഉരുളുന്നതിന്റെയല്ല, മറിച്ച് മണ്ണില്‍ കുതിരകള്‍ കുളമ്പുകള്‍ കുത്തുന്നതിന്റെ ശബ്ദമായിരുന്നു കാതില്‍ നിറയെ. ആനയും അലമുറകളും; റോബര്‍ട്ട് ക്ലൈവും സിറാജ് ഉദ്-ദൗളയും മിര്‍ജാഫറും; ഭാഗീരഥി നദിയിലേക്കൊഴുകിയ ചോരച്ചാലുകള്‍...ലണ്ടനിലെ ഒരു തെരുവില്‍ അഞ്ച് ജാലകങ്ങള്‍ മാത്രമുള്ള ഒരു കമ്പനിക്ക് 'കോര്‍പ്പറേറ്റ് ഇരപിടിയനായ' റോബര്‍ട്ട് ക്ലൈവിന്റെ നേതൃത്വത്തില്‍ അഖണ്ഡ ഇന്ത്യ എന്ന മഹാരാജ്യത്തെ കാല്‍ക്കീഴിലാക്കാന്‍ സാധിച്ചത് ഈ മണ്ണില്‍വെച്ചാണ്.
പ്ലാസി കഴിഞ്ഞാല്‍ ബെല്‍ദംഗ, അടുത്തത് ബെര്‍ഹാം കോര്‍ട്ട്. തീവണ്ടിയാത്രയെ സജീവമാക്കിയത് നിരന്തരമായി വന്നുകയറുന്ന വില്പനക്കാരായിരുന്നു. ബംഗാളിലെ ട്രെയിന്‍ യാത്രയിലെ ഏറ്റവും രസകരമായ കാഴ്ചയാണിത്. ഭക്ഷണങ്ങള്‍തന്നെയുണ്ട് നിരവധി. കൊല്‍ക്കത്തയിലെ ചിരകാല മലയാളി സുഹൃത്തായ വേണുഗോപാലന്‍ ഓരോന്നും പറഞ്ഞുതന്നു: പട്ടാണിക്കടലകൊണ്ടുണ്ടാക്കുന്ന കറി ഗുഗിണി, നവധാന്യങ്ങളും നാളികേരപ്പൂളും കക്കിരിയും കടുകെണ്ണയും ഗന്ധരാജ ലബു എന്ന നാരങ്ങയുടെ നീരും ചേര്‍ത്തുള്ള ജാല്‍മുടി (ദരിദ്രബംഗാളിനെ ജീവിപ്പിച്ചുനിര്‍ത്തിയ ഭക്ഷണം ഇതാണെന്ന് 'സിറ്റി ഓഫ് ജോയ്' എന്ന നോവലില്‍ ഡൊമനിക് ലാപ്പിയര്‍), എള്ളുകൊണ്ടുണ്ടാക്കിയ കുഴല്‍ തിലേര്‍ മിസ്റ്റി, സിംഗാട എന്ന സമൂസ, പച്ചക്കറി കൊത്തിയരിഞ്ഞ് നിറച്ച ചോപ്പ്... പിന്നെ ശാന്തിനികേതനില്‍നിന്നുള്ള ബാഗുകള്‍, ഗംച എന്ന് വിളിപ്പേരുള്ള തോര്‍ത്ത്... എല്ലാം ചേരുമ്പോള്‍ ഓടുന്ന ഒരു ചന്തയായി ട്രെയിന്‍.
ബെര്‍ഹാംപൂര്‍ കോര്‍ട്ടിലെ ചെറിയ റെയില്‍വേ സ്റ്റേഷനുമുന്നിലെ കടുകെണ്ണയും കിച്ചൂരി എന്ന ഭക്ഷണവും മണക്കുന്ന ഇടുങ്ങിയ അങ്ങാടി കഴിഞ്ഞാല്‍ താരതമ്യേന വൃത്തിയുള്ള ഒരു ചെറുനഗരം.
വിശാലമായ മൈതാനത്തെച്ചുറ്റി ചെറിയമട്ടില്‍ തൃശ്ശൂരിനെപ്പോലെ അത് പരന്നുകിടക്കുന്നു. കോളേജുകളും വലിയ വൈദ്യുതഭവനുകളും പാതി ജീര്‍ണിച്ച കൊളോണിയല്‍ കെട്ടിടങ്ങളും മധ്യവര്‍ഗ അങ്ങാടികളും എവിടെനിന്ന് നോക്കിയാലും കാണാന്‍ പറ്റുന്ന കൂറ്റന്‍ മതിലുകളുള്ള ജയിലും. ഓട്ടോറിക്ഷകള്‍ക്കും സൈക്കിള്‍ റിക്ഷകള്‍ക്കും പകരം ഇപ്പോള്‍ ബംഗാളിലെ ചെറുനഗരങ്ങളിലും അങ്ങാടികളിലും ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയില്‍ ഓടുന്ന ടോങ്ക എന്ന വാഹനമാണ്. വടക്കന്‍ ബംഗാളിന്റെ തെക്കുഭാഗത്ത് ബംഗ്ലാദേശ് അതിര്‍ത്തിയോടുചേര്‍ന്ന ദക്ഷിണ്‍ ദിനാജ്പൂരിലെ മലയാളി കളക്ടര്‍ ബിജിന്‍ കൃഷ്ണയുടെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ സര്‍ക്യൂട്ട് ഹൗസില്‍ (ഗസ്റ്റ് ഹൗസ്) മുറികള്‍ കരുതിയിരുന്നു. അവിടെനിന്നാണ് കിരീട്കോണ എന്ന ഗ്രാമത്തിലേക്കും ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കിരീടേശ്വരി ശക്തിപീഠ ക്ഷേത്രത്തിലേക്കുമുള്ള യാത്ര ആരംഭിക്കുന്നത്.
നഗരമേഖല വിട്ട് ഉള്ളിലേക്ക് പോവുമ്പോള്‍ ഗ്രാമങ്ങള്‍ക്ക് വൈക്കോലിന്റെയും പശുക്കളുടെയും ഉണങ്ങിയ പശുവിന്‍ ചാണകത്തിന്റെയും മണം. അടുപ്പിലെരിക്കാനായി ചുവരിലൊട്ടിച്ച്് ഉണക്കിയെടുക്കുന്ന ചാണകവരളികള്‍. നീണ്ട മരക്കമ്പില്‍ ചാണകം പുരട്ടി ഉണക്കിയെടുക്കുന്ന രീതിയുമുണ്ട്. വീടിന്റെ പിന്‍വശങ്ങളില്‍ പശുക്കളുടെ കൂട്ടം. വലിയ കല്‍ത്തൊട്ടിയില്‍ അവയ്ക്ക് കുടിക്കാനായി നിറച്ച വെള്ളം. മുറ്റവും ചുമരും ചാണകം മെഴുകിയ കുടില്‍ക്കൂട്ടങ്ങളില്‍ കയറിച്ചെന്നപ്പോള്‍ മുറ്റത്ത് വെയില്‍കാഞ്ഞിരിക്കുന്ന കാരണവര്‍ പറഞ്ഞു:
'''ഞങ്ങള്‍ യാദവരാണ്. തലമുറകള്‍ക്ക് മുന്‍പേ ബിഹാറില്‍നിന്ന് വന്നവര്‍. ഞങ്ങളെപ്പോലെ ആയിരക്കണക്കിന് പേര്‍ മൂര്‍ഷിദാബാദിന്റെ പല ഭാഗങ്ങളിലായി കഴിയുന്നുണ്ട്. ഞങ്ങള്‍ കൃഷി ചെയ്യുന്നു, കാലികളെ വളര്‍ത്തുന്നു''.''
മണ്ണുകൊണ്ടുണ്ടാക്കി ചാണകം മെഴുകിയതെങ്കിലും മനോഹരമായ വൃത്തിയുള്ള ആ വീടുകള്‍ക്ക് ചുറ്റും പശുക്കളായിരുന്നു. പിന്‍വശത്ത് വലിയ കുളം. കാറ്റിലും മണ്ണിലും കൃഷിയുടെ ഗന്ധം. കണ്‍മുന്നില്‍ എത്രയെത്ര കുളങ്ങളാണ്! കാലത്തിനനുസരിച്ച് ബാക്കിയെന്തൊക്കെ മാറിയാലും കുളങ്ങളെ ബംഗാളി മണ്ണില്‍നിന്ന് മായ്ച്ചുകളയുന്നില്ല. 'പുകൂര്‍'' (കുളം) ഇന്നും അവര്‍ക്ക് കുലപ്രൗഢിയുടെ ചിഹ്നങ്ങളാണ്. അവ വെള്ളത്തിന്റെയും ഭൂമിയുടെയും സന്തുലനം കാത്തുസൂക്ഷിക്കുന്നു. സ്ഥലപ്പേരുകള്‍പോലും പുകൂര്‍ ചേര്‍ത്തിട്ടാണ്: ശ്യാം പുക്കൂര്‍, കമാര്‍ പുക്കൂര്‍, ഹാല്‍ദി പുക്കൂര്‍....
മുന്‍ വര്‍ഷങ്ങളിലെ കാഴ്ചകളില്‍നിന്ന് പ്രകടമായ വ്യത്യാസം ബംഗാളിലെ ഈ ഗ്രാമങ്ങളില്‍ സംഭവിച്ചിരിക്കുന്നു. ചെറിയ ചെറിയ അങ്ങാടികള്‍ക്ക് കൂടുതല്‍ തെളിച്ചം. ഉള്‍നാടന്‍ ബംഗാളി അങ്ങാടികളില്‍ തുണിക്കടകള്‍ അധികം കാണാറില്ലായിരുന്നു; ബേക്കറികളും. മിക്ക അങ്ങാടികളിലും ഇപ്പോള്‍ ഇവ രണ്ടുമുണ്ട്. വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച കുട്ടികള്‍ സൈക്കിളില്‍ കറങ്ങുന്നു. കൊടും ദാരിദ്ര്യത്തിന്റെ മുന്‍കാല കാഴ്ചകളില്‍നിന്ന് വലിയ മാറ്റം. സിറാജ് ഉദ്- ദൗളയെ അടക്കിയ മണ്ണില്‍ ആല്‍മരത്തണലിലിരിക്കുന്ന ഗ്രാമീണരോട് മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു:
''''എല്ലാം നിങ്ങള്‍ കാരണമാണ്. നിങ്ങള്‍ തന്നതാണ്. ലക്ഷക്കണക്കിന് ഞങ്ങളുടെ നാട്ടുകാര്‍ നിങ്ങളുടെ നാട്ടിലല്ലേ. കുട്ടികളുടെ പഠനത്തിനും മറ്റും സംസ്ഥാന സര്‍ക്കാരും നന്നായി സഹായിക്കുന്നു'''
പല പല വഴികളിലൂടെ പോയി ഒടുവില്‍ വലിയ ഒരു ജലാശയത്തിന് മുന്നിലെ വിശാലതയിലെത്തി. ഒറ്റപ്പാലത്തെ ചിനക്കത്തൂര്‍ കാവിനെ ഓര്‍മിപ്പിക്കുന്ന ആ മൈതാനത്ത് മുളകൊണ്ട് കെട്ടിയുണ്ടാക്കിയ സ്റ്റേജ്. മൈതാനത്തിന്റെ അങ്ങേയറ്റത്ത് ചുകന്ന താഴികക്കുടവുമായി കിരീടേശ്വരിയുടെ മൂലസ്ഥാനം. പുതുക്കിപ്പെയിന്റണിയിച്ച ആ അമ്പലത്തിന് ചുറ്റും ശിഖരം കൂര്‍ത്ത് കുറെ ഒറ്റമുറി ക്ഷേത്രങ്ങള്‍. ആല്‍മരങ്ങള്‍. കുളത്തിലേക്കുള്ള കടവ്. 107 ശിവക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നതില്‍ 12 എണ്ണം മാത്രമേ ബാക്കിയുള്ളൂ. ഇക്കൂട്ടത്തില്‍ ഏറ്റവും പുരാതനമായ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ കാലം ചതുര ഇഷ്ടികകളില്‍ ഉറഞ്ഞൊതുങ്ങി നിശ്ചലമായതുപോലെ തോന്നും. എണ്ണൂറ് വര്‍ഷത്തിലധികം പഴക്കം പറയുന്നു ചെറിയ മുഖവാതിലുകളുള്ള, ചുടുകട്ടകള്‍ ചേര്‍ത്തുണ്ടാക്കിയ ഈ ക്ഷേത്രത്തിന്. ഇപ്പോള്‍ അതിനകം ശൂന്യമാണ്. മുകളിലെ വിള്ളലുകളില്‍ കാട്ടുചെടികള്‍ പടര്‍ന്നിരിക്കുന്നു. ഇതായിരുന്നു ആദ്യത്തെ ക്ഷേത്രം. എന്തിനെല്ലാം സാക്ഷിയായിരിക്കും ഈ ഇഷ്ടികക്കൂട്ടം! എപ്പോഴോ ഇവിടെയെത്തെിയ ബൗദ്ധന്മാര്‍, മുസ്ലിം രാജാക്കന്മാരുടെയും ദിവാന്മാരുടെയും പടയോട്ടങ്ങള്‍, ഈസ്റ്റ് ഇന്ത്യാ കമ്പനിക്കാരുടെ വരവ്, പ്ലാസി യുദ്ധം, സിറാജ് ഉദ്-ദൗളയുടെ മരണം, ബ്രിട്ടീഷ് ഭരണം, ബംഗാള്‍ ക്ഷാമം, സ്വാതന്ത്ര്യം.....ഇതിനിടയില്‍ എത്രയെത്ര ആരതികള്‍! മൃഗബലികള്‍! ഒരുപക്ഷേ, ഇരുണ്ട രാത്രികളില്‍ നരബലിയും....സര്‍വം സാക്ഷിയായി ഈ ഇഷ്ടികക്കെട്ട് നില്‍ക്കുന്നു.
കിരീടേശ്വരിയുടെ ഗര്‍ഭഗൃഹത്തില്‍ ഒരു കറുത്ത കല്ലാണ്. കല്ലില്‍നിന്ന് രക്തവര്‍ണമുള്ള പ്രസാദം എടുത്ത് പുരോഹിതന്‍ നെറ്റിയില്‍ തൊട്ടുതന്നു. കൊല്ലത്തിലൊരിക്കല്‍, പൗഷമാസത്തില്‍ മാത്രം കിരീടം കൊണ്ടുവന്ന് ദേവിയുടെ ശിരസ്സില്‍ ചാര്‍ത്തും. മറ്റ് സമയങ്ങളില്‍ കിരീടം എവിടെയാണ് സൂക്ഷിക്കുന്നത് എന്ന് പുരോഹിതനുപോലും അറിയില്ല. അതിന്റെ കാരണവും, പൂജയ്ക്കിടയില്‍ കണ്ണിറുക്കിച്ചിരിച്ചുകൊണ്ട് പുരോഹിതന്‍ പറഞ്ഞു:
''''ടാഗോറിന് കിട്ടിയ നൊബേല്‍ പതക്കം അടിച്ചുമാറ്റിയ നാടാണിത്'''
അതുകേട്ട് കിരീടേശ്വരിപോലും ചിരിച്ചതുപോലെ തോന്നി. ചുറ്റുമുള്ള ചില പുരാതന കോവിലുകളെ ആല്‍മരം വേരുകള്‍കൊണ്ട് പൊതിഞ്ഞ് പിടിച്ചിരിക്കുന്നു. അവയ്ക്കുള്ളിലും ശിവലിംഗങ്ങള്‍. ശിവനും ശക്തിയും ചേര്‍ന്നുനില്‍ക്കുന്ന താന്ത്രികഭൂമിയില്‍ ഗൂഢമായ ആരാധനാരീതികളും കലര്‍ന്നുകിടക്കുന്നു. ഈ ക്ഷേത്രം നിര്‍മിക്കാനുള്ള ഭൂമി ഒരു മുസ്ലിം കുടുംബമാണ് നല്‍കിയത്.
കിരീടേശ്വരിയുടെ ഗ്രാമത്തിലെ പുരാന മന്ദിര്‍ കുറച്ച് ദൂരെ മാറി മറ്റൊരിടത്താണ്. വൈക്കോല്‍ ചിതറിയ വഴികളായിരുന്നു ആ ഗ്രാമത്തിലേക്ക്. കുഞ്ഞുകുഞ്ഞുവീടുകള്‍. വീടിന്റെ പിന്‍വശങ്ങളില്‍ വലിയ കുട്ടകങ്ങളില്‍ പുഴുങ്ങുന്ന നെല്ലിന്റെ മദിപ്പിക്കുന്ന മണം. ഒന്നിച്ച് കലമ്പുന്ന ആട്ടിന്‍കുട്ടികളും പശുക്കൂട്ടങ്ങളും നായ്ക്കളും. ഓടിക്കളിക്കുന്ന ഓമനത്തമുള്ള കുട്ടികള്‍.
ലിയ മൈതാനത്തിനപ്പുറം തെളിഞ്ഞ് വിശാലമായ കുളത്തിന്റെ കരയില്‍ ക്ഷേത്രം. തൊട്ടപ്പുറത്ത് ചെറിയ ചെറിയ ശിവപ്രതിഷ്ഠകള്‍. അമ്പലം, പൂജകള്‍ കഴിഞ്ഞ് പൂട്ടിയിരുന്നു. ഉച്ചവെയില്‍ മയങ്ങുന്ന കുളത്തില്‍നിന്ന് തണുത്ത കാറ്റ്. കാറ്റില്‍ നിറയെ തുടുത്ത ചെമ്പരത്തിയുടെയും രക്തചന്ദനത്തിന്റെയും ഗന്ധം. നെല്ല് പുഴുങ്ങുന്ന വീട്ടിലേക്ക് ചെന്നപ്പോള്‍ മെഴുകിയ നിലത്തിരുന്ന് വീട്ടമ്മ ഉച്ചഭക്ഷണം കഴിക്കുന്നു. വെളുത്ത ചോറും പൊരിച്ച മീനും. നിത്യപൂജയില്‍ പ്രസാദമാണ് ചോറും മീനും. ''ഞങ്ങള്‍ക്കെല്ലാം അതാണ് ഭക്ഷണം, നിങ്ങള്‍ക്കും എടുക്കട്ടെ?'''' -അവര്‍ സ്‌നേഹത്തോടെ ചോദിച്ചു. പ്രസാദം വേണ്ടെന്ന് പറയാന്‍ പേടിച്ച്, ഭക്ഷണം കഴിച്ചതാണെന്ന് കളവുപറഞ്ഞു. ഇപ്പോഴും ഗ്രാമങ്ങളില്‍ത്തന്നെയാണ് ഇന്ത്യ ജീവിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ വിനോദസഞ്ചാര ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം കിരീടേശ്വരിയുടെ നാട് ഒന്നുണര്‍ന്നിട്ടുണ്ട്. ദൂരദേശങ്ങളില്‍നിന്ന് ആളുകള്‍ വരുന്നു. അതിനനുസരിച്ച് മറ്റ് സൗകര്യങ്ങളും വരും എന്നും ഗ്രാമീണര്‍ പ്രതീക്ഷിക്കുന്നു. അവരുടെ സ്വപ്‌നം അതുപോലെതന്നെ നടക്കുകയാണെങ്കില്‍ കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം ഈ ഗ്രാമീണ ക്ഷേത്രപ്പറമ്പില്‍ വിമൂകമായി മധ്യാഹ്നഭംഗി ആസ്വദിച്ച് ഇങ്ങനെ നില്‍ക്കാന്‍ സാധിച്ചു എന്നുവരില്ല. ഭക്തരും കാഴ്ചക്കാരും ഗ്രാമത്തെ വിഴുങ്ങിയേക്കാം. നൂറ്റാണ്ടുകളെക്കണ്ട ഇഷ്ടികക്കൂട്ടങ്ങള്‍ ആധുനിക കാലത്തിനും സാക്ഷിയാവും. ആ ദിനങ്ങള്‍ക്കായി ഗ്രാമമാകെ കാത്തിരിക്കുകയാണ്.
Content Highlights: kiriteswari temple in west bengal rural tourism