ശര്‍ക്കര-കാരറ്റ് പുട്ട്, പൂരന്‍പോളി... കുട്ടികളുടെ സ്‌നാക്ക്‌സ് ബോക്‌സ് നിറയ്ക്കാന്‍ രുചിയേറും വിഭവങ്ങള്‍

പ്രതീകാത്മക ചിത്രം | AI
പ്രതീകാത്മക ചിത്രം | AI

കുട്ടികളുടെ സ്നാക്ക് ബോക്സ് രുചികരം മാത്രമല്ല, ആരോഗ്യപ്രദവുമായിരിക്കണം. ടേസ്റ്റിയും ഹെൽത്തിയുമായ സ്നാക്ക് ബോക്സ് വിഭവങ്ങൾ ഇതാ

സ്‌പെഷ്യല്‍ ചപ്പാത്തി റോള്‍
ഒരു കഷണം പപ്പായ, ഒരു കാരറ്റ് എന്നിവ ഗ്രേറ്റ് ചെയ്യുക. പത്ത് ബീന്‍സും, 6 പയറും പൊടിയായി അരിയുക. പച്ചക്കറികള്‍ പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. നാല് പച്ചമുളക്, ഒരു കഷണം ഇഞ്ചി, ആറ് അല്ലി വെളുത്തുള്ളി എന്നിവ അരയ്ക്കുക. ഒരു സ്പൂണ്‍ നെയ്യില്‍ കുറച്ച് കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ നെയ്യ് ചൂടാക്കി അരച്ച മിശ്രിതം ചേര്‍ത്ത് വഴറ്റുക. ഇനി വേവിച്ച പച്ചക്കറികള്‍ ചേര്‍ക്കുക. ഒപ്പം വറുത്ത കശുവണ്ടിയും മുന്തിരിയും ചേര്‍ക്കുക. കാല്‍ സ്പൂണ്‍ ഗരംമസാല, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ചപ്പാത്തി പരത്തി, നെയ്യില്‍ ചുട്ടെടുക്കുക. തയ്യാറാക്കിയ മസാല നിറച്ച് ചുരുട്ടി ചെറുചൂടോടെ കഴിക്കാം.
കടപ്പാട്
ആദിത്യ എസ്., തൊടുപുഴ

മിക്‌സ്ഡ് ഇഡ്ഡലി
രണ്ട് കപ്പ് പൊന്നി അരി, അരക്കപ്പ് മുതിര, മൂന്ന് ടീപ്‌സൂണ്‍ ഉഴുന്ന്, അര ടീസ്പൂണ്‍ ഉലുവ എന്നിവ വെവ്വേറെ കുതിര്‍ത്തുവെക്കുക. എട്ട് മണിക്കൂറിന് ശേഷംപൊന്നിയരിയും മുതിരയും തരിതരിയായി അരയ്ക്കുക. ഉലുവയും ഉഴുന്നുംകൂടി അരച്ചുചേര്‍ക്കുക. പിറ്റേദിവസം ഒരു കാരറ്റ് കഴുകി ഗ്രേറ്റ് ചെയ്തതും സോയാബീന്‍ ചെറുതായി അരിഞ്ഞ് വേവിച്ചതും കുറച്ച് മുരിങ്ങയിലയും ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് ഇഡ്ഢലിത്തട്ടില്‍ വേവിക്കുക.
കടപ്പാട്
രേഖാ വിശ്വനാഥ്, വടകര

ശര്‍ക്കര കാരറ്റ് പുട്ട്
രണ്ട് കപ്പ് പുട്ടുപൊടി നനച്ചുവെക്കുക. ഇതിലേക്ക് ഒരു തേങ്ങ ചിരകിയതില്‍നിന്നും കുറച്ചെടുത്ത് ചേര്‍ക്കുക. മറ്റൊരു പാത്രത്തില്‍ 100 ഗ്രാം ശര്‍ക്കര ഉരുക്കി ചേര്‍ക്കുക. ശേഷം ഗ്രേറ്റ് ചെയ്ത രണ്ട് കാരറ്റ്, രണ്ട് ഏലയ്ക്ക, ഒരു ടീസ്പൂണ്‍ ജീരകം, ബാക്കി തേങ്ങ ചിരകിയതും ചേര്‍ത്തിളക്കുക. ഇനി പുട്ടുകുറ്റിയില്‍ ആദ്യം അല്‍പം ശര്‍ക്കരക്കൂട്ട് ഇട്ട് പിന്നെ പുട്ടുപൊടി ചേര്‍ക്കുക. വീണ്ടും ശര്‍ക്കരക്കൂട്ട് ഇടുക. ഇത് ആവര്‍ത്തിക്കുക. പുട്ട് വേവിക്കുക.
കടപ്പാട്
ശ്യാമള കെ.എം., അയ്യന്തോള്‍

പൂരന്‍പോളി
അരക്കിലോ മൈദയിലേക്ക് രണ്ട് ടീസ്പൂണ്‍ വീതം നെയ്യ്, പഞ്ചസാര, അര ടീസ്പൂണ്‍ വീതം മഞ്ഞള്‍പ്പൊടി, ജീരകപ്പൊടി, ഏലയ്ക്കപ്പൊടി, ചുക്കുപൊടി എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. പാകത്തിന് വെള്ളം ചേര്‍ത്ത് നല്ല മയത്തില്‍ കുഴച്ച് മുകളില്‍ നെയ്യ് തടവി അര മണിക്കൂര്‍ വെക്കുക. 250 ഗ്രാം കടലപ്പരിപ്പ് ചെറുതായി ചൂടാക്കി പൊടിക്കുക. ശേഷം കാല്‍ ലിറ്റര്‍ ശര്‍ക്കരപ്പാനിയില്‍ വരട്ടി ചെറിയ ഉരുളകളാക്കുക. മൈദാമാവ് ഓരോ ഉരുളകളാക്കി പപ്പട വലുപ്പത്തില്‍ പരത്തുക. അതില്‍ കടലമാവ് ഉരുളകള്‍ നിറച്ച് ഒട്ടിക്കുക. ഇനി മൈദമാവില്‍ മുക്കി കനം കുറച്ച് പരത്തുക. തവയില്‍ ചെറുചൂടില്‍ ചുട്ടെടുക്കുക.
കടപ്പാട്
പ്രീതി എസ്., കൊല്ലങ്കോട്‌

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Pack a delicious lunchbox with these easy recipes for chapathi rolls, idli, jaggery carrot puttu, and puran poli