ശിശുദിനത്തിൽ കുട്ടികൾ തന്നെ പരീക്ഷിക്കട്ടെ ഈ വിഭവങ്ങൾ

പ്രതീകാത്മകചിത്രം | AI
പ്രതീകാത്മകചിത്രം | AI

കുട്ടികളാണ് രാജ്യത്തിന്റെ ഭാവിയും പ്രതീകവും എന്നാണ് ചാച്ചാ നെഹ്റു പറഞ്ഞിട്ടുള്ളത്. ശിശുദിനാഘോഷത്തിന്റെ ലക്ഷ്യം തന്നെ എല്ലാ കുട്ടികൾക്കും സുരക്ഷിതമായി വളരാനും സ്വപ്‌നങ്ങൾ നേടിയെടുക്കാനും അനുയോജ്യമായ ഒരു ലോകം ഉറപ്പാക്കുകയെന്നതാണ്. രക്ഷിതാക്കളെന്ന നിലയിൽ അവരുടെ ആരോഗ്യത്തിനാവശ്യമായ പോഷകങ്ങളെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുന്നുണ്ടെന്ന് നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. ദൈനംദിന ഭക്ഷണത്തിൽ പ്രോട്ടീൻ, വൈറ്റമിൻ, മിനറൽ, ഫൈബർ എല്ലാം ആവശ്യത്തിന് അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കാം. പാൽ, മുട്ട, മീൻ, പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ്, പയർ വർഗ്ഗങ്ങൾ, നട്സ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ആവശ്യാനുസരണം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഈ ശിശുദിനത്തിൽ കുട്ടികൾക്ക് തന്നെ ഉണ്ടാക്കാൻ പറ്റുന്ന കുറച്ച് വിഭവങ്ങൾ ആയാലോ..

ചോക്ലേറ്റ് മഗ് ബ്രൗണി

ചേരുവകൾ
ഗോതമ്പ് പൊടി - കാൽ കപ്പ്‌
കൊക്കോ പൗഡർ - രണ്ട് ടേബിൾ സ്പൂൺ
പഞ്ചസാര - മൂന്ന് ടേബിൾ സ്പൂൺ
ബേക്കിങ് പൗഡർ - കാൽ ടീസ്പൂൺ
സൺഫ്ലവർ ഓയിൽ - മൂന്ന് ടേബിൾ സ്പൂൺ
പാൽ - ആറ് ടേബിൾ സ്പൂൺ
മിക്സ്‌ഡ് നട്സ് - ഒരു ടേബിൾ സ്പൂൺ
ചോക്കോ ചിപ്സ് - ഒരു ടേബിൾ സ്പൂൺ
വാനില എസ്സെൻസ് - അര ടീസ്പൂൺ
ഉപ്പ് - കാൽ ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം
മൈക്രോ വേവ് ചെയ്യാനുള്ള കപ്പിൽ ഗോതമ്പ് പൊടി എടുത്ത്, അതിലേക്ക് കൊക്കോ പൗഡർ, ബേക്കിങ് പൗഡർ, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് വിസ്ക് കൊണ്ട് യോജിപ്പിക്കുക. ഇതിലേക്ക് ഓയിലും പാലും എസ്സെൻസും ചേർത്ത് നന്നായി കട്ടകളില്ലാതെ യോജിപ്പിച്ചതിന് ശേഷം, ഈ ബാറ്ററിലേക്ക് ചോക്കോ ചിപ്സും നട്ട്സും ചേർത്തിളക്കുക. കപ്പിന്റെ വശങ്ങളെല്ലാം ഒരു ടിഷ്യൂ കൊണ്ട് ക്ലീൻ ചെയ്തതിന് ശേഷം, മൈക്രോവേവിൽ നോർമൽ ഹീറ്റിങ് മോഡിൽ രണ്ട് മിനിറ്റ് വെച്ചെടുക്കുക. ഐസ് ക്രീമും ചോക്ലേറ്റ് സിറപ്പും ടോപ്പിങ് ആയി കൊടുത്ത് സെർവ് ചെയ്യാം.

ഹോട്ട് ചോക്ലേറ്റ്

ചേരുവകൾ

പാൽ - ഒരു കപ്പ്‌
കൊക്കോ പൗഡർ - ഒരു ടേബിൾ സ്പൂൺ
ഡാർക്ക്‌ ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത് - അര കപ്പ്‌
പഞ്ചസാര - മൂന്ന് ടേബിൾ സ്പൂൺ
പട്ട - ഒരു കഷ്ണം
വിപ്പിങ് ക്രീം - കാൽ കപ്പ്‌

ഉണ്ടാക്കുന്ന വിധം
പാലിലേക്ക് പഞ്ചസാരയും പട്ടയും ചേർത്ത് തിളയ്ക്കാൻ വയ്ക്കുക. തിളച്ച് വരുമ്പോൾ ചെറിയ തീയാക്കി പട്ട കഷ്ണം എടുത്ത് മാറ്റാം. കൊക്കോ പൗഡർ പാലിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഡാർക്ക്‌ ചോക്ലേറ്റ് ചേർത്ത് യോജിപ്പിച്ച് കുറുകി വരുമ്പോൾ തീയിൽ നിന്ന് മാറ്റാം. വിപ്പിങ് ക്രീം സ്റ്റിഫ് പീക്ക്സ് വരുന്നത് വരെ വിപ്പ് ചെയ്ത് പൈപ്പിങ് ബാഗിൽ ആക്കുക. ഹോട്ട് ചോക്ലേറ്റ് കപ്പിൽ ഒഴിച്ചതിന് ശേഷം മുകളിൽ വിപ്പിങ് ക്രീം പൈപ്പ് ചെയ്ത് സെർവ് ചെയ്യാം.

സ്ട്രോബെറി പാൻകേക്ക്

ചേരുവകൾ
സ്ട്രോബെറി - 200 ഗ്രാം
ഗോതമ്പ് പൊടി - ഒരു കപ്പ്‌
പാൽ - അര കപ്പ്‌
മുട്ട - ഒന്ന്
പഞ്ചസാര - കാൽ കപ്പ്‌ + രണ്ട് ടേബിൾ സ്പൂൺ
ബേക്കിങ് പൌഡർ - ഒരു ടീസ്പൂൺ
ബേക്കിങ് സോഡ- കാൽ ടീസ്പൂൺ
വാനില എസ്സെൻസ് - അര ടീസ്പൂൺ
ഉപ്പ് - അര ടീസ്പൂൺ
ബട്ടർ - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം
സ്ട്രോബെറി ചെറുതായി അരിഞ്ഞതിലേക്ക് കാൽ കപ്പ്‌ പഞ്ചസാരയും കാൽ കപ്പ്‌ വെള്ളവും ചേർത്ത് തിളയ്ക്കാൻ വയ്ക്കുക. തിളച്ച് വരുമ്പോൾ തീ കുറച്ച് വെക്കണം. സ്ട്രോബെറി വെന്ത് ഉടയുന്ന പരുവം ആകുമ്പോൾ സ്പാറ്റുല കൊണ്ട് നന്നായി മാഷ് ചെയ്ത് കുറുക്കി സ്ട്രോബെറി സോസ് തയ്യാറാക്കാം. ഇനി മുട്ട പൊട്ടിച്ചൊഴിച്ച്, അതിലേക്ക് പാൽ, വാനില എസ്സെൻസ്, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് മൂന്നു ടേബിൾസ്പൂൺ സ്ട്രോബെറി സോസ് ആറിയതിന് ശേഷം ചേർത്തിളക്കുക. ആട്ട, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ എന്നിവ ചേർത്ത് വിസ്ക് കൊണ്ട് നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കിൽ പാൽ കൂടുതൽ ചേർക്കാം. കേക്ക് ബാറ്ററിന്റെ പരുവത്തിൽ ബാറ്റർ തയ്യാറാക്കിയതിന് ശേഷം പാൻ ചൂടാക്കി, ഒരു തവി മാവൊഴിച്ച് ഇടത്തരം തീയിൽ വെച്ച് ഒരു വശം ഇളം ബ്രൗൺ നിറം ആകുമ്പോൾ മറിച്ചിട്ട് പാൻ കേക്ക് ഉണ്ടാക്കിയെടുക്കാം. മുകളിൽ ബട്ടറും സ്ട്രോബെറി സോസും തൂവി സെർവ് ചെയ്യാം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Celebrate Children`s Day by letting kids cook! Discover delicious and simple recipes like Chocolate Mug Brownie, Hot Chocolate, and Strawberry Pancakes. Fun for the whole family!