ലോകത്തിലെ മികച്ച മത്സ്യവിഭവങ്ങളിൽ ഇടംനേടി കരിമീൻ പൊള്ളിച്ചതും നെത്തോലി 65ഉം

പ്രതീകാത്മകചിത്രം/AI
പ്രതീകാത്മകചിത്രം/AI

ദക്ഷിണേന്ത്യൻ ഭക്ഷണസംസ്‌കാരത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മത്സ്യവിഭവങ്ങളെ മാറ്റിനിർത്താനാവില്ല. നീണ്ടുകിടക്കുന്ന കടൽത്തീരങ്ങളും കായലുകളും പുഴകളും സമ്പന്നമായ ജലസ്രോതസ്സുകളും ദക്ഷിണേന്ത്യയുടെ ഭക്ഷണരീതികളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിന്റെയും തമിഴ്നാടിന്റെയുമൊക്കെ ഭക്ഷണപ്പെരുമയിൽ മത്സ്യവിഭവങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്. ഓരോ പ്രദേശത്തിനും അവരുടേതായ മത്സ്യവിഭവങ്ങളും പാചകരീതികളുമുണ്ട്.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സഞ്ചരിച്ചാൽ കേരളത്തിലെ മീൻ പാചകത്തിലെ രുചിവൈവിധ്യം നമുക്ക് തിരിച്ചറിയാൻ കഴിയും. അതുപോലെ തന്നെ തമിഴ് നാടിനും അവരുടേതായ മത്സ്യ വിഭവങ്ങൾ ധാരാളമായുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ഈ രുചിപ്പെരുമകൾ ലോക പ്രശസ്തി നേടിയിരിക്കുന്നു എന്നു കേട്ടാൽ അതിശയപ്പെടാനൊന്നുമില്ല. 
ലോകപ്രശസ്തമായ ഭക്ഷണ റേറ്റിങ് പ്ലാറ്റ്ഫോമായ ടേസ്റ്റ് അറ്റ്‌ലസ് ലോകത്തിലെ ഏറ്റവും മികച്ച 100 മത്സ്യവിഭവങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോൾ അതിൽ നമ്മുടെ കേരളത്തിന്റെ സ്വന്തം കരിമീൻ പൊള്ളിച്ചത് 34-ാം സ്ഥാനമാണ് നേടിയത്. അതേസമയം തമിഴ്നാടിന്റെ സ്വന്തം നെത്തോലി 65ഉം ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 57-ാം സ്ഥാനത്താണ് നെത്തോലി 65 എത്തിയത്. നമ്മളെ പോലെ ടൂറിസ്റ്റുകളായി ഇവിടെയെത്തുന്ന വിദേശികൾക്കും ഒരുപോലെ പ്രിയങ്കരമായ വിഭവമാണ് കരിമീൻ പൊള്ളിച്ചത്.

പ്രത്യേകിച്ച് കുട്ടനാടിന്റെയും ആലപ്പുഴയുടെയും തനതായ പാചകരീതികളുമായി ഏറെ ബന്ധമുള്ള ഈ വിഭവം ഇന്ന് ലോകത്തിന്റെ രുചിമേശയിലും ശ്രദ്ധ നേടുകയാണ്. ദക്ഷിണേന്ത്യൻ ഭക്ഷണങ്ങളുടെ വൈവിധ്യവും രുചിസമ്പത്തും ലോകശ്രദ്ധ പിടിച്ചു പറ്റുക എന്നത് നമ്മൾ നേടിയെടുത്ത നേട്ടം തന്നെയാണ്. നാട്ടിലെ സാധാരണ അടുക്കളകളിൽനിന്നും തലമുറകളായി കൈമാറിവന്ന പാചകപാരമ്പര്യങ്ങളിൽ നിന്നും രൂപപ്പെട്ട വിഭവങ്ങളാണ് ഇന്ന് ലോക പ്രശസ്തമായത് എന്നതിൽ നമുക്ക് ഓരോരുത്തർക്കും അഭിമാനിക്കാം.

കരിമീൻ പൊള്ളിച്ചത്
ചേരുവകൾ:

കരിമീൻ - മൂന്നെണ്ണം
സവാള - മൂന്നെണ്ണം
തക്കാളി - രണ്ടെണ്ണം
ചുവന്നുള്ളി - 10
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിൾ സ്പൂൺ
പച്ചമുളക് - രണ്ടെണ്ണം
മഞ്ഞൾപൊടി - ഒരു ടീസ്പൂൺ
മുളകുപൊടി - ഒരു ടേബിൾ സ്പൂൺ
കാശ്മീരി മുളകുപൊടി - ഒരു ടീസ്പൂൺ
മല്ലിപ്പൊടി - ഒരു ടേബിൾ സ്പൂൺ
കുരുമുളകുപൊടി - കാൽ ടീസ്പൂൺ
ഉലുവ പൊടിച്ചത് - കാൽ ടീസ്പൂൺ
തേങ്ങയുടെ ഒന്നാം പാൽ - കാൽ കപ്പ്
വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
വാഴയില- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: കരിമീൻ നന്നായി കഴുകി വൃത്തിയാക്കി, വരഞ്ഞു വെക്കുക. മിക്‌സി ജാറിൽ ചുവന്നുള്ളി, അര ടീസ്പൂൺ മഞ്ഞൾപൊടി, മുളകുപൊടി, കുറച്ച് കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മയത്തിൽ അരച്ചെടുക്കുക. ഈ കൂട്ട് മീനിൽ പുരട്ടി അര മണിക്കൂറിനുശേഷം പാനിൽ മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി, മീൻ വറുത്തെടുത്തു മാറ്റിവെക്കുക. അതേ എണ്ണയിലേക്ക് സവാള അരിഞ്ഞത്, നടുവേ കീറിയ പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. മൊരിഞ്ഞു തുടങ്ങുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. പച്ചമണം മാറുമ്പോൾ ചെറുതായി അരിഞ്ഞ തക്കാളി ചേർത്ത് വഴറ്റാം. ഇതിലേക്ക് മഞ്ഞൾപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, ഉലുവപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. ആവശ്യത്തിന് കറിവേപ്പിലയും ഉപ്പും ചേർക്കാം. എണ്ണ തെളിഞ്ഞു വരുമ്പോൾ തേങ്ങാപ്പാലും കുരുമുളകുപൊടിയും ചേർത്ത് യോജിപ്പിച്ച്, വെള്ളം നന്നായി വറ്റി, കുറുകി വരുമ്പോൾ വാങ്ങാം. ഇനി വാഴയിലയിൽ രണ്ട് ടേബിൾ സ്പൂൺ മസാല നിരത്തി, അതിന് മുകളിൽ ഒരു വറുത്ത മീൻ വെച്ച്, മീനിന് മുകളിലും മസാല നിരത്തി വാഴയില പൊതിഞ്ഞ് കെട്ടിവെക്കുക. ഇങ്ങനെ എല്ലാ മീനും പൊതിഞ്ഞതിന് ശേഷം ചൂടായ പാനിൽ അല്പം വെളിച്ചെണ്ണ തൂവി മീൻ പൊതിഞ്ഞത് നിരത്തി വെച്ച്, വാഴയിലയുടെ രണ്ട് വശവും മൊരിയുന്നത് വരെ തിരിച്ചും മറിച്ചുമിട്ട് പൊള്ളിച്ചെടുക്കുക.

പ്രതീകാത്മകചിത്രം/AI

നെത്തോലി 65
ചേരുവകൾ:

നെത്തോലി - 500 ഗ്രാം
കോൺഫ്‌ളോർ - രണ്ട് ടേബിൾ സ്പൂൺ
അരിപ്പൊടി - രണ്ട് ടേബിൾ സ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിൾ സ്പൂൺ
പച്ചമുളക് - ആറെണ്ണം
മുട്ട - ഒന്ന്
ചെറുനാരങ്ങ നീര് - രണ്ട് ടേബിൾ സ്പൂൺ
മുളകുപൊടി - ഒരു ടേബിൾ സ്പൂൺ
കാശ്മീരി മുളകുപൊടി - രണ്ട് ടീസ്പൂൺ
ഗരം മസാല - രണ്ട് ടീസ്പൂൺ
മഞ്ഞൾപൊടി - അര ടീസ്പൂൺ
സൺഫ്‌ലവർ ഓയിൽ, കറിവേപ്പില, ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: നെത്തോലി കഴുകി, വൃത്തിയാക്കി വെക്കുക. ഒരു ബൗളിൽ മുട്ടയുടെ വെള്ള മാത്രം എടുത്ത്, അതിലേക്ക് കോൺഫ്‌ളോർ, അരിപ്പൊടി എന്നിവയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും എല്ലാ പൊടികളും നാരങ്ങനീരും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കിൽ ഒരു സ്പൂൺ വെള്ളം ചേർക്കാം. മീൻ ഈ കൂട്ടിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു മണിക്കൂർ വെച്ചതിനു ശേഷം, കഡായിൽ എണ്ണ ചൂടാക്കി മീൻ ഇട്ട് അതിനോടൊപ്പം നടുവേ കീറിയ പച്ചമുളകും കറിവേപ്പിലയും ചേർത്ത് ഡീപ് ഫ്രൈ ചെയ്ത് കോരാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi