സാലിയാന്റിയുടെ ജാക്കറ്റിട്ട പഴംപൊരി

പഴംപൊരി, വാഴയ്ക്ക അപ്പം, ഏത്തയ്ക്ക അപ്പം ഇങ്ങനെ പല പല പേരില്‍ അറിയപ്പെടുന്ന ഒരു വിശിഷ്ട പലഹാരമാണ്. ഏത്തപ്പഴം നീളത്തില്‍ മുറിച്ച് മൈദ- പഞ്ചസാര കൂട്ടില്‍ മുക്കിപ്പൊരിച്ച് ചൂടോടെ കഴിക്കാം. ഇന്ത്യന്‍ കോഫി ഹൗസിലെ വാഴയ്ക്ക അപ്പമാണ് ഐഡിയല്‍. എത്ര ഫിറ്റാണ് അതിന്റെ ജാക്കറ്റ്. വാഴയ്ക്ക കഷ്ണം നല്ല അടിപൊളിയായിട്ടു അതിന്റെ ഉള്ളില്‍ ഇങ്ങനെ വിലസുന്നത് കാണുമ്പോള്‍ മറ്റു തട്ടുകടകളിലൊക്കെ ഇറുകിയതും, കീറിപ്പോയതുമായ ജാക്കറ്റിട്ടു അതിനുള്ളില്‍ ഞെളിപിരി കൊള്ളുന്ന പഴംപൊരികളോട് എനിക്ക് സഹതാപം തോന്നിയിരുന്നു. ചിലപ്പോഴൊക്കെ നല്ല മധുരമുള്ള പഴംപൊരി ആയിരിക്കും പക്ഷേ ചിലപ്പോള്‍ ഉടുപ്പ് ഇറുകിയതായിരിക്കും ചിലപ്പോള്‍ ഉടുപ്പിന്റെ മഞ്ഞച്ചായം കൂടിപ്പോയതാവും, മറ്റു ചിലപ്പോള്‍ ആകട്ടെ വാഴപ്പഴം ആകുന്നതിനു മുന്‍പേ ആര്‍ത്തി മൂത്തു വിളഞ്ഞങ്ങോട്ടു വരുന്ന പഴം തന്നെ എടുത്ത് പഴംപൊരി ആക്കിക്കളയും. ശോകം, അല്ലാതെന്ത് പറയാന്‍.
കോഫി ഹൗസിലെ പഴംപൊരി കഴിക്കുമ്പോഴൊക്കെ തോന്നിയിട്ടുണ്ട് ഇങ്ങനെ തന്നെ ഒന്ന് ഉണ്ടാക്കിനോക്കണമെന്ന്; ശ്രമിച്ചിട്ടുണ്ട്, ഫലം കണ്ടിട്ടില്ല. മനസ്സിലെന്നും പഴംപൊരി ഉണ്ടാക്കി വിജയിക്കാന്‍ പറ്റാത്ത നിരാശയുമായാണ് ഓരോ തവണയും പഴം പൊരി കഴിക്കുന്നത്. അങ്ങനെ ഒരു ദിവസം സാലി ആന്റി വീട്ടില്‍ വന്നു. നല്ല പച്ച ഏത്തക്ക വെച്ച് ഉപ്പേരി വറുത്തുകൊടുത്ത് ചായയും കുടിച്ചു കുറച്ചു കുശുമ്പും, ഇത്തിരി കുന്നായ്മയും പറഞ്ഞു ഇരിക്കുമ്പോള്‍ ആന്റി പറഞ്ഞു,
'നല്ല ഉപ്പേരി, നാട്ടീന്നു കൊണ്ടുവന്ന കായാണോ'
' അതേ ആന്റി'
'കുറച്ചു പഴുപ്പിച്ചു പഴംപൊരി ഉണ്ടാക്കൂ റാണി, പിള്ളേര്‍ക്ക് ഇഷ്ടപ്പെടും.'
'നടക്കില്ലാന്റി മാവൊക്കെ കലക്കി പഴവും അരിഞ്ഞിട്ടു എണ്ണയിലോട്ടിടുമ്പം എണ്ണയും മാവും വാഴപ്പഴവും കൂടെ ഉഗ്രനടി ആവും, ഞാമ്പോവ്വാ എന്നും പറഞ്ഞു പഴം തെക്കോട്ടും, അവിടെ നിക്കെടീ എന്നും പറഞ്ഞു മാവു പുറകെയും, ഇപ്പം രണ്ടും ഇവിടുന്നു ഇറങ്ങിക്കോണം എന്നും പറഞ്ഞു എണ്ണ തിളയോട് തിള, അവസാനം വല്ല വിധേനേം ഞാന്‍ എല്ലാം കൂടെ കോരി എടുക്കും, മുതല് നശിക്കും എന്നല്ലാതെ ഒരു ഫലവുമില്ല.'
അപ്പുറത്തെ വീട്ടിലെ അടിയുടെ ദൃക്‌സാക്ഷി വിവരണം കേട്ടിരുന്ന പോലെ ആന്റി കുറച്ചു നേരം നിര്‍ന്നിമേഷയായി ഇരുന്നു, എന്നിട്ടു പറഞ്ഞു,
'ഇനി അടീം വഴക്കും ഒന്നുമുണ്ടാകില്ല, ഞാനൊരു സൂത്രം പറയാം. കുറച്ചു മൈദപ്പൊടി എടുത്തു, പഞ്ചസാര പൊടിച്ചത് ചേര്‍ത്ത് ലേശം ഉപ്പും, ചേര്‍ത്ത് പാലും വെള്ളവും ചേര്‍ത്ത് കുഴയ്ക്കണം, എന്നിട്ട് ഒരു സ്പൂണ്‍ നെയ്യ് ചേര്‍ക്കണം, നല്ല ഒരു മണം വരും, എന്നിട്ടു നീളത്തിലരിഞ്ഞു വെച്ചിരിക്കുന്ന പഴം കഷണങ്ങള്‍ അതില്‍ മുക്കി എണ്ണയിലിട്ട് വറുത്തെടുക്കണം.'
അതൊരു പുതിയ അറിവായിരുന്നു, പക്ഷെ ഫലം കണ്ടു, പിന്നീട് ഞാനുണ്ടാക്കിയ പഴം പൊരികളെല്ലാം അടിയും വഴക്കുമില്ലാതെ നല്ല തക്കുടു വാവകളായി തുന്നിക്കൊടുത്ത ജാക്കറ്റുകളില്‍ ഫിറ്റായി അടങ്ങിയൊതുങ്ങിയിരുന്നു. അങ്ങനെയാണ് വീട്ടില്‍ സാലിയാന്റിയുടെ പഴംപൊരി പ്രശസ്തമായത്.
Content Highlights: jiji alex share her memories about food and taste