സോറൽ ഡ്രിങ്ക്, ജമൈക്കക്കാരുടെ റൂബി റെഡ് ക്രിസ്മസ് പാരമ്പര്യം

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ക്രിസ്മസ് മഞ്ഞുകട്ടകളുടെ അകമ്പടിയോടെയെത്തുമ്പോൾ ജമൈക്കയിൽ പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരിക്കും. മറ്റുള്ളവർ ചൂടു മസാല വീഞ്ഞുകൾ ആസ്വദിക്കുമ്പോൾ ജമൈക്കക്കാർക്കുമുണ്ട് സവിശേഷമായൊരു വൈൻ, സോറൽ. തിളക്കമുള്ള ചുവപ്പുനിറവും ഉന്മേഷം നൽകുന്ന രുചിയും കിട്ടാൻ സവിശേഷമായ രീതിയിലാണ് സോറൽ തയ്യാറാക്കുക.
'ഹിബിസ്കസ് സബ്ഡാരിഫ' (Hibiscus sabdariffa) എന്നറിയപ്പെടുന്ന റോസെല്ല ചെടിയുടെ പൂവാണ് ഈ പാനീയത്തിന്റെ പ്രധാനചേരുവ. പൂവിന്റെ അടിയിലെ കപ്പുപോലെയുള്ള കടും ചുവപ്പ് നിറത്തിലുള്ള ഭാഗം ഉണക്കിയെടുത്താണ് ഉപയോഗിക്കുക. ചുവന്ന ഭാഗങ്ങൾ പാനീയത്തിന് അതിമനോഹരമായ മാണിക്യനിറവും സ്വാഭാവികമായ പുളി, ക്രാൻബെറിക്കു സമാനമായ രുചിയും നൽകുന്നു.
ജമൈക്കൻ സോറലിനെ വളരെ പ്രത്യേകതയുള്ളതാക്കുന്നത് ഇതിലെ ചേരുവകളാണ്. ഉണങ്ങിയ പൂഭാഗങ്ങൾക്കൊപ്പം ഫ്രഷ് ഇഞ്ചിയും കറുവാപ്പട്ടയും ഗ്രാമ്പൂവും ചേർത്ത് ചൂടുവെള്ളത്തിൽ കുതിർത്തു വെക്കും. രുചി നന്നായി ഇറങ്ങുന്നതിനായി ഈ മിശ്രിതം രാത്രി മുഴുവൻ വെക്കണം. പിന്നീട് അരിച്ചെടുത്ത്, മധുരം ചേർത്ത്, തണുപ്പിച്ച ശേഷമാണ് വിളമ്പുക. ചില പരമ്പരാഗത രീതികളിൽ റമ്മോ വൈനോ ചേർക്കാറുണ്ട്, എന്നാൽ ആൽക്കഹോളില്ലാത്ത പതിപ്പുകൾക്കും വലിയ ജനപ്രീതിയുണ്ട്. ചില കുടുംബങ്ങൾ അവരുടെ സ്വന്തം പ്രത്യേക റെസിപ്പികൾക്കായി ഓറഞ്ച് തൊലി, ഓൾസ്പൈസ്, മറ്റ് സുഗന്ധദ്രവ്യങ്ങൾ എന്നിവയും ചേർക്കാറുണ്ട്.
തലമുറകളിലൂടെ കൈമാറിവന്ന ഒരു ക്രിസ്മസ് പാരമ്പര്യം
ഡിസംബറാകുമ്പോഴേക്കും ഒത്തുചേരലുകളിലും ആഘോഷവിരുന്നുകളിലും ആസ്വദിക്കാനായി കുടുംബങ്ങൾ ഈ പാനീയം ബാച്ചുകളായി തയ്യാറാക്കും. സോറൽ നിർമ്മാണം പലപ്പോഴും ഒരു കുടുംബ സംരംഭമാണ്, റെസിപ്പികൾ തലമുറകളിലൂടെ കൈമാറിവരുന്നതും. എല്ലാവരുടെയും കൈവശം അവരുടേതായ ചെറിയ രഹസ്യ ചേരുവയോ മധുരത്തിന്റെയും മസാലയുടെയും കൃത്യമായ അളവോ ഉണ്ടാകും.
കറുത്ത കേക്ക് എന്നുമറിയപ്പെടുന്ന ജമൈക്കൻ ക്രിസ്മസ് കേക്കും മറ്റ് പരമ്പരാഗത വിഭവങ്ങളുമൊക്കെയാണ് വൈനിനൊപ്പം വിളമ്പുക. ജമൈക്കൻ സോറൽ ഐസിനൊപ്പം തണുപ്പിച്ചാണ് സാധാരണ കഴിക്കുന്നത്. ഹിബിസ്കസ് ചായയോട് പലപ്പോഴും ഉപമിക്കപ്പെടുന്ന ജമൈക്കൻ സോറലിന് തനതായ പ്രത്യേകതയുമുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Made from dried roselle plant calyces (Hibiscus sabdariffa)., Infused with warming spices like ginger, cinnamon, and cloves., Served chilled over ice as a traditional Jamaican Christmas beverage