കപ്പലിന്റെ രൂപത്തിൽ ഗോവയിൽ ഒരു മ്യൂസിയമുണ്ട്. ടോർദയിലെ ഹൗസ് ഓഫ് ഗോവ മ്യൂസിയം

തിളങ്ങുന്ന കടൽത്തീരങ്ങളുടെയും വിനോദസഞ്ചാരികളുടെയും ലോകത്തിന് പുറത്ത് മറ്റൊരു ഗോവയുണ്ട് - കലയുടെ, പൈതൃകത്തിന്റെ, സംസ്‌കാരത്തിന്റെ ഗോവ. ടോർദ ഗ്രാമത്തിലേക്കുള്ള യാത്രയും അവിടത്തെ ഹൗസ് ഓഫ് ഗോവ മ്യൂസിയം സന്ദർശനവും ആ ഗോവയെ അടുത്ത് കാണിച്ചു. പനജിയിൽനിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റർ അകലെയാണ് ഈ മ്യൂസിയം. ഗോവയുടെ ഹൃദയത്തിൽ-ചരിത്രത്തിന്റെയും കലയുടെയും അടയാളമായിമാറിയ മനോഹരമായ ഗ്രാമമാണ് ടോർദ (Torda). വിശാലമായ പച്ചപ്പാടങ്ങൾ, പാടങ്ങൾക്കിടയിലൂടെ ചുരുളുന്ന വഴികൾ, പോർച്ചുഗീസ് ശൈലിയിലുള്ള പഴയ വീടുകൾ, വലിയ വാതിലുകൾ, നിറങ്ങളാൽ അലങ്കരിച്ച ജനാലകൾ, വീടുകളുടെ ചുവന്ന ടൈൽ മേഞ്ഞ മേൽക്കൂരകൾ, കായൽ, ചെറിയ അരുവികൾ, കൊച്ചു പള്ളികൾ - എല്ലാം ചേർന്ന് ഗോവയുടെ മറ്റൊരു മുഖം ടോർദ നമുക്ക് കാട്ടിത്തരും.
നങ്കൂരമിട്ട കപ്പൽപോലൊരു കെട്ടിടത്തിന് മുന്നിൽ യാത്ര അവസാനിച്ചു. ആർക്കിടെക്ട് Gerard da Cunha വിഭാവനംചെയ്ത House of Goa എന്ന മ്യൂസിയം! ചുവപ്പൻ ലാറ്ററൈറ്റ് കല്ലുകൊണ്ട് നിർമിച്ച ഭിത്തികളും തൂങ്ങിനിൽക്കുന്ന ബാൽക്കണികളും ടൈൽ മേൽക്കൂരകളും ഈ കെട്ടിടത്തെ വേറിട്ടതാകുന്നു. ഗോവൻ ജീവിതത്തിലെ പോർച്ചുഗീസ് സ്വാധീനവും ഗോവൻ വാസ്തുവിദ്യയുടെ സമ്പന്നതയും ഇവിടെ നേരിട്ടറിയാം. മൂന്ന് നിലകളാണ് മ്യൂസിയത്തിനുള്ളത്. ഓരോ നിലയും ഒരു കഥാപുസ്തകത്തിലെ അധ്യായങ്ങൾപോലെ. രേഖാചിത്രങ്ങൾ, ഗോവൻ കരകൗശലവസ്തുക്കൾ, മനോഹരമായ കൈവരികൾ, പഴയ ഗോവൻ ഗൃഹോപകരണങ്ങൾ തുടങ്ങി ഈ കുഞ്ഞുമ്യൂസിയത്തിൽ കാണാനൊരുപാടുണ്ട്. 1997-ൽ നിർമിച്ച ഈ മ്യൂസിയത്തിന് 'ജെറാർഡ്സ് ട്രാഫിക് ഐലൻഡ്' എന്ന വിളിപ്പേരുമുണ്ട്. അസാധാരണമായ ജ്യോമെട്രിക് ഘടനയും ത്രികോണാകൃതിയും, പുറത്തുനിന്ന് നോക്കുമ്പോൾ നിഗൂഢതകൾ തോന്നിക്കുമെങ്കിലും മുന്നോട്ടുള്ള യാത്രയിൽ കെട്ടിടത്തിന്റെ ഭംഗി വെളിപ്പെടും. കണ്ടിറങ്ങുമ്പോൾ ഹൗസ് ഓഫ് ഗോവ വെറും മ്യൂസിയംമാത്രമായി തോന്നില്ലെന്നുറപ്പ്.
ഗോവൻ ശില്പശാസ്ത്രവും പൈതൃകസംരക്ഷണവും സംബന്ധിച്ച ഒരു പാഠശാലതന്നെയാണിത്. ആദ്യനിലയിൽ ഗോവൻവീടുകളുടെ രൂപങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ചെറിയ മോഡലുകളായിത്തീർത്ത വീടുകളും ബാൽക്കണികളും, പഴയകാല ജീവിതത്തിന്റെ നേർക്കാഴ്ച നൽകും. രണ്ടാംനിലയിൽ ഗോവൻ കലയും ആഭരണങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. പഴയ മരപ്പണിക്കാരുടെ മികവ് കാണിക്കുംവിധം അവർ ഉണ്ടാക്കിയ അലമാരകൾ, തീൻമേശകൾ, പഴയ വീട്ടുപകരണങ്ങൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്നു.
അടുത്ത ഭാഗം ഗോവൻ സംഗീതോപകരണങ്ങളും വേഷവിധാനങ്ങളും ഘുമോട്ട്, മാണ്ടോ, ഹുഗ്ലി (Ghumot, Mando, Fugdi) തുടങ്ങിയ കലാരൂപങ്ങളുടെ വാദ്യോപകരണങ്ങളും ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. മൂന്നാംനിലയിൽ ഗോവയുടെ മാരിടൈം ചരിത്രവും പോർച്ചുഗീസ് സ്വാധീനവും വിശദമായി കാണാം. പഴയ നാവികപ്പട ഉപയോഗിച്ച മാപ്പുകൾ, പഴയ പള്ളികളുടെ ചിത്രങ്ങൾ, കെട്ടിടങ്ങളുടെ ശില്പങ്ങൾ എല്ലാം ഗോവയുടെ ചരിത്രസഞ്ചാരത്തെ പറയുന്നു.
പോർച്ചുഗീസ് ശില്പശാസ്ത്രവും ഇന്ത്യൻ കരകൗശലതയും ചേർന്നുണ്ടാക്കിയ കലയുടെ അദ്ഭുതമാണ് ഗോവയുടെ വീടുകളും പള്ളികളും എന്ന തിരിച്ചറിവ് ഈ മ്യൂസിയം ഉറപ്പായും തരും. മുകളിൽ ഒരു ചെറിയ ഓപ്പൺ ഓഡിറ്റോറിയമുണ്ട്. അവിടെ, ഗോവയിലെ വിവിധ വീടുകളിൽനിന്നുള്ള 30-ഓളം തുളസിച്ചെടികളുടെ കൗതുകകരമായ പ്രദർശനം കാണാനാകും. ഇവിടെനിന്ന് നോക്കിയാൽ തൊട്ടടുത്തുള്ള സ്‌കൂൾ കാണാം. അവിടെ ചുവരുകളും ഒഴിഞ്ഞ ഗ്ലാസ് കുപ്പികൾകൊണ്ട് നിർമിച്ച വേദിയുടെ പശ്ചാത്തലവുമുള്ള ഒരു തുറന്ന തിയേറ്ററുണ്ട്.
ടെറസിലേക്ക് കയറിയാൽ മനസ്സിനെ പിടിച്ചടക്കുന്ന പ്രകൃതിദൃശ്യങ്ങളാണ് ചുറ്റിലും. പനമരങ്ങൾക്കിടയിൽ ചുവന്ന മേൽക്കൂരകളുള്ള വീടുകൾ, അകലെയായി തെളിഞ്ഞുനിൽക്കുന്ന നദി, ഇടയ്ക്ക് മുഴങ്ങുന്ന പള്ളിമണി എല്ലാം മാരിയോ മിറാൻഡ ചിത്രംപോലെ കൺമുന്നിൽ തെളിയും. അതുതന്നെയാണ് ഗോവയുടെ ആത്മാവ്. മ്യൂസിയത്തിന്റെ ഒട്ടുമിക്ക ഇടങ്ങളിലും മതിലുകളിലും വർണാഭമായ ചിത്രങ്ങളുണ്ട്. പള്ളിയിലെയും കടൽത്തീരങ്ങളിലെയും ഹോട്ടലുകളിലെയും മാർക്കറ്റുകളിലെയും ഗോവൻ ജീവിതത്തിന്റെ താളം ആ ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. ഓരോ വരയും ഒരു കഥ പറയും, ഓരോ മുഖവും ഒരു ഓർമ്മ പുതുക്കലാവും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Located in the picturesque village of Torda, 12km from Panaji., Designed by renowned architect Gerard da Cunha, shaped like a ship., Showcases Goan history, Portuguese architectural influence, and local crafts., Features a unique collection of traditional Goan houses, musical instruments, and maritime history., Offers a panoramic view of the Goan landscape from its terrace.