ഒരിക്കൽ പാവങ്ങൾക്കുവേണ്ടി തയ്യാറാക്കിയിരുന്ന പിസ്സ, ഇന്ന് വീട്ടിലും എളുപ്പത്തിലുണ്ടാക്കാം

പ്രതീകാത്മകചിത്രം/Freepik
പ്രതീകാത്മകചിത്രം/Freepik

ഇറ്റലിയിൽ പാവങ്ങൾക്ക് വേണ്ടി തയ്യാറാക്കിയിരുന്ന ഭക്ഷണം പിന്നീട് ലോക പ്രസിദ്ധി നേടി എല്ലാവരുടെയും മനസ്സു കീഴടക്കിയ ചരിത്രമാണ് പിസ്സയുടേത്. ഇന്ന് നമ്മൾ കാണുന്ന ആധുനിക പിസ്സയുടെ ജന്മനാട് ഇറ്റലിയിലെ നേപ്പിൾസ് നഗരമാണ്. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി നേപ്പിൾസിലെ സാധാരണക്കാരായ ജോലിക്കാർക്ക് കുറഞ്ഞ ചെലവിൽ വയറുനിറയ്ക്കാൻ കഴിയുന്ന ഭക്ഷണമായിരുന്നു പിസ്സ. പരന്ന റൊട്ടിയുടെ മുകളിൽ തക്കാളിയും മറ്റ് ചേരുവകളും ചേർത്താണ് അവരിത് തയ്യാറാക്കിയിരുന്നത്. പിന്നീട് പിസ്സയുടെ പ്രശസ്തി വർധിച്ചു.

1889-ൽ ഇറ്റലിയിലെ രാജ്ഞിയായ മാർഗരിറ്റ പിസ്സ തയ്യാറാക്കിയതായി പറയപ്പെടുന്ന  പ്രസിദ്ധമായ ഒരു കഥയുണ്ട്. പിസ്സ നിർമ്മാതാവായ റാഫേലെ എസ്‌പോസിറ്റോ, തക്കാളി, മൊസറെല്ല ചീസ്, ബേസിൽ ഇലകൾ എന്നിവ ചേർത്ത് ചുവപ്പ്, വെള്ള, പച്ച നിറങ്ങളിൽ പിസ്സ തയ്യാറാക്കിയെന്നും, ഇറ്റാലിയൻ ദേശീയ പതാകയുടെ നിറങ്ങളുമായി സാമ്യമുള്ളതിനാൽ ആ പിസ്സയ്ക്ക് 'പിസ്സ മാർഗരിറ്റ' എന്ന പേര് ലഭിച്ചുവെന്നുമാണ് കഥ.

പിന്നീട് ഇറ്റലിയിൽനിന്ന് അമേരിക്കയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കുടിയേറിയ ആളുകളിലൂടെ പിസ്സ ലോകമെമ്പാടും പ്രചാരത്തിലായി. ഓരോ രാജ്യവും സ്വന്തം രുചികൾക്കനുസരിച്ച് പിസ്സയിൽ മാറ്റങ്ങൾ വരുത്തി. ഇന്ത്യയിലും കേരളത്തിലും പിസ്സയ്ക്ക് വലിയ ആരാധകവൃന്ദമുണ്ട്. നമ്മുടെ നാട്ടിലെ മസാലകളും പനീറും ചിക്കനും ഉൾപ്പെടുത്തി ഇന്ത്യൻ രുചിക്കനുസരിച്ചുള്ള പിസ്സകളും ഇന്ന് തയ്യാറാക്കപ്പെടുന്നു. നമുക്കും വീട്ടിൽ എളുപ്പത്തിൽതന്നെ ഒരു പിസ്സ തയ്യാറാക്കിയാലോ…

ചിക്കൻ സ്വീറ്റ് കോൺ പിസ്സ
ചേരുവകൾ:

മൈദ - രണ്ട് കപ്പ്
പഞ്ചസാര - രണ്ട് ടീസ്പൂൺ
യീസ്റ്റ് - രണ്ട് ടീസ്പൂൺ
ഒലിവ് ഓയിൽ - രണ്ട് ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
ബോൺലസ് ചിക്കൻ - 250 ഗ്രാം
മോസറെല്ല ചീസ് - 50 ഗ്രാം
സവാള - ഒന്ന്
തക്കാളി - രണ്ട്
ക്യാപ്സിക്കം - ഒന്ന്
ഫ്രോസൺ സ്വീറ്റ് കോൺ - കാൽ കപ്പ്
വെളുത്തുള്ളി - അഞ്ച് വലിയ അല്ലി
ഒറിഗാനോ - രണ്ട് ടീസ്പൂൺ
ചില്ലി ഫ്‌ലേക്‌സ് - ഒരു ടേബിൾ സ്പൂൺ
മുളകുപൊടി - ഒരു ടീസ്പൂൺ
ചെറുനാരങ്ങ - ഒന്ന്
ഉപ്പ്, എണ്ണ, മല്ലിയില- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: അരക്കപ്പ് ചൂടുവെള്ളത്തിൽ പഞ്ചസാരയും യീസ്റ്റും കലക്കി വെക്കുക. പത്ത് മിനിറ്റിനുശേഷം ഇത് മൈദയിലേക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കുഴച്ച് ഒലിവ് ഓയിൽ മുകളിൽ തൂവിയതിനു ശേഷം പാത്രം ഒരു നനഞ്ഞ തുണി കൊണ്ട് മൂടി മാറ്റി വെക്കണം. പിസ്സ സോസ് തയ്യാറാക്കാൻ പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി, സവാള, തക്കാളി എന്നിവ വലിയ കഷണങ്ങളായി അരിഞ്ഞുചേർത്ത് വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി, മല്ലിയില എന്നിവയും ചേർക്കുക. ഒരു ടീസ്പൂൺ ഒറിഗാനോ, ചില്ലി ഫ്‌ളേക്‌സ് എന്നിവയും ഉപ്പും ചേർക്കുക. തീയിൽ നിന്ന് മാറ്റി ആറിയതിനു ശേഷം അരച്ചെടുക്കുക. ചിക്കനിലേക്ക് മുളകുപൊടി, ബാക്കി ഒറിഗാനോ, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ച് ഷാലോ ഫ്രൈ ചെയ്‌തെടുക്കുക. ഇനി പിസ്സ ഡോ പാനിൽ വെച്ച്, അല്പം മാവ് തൂവി പരത്തി, ഒരു ഫോർക്ക് കൊണ്ട് എല്ലായിടവും പ്രിക്ക് ചെയ്യുക. അതിനുമുകളിൽ പിസ്സ സോസ് നിരത്തി, അതിനുമുകളിൽ നീളത്തിൽ അരിഞ്ഞ കാപ്സിക്കം, ചിക്കൻ, സ്വീറ്റ് കോൺ എന്നിവ നിരത്തി, മുകളിൽ ഗ്രേറ്റ് ചെയ്ത ചീസും ഒറിഗാനോയും ഫ്‌ളേക്‌സും തൂവി, 180ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 - 20 മിനിറ്റ് വെച്ചെടുക്കാം. ഓവൻ ഇല്ലെങ്കിൽ നോൺസ്റ്റിക്ക് പാനിലും തയ്യാറാക്കാം.

ഇൻസ്റ്റന്റ് വെജ് പിസ്സ
ചേരുവകൾ:

ഗോതമ്പ് മാവ് - ഒരു കപ്പ്
തൈര് - മുക്കാൽ കപ്പ്
പഞ്ചസാര - രണ്ട് ടീസ്പൂൺ
ബേക്കിംഗ് പൗഡർ - മുക്കാൽ ടീസ്പൂൺ
ഉപ്പ്, എണ്ണ - ആവശ്യത്തിന്
പനീർ - 50 ഗ്രാം
പിസ്സ സോസ് - മൂന്ന് ടേബിൾ സ്പൂൺ
ടൊമാറ്റോ സോസ് - രണ്ട് ടേബിൾ സ്പൂൺ
ചീസ് - 100 ഗ്രാം
കാപ്സിക്കം - ഒന്ന്
സവാള - ഒന്ന്
തക്കാളി - ഒന്ന്
ബ്ലാക്ക് ഒലിവ് - കുറച്ച്
ഇറ്റാലിയൻ സീസണിങ് - ഒരു ടീസ്പൂൺ
തയ്യാറാക്കുന്നവിധം: ഗോതമ്പുമാവിലേക്ക് തൈര്, പഞ്ചസാര, ബേക്കിംഗ് പൗഡർ, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിൽ കലക്കുക. പിസ്സ സോസും ടൊമാറ്റോ സോസും യോജിപ്പിച്ച് വെക്കുക. പച്ചക്കറികളും പനീറും നേരിയതായി നീളത്തിൽ അരിഞ്ഞു വെക്കുക. ഇനി ചെറിയ ഫ്രൈ പാനിൽ അല്പം എണ്ണ തൂവി, രണ്ടു തവി മാവ് കോരിയൊഴിക്കുക. പാൻ കേക്ക് പോലെ കട്ടിയിൽ ഒഴിച്ച്, ഒരു വശം വേവുമ്പോൾ മറിച്ചിടുക. ചെറുതീയിൽ വെച്ച്, വെന്ത വശത്തു ഒരു ടേബിൾ സ്പൂൺ യോജിപ്പിച്ച സോസ് പുരട്ടി, അതിന് മുകളിൽ നീളത്തിൽ അരിഞ്ഞ പച്ചക്കറികളും പനീറും ഒലിവും നിരത്തുക. അതിന് മുകളിൽ ഗ്രേറ്റ് ചെയ്ത ചീസും ഇറ്റാലിയൻ സീസണിങ്ങും തൂവി മൂടിവെച്ച് ചീസ് മെൽട്ട് ആവുന്നതുവരെ വേവിച്ചെടുക്കാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi