തന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും കാരണം അച്ചാർ ആയിരുന്നുവെന്ന് ക്ലിയോപാട്ര വിശ്വസിച്ചിരുന്നു?

അച്ചാറിന്റെ ചരിത്രം ഏകദേശം 4,000 വർഷങ്ങൾക്ക് മുമ്പുള്ള പുരാതന മെസപ്പൊട്ടേമിയയിലേക്ക് നീളുന്നതായാണ് കരുതപ്പെടുന്നത്. ചൈന വന്മതിൽ നിർമിക്കുന്ന ജോലിക്കാർക്കായാണ് ആദ്യമായി കുക്കുമ്പർ പിക്കിൾ ഉണ്ടാക്കിയതെന്നൊരു വാദവുമുണ്ടെങ്കിലും, മെസപ്പൊട്ടേമിയയിലാണ് അച്ചാറുകളുടെ ഉത്ഭവം എന്നതാണ് പ്രബലമായ വാദം. ഇന്നത്തെ ഇറാഖ് ഉൾപ്പെടുന്ന പ്രദേശമായിരുന്നു പുരാതന മെസപ്പൊട്ടേമിയ.
റെഫ്രിജറേറ്ററോ ഫ്രീസറോ ഇല്ലാതിരുന്ന അക്കാലത്ത് ഭക്ഷണസാധനങ്ങൾ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. ഇതിനുള്ള പരിഹാരമായാണ് ഉപ്പ്, വിനാഗിരി എന്നിവയിൽ പച്ചക്കറികളും പഴങ്ങളും ഇട്ടുവെച്ച് സൂക്ഷിക്കാൻ തുടങ്ങിയത്. ഇങ്ങനെയാണ് അച്ചാർ എന്ന ഭക്ഷണരീതിയുടെ ആദ്യകാല രൂപങ്ങൾ ഉണ്ടായത്.
പണ്ട് കപ്പൽ യാത്രകളിലും കടൽവ്യാപാരങ്ങളിലും ദീർഘകാലം സൂക്ഷിക്കേണ്ട ഭക്ഷണങ്ങളുടെ പ്രാധാന്യം വളരെ വലുതായിരുന്നു. അച്ചാറുകൾ അത്തരം ആവശ്യങ്ങൾ നിറവേറ്റിയിരുന്ന വിഭവങ്ങളിലൊന്നായിരുന്നു. പുരാതന ഈജിപ്തുകാരും ഗ്രീക്കുകാരും റോമക്കാരും ഒലിവും മറ്റ് പച്ചക്കറികളും അച്ചാറിട്ട് സൂക്ഷിച്ചിരുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുതന്നെ അച്ചാറിന്റെ പോഷകഗുണങ്ങളെക്കുറിച്ചും സൗന്ദര്യസംരക്ഷണത്തിന് അത് സഹായിക്കുമെന്ന വിശ്വാസത്തെക്കുറിച്ചും പുരാതന ഗ്രന്ഥങ്ങളിലും ചരിത്രകാരന്മാരുടെ രേഖകളിലും പരാമർശങ്ങളുണ്ട്. മറ്റൊരു രസകരമായ വാദം കൂടിയുണ്ട്. ഈജിപ്തിലെ രാജ്ഞിയായ ക്ലിയോപാട്ര തന്റെ ഭക്ഷണക്രമത്തിൽ അച്ചാറിന് നൽകിയിരുന്ന പ്രാധാന്യമാണ് തന്റെ ആരോഗ്യത്തിനും ലോകപ്രശസ്തമായ സൗന്ദര്യത്തിനും കാരണമായതെന്ന് വിശ്വസിച്ചിരുന്നതായും പറയപ്പെടുന്നു. അതുപോലെ തന്നെ രണ്ടാം ലോക മഹായുദ്ധത്തിൽ തങ്ങളുടെ സൈനികർക്കായി അമേരിക്ക പ്രത്യേകം അച്ചാറുകൾ തയ്യാറാക്കിയതായും ചരിത്രമുണ്ട്.
ഇന്ത്യയിലെ ഓരോ പ്രദേശത്തിനും സ്വന്തമായ അച്ചാർ രുചികളുണ്ട്. ഉത്തരേന്ത്യയിൽ കടുകെണ്ണയും കടുകും ചേർത്ത മാങ്ങാ അച്ചാർ വളരെ പ്രശസ്തമാണ്. ആന്ധ്രയിൽ എരിവും മസാലയും നിറഞ്ഞ ആവക്കായക്ക് വലിയ സ്ഥാനമുണ്ട്. തമിഴ്നാട്ടിൽ നാരങ്ങ, മാങ്ങ, വെളുത്തുള്ളി അച്ചാറുകളും പല തരം തൊക്കുകളും ജനപ്രിയമാണ്. കേരളത്തിലാകട്ടെ മാങ്ങാ അച്ചാർ, നാരങ്ങാ അച്ചാർ, ഇഞ്ചിപ്പുളി, മീൻ അച്ചാർ, ചെമ്മീൻ അച്ചാർ തുടങ്ങി വൈവിധ്യമാർന്ന രുചികളാണ് ഉള്ളത്. നമ്മുടെ കാലാവസ്ഥയും സുഗന്ധവ്യഞ്ജനങ്ങളുടെ സമൃദ്ധിയും അച്ചാർ സംസ്കാരത്തെ വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മുത്തശ്ശിമാർ വേനൽക്കാലത്ത്, വലിയ ഭരണികളിൽ മാങ്ങാ അച്ചാർ തയ്യാറാക്കുന്നതും, നാരങ്ങയും നെല്ലിക്കയുമൊക്കെ ഉപ്പിലിട്ടു വെക്കുന്നതുമെല്ലാം നമ്മുടെ ഭക്ഷണസംസ്കാരത്തിന്റെ ഗൃഹാതുരത്വം തുളുമ്പുന്ന മനോഹരമായ ഓർമകളാണ്. നാവിൽ വെള്ളമൂറിക്കുന്ന രണ്ട് അച്ചാറുകൾ ഇതാ..
ആവക്കായ്
ചേരുവകൾ:
പുളിയുള്ള പച്ച മാങ്ങ - രണ്ടര കിലോ
വെളുത്തുള്ളി - അര കിലോ
മുളകുപൊടി - രണ്ട് കപ്പ്
കാശ്മീരി മുളകുപൊടി - രണ്ട് കപ്പ്
കടുക് പൊടിച്ചത് - മൂന്ന് കപ്പ്
നല്ലെണ്ണ - മൂന്ന് കപ്പ്
കല്ലുപ്പ് പൊടിച്ചത് - രണ്ടര കപ്പ്
ഉലുവ - രണ്ട് ടേബിൾ സ്പൂൺ
മഞ്ഞൾപൊടി - ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കുന്നവിധം: പാനിൽ ഉലുവ ചൂടാക്കി പൊടിച്ചെടുക്കുക. ശേഷം നല്ലെണ്ണ നന്നായി ചൂടാക്കിയതിനു ശേഷം ആറാൻ വെക്കുക. എണ്ണ നന്നായി ചൂടാറണം. മാങ്ങ തൊലിയോടുകൂടി ഇടത്തരം വലുപ്പത്തിൽ കഷണങ്ങളാക്കി വെക്കുക. വെളുത്തുള്ളി തൊലി കളഞ്ഞുവെക്കുക. എല്ലാ പൊടികളും ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അച്ചാർ പൊടി തയ്യാറാക്കുക. ഭരണിയിൽ ഒരു ലെയർ മാങ്ങ നിരത്തി, അതിന് മുകളിൽ ഒരു പിടി വെളുത്തുള്ളി നിരത്തണം. അതിന് മുകളിൽ ഒരു വലിയ തവി അച്ചാർ പൊടി നിരത്തി, അതിന് മുകളിൽ ഒരു തവി എണ്ണയും തൂവുക. ഇങ്ങനെ മാങ്ങ, വെളുത്തുള്ളി, പൊടി, എണ്ണ എന്ന ക്രമത്തിൽ മുഴുവനായി ലെയർ ചെയ്യുക. ശേഷം ഭരണി ഒരു തുണി കൊണ്ട് മൂടിക്കെട്ടി അടപ്പു കൊണ്ട് മൂടി വെക്കുക. അഞ്ചു ദിവസത്തിന് ശേഷം ഉപയോഗിക്കാം.
പ്രോൺസ് പിക്കിൾ
ചേരുവകൾ:
ചെറിയ ചെമ്മീൻ - അര കിലോ
ഇഞ്ചി ചതച്ചത് - ഒന്നര ടേബിൾ സ്പൂൺ
വെളുത്തുള്ളി ചതച്ചത് - ഒന്നര ടേബിൾ സ്പൂൺ
പച്ചമുളക് ചതച്ചത് - ഒരു ടേബിൾ സ്പൂൺ
മഞ്ഞൾപൊടി - ഒരു ടീസ്പൂൺ
മുളകുപൊടി - ഒരു ടേബിൾ സ്പൂൺ
കാശ്മീരി മുളകുപൊടി - ഒരു ടേബിൾ സ്പൂൺ
കടുക് - ഒരു ടീസ്പൂൺ
ഉലുവ - അര ടീസ്പൂൺ
കായപ്പൊടി - ഒരു ടീസ്പൂൺ
വിനിഗർ - മൂന്ന് ടേബിൾ സ്പൂൺ
ഉപ്പ്, എണ്ണ, കറിവേപ്പില - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: കടുക്, ഉലുവ എന്നിവ ഒന്ന് ചൂടാക്കി പൊടിച്ചു വെക്കണം. വൃത്തിയാക്കിയ ചെമ്മീനിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക. പാനിൽ എണ്ണ ചൂടാക്കി ചെമ്മീൻ വറുത്തു കോരി മാറ്റി വെക്കാം. അതേ എണ്ണയിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക. നന്നായി വഴറ്റുക. ഇനി തീ നന്നായി കുറച്ച് വെച്ചതിനു ശേഷം ബാക്കി എല്ലാ പൊടികളും ചേർത്ത് യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് വറുത്തു വെച്ച ചെമ്മീൻ ചേർത്ത്, വിനിഗറും ചേർത്ത് യോജിപ്പിച്ച് തീയിൽ നിന്ന് മാറ്റാം. ആറിയതിന് ശേഷം എയർ ടൈറ്റ് കണ്ടെയ്നറിൽ ആക്കി റെഫ്രിജറേറ്ററിൽ സൂക്ഷിക്കാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi