ചർമസൗന്ദര്യവും മുടിയുടെ ആരോഗ്യവും കാക്കുന്ന അവൊക്കാഡോ

Photo:Shutterstock
Photo:Shutterstock

ബട്ടർഫ്രൂട്ട് എന്നറിയപ്പെടുന്ന അവൊക്കാഡോ ഇഷ്ടമല്ലാത്തവർ ഉണ്ടോ? പേരുപോലെ തന്നെ വെണ്ണ പോലെ മയമുള്ളതായതിനാൽ ഷേക്കിനും സ്മൂത്തിക്കും സാലഡിനും സാൻഡ്‌വിച്ചിനും റോൾ ഫില്ലിങ്ങിനുമൊക്കെ അവൊക്കാഡോ നല്ലതാണ്. വിറ്റാമിൻ K, C, E, B6, ഫോളേറ്റ്, പൊട്ടാസ്യം, ഫൈബർ എന്നിവയുടെ നല്ല ഉറവിടമാണ് അവൊക്കാഡോ.

ഇതിൽ നല്ല കൊഴുപ്പ് കൂടുതൽ ഉള്ളതിനാൽ ശരീരത്തിലെ മോശം കൊളസ്‌ട്രോൾ കുറയ്ക്കുകയും അതു വഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിൻ E, നല്ല കൊഴുപ്പ് എന്നിവ ചർമത്തിന് മൃദുത്വം നൽകുന്നു. മുടിയുടെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. പൊട്ടാസ്യം കൂടുതൽ ഉള്ളതിനാൽ രക്തസമ്മർദം നിയന്ത്രിക്കുന്നു. ഫൈബർ ദഹനശേഷി കൂട്ടുകയും ചെയ്യുന്നു. ഇത്രയും പോഷകസമൃദ്ധമായ അവൊക്കാഡോ ഇനി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കരുത്.

അവൊക്കാഡോ പനീർ ടോസ്റ്റ്
ചേരുവകൾ:

വീറ്റ് ബ്രെഡ് - എട്ട് സ്ലൈസ്
അവൊക്കാഡോ - രണ്ടെണ്ണം
പനീർ - 100 ഗ്രാം
ചീസ് ഗ്രേറ്റ് ചെയ്തത് - അരക്കപ്പ്
ബട്ടർ - മൂന്ന് ടേബിൾ സ്പൂൺ
സവാള - ഒന്ന്
തക്കാളി - ഒന്ന്
പച്ചമുളക് - ഒന്ന്
ചെറുനാരങ്ങ - ഒന്ന്
ജീരകപ്പൊടി - കാൽ ടീസ്പൂൺ
കുരുമുളകുപൊടി - ഒരു ടീസ്പൂൺ
മല്ലിയില, ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: സവാള, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ പൊടിയായി ചോപ്പ് ചെയ്ത് വെക്കുക. ഒരു വലിയ മിക്‌സിങ് ബൗളിലേക്ക് അവൊക്കാഡോ സ്‌കൂപ്പ് ചെയ്തിടുക. ഒരു ഫോർക്ക് കൊണ്ട് നന്നായി ഉടച്ചെടുക്കുക. അതിലേക്ക് പനീർ ഗ്രേറ്റ് ചെയ്തതും ചോപ്പ് ചെയ്തു വെച്ച ചേരുവകളും ചേർക്കുക. ചെറുനാരങ്ങാനീരും കുരുമുളകുപൊടിയും ജീരകപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു സ്ലൈസ് ബ്രെഡിൽ ഈ കൂട്ട് പുരട്ടി, മുകളിൽ ചീസ് വിതറിയതിനുശേഷം മറ്റൊരു സ്ലൈസ് ബ്രെഡ് കൊണ്ട് മൂടി വെക്കുക. ഇങ്ങനെ എല്ലാ ബ്രെഡും സാൻഡ്‌വിച്ച് ആക്കിയതിനു ശേഷം ഈ സാൻഡ്‌വിച്ചിന്റെ രണ്ടു വശവും ബട്ടർ പുരട്ടി ഗ്രിൽ പാനിലോ ടോസ്റ്ററിലോ വെച്ച് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ടോസ്റ്റ് ചെയ്തെടുക്കുക.

പ്രതീകാത്മകചിത്രം/Photo:Shutterstock

അവൊക്കാഡോ ആപ്പിൾ സാലഡ്
ചേരുവകൾ:
 
അവൊക്കാഡോ - ഒന്ന്
ആപ്പിൾ - ഒന്ന്
ചെറുനാരങ്ങ - ഒന്ന്
തേൻ - രണ്ട് ടേബിൾസ്പൂൺ
കുരുമുളകുപൊടി - മുക്കാൽ ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: സ്‌കൂപ്പ് ചെയ്ത അവൊക്കാഡോ, ആപ്പിൾ എന്നിവ ചെറിയ ക്യൂബ്‌സ് ആക്കി വെക്കുക. ചെറുനാരങ്ങാനീര്, തേൻ, കുരുമുളകുപൊടി, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് ഡ്രസ്സിങ് തയ്യാറാക്കുക. ഇതിലേക്ക് അവൊക്കാഡോയും ആപ്പിളും ചേർക്കുക. നന്നായി ടോസ് ചെയ്ത് യോജിപ്പിക്കുക.

അവൊക്കാഡോ ഡേറ്റ്‌സ് സ്മൂത്തി
ചേരുവകൾ: 

അവൊക്കാഡോ - ഒന്ന്
ഈന്തപ്പഴം - പത്തെണ്ണം
പാൽ - ഒന്നര കപ്പ്
കാഷ്യുനട്ട്‌സ് - അഞ്ചെണ്ണം
ബദാം - അഞ്ചെണ്ണം
തയ്യാറാക്കുന്നവിധം: അര കപ്പ് ചൂടുപാലിൽ ഡേറ്റ്‌സ് കുരു കളഞ്ഞ് കുതിർത്തുവെക്കുക. ഒരു ബ്ലെൻഡറിലേക്ക് അവൊക്കാഡോ സ്‌കൂപ്പ് ചെയ്തിടുക. അതിലേക്ക് കുതിർത്തുവെച്ച ഡേറ്റ്‌സ്, കാഷ്യു, ബദാം എന്നിവ ചേർക്കുക. പാലും ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്‌തെടുക്കുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: healthy-avocado-recipes-benefits-2026