ദക്ഷിണേന്ത്യക്കാർക്ക് സർപ്രൈസ് ‘ഇഡ്ഡലി’ യുമായി ഗൂഗിൾ

പല വിശേഷദിവസങ്ങളിലും ഗൂഗിള്‍ ഡൂഡില്‍ വ്യത്യസ്തമായ ആശയങ്ങളുമായി നമ്മുടെ മുന്നില്‍ എത്താറുണ്ട്. ഗൂഗിളിന്റെ ഹോംപേജില്‍ ഇന്ന് ആളുകള്‍ക്ക്, പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക് ഒരു സര്‍പ്രൈസ് ഉണ്ട്. സെര്‍ച്ച്ബാറിനു മുകളിലായി നല്ല വാഴയിലയില്‍ വിളമ്പിവെച്ച ഇഡ്ഡലി. കേള്‍ക്കുമ്പോള്‍ നല്ല വ്യത്യാസമായി തോന്നുന്നില്ലേ? അതുതന്നെ ഗൂഗിള്‍ ഡൂഡിലില്‍ പ്രശസ്തമായ ദക്ഷിണേന്ത്യന്‍ വിഭവമായ ഇഡ്ഡലി ഇടംപിടിച്ചിരിക്കുന്നു.

പലതരം ചട്ണികളുടെ കൂടെ കഴിക്കുന്ന, മൃദുവും പതുപതുത്തതുമായ ഈ ആവിയില്‍ വേവിച്ച വിഭവം ഇന്നത്തെ ഗൂഗിള്‍ ഡൂഡിലിന്റെ ശ്രദ്ധാകേന്ദ്രമായി. 'ഇഡ്ഡലിയെ ആഘോഷിക്കുന്നു: അരിയും ഉഴുന്നും ചേര്‍ത്ത് പുളിപ്പിച്ച മാവില്‍ നിന്നുണ്ടാക്കുന്ന, രുചികരവും ആവിയില്‍ പുഴുങ്ങിയതുമായ ദക്ഷിണേന്ത്യന്‍ പലഹാരമായ ഇഡ്ഡലിയെ ഇന്നത്തെ ഡൂഡില്‍ ആഘോഷിക്കുന്നു,' എന്നാണ് ഇതിന് ഗൂഗിള്‍ നല്‍കിയ കുറിപ്പ്.

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രചാരമേറിയ ഭക്ഷണവിഭവങ്ങളില്‍ ഒന്നാണ് ഇഡ്ഡലി. ഇഡ്ഡലി മാവും ഇഡ്ഡലി തട്ടും ഉള്‍പ്പെടെ അത് ഉണ്ടാക്കിയെടുക്കുന്ന രീതി മനോഹരമായി ഡൂഡിലില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വാഴയിലയാണ് പശ്ചാത്തലം. ഇഡ്ഡലിയോടൊപ്പമുള്ള ഏറ്റവും മികച്ച കോമ്പിനേഷനുകളായ സാമ്പാറും ചമ്മന്തിയും ഉഴുന്നുവടയുമൊക്കെ വാഴയിലയില്‍ നിരത്തി വെച്ചിരിക്കുന്നു.

നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായി. എക്‌സിലും ഇന്‍സ്റ്റഗ്രാമിലും ഗൂഗിള്‍ ഡൂഡില്‍ ട്രെന്‍ഡിങ്ങായി. ആളുകള്‍ അവരുടെ കുട്ടിക്കാല ഓര്‍മ്മകളും, പ്രഭാതഭക്ഷണത്തിന്റെ ഫോട്ടോകളും, മുത്തശ്ശിമാര്‍ കൈമാറിവന്ന കുടുംബ പാചകക്കുറിപ്പുകള്‍ വരെ പങ്കുവെക്കാന്‍ തുടങ്ങി.

റാഗി ഇഡ്ഡലി, ഓട്‌സ് ഇഡ്ഡലി, ക്വിനോവ ഇഡ്ഡലി, എന്തിന് ഇഡ്ഡലി ഫ്രൈസ് വരെ ഇഡ്ഡലിയുടെ പലവിധ വകഭേഭങ്ങള്‍ ഇന്നു കാണാം. ഒരു സാധാരണ ഇഡ്ഡലിയുടെ പാചകക്കൂട്ട് ഇതാ..

ചേരുവകള്‍

2 കപ്പ് പുഴുക്കലരി (ഇഡ്ഡലി അരി)
1 കപ്പ് ഉഴുന്ന്
1 ടീസ്പൂണ്‍ ഉലുവ (നിര്‍ബന്ധമില്ല, പുളിക്കാന്‍ സഹായിക്കും)
ആവശ്യത്തിന് ഉപ്പ്
തടവാനായി എണ്ണയോ നെയ്യോ

തയ്യാറാക്കുന്ന വിധം

അരിയും ഉഴുന്നും വെവ്വേറെയായി 4-6 മണിക്കൂര്‍ കുതിര്‍ത്ത് വെക്കുക. ഉലുവ ഉപയോഗിക്കുന്നുണ്ടെങ്കില്‍, അത് ഉഴുന്നിനൊപ്പം ചേര്‍ക്കുക. ഉഴുന്ന് നല്ല മയത്തിലും പതഞ്ഞും വരുന്നതുവരെ അരച്ചെടുക്കുക, തുടര്‍ന്ന് അരി ചെറിയ തരിയോടുകൂടി അരയ്ക്കുക. രണ്ട് മാവും ഒരുമിച്ച് ചേര്‍ത്ത്, ഉപ്പുമിട്ട്, രാത്രി മുഴുവന്‍ പുളിക്കാനായി ചൂടുള്ള ഒരിടത്ത് വെക്കുക. രാവിലെ ആകുമ്പോഴേക്കും പാത്രത്തിലെ മാവ് നന്നായി പൊങ്ങി വന്നിട്ടുണ്ടാകും.

ഇഡ്ഡലി തട്ടുകളില്‍ എണ്ണ പുരട്ടി, മാവ് ഒഴിച്ച്, ഏകദേശം 10-12 മിനിറ്റ് ആവിയില്‍ വേവിക്കുക. വെന്തുകഴിഞ്ഞാല്‍, ചെറുതായി തണുത്ത ശേഷം ശ്രദ്ധയോടെ ഇളക്കിയെടുക്കുക. തേങ്ങാച്ചമ്മന്തി, എരിവുള്ള സാമ്പാര്‍, അല്ലെങ്കില്‍ നെയ്യ് ചേര്‍ത്ത പൊടി എന്നിവയ്‌ക്കൊപ്പം വിളമ്പുക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: google doodle features south India`s beloved Idli today! explore this delicious steamed rice cake, its recipe, and cultural significance. discover popular variations and accompaniments.