പഗ്ഡി വെച്ച, താടി നീട്ടിവളർത്തിയ, ആജാനബാഹുക്കൾ! ഇന്ത്യയിൽ ഏറ്റവും കൂടുതൽ സുന്ദരന്മാരുള്ള നാടോ?

'ഏറ്റവും കൂടുതൽ സുന്ദരന്മാരുള്ള നാടേതാണ്?' ഈയടുത്ത് ക്ലബ് എഫ് എമ്മിലെ ആർ ജെ എന്നോട് ചോദിച്ചൊരു ചോദ്യമാണ്. എനിക്കാ ചോദ്യമങ്ങു ബോധിച്ചു! ഇതുവരെ ആരും ചോദിക്കാത്ത, വ്യത്യസ്തയ ചോദ്യം. പോരാത്തതിന് അതിനുത്തരം റെഡി മണിയായി എന്റെ കയ്യിൽ ഉണ്ടായിരുന്നു! 'പഞ്ചാബ്'-ചാടിക്കേറി ഞാൻ ഉത്തരം പറഞ്ഞു! ചെറുപ്പത്തിലേ പൊക്കമുള്ള ആളായതുകൊണ്ട്, 'ഇവൾക്ക് പഞ്ചാബിൽനിന്ന് ചെക്കനെ തപ്പേണ്ടിവരും' എന്ന് അപ്പച്ചിമാർ കളിയാക്കുന്നത് കേട്ടതുകൊണ്ടാണോ എന്നറിയില്ല, പണ്ടുതൊട്ടെ പഞ്ചാബിനോട് ഒരു സൈഡ് വലിവ് ഉണ്ടായിരുന്നു. പിൽക്കാലത്ത് എങ്ങനെയൊക്കെയോ എപ്പോഴൊക്കെയോ സിനിമകളിലൂടെയും വിഭജനത്തിന്റെ ചരിത്രത്തിലൂടെയും മറ്റും നേരിട്ട് കണ്ടിട്ടില്ലാത്ത പഗ്ഡി അഥവാ തലപ്പാവ് വെച്ച, താടി നീട്ടിവളർത്തിയ, ആജാനബാഹുക്കളായ സിഖുകാരോട് വല്ലാത്തൊരു ആത്മബന്ധം തോന്നി. പഞ്ചാബികൾ പൊതുവെ ചങ്കുപറിച്ച് സ്‌നേഹിക്കുന്നവരാണെന്ന് ഫിറോസ്പൂരിൽ പഠിക്കാൻ പോയ കൂട്ടുകാരൻ പറഞ്ഞതിൽപിന്നെ പഞ്ചാബിൽ പോയെ മതിയാകൂ എന്ന അവസ്ഥയായി! അങ്ങനെ, കുറച്ച് കാശും കൂട്ടിവെച്ച് നേരെ വിട്ടു അമൃത്സറിലേക്ക്. അമൃത്സർ അടുക്കാറായപ്പോൾ മുതൽ ഇരുവശങ്ങളിലായി കടുകുപാടങ്ങൾ അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ടുതുടങ്ങി. അത്, വെള്ള ചുരിദാറിട്ട സിമ്രാൻ, കടുകുപാടങ്ങൾക്ക് നടുവിലൂടെ, രാജിന്റെ അരികിലേക്ക് ഓടിയെത്തുന്ന രംഗമാണ് ആദ്യം ഓർമ്മ വന്നത്.
ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത്, കുളിച്ച ശേഷം ഗോൾഡൻ ടെംപിൾ അഥവാ സുവർണക്ഷേത്രം കാണാൻ ആണ് ആദ്യം പുറപ്പെട്ടത്. ഹോട്ടലിൽ നിന്ന് നടക്കാവുന്ന ദൂരമേയുള്ളൂ ക്ഷേത്രത്തിലേക്ക്. വഴിനീളെ പെടലിയുളുക്കും വിധം പൊക്കമുള്ള സുന്ദരക്കുട്ടന്മാർ ധാരാളം! പക്ഷെ വായുംന്നോക്കി നിന്നാൽ ഏതേലും റിക്ഷയോ സ്‌കൂട്ടറോ വന്ന് നെഞ്ചത്തിടിക്കും! സൂചികുത്താൻ ഇടമില്ലാത്ത വിധം ആളുകൾ നടക്കുന്ന റോഡുകളാണെങ്കിൽ പോലും വണ്ടികൾക്ക് യാതൊരു കൂസലുമില്ല. അവർ നല്ല സ്പീഡിൽ ഇങ്ങ് പോരും! ഉയിര് കൈയ്യിൽ പിടിച്ചു വേണം റോഡിലൂടെ നടക്കാൻ!
Content Highlights: experience the beauty of the people in Punjab, their hospitality and peaceful moment in golden temple amritsar