എത്ര സന്തോഷത്തോടുകൂടിയാണ് നമുക്ക് ചിലര്‍ ഭക്ഷണം വിളമ്പിത്തരുന്നത്; ചില അമ്മരുചികള്‍

സദ്യ എന്ന് പറയുമ്പോള്‍ നമ്മള്‍ ഓണമാണ് ഓര്‍മവരുക. സദ്യ രുചിയുടെ ഒരു ആറാട്ട് ആണല്ലോ. അങ്ങനെ ഒരു ആറാട്ട് അനുഭവിച്ച ഒരു സമയമായിരുന്നു 2001 ലെ ഒരു കര്‍ക്കിടകവാവ്. കര്‍ക്കിടകവാവിന് സാധാരണ നമ്മുടെ കാരണവന്മാരെയും, മരിച്ചു പോയവരെയും ഒക്കെ ഓര്‍ക്കും. അവര്‍ക്കുവേണ്ടി ബലിയിടും. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും. എനിക്ക് വളരെ അവിചാരിതമായി കിട്ടിയ അടുത്ത ഒരു സുഹൃത്തായിരുന്നു ഗീതേച്ചി. ആദ്യമായി എന്നെ ഒരു ബ്യൂട്ടിപാര്‍ലര്‍ പരിചയപ്പെടുത്തി തന്നത് ചേച്ചിയാണ്. ഒരു കര്‍ക്കിടകവാവിന് ചേച്ചി എന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിക്കുന്നു.
തിരുവനന്തപുരം പൊതുവേ സദ്യയ്ക്ക് വളരെ പ്രശസ്തമായ സ്ഥലമാണ്. വെജിറ്റേറിയന്‍ ഹോട്ടലില്‍ എന്നും സദ്യ ഉണ്ട്. അതിനാല്‍ തന്നെ അതിനോട് വലിയ ഒരു നൊസ്റ്റാള്‍ജിയ ഒന്നും തോന്നാറില്ല; സദ്യയൊക്കെ വീട്ടിലും കഴിക്കാറുണ്ട്, പുറത്തുപോയാലും സദ്യ അല്ലെങ്കില്‍ ഹോട്ടലുകാര്‍ പറയുന്നതുപോലെ താലിമീല്‍സ് കഴിക്കുമല്ലോ. അപ്പോള്‍ 'നീ എന്റെ വീട്ടില്‍ വരണം നമുക്ക് സദ്യ കഴിക്കാം' എന്ന് പറഞ്ഞപ്പോള്‍ പ്രത്യേകിച്ചൊരു കൗതുകം ഒന്നും തോന്നിയില്ല. പക്ഷേ ചേച്ചിയുടെ വീട്ടില്‍ പോകുന്നത് വളരെ ഇഷ്ടമായിരുന്നു. ഇപ്പോള്‍ ഇത് ഓര്‍ക്കാന്‍ ഒരു കാര്യമുണ്ട്. എത്ര സന്തോഷത്തോടുകൂടിയാണ് നമുക്ക് ചിലര്‍ ഭക്ഷണം വിളമ്പിത്തരുന്നത്, എത്ര സ്‌നേഹത്തോടുകൂടിയാണ് നമ്മളോട് സംസാരിക്കുന്നത്, ഗീതേച്ചിയുടെ അമ്മയും അങ്ങനെ തന്നെ, അമ്മ അവിടെ നമ്മുടെ കൂടെയിരിക്കും.
ഞങ്ങള്‍ രണ്ടുപേരും അതിഥികള്‍ എന്നോണം നിലത്തു പായൊക്കെ വിരിച്ച് ചമ്രം പൂട്ടി ഇരുന്നു, അമ്മയാകട്ടെ നല്ല തൂശനിലയില്‍ കറികള്‍ ഓരോന്നും വിളമ്പി, ചൂട് ചോറ് വിളമ്പി പരിപ്പ് ഒഴിച്ച് അങ്ങനെ ഓരോന്നോരോന്നായിട്ട് വിഭവങ്ങള്‍ വിളമ്പി തന്നു. ഞങ്ങളുടെ കൂടെയിരുന്ന് അമ്മ വിശേഷങ്ങളൊക്കെ ചോദിച്ചു, ഇടയ്ക്കിടക്ക് കറികളൊക്കെ വിളമ്പി തന്ന് നമ്മള്‍ കഴിക്കുന്നത് സന്തോഷത്തോടെ നോക്കി അങ്ങനെ ഇരുന്നു. ഓരോ കറികള്‍ തീരുമ്പോഴും പിന്നെയും ഇട്ടു തരുന്നതും നന്നായിട്ട് ഭക്ഷണം കഴിക്കണം എന്ന് സ്‌നേഹത്തോടെ ശാസിക്കുന്നതും മധുരിക്കുന്ന ചില ഓര്‍മ്മകളാണ്. ഇന്നും മരുതംകുഴി, ചിറ്റാറ്റിന്‍കര എന്നൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് അമ്മയെ ഓര്‍മ്മ വരും. ജോലിയൊക്കെ കിട്ടിയ വിവരം നേരില്‍ കണ്ടു പറയാന്‍ ചെന്നപ്പോള്‍ അവിടെ ആരുമില്ലായിരുന്നു, ഇടയ്‌ക്കെപ്പോഴോ ഞാന്‍ സ്വപ്നം കണ്ടിരുന്നു, അമ്മയെയും, അച്ഛനെയും, പിന്നീട് ഒരു കോണ്ടാക്ടും ഇല്ലാതായി പോയി.
പക്ഷേ അതുകഴിഞ്ഞ് കാലം ഒരുപാട് കടന്നുപോയി ഒരുപാട് സംഭവങ്ങള്‍ ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതങ്ങളില്‍ സംഭവിച്ചു. എങ്കിലും അന്ന് കഴിച്ച സദ്യ ആ അമ്മയെ വല്ലാത്ത ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ വീട്ടില്‍ വരുന്ന ഒരാള്‍, നമ്മളുമായി പരിചയമോ, ബന്ധമോ ഉണ്ടാകണമെന്നില്ല, എങ്കില്‍ പോലും അവര്‍ക്ക് സന്തോഷത്തോടെ ഒരു ഗ്ലാസ് പച്ചവെള്ളമെങ്കിലും കൊടുക്കുവാന്‍ സാധിച്ചാല്‍ അതൊരു സന്തോഷമാണ്, അതൊരു തൃപ്തിയാണ്. ഈ അമ്മ എനിക്ക് തന്ന സദ്യ, എത്ര സദ്യകള്‍ അതിനുശേഷമുണ്ട്, എങ്കിലും മനസിലെന്നും ഒരു നനുത്ത സുഖം തരുന്ന ഓര്‍മ്മയാണ്. ഓരോ തവണ സദ്യ കഴിക്കുമ്പോഴും ഞാന്‍ ഗീതേച്ചിയെയും, അമ്മയെയും ഓര്‍ക്കാറുണ്ട്. സ്‌നേഹത്തോടെ സന്തോഷത്തോടെ നിറഞ്ഞ മനസ്സോടെ സദ്യ വിളമ്പി തന്ന ആ അമ്മയുടെ മുഖം നല്ലൊരു ഓര്‍മ്മയാണ്.
ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ ഒരാളാണ് ലക്ഷ്മി. പിജി യും എം.ഫിലും ഒരുമിച്ചു ചെയ്ത കാലം തൊട്ടേ ഞങ്ങള്‍ സുഹൃത്തുക്കള്‍ ആണ്. ലക്ഷ്മി മാത്രമല്ല, ലക്ഷ്മീടെ അമ്മയും എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ആന്റി ഒരു പഴയ ഹോംസയന്‍സ്‌കാരിയാണ്. അതിനാല്‍ തന്നെ നല്ല പാചക വിദഗ്ധയും. വൈ.ഡബ്ല്യൂ.സി.എയിലെ ഭക്ഷണം ചിലപ്പോഴെങ്കിലും മടുപ്പിക്കുമ്പോള്‍ ശനിയാഴ്ചകളില്‍ ലക്ഷ്മിയുടെ വീട്ടില്‍ പോകുന്നത് ഒരു പതിവായിരുന്നു. സ്‌പെന്‍സര്‍ ജംഗ്ഷനില്‍ നിന്നും നടന്ന് വഴുതക്കാടുള്ള ഗീതാഞ്ജലിയില്‍ എത്തും. ആന്റി നല്ല ചിരിയോടെ വാതില്‍ തുറക്കും. ലക്ഷ്മി തയ്യാറാകുന്ന സമയം ആന്റി നല്ല ചൂട് നെസ്‌കഫേ തയ്യാറാക്കും. നല്ല കിടോല്‍ക്കിടിലന്‍ കോഫീ. ഇത്രയും വ്യക്തിത്വമുള്ള ഒരു കോഫി, അതിന്റെ മണം , കടുപ്പം, നിറം, രുചി ഈ ഗുണങ്ങള്‍ പരസ്പരം മത്സരിച്ചാണ് ആ കാപ്പിക്കപ്പിനകത്തു കയറി ഒളിച്ചിരിക്കുന്നത്. ഞാനെപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്, ആന്റി എങ്ങനെയാണു എപ്പോഴും ഒരേ കണ്‍സിസ്റ്റന്‍സിയില്‍ കോഫി ഉണ്ടാക്കുന്നതെന്ന്. ഒരിക്കല്‍ പോലും കടുപ്പമോ, മധുരമോ കൂടിയോ കുറഞ്ഞോ പോകാറില്ല. അത് നല്ല പോര്‍സ്‌ലിന്‍ കപ്പിലാക്കി ആന്റി കൊണ്ടുത്തരും. ആ കപ്പിനകത്ത് രുചിയുടെ അണ്ഡകടാഹം നിറച്ചു വെച്ചിരിക്കുകയാണ്.
ഞാനും ലക്ഷ്മിയും ലൈബ്രറികളില്‍ ഒക്കെ കയറി ക്ഷീണിച്ചായിരിക്കും തിരികെ വീട്ടില്‍ ചെന്ന് കയറുക. അപ്പോഴും ഗീതാന്റി നമ്മളെ നിരാശപ്പെടുത്തില്ല, ചോറും മോരും തോരനും നല്ല ഫിഷ് ഫ്രൈയും ഒക്കെയായി നമ്മളെ വയറു നിറയെ ഊട്ടും, പക്ഷേ കഥയുടെ തമാശ എന്താണെന്നു വെച്ചാല്‍ ലക്ഷ്മി അന്നൊന്നും ഇറച്ചിയും മീനും കഴിക്കില്ലായിരുന്നു, നല്ല രുചിയുള്ള ഇറച്ചിയും മീനും വഴിയേപോയ ഞാന്‍ കഴിക്കും. വീട്ടുകാരി ഇലയും തണ്ടും കഴിച്ചു വയറു നിറയ്ക്കും, ഇപ്പോള്‍ ലക്ഷ്മി വീണ്ടും ഇറച്ചിയും മീനും ഒക്കെ കഴിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ ഞാന്‍ ആലോചിക്കാറുണ്ട്, രുചിയുടെ മാഞ്ഞു പോയ ഒരു പാട് അധ്യായങ്ങള്‍ ജീവിതത്തില്‍ നിന്ന് തന്നെ നഷ്ടമായല്ലോ എന്ന്.
Content Highlights: gigi j alex share food memories with her friend's mother