ബാക്കിവന്ന ചോറ് കളയല്ലേ, കട്‌ലറ്റും പുഡിങ്ങുമുണ്ടാക്കാം

എത്ര ശ്രദ്ധിച്ചുണ്ടാക്കിയാലും എപ്പോഴും ചോറ് അല്പം ബാക്കിവരും. അത് കളയാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് എല്ലാവരും കൂടി അത് കഴിച്ചുതീര്‍ക്കും. അതിനുപകരമായി ബാക്കിവന്ന ചോറ് ഉപയോഗിച്ച്, പിറ്റേദിവസം പല വിഭവങ്ങളും തയ്യാറാക്കാം.
കട്‌ലറ്റ് മുതല്‍ പാന്‍കേക്ക് വരെ
ചോറിനൊപ്പം രണ്ടോ മൂന്നോ ഉരുളക്കിഴങ്ങ്, ഉപ്പ്, പച്ചമുളക് നുറുക്കിയത്, സവാള നുറുക്കിയത്, മല്ലിയില നുറുക്കിയത്, മുളകുപൊടി, ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്ത് കട്‌ലറ്റ് പോലെ പരത്തിയെടുക്കുക. എന്നിട്ട് ബ്രെഡ് പൊടിയില്‍ മുക്കി, എണ്ണയില്‍ വറുത്തുകോരാം. പെട്ടെന്ന് തയ്യാറാക്കാവുന്ന റൈസ് കട്‌ലറ്റാണിത്. ചട്ണിക്കൊപ്പമോ ടൊമാറ്റോ സോസിനൊപ്പമോ കഴിക്കാം.
ചോറ് കൊണ്ട് പാന്‍കേക്കും തയ്യാറാക്കാം. ഒന്നര കപ്പ് ചോറില്‍ ഒരു മുട്ട, അല്പം വാനില എസ്സന്‍സ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍, തയ്യാറാക്കിയ മിശ്രിതം അല്പാല്പമായി എടുത്ത് വട്ടത്തില്‍ പരത്തുക. (അധികം നേര്‍മയാവാതെ ശ്രദ്ധിക്കണം) ഒരു വശം വേവുമ്പോള്‍, തിരിച്ചിട്ട് വേവിക്കുക. ഇതില്‍ പീനട്ട് ബട്ടറോ, മേപ്പിള്‍ സിറപ്പോ മുകളിലൊഴിച്ച് കഴിക്കാം.
ചോറുപയോഗിച്ച് ദോശയുമുണ്ടാക്കാം. രണ്ട് കപ്പ് ചോറ് നന്നായി അരച്ചെടുക്കുക. അതിലേക്ക് ഒരു കപ്പ് റവ മിക്‌സിയില്‍ പൊടിച്ചത് ചേര്‍ക്കണം. ശേഷം ഒരു കപ്പ് തൈര് ചേര്‍ത്ത് വീണ്ടും അരയ്ക്കണം. ഇനി ആവശ്യത്തിന് വെള്ളമൊഴിച്ച് അല്പനേരം വെക്കുക. ഇനി ആവശ്യത്തിന് ഉപ്പും അല്പം ബേക്കിങ് സോഡയും ചേര്‍ത്ത് വീണ്ടുമിളക്കി, ദോശ ചുട്ടെടുക്കാം.
കുട്ടികള്‍ക്കായി റൈസ് പുഡിങ്
പാനില്‍ ബട്ടര്‍ ചൂടാകുമ്പോള്‍ കശുവണ്ടി, കിസ്മിസ്, ആല്‍മണ്ട് എന്നിവ വഴറ്റുക. അതിലേക്ക് ചോറിട്ട് നന്നായി ഇളക്കിയെടുക്കണം. ശേഷം പാല്‍, പഞ്ചസാര എന്നിവ ചേര്‍ത്ത് കുറുക്കിയെടുക്കാം. (ആവശ്യമെങ്കില്‍ അല്പം വാനില എസ്സന്‍സും ചേര്‍ക്കാം). ഫ്രിഡ്ജില്‍വെച്ച് തണുപ്പിച്ചാല്‍ രുചി കൂടും.
ചോറിനൊരു ട്വിസ്റ്റ്
ലെമണ്‍ റൈസ്, തൈര് സാദം, തേങ്ങാച്ചോറ്, ബിണ്ടി റൈസ്, കാരറ്റ് റൈസ്, ടൊമാറ്റോ റൈസ് തുടങ്ങിയവയുമുണ്ടാക്കാം. പാനില്‍ നെയ്യ് ചൂടാകുമ്പോള്‍ കശുവണ്ടി, നിലക്കടല എന്നിവ വഴറ്റി മാറ്റിവെക്കുക. ശേഷം കടുക് പൊട്ടിച്ചതിലേക്ക് കറിവേപ്പില, ഇഞ്ചി, വറ്റല്‍മുളക് എന്നിവയിട്ട് വഴന്നുവരുമ്പോള്‍ മഞ്ഞള്‍പൊടി, ഉപ്പ് എന്നിവയും പിന്നെ ചോറുമിട്ട് യോജിപ്പിക്കുക. ശേഷം നാരങ്ങാനീരും ചേര്‍ത്തിളക്കിയെടുക്കാം. ലെമണ്‍ റൈസ് റെഡി.
ചോറില്‍ തൈര്, കാരറ്റ് നുറുക്കിയത്, മല്ലിയില നുറുക്കിയത് എന്നിവ ചേര്‍ത്തിളക്കുക. അവസാനം കടുകും കറിവേപ്പിലയും താളിച്ച് ഉപ്പുമിട്ട്, തൈര് സാദം തയ്യാറാക്കാം.
വെളിച്ചെണ്ണയില്‍ കടുക്, ജീരകം, ഉഴുന്നുപരിപ്പ് എന്നിവ വഴറ്റി മാറ്റിവെക്കുക. ഇനി ഒരു കപ്പ് തേങ്ങ ചിരവിയത് ഇതേ പാനില്‍ വഴറ്റണം. ബ്രൗണ്‍നിറമാവാതെ ശ്രദ്ധിക്കണം. ശേഷം ബാക്കി വന്ന ചോറും നേരത്തെ മാറ്റിവെച്ച കടുക്-ജീരകം-ഉഴുന്നുപരിപ്പ് എന്നിവയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. ഈ തേങ്ങാച്ചോറ് കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും. ഇതുപോലെ കാരറ്റ് നുറുക്കി വഴറ്റിയതും അല്ലെങ്കില്‍ വെണ്ടയ്ക്ക നുറുക്കി വഴറ്റിയതും ചേര്‍ത്തും വ്യത്യസ്തമായ രുചിയിലുള്ള ചോറ് തയ്യാറാക്കാം.
ബാക്കി വന്ന ചോറുപയോഗിച്ച് വെജ് ഫ്രൈഡ് റൈസുമുണ്ടാക്കാം. ആദ്യം ഇഷ്ടമുള്ള പച്ചക്കറികള്‍ നുറുക്കി നെയ്യില്‍ വഴറ്റി മാറ്റിവെക്കുക. എന്നിട്ട് ബാക്കി വന്ന ചോറും നെയ്യില്‍ വഴറ്റിയെടുക്കണം. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി നുറുക്കിയതും ആവശ്യത്തിന് ഉപ്പും അവസാനം പച്ചക്കറികളും ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. വ്യത്യസ്തമായ ഫ്രൈഡ് റൈസ് റെഡി. സോസ് കൂട്ടി കഴിക്കാം.
Content Highlights: food recipe leftover rice