'കിലുക്ക'ത്തിലെ ബംഗ്ലാവ്, 'താളവട്ട'ത്തിലെ ഹോസ്പിറ്റല്‍; ഊട്ടിയിലെ ഈ കൊട്ടാരം ഇന്ന് ലക്ഷ്വറി ഹോട്ടല്‍

'കിലുക്ക'ത്തിലെ ജഡ്ജിയദ്ദേഹം താമസിക്കുന്ന ബംഗ്ലാവ് ഓര്‍ക്കുന്നില്ലേ... ചുകപ്പ് ചുമരില്‍ വെള്ള അതിരുകളുള്ള കൂറ്റന്‍ കെട്ടിടം. ഇത്രയും വലിയ ബംഗ്ലാവിന്റെ പണികള്‍ ഒറ്റയ്ക്ക് ചെയ്യുന്നതിന്റെ ബുദ്ധിമുട്ടാണ് കിട്ടുണ്ണിയെക്കൊണ്ട് ലോട്ടറി എടുപ്പിക്കുന്നത്.
'താളവട്ട'ത്തിലെ നീളന്‍ ഇടനാഴികളുള്ള ഹോസ്പിറ്റലായും ഇതേ ബംഗ്ലാവ് മാറുന്നത് മലയാളി കണ്ടിട്ടുണ്ട്. സുരേഷ് ഗോപി നായകനായ 'സുന്ദരപുരുഷന്‍' എന്ന സിനിമയിലും ഇതേ കെട്ടിടം മനസികാരോഗ്യകേന്ദ്രമായി കാണിക്കുന്നുണ്ട്. 'ഉള്ളടക്കം' എന്ന ചിത്രത്തിലെ മാനസികാരോഗ്യകേന്ദ്രവും ഇതുതന്നെ.
'മിന്നാരം' എന്ന സിനിമയില്‍ വീടായും ക്ലബ്ബായും മാറുന്നതും ഈ കെട്ടിടം തന്നെയാണ്. അപ്പുകുട്ടന്‍-തോമസ്‌കുട്ടി-ഗോവിന്ദന്‍കുട്ടി -മഹാദേവന്‍ കൂട്ടുകെട്ടിന്റെ തിരിച്ചുവരവായിരുന്നു 'ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍' എന്ന സിനിമ. ആ സിനിമയുടെ ലൊക്കേഷനും ഇത് തന്നെയായിരുന്നു. 'മിസ്റ്റര്‍ മരുമകന്‍' എന്ന ദിലീപ് ചിത്രവും ഇവിടെ ചിത്രീകരിച്ചതാണ്.
ഊട്ടിയിലെ ഫേണ്‍ ഹില്‍ പാലസ് ആണ് മലയാള സിനിമയ്ക്ക് പ്രിയങ്കരമായ ഈ ലൊക്കേഷന്‍. മൈസൂര്‍ മഹാരാജാവിന്റെ വേനല്‍ക്കാല വസതിയായിരുന്നു ഈ കൊട്ടാരം. ഊട്ടി ബസ്സ്റ്റാന്‍ഡില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ കൊട്ടരം സ്ഥിതി ചെയ്യുന്നത്.
യൂക്കാലി മരങ്ങളും ചായത്തോട്ടങ്ങളും ഏലത്തോട്ടങ്ങളും നിറഞ്ഞ വഴിയിലൂടെ സഞ്ചരിച്ചുവേണം ഇവിടെയെത്താന്‍. പൈന്‍,ഫി്ര്‍, സെഡാര്‍ മരങ്ങളും കൊട്ടാരത്തിനരികില്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. മുന്നില്‍ വിശാലമായ പുല്‍ത്തകിടിയുമുണ്ട്. എല്ലാ സൗകര്യവുമുള്ള ബാഡ്മിന്റണ്‍ കോര്‍ട്ടും പാലസിന്റെ മുഖ്യ ആകര്‍ഷണമാണ്.
തൊണ്ണൂറിലധികം മുറികളുള്ള ലക്ഷ്വറി ഹോട്ടലാണ് ഇന്ന് ഫേണ്‍ ഹില്‍ പാലസ്. സിനിമാക്കാരും സഞ്ചാരികളും മധുവിധു ആഘോഷിക്കാനെത്തുന്നവരും... ഈ ഹെറിറ്റേജ് ഹോട്ടലില്‍ താമസം ലഭിക്കുക അത്ര എളുപ്പമല്ല.
Content Highlights: fern hill palace in malayalam cinema