കുഞ്ഞുങ്ങളുമായി യാത്ര ചെയ്യാൻ പ്ലാനുണ്ടോ? ചില ടിപ്പുകൾ മാത്രം മതി ആശങ്കയില്ലാതെ യാത്ര തുടരാം...

പ്രതീകാത്മക ചിത്രം/ pexels
പ്രതീകാത്മക ചിത്രം/ pexels

കുഞ്ഞുമായി യാത്ര ചെയ്യുന്നത് ആദ്യമായിട്ടാണെങ്കിലും അല്ലെങ്കിലും അതൊരു സമ്മർദ്ദം നിറഞ്ഞ അവസ്ഥയായിരിക്കും. ആസൂത്രണവേളകളിൽ പോലും വേണമോ വേണ്ടയോ എന്ന ചിന്ത വന്നുപോയിട്ടുണ്ടാകാം. ആവശ്യമായ സാധനങ്ങൾ പാക്ക് ചെയ്യുന്നത് മുതൽ ഭക്ഷണം കൊടുക്കുന്ന സമയം, ഉറക്കത്തിന്റെ രീതി, പെട്ടെന്നുണ്ടാകുന്ന വാശികൾ എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് വരെ, ഈ യാത്ര നിങ്ങൾ പ്രതീക്ഷിക്കാത്ത രീതിയിൽ നിങ്ങളുടെ ക്ഷമയെ പരീക്ഷിച്ചേക്കാം.

എന്നാൽ കൃത്യമായ യാത്ര തയ്യാറെടുപ്പുകളുണ്ടെങ്കിൽ കുഞ്ഞുങ്ങളുമായുള്ള യാത്രകൾ എളുപ്പത്തിലും ആത്മവിശ്വാസത്തോടെയും പൂർത്തിയാക്കാനാകും. കൂടാതെ ആ യാത്ര എന്നെന്നും മനസ്സിൽ സൂക്ഷിക്കാനാകുന്ന മനോഹര നിമിഷമാക്കി മാറ്റാനും കഴിയും.

ചെറുപ്പത്തിലേയുള്ള യാത്രകൾ കുട്ടികളെ പുതിയ ചുറ്റുപാടുകളുമായി എങ്ങനെ പൊരുത്തപ്പെടാമെന്നും, വ്യത്യസ്ത ആളുകളുമായി എങ്ങനെ ഇടപഴകാമെന്നും, കൗതുകത്തോടെ പുതിയ കാര്യങ്ങൾ കണ്ടെത്താമെന്നും പഠിച്ചെടുക്കാൻ സഹായിക്കും. വ്യത്യസ്ത സംസ്കാരങ്ങൾ മനസ്സിലാക്കുന്നത് മുതൽ പുതിയ വിഭവങ്ങൾ രുചിക്കുന്നത് വരെ, ഓരോ നഗരത്തിലോ രാജ്യത്തോ ജീവിതം എത്ര വ്യത്യസ്തമാണെന്ന് നിരീക്ഷിക്കുന്നതുവരെ ഇക്കൂട്ടത്തിൽപെടും.

യാത്ര ആസൂത്രണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടവ

  • കുഞ്ഞുങ്ങൾക്ക് സൗഹൃദപരമായ സ്ഥലങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക. കൂടാതെ, ഒരു ദിവസം ഒന്നോ രണ്ടോ കാര്യങ്ങൾ മാത്രം പ്ലാൻ ചെയ്യുകയും വിശ്രമത്തിന് സമയം നൽകുകയും ചെയ്യുക.
  • നിങ്ങളുടെ കുഞ്ഞ് സാധാരണയായി ഏറ്റവും സന്തോഷവാനായിരിക്കുന്ന സമയത്ത് യാത്ര നടത്താൻ ശ്രമിക്കുക. അതൊരു നീണ്ട യാത്രയാണെങ്കിൽ, അവരുടെ ഉറക്കത്തിന്റെ സമയക്രമവുമായി അത് ബാലൻസ് ചെയ്യുന്നരീതിയിലാകണം. 
  • നിങ്ങൾക്കും കുഞ്ഞിനും ഏറ്റവും കുറഞ്ഞ സമ്മർദ്ദം നൽകുന്ന യാത്രകൾ ഏതായിരിക്കുമെന്ന് ചിന്തിക്കുക. ശരിയായ തിരഞ്ഞെടുപ്പ് യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കാൻ സഹായിക്കും.

അവശ്യസാധനങ്ങൾ പാക്ക് ചെയ്യുമ്പോൾ

  • ഡയപ്പറുകൾ, വൈപ്പുകൾ, അധിക വസ്ത്രങ്ങൾ, ഫീഡിങ് ബോട്ടിലുകൾ അല്ലെങ്കിൽ ഫോർമുല, ഒരു ചെറിയ പ്രഥമശുശ്രൂഷാ കിറ്റ്. നിങ്ങളുടെ പ്രധാനപ്പെട്ട എല്ലാ രേഖകളും മരുന്നുകളും ബാഗുകളിൽ തിരയാതെ പെട്ടെന്ന് എടുക്കാൻ കഴിയുന്ന ഒരിടത്ത് സൂക്ഷിക്കുക.
  • കൈകൾ സ്വതന്ത്രമാക്കി കുഞ്ഞിനെ എടുക്കാൻ ഒരു ബേബി കാരിയർ, ദീർഘദൂര നടത്തത്തിന് ഭാരം കുറഞ്ഞ ഒരു സ്ട്രോളർ, പെട്ടെന്നുണ്ടാകുന്ന ഡയപ്പർ മാറ്റങ്ങൾക്കായി ഒരു പോർട്ടബിൾ ചേഞ്ചിങ് മാറ്റ്.
  • കുഞ്ഞുങ്ങളുടെ മരുന്നുകളും ദിനംപ്രതി നൽകേണ്ട സിറപ്പുകളും കെെയിൽ കരുതുക.

കുഞ്ഞിന് സൗകര്യമൊരുക്കുമ്പോൾ

സുഗമമായ യാത്രയ്ക്ക്, പുതിയതും മാറിക്കൊണ്ടിരിക്കുന്നതുമായ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ കുഞ്ഞുങ്ങളെ സഹായിക്കേണ്ടത് അത്യാവശ്യമാണ്, അതുവഴി അവർക്കും യാത്ര ആസ്വദിക്കാൻ കഴിയും.

  1. കൃത്യമായ ഇടവേളകളിൽ കുഞ്ഞിന് ഭക്ഷണം നൽകാൻ ശ്രമിക്കുക.
  2. ആവശ്യത്തിന് ലഘുഭക്ഷണങ്ങൾ, ഫോർമുല, അല്ലെങ്കിൽ ബ്രെസ്റ്റ് മിൽക്ക് പമ്പ് എന്നിവ കരുതുക.
  3. കുഞ്ഞിന് ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങളും മറ്റ് വസ്തുക്കളും കെെയിൽ കരുതുക.

യാത്രയ്ക്ക് ശേഷമുള്ള നുറുങ്ങുകൾ

  • ഡയപ്പറുകൾ, വൈപ്പുകൾ, ഭക്ഷണസാധനങ്ങൾ, മരുന്നുകൾ എന്നീ അവശ്യസാധനങ്ങൾ ആദ്യം പുറത്തെടുക്കുക. 
  • ബോട്ടിലുകൾ, പാസിഫയറുകൾ, കുഞ്ഞിന്റെ പാത്രങ്ങൾ എന്നിവ കഴുകുക. യാത്രയിൽ ഉപയോഗിച്ച സ്ട്രോളറുകൾ, കാരിയറുകൾ, കളിപ്പാട്ടങ്ങൾ എന്നിവ തുടയ്ക്കുക വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുക..
  • ദിനചര്യയിലേക്ക് മടങ്ങുക: കുഞ്ഞിന്റെ സാധാരണ ഉറക്കത്തിന്റെയും ഭക്ഷണത്തിന്റെയും സമയം പഴയപടി കൊണ്ടുവരാൻ ശ്രമിക്കുക.
  • യാത്രയ്ക്ക് ശേഷം കുഞ്ഞുങ്ങൾക്ക് അസ്വസ്ഥത തോന്നിയേക്കാം. കൂടുതൽ ലാളനകൾ, കളിക്കാനുള്ള സമയം, അല്ലെങ്കിൽ ഉറങ്ങുന്നതിന് മുൻപുള്ള സ്നേഹപ്രകടനങ്ങൾ എന്നിവയിലൂടെ അവർക്ക് കൂടുതൽ ആശ്വാസം നൽകുക.
  • യാത്ര കുഞ്ഞുങ്ങളെ പുതിയ സാഹചര്യങ്ങളിലേക്കും അണുക്കളിലേക്കും എത്തിച്ചേക്കാം. പനി, ചുമ, അല്ലെങ്കിൽ അസാധാരണമായ വാശി എന്നിവ ശ്രദ്ധിക്കുക. ആവശ്യമെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Plan a smooth trip with baby! Pack smart, manage feeding & sleep, and enjoy creating lasting memories.