മുട്ടയും മുരിങ്ങയ്ക്കയും കൊണ്ട് അവിയലുണ്ടാക്കിയാലോ?

1. മുട്ട-മുരിങ്ങയ്ക്ക അവിയൽ
മുട്ട- ആറെണ്ണം
മുരിങ്ങയ്ക്ക- മൂന്നെണ്ണം
തേങ്ങ- അരക്കപ്പ്
പച്ചമുളക്, വേപ്പില- ആവശ്യാനുസരണം
കശുവണ്ടി- ആറെണ്ണം
പച്ചമുളക്- നാലെണ്ണം
വെളിച്ചെണ്ണ- രണ്ട് സ്പൂൺ
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
മുളകുപൊടി- ഒരു ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
മുട്ട പുഴുങ്ങി മുറിച്ചെടുക്കുക. മുരിങ്ങയ്ക്ക ചെറുതായി നുറുക്കിയെടുക്കുക. മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മുരിങ്ങയ്ക്ക വേവിക്കുക. കശുവണ്ടി നുറുക്കിച്ചേർക്കുക. തേങ്ങ പച്ചമുളകും വേപ്പിലയും ചേർത്ത് ചതച്ച് ഇതിലേക്ക് ചേർക്കുക. മുട്ട നുറുക്കിയതും ഇടുക. നന്നായി കൂടിവരുമ്പോൾ പച്ചവെളിച്ചെണ്ണയും വേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർക്കുക.
(കടപ്പാട്: ശോഭനകുമാരി, ചേർത്തല)
2. മുട്ടറോസ്റ്റ്
1. പുഴുങ്ങിയ മൂന്ന് മുട്ട
2. തക്കാളി- ഒരെണ്ണം
3. സവാള- ഒരെണ്ണം
4. ചെറിയ ഉള്ളി- അഞ്ചെണ്ണം
5. പച്ചമുളക്- മൂന്നെണ്ണം
ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് മുളക്, അല്പം കടുക് വറുത്തതിനുശേഷം 2, 3, 4, 5 ചേരുവകൾ ആ പാത്രത്തിലിട്ട് ബ്രൗൺ കളറാകുന്നതുവരെ വഴറ്റുക. അതിനുശേഷം ഇനി പറയുന്ന ചേരുവകൾ കലക്കി ആ പാനിലൊഴിക്കണം.
1/2 സ്പൂൺ മുളകുപൊടി
1/2 സ്പൂൺ മല്ലിപ്പൊടി
1/2 സ്പൂൺ കുരുമുളകുപൊടി
1/4 സ്പൂൺ മഞ്ഞൾപ്പൊടി
5 അല്ലി പൂണ്ട്
അല്പം ഇഞ്ചി
ഇതിത്രയും മിക്സിയിലടിച്ച് പാനിൽ ശരിയാക്കിവെച്ചിരിക്കുന്ന ഉള്ളി, തക്കാളി, പച്ചമുളക് കൂട്ടിലേക്കൊഴിച്ച്, ഒരു ചെറിയ കുഴമ്പുപരുവമാകുമ്പോൾ അല്പം ഗരം മസാല (കാൽസ്പൂൺ) ചേർത്ത്, മുട്ട ഇതിൽ വെച്ചൊന്നിളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത്, അടുപ്പിൽ ചെറിയ തീയിട്ട് അല്പം കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് ഇളക്കി വാങ്ങിവെച്ച് ഉപയോഗിക്കാം.
3. മുരിങ്ങയില ഓംലെറ്റ്
ഒരു മുട്ട പൊട്ടിച്ച് ഒരു പാത്രത്തിലേക്കൊഴിക്കുക. ഒരു നുള്ള് ഉപ്പ്, കുരുമുളകുപൊടി, പച്ചമുളക്, ഒരുപിടി മുരിങ്ങയില, ഒരു നുള്ള് മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ദോശക്കല്ല് അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ, വെളിച്ചെണ്ണ തടവി ഈ കൂട്ട് അതിലൊഴിക്കുക. വെന്തുകഴിഞ്ഞാൽ മറിച്ചിടുക. ഒന്നാന്തരം ഓംലെറ്റ് റെഡിയായിക്കഴിഞ്ഞു. മുരിങ്ങയില കഴിക്കാത്ത കുട്ടികൾക്കുകൂടി ഇതിഷ്ടമാവും.
(കടപ്പാട്: ഉഷാ വേണുഗോപാൽ, കോഴിക്കോട്)
4. പൊട്ടറ്റോ-സ്പ്രിങ് ഒണിയൻ ബുൾസ് ഐ
മൂന്ന് മുട്ട പൊട്ടിച്ച് മഞ്ഞക്കരു മാറ്റിവെച്ചശേഷം മുട്ടവെള്ള ഒരു ബൗളിലിടുക. രണ്ട് മീഡിയം സൈസ് പൊട്ടറ്റോ തൊലികളഞ്ഞ്, ഗ്രേറ്റ് ചെയ്ത് പത്തുമിനിറ്റ് വെള്ളത്തിലിട്ടുവെച്ചശേഷം പിഴിഞ്ഞ് മുട്ടവെള്ളയിലേക്കിടുക. ഇതിലേക്ക് രണ്ടുമൂന്ന് തണ്ട് സ്പ്രിങ് ഒണിയൻ പൊടിയായി അരിഞ്ഞതും ഒരു ടേബിൾ സ്പൂൺ മൈദയും ഒരു ടീസ്പൂൺ ബട്ടർ മെൽറ്റാക്കിയതും പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ഫോർക്കുകൊണ്ട് നന്നായി യോജിപ്പിക്കുക. ചൂടായ ഫ്രൈ പാനിൽ ബട്ടറോ എണ്ണയോ പുരട്ടി പൊട്ടറ്റോ-സ്പ്രിങ് ഒണിയൻ മിശ്രിതം കുറച്ചിട്ട് പരത്തി, നടുവിൽ ഒരു കുഴിയുണ്ടാക്കി അതിൽ മാറ്റിവെച്ച മഞ്ഞക്കരു ഒരെണ്ണമിട്ട് മൂടിവെച്ച്, മൂന്നുനാലുമിനിറ്റ് ലോ-മീഡിയം ഫ്രെയിമിൽ വെച്ചശേഷം എടുക്കാം. വേണമെങ്കിൽ, മറിച്ചിട്ടും എടുക്കാം. ബാക്കിയുള്ളതും ഇതുപോലെ തയ്യാറാക്കാം. ഒരു വെറൈറ്റി ബുൾസ് ഐ റെഡി.
(കടപ്പാട്: ട്രിനി ജേക്കബ്, കൊച്ചി)
5. പപ്പായ മുട്ടക്കറി
ചട്ടിയിൽ എണ്ണയൊഴിച്ച് ഒരു സവാളയരിഞ്ഞത്, അഞ്ച് പച്ചമുളക്, രണ്ട് സ്പൂൺ ഇഞ്ചി-വെളുത്തുള്ളി ചതച്ചത്, ഒരു തണ്ട് വേപ്പില എന്നിവ വഴറ്റി, ഇതിലേക്ക് അരക്കപ്പ് പപ്പായ ഗ്രേറ്റ് ചെയ്തതും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ച്, രണ്ട് സ്പൂൺ മുളകുപൊടിയും മുക്കാൽക്കപ്പ് നാളികേരപ്പാലും ചേർത്ത് തിളച്ചുകുറുമ്പോൾ, നാല് പുഴുങ്ങിയ മുട്ട മുറിച്ച് ചേർക്കുക. മല്ലിയില വിതറി ഇറക്കിവയ്ക്കുക.
(കടപ്പാട് ആഷ ഇ.ജി., തൃശ്ശൂർ)
Content Highlights: egg muringayila recipes