സാമ്പാര്‍ മസാല, ഗരംമസാല, ചിക്കന്‍ മസാല... എല്ലാത്തരം മസാലപ്പൊടികളും വീട്ടിലുണ്ടാക്കാം

പ്രതീകാത്മകചിത്രം / ഫോട്ടോ: Shutterstock
പ്രതീകാത്മകചിത്രം / ഫോട്ടോ: Shutterstock

മസാലപ്പൊടികളുടെ രുചിയും മണവുമില്ലാതെ ഒരു ഭക്ഷണവും നമ്മുടെ അടുക്കളകളില്‍ ഒരുങ്ങാറില്ല. കടയില്‍നിന്ന് വാങ്ങുന്നതിന് പകരം ഇവ വീട്ടിലുണ്ടാക്കിയാലോ? സാമ്പാര്‍പൊടി, ചിക്കന്‍മസാല, ഗരംമസാല, ഫിഷ്‌കറി മസാല...ഇങ്ങനെ എല്ലാത്തരം മസാലപ്പൊടികളും നമ്മുടെ അടുക്കളയില്‍ തന്നെയൊരുക്കാം. 

1. ഗരം മസാല

  • ജീരകം- അരക്കപ്പ്
  • മല്ലി- കാല്‍ക്കപ്പ്
  • പെരുംജീരകം- കാല്‍ക്കപ്പ്
  • കുരുമുളക്- രണ്ട് ടേബിള്‍സ്പൂണ്‍
  • ഏലയ്ക്ക- ആറ് ടേബിള്‍ സ്പൂണ്‍
  • ഗ്രാമ്പൂ- രണ്ട് ടേബിള്‍സ്പൂണ്‍
  • കറുവാപ്പട്ട- 10 കഷണം
  • കറുവയില- 10 എണ്ണം
  • ജാതിക്ക- ഒരു കഷണം
  • ജാതിപത്രി- രണ്ട് ടേബിള്‍സ്പൂണ്‍

ഒരു പാനില്‍ ചെറുതീയില്‍ എല്ലാ ചേരുവകളും വറുത്തെടുക്കാം. ചൂടാറിയാല്‍ നന്നായി പൊടിച്ചെടുക്കുക. വായുകടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിക്കാനാവും. 

സാമ്പാര്‍ മസാല

  • ജീരകം- രണ്ട് ടേബിള്‍ സ്പൂണ്‍
  • മല്ലി- അരക്കപ്പ്
  • പെരുംജീരകം- ഒന്നര ടേബിള്‍ സ്പൂണ്‍
  • കുരുമുളക്- ഒരു ടേബിള്‍ സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
  • കടുക്- അര ടേബിള്‍ സ്പൂണ്‍
  • കായം- അര ടേബിള്‍ സ്പൂണ്‍
  • ഉഴുന്ന് പരിപ്പ്- ഒരു ടേബിള്‍ സ്പൂണ്‍
  • കടലപ്പരിപ്പ്- രണ്ട് ടേബിള്‍ സ്പൂണ്‍
  • കറിവേപ്പില- കാല്‍ക്കപ്പ്
  • വറ്റല്‍മുളക് കുരുകളഞ്ഞത്- 10 എണ്ണം

ഒരു പാനില്‍ ചെറുതീയില്‍ ചേരുവകളെല്ലാം വറുക്കുക. മൊരിഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ചൂടാറിയശേഷം പൊടിച്ചെടുക്കാം. 

ഫിഷ് കറി മസാല

  • ജീരകം- ഒരു ടേബിള്‍ സ്പൂണ്‍
  • മല്ലി- രണ്ട് ടേബിള്‍ സ്പൂണ്‍
  • പെരുംജീരകം- ഒരു ടേബിള്‍ സ്പൂണ്‍
  • കുരുമുളക്- ഒരു ടേബിള്‍ സ്പൂണ്‍
  • ഗ്രാമ്പൂ- അര ടേബിള്‍സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി- കാല്‍ ടേബിള്‍ സ്പൂണ്‍
  • വറ്റല്‍മുളക്- ഒരു ടേബിള്‍ സ്പൂണ്‍
  • തയ്യാറാക്കുന്ന മസാല, ഫിഷ് ഫ്രൈയിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ റോസ്റ്റഡ് ചനാപൗഡര്‍ കൂടി ചേര്‍ക്കാം.

എല്ലാ ചേരുവകളും ചെറുതീയില്‍ ഒന്ന് വറുത്തെടുക്കാം. മൊരിഞ്ഞുപോകുന്നതിന് മുമ്പ് അടുപ്പില്‍ നിന്ന് ഇറക്കാം. ചൂടാറിയശേഷം പൊടിച്ചെടുക്കാം. 

ചിക്കന്‍ കറി മസാല

  • ജീരകം- ഒരു ടേബിള്‍സ്പൂണ്‍
  • മല്ലി- അരക്കപ്പ്
  • പെരുംജീരകം- രണ്ട് ടേബിള്‍സ്പൂണ്‍
  • കുരുമുളക്- ഒരു ടേബിള്‍സ്പൂണ്‍
  • ഏലയ്ക്ക- അഞ്ചോ ആറോ എണ്ണം
  • ഗ്രാമ്പൂ- ഒരു ടേബിള്‍സ്പൂണ്‍
  • കറുവാപ്പട്ട- അഞ്ച് കഷണം
  • കറുവയില- രണ്ടോ മൂന്നോ
  • ജാതിക്ക- അരക്കഷ്ണം
  • ജാതിപത്രി-അര ടേബിള്‍സ്പൂണ്‍
  • കാശ്മീരി ചില്ലി പൗഡര്‍- ഒരു ടേബിള്‍ സ്പൂണ്‍
  • വറ്റല്‍മുളക്- പത്തെണ്ണം കുരു നീക്കം ചെയ്തത്
  • കശുവണ്ടി- എട്ടെണ്ണം

ഒരു പാനില്‍ ചെറുചൂടില്‍ വറുത്തെടുക്കുക. ചൂടാറുമ്പോള്‍ നന്നായി പൊടിച്ചെടുത്ത് വായുകടക്കാത്ത പാത്രത്തില്‍ അടച്ച് സൂക്ഷിക്കാം. 

മീറ്റ് മസാല

  • ജീരകം- രണ്ട് ടേബിള്‍ സ്പൂണ്‍
  • മല്ലി- ഒരു ടേബിള്‍ സ്പൂണ്‍
  • കുരുമുളക്- ഒരു ടേബില്‍ സ്പൂണ്‍
  • വറ്റല്‍മുളക്- രണ്ടെണ്ണം
  • കാശ്മീരി മുളക്- രണ്ടെണ്ണം
  • പെരുംജീരകം- രണ്ട് ടേബിള്‍ സ്പൂണ്‍
  • ഗ്രാമ്പൂ- എട്ടെണ്ണം
  • കറുവാപ്പട്ട- രണ്ടെണ്ണം (ഒരിഞ്ച് കഷണങ്ങള്‍)
  • ഏലയ്ക്ക- മൂന്നെണ്ണം
  • കറുത്ത ഏലയ്ക്ക- ഒരെണ്ണം
  • തക്കോലം- ഒന്ന്
  • ജാതിക്ക- ഒന്ന്
  • കറുവയില- രണ്ടെണ്ണം
  • വെളുത്തുള്ളി- നാല് അല്ലി
  • കറിവേപ്പില- രണ്ട് തണ്ട്
  • കസൂരി മേത്തി- രണ്ട് ടേബിള്‍ സ്പൂണ്‍
  • ഉപ്പ്- ഒരു ടേബിള്‍ സ്പൂണ്‍

ഉപ്പ് ഒഴികെയുള്ള ചേരുവകള്‍ ചെറുതീയില്‍ വറുത്ത് പൊടിച്ചെടുക്കുക. ഉപ്പ് ചേര്‍ത്ത് ഒന്നുകൂടി പൊടിക്കുക. ശേഷം വായു കടക്കാത്ത പാത്രത്തില്‍ അടച്ചുസൂക്ഷിക്കാം.

Content Highlights: easily prepared masala powders at home using ingredients readily available in your kitchen