എരിവും ചൂടും രുചിയും ഒപ്പം സൗഹൃദവും നിറച്ച വേണു ബിരിയാണി

രുചിയോര്‍മ
#ഡോ.ജിജി ജെ. അലക്‌സ്
വര- ലിജീഷ് കാക്കൂര്‍
വര- ലിജീഷ് കാക്കൂര്‍

കോവിഡ് മഹാമാരി തുടങ്ങിയതിനുശേഷം അക്കാദമികമായ ഒരു യാത്രകളും നടത്തിയിരുന്നില്ല. കൂടും കുടുക്കയും കുട്ടികളും ഒക്കെയായി അങ്ങനെയങ്ങനെ പോയിരുന്ന കാലത്ത് യു.ജി.സി.യുടെ ഒരു കോണ്‍ഫറന്‍സ് കിട്ടി. ഡിണ്ഡിഗലിലെ ഗാന്ധിഗ്രാമില്‍ വെച്ചാണ്. ആദ്യമായാണ് ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കുന്നത്. വല്ലാത്ത ഒരു ആവേശവും ആകാംക്ഷയും ഒക്കെ ആയിരുന്നു. ഡിണ്ഡിഗലില്‍ പോകുന്നു എന്നറിഞ്ഞപ്പോഴേ യാത്രാഭ്രാന്തുള്ള അനിയന്‍ പറഞ്ഞു വിട്ടു, 'ചേച്ചി എന്തായാലും വേണു ബിരിയാണി കഴിക്കണേ', അതെന്താണ് സംഭവം എന്നാണ് ആദ്യം ആലോചിച്ചത്. അന്നേരം മുതല്‍ മനസ്സില്‍ ആ ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു, 'വേണു ബിരിയാണി, വേണു ബിരിയാണി'എന്ന് മനസ്സ് മന്ത്രിച്ചുകൊണ്ടേയിരുന്നു.

ഗാന്ധിഗ്രാം തികച്ചും ഒരു തീര്‍ത്ഥയാത്രയായിരുന്നു. 38 അധ്യാപകര്‍... കേരളം, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ഹൈദരാബാദ് അങ്ങനെ ആറ് സംസ്ഥാനങ്ങളില്‍നിന്നും വന്നവര്‍. എങ്കില്‍ തന്നെയും മലയാളികളായ ഞങ്ങള്‍ ഏഴ് പേരും പെട്ടെന്ന് തന്നെ ഒരൊറ്റ ഗ്രൂപ്പ് ആയി മാറി. ഫീല്‍ഡ് വിസിറ്റ് വേറെ വേറെ ഗ്രൂപ്പുകളോടൊപ്പം ആയിരുന്നെങ്കിലും ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴും, ചായ കഴിക്കുമ്പോഴും, ഒരുമിച്ച്. പ്രഭാതസവാരിക്ക് പോകുമ്പോഴും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. 'ഹാപ്പിയസ്‌റ് ആന്‍ഡ് ക്രേസിയസ്റ്റ് എമങ്‌ ദ ഗ്രൂപ്പ്' എന്നൊരു പേരുദോഷം കൂടെ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു.

ഉച്ചത്തില്‍ വര്‍ത്തമാനം പറഞ്ഞും, തമാശ പൊട്ടിച്ചും, ഞങ്ങള്‍ ഏഴ് പേരും വല്ലാതെ അറുമാദിച്ച മൂന്നുനാല് ദിവസങ്ങള്‍ ആയിരുന്നു അത്. അതിന്റെയിടയില്‍ ആണ് വേണു കടന്നുവന്നത്. ഒരു ഫീല്‍ഡ് വിസിറ്റ് കഴിഞ്ഞുവരുമ്പോള്‍ ടീം ലീഡര്‍ ആയിരുന്ന പ്രൊഫസറിനോട് ബാംഗ്ലൂരില്‍നിന്നും വന്ന മലയാളി സുഹൃത്ത്‌ ചോദിക്കുന്നു, 'ഇവിടെ എന്താണ് ഫേമസ്,' 'അതു ഡിണ്ഡിഗല്‍ തലപ്പാക്കെട്ടി ബിരിയാണി' 'ഹോ അതങ്ങു പട്ടത്തും പ്ലാമൂടും ഇല്ലേ' എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു. 'പക്ഷെ അതിലും ഫേമസ് മറ്റൊന്നുണ്ട്, ഇവിടെ ചുങ്കിടി ഡ്രസ്സ് മെറ്റീരിയല്‍, പിന്നെ നിങ്ങള്‍ മസ്റ്റ് ആയി ട്രൈ ചെയ്യേണ്ടത് വേണു ബിരിയാണി ആണ്.'

അപ്പോള്‍ ഞാന്‍ അനിയന്‍ സൂചിപ്പിച്ച വേണുവിനെ ഓര്‍ത്തു. വേണു ബിരിയാണി കഴിച്ചേ പറ്റു, മലയാളി സുഹൃത്തുക്കളെല്ലാം ഒറ്റക്കെട്ടായി തീരുമാനിച്ചു, 'നമ്മള്‍ പോകുന്നു, നമ്മള്‍ പോകുന്നു, വേണു ബിരിയാണി കഴിക്കാന്‍.' അന്നത്തെ സെഷന്‍ രാത്രി വരെ നീണ്ടു, ക്ലാസ്സ് കഴിഞ്ഞയുടനെ എല്ലാവരും ഫാക്കല്‍റ്റി ഗസ്റ്റ് ഹൌസിന്റെ പുറത്തു ഒത്തുകൂടി. വര്‍ഷങ്ങള്‍ക്കുമുന്‍പ് ക്ലാസ്സ് കട്ട് ചെയ്തു സിനിമയ്ക്ക് പോയ ത്രില്ല് ആയിരുന്നു. മൂന്ന് അധ്യാപഹയന്മാരും നാല് പഹയത്തികളും വേണു ബിരിയാണി കഴിക്കാനായി ഒരു ഇന്നോവ കാറില്‍ യാത്ര തിരിച്ചു. 

കടയില്‍ തിരക്കൊഴിഞ്ഞ സമയത്തായിരുന്നു എത്തിയത്, എത്തിയ പാടെ ഇലയിട്ട് ചാറുകറികള്‍ വിളമ്പി, ബിരിയാണിയുടെ കൂടെ കിട്ടിയ കൊളമ്പ് നല്ല എരിവും രുചിയുമുണ്ടായിരുന്നു. തൈരു ചേര്‍ത്ത് നല്ല ഉള്ളിസാലഡും ഉണ്ടായിരുന്നു. നല്ല മധുരവും ഒപ്പം അല്‍പ്പം ഉപ്പും പുളിയുമുള്ള സ്വാദുള്ള സാലഡ്. അതിനുശേഷം ഒരു ഇടത്തരം കിണ്ണത്തില്‍ ബിരിയാണി കൊണ്ടുവന്നു ഇലയില്‍ കമിഴ്ത്തി. നല്ല മണം, നല്ല ചൂട്, നല്ല മയമുള്ള അരിമണികള്‍, ഒന്നിനൊന്നോട് ചേര്‍ന്ന്, കളിചിരി പറഞ്ഞു ചിരിച്ചങ്ങനെ ഇലയില്‍കിടന്ന് തുള്ളിമറിയുന്നു, മൃദുവായ ചൂട് മട്ടന്‍ കഷ്ണങ്ങള്‍, എരിവും ചൂടും രുചിയും ഒക്കെ അങ്ങനെ ലയിച്ച ഒരു മഹാനുഭവം തന്നെ ആയിരുന്നു. 

പുട്ടിനു പീര എന്ന് പറയുന്നത് പോലെ, ബിരിയാണിയുടെ സ്വാദ് ഇത്രയേറെ അനുഭവവേദ്യമാക്കി തന്നത്, ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്ന വിഷയമായിരുന്നു. എല്ലാവരും അവരവരുടെ വീട്ടുകാരെയൊക്കെ ഓര്‍ത്തും മറ്റു തരം ബിരിയാണികളെ കുറിച്ച് വിവരിച്ചും സമയമെടുത്ത് തന്നെയാണ് വേണുവിനെ സമീപിച്ചതും. ഒരു പക്ഷേ അതു കൊണ്ട് തന്നെ ബിരിയാണിക്ക് നല്ല സ്വാദായിരുന്നു. അതിന് ശേഷം കടയുടെ മുന്‍പില്‍ നിന്നൊരു ഗ്രൂപ്പ് ഫോട്ടോ. കടയുടെ മുന്‍പില്‍ മീട്ടാപാന്‍ വില്‍ക്കുന്ന ചേച്ചിയുടെ കയ്യില്‍ നിന്നും ഓരോ മുറുക്കാനും വാങ്ങി, പിന്നീട് നീലിയെ കുറിച്ചായി ചര്‍ച്ച. നീലി ഞങ്ങളുടെ കൂടെയിങ്ങനെ നടക്കുന്നത് പോലെ തോന്നി. അന്നത്തെ അര്‍ധരാത്രിയിലെ സ്വാതന്ത്ര്യം മതിയാവോളം ആഘോഷിച്ചു. മുറുക്കി ചുവപ്പിച്ചു ഉറക്കെ പൊട്ടിച്ചിരിച്ചു ഗാന്ധിഗ്രാമിന്റെ ക്യാമ്പസിലൂടെ ഞങ്ങള്‍ നടന്നുകൊണ്ടിരുന്നപ്പോള്‍ അതുവരെയും അപരിചിതരായിരുന്ന ഒരു കൂട്ടം ആളുകളുടെ സൗഹൃദം വേണു ബിരിയാണിയും മീട്ടാപാനും തന്ന ലിബറേഷനിലൂടെ അന്ന് തുടക്കം കുറിക്കുകയായിരുന്നു.

Content Highlights: dr.gigi j alex share her memories about a special food venu biriyani and friendship