നെമ്മീന്‍ കറിയും രാധാമണിചേച്ചിയുടെ ശാപവും

രുചിയോര്‍മ
#ഡോ.ജിജി ജെ. അലക്‌സ്
പ്രതീകാത്മകചിത്രം/ shutter stock
പ്രതീകാത്മകചിത്രം/ shutter stock

ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി അത്യാവശ്യം സാമ്യം ഈ കഥയ്ക്കുണ്ട്.

സുഖമില്ലാതെ കിടക്കുന്ന അയല്‍ക്കാരി ചേച്ചിയെ ശുശ്രൂഷിക്കാമെന്നു മാത്രമേ ആനി വിചാരിച്ചുള്ളു. അത് ഇത്ര വലിയ ഒരു കുരിശാകുമെന്നു അവള്‍ ഒരിക്കലും കരുതിയിരുന്നില്ല. പാവമല്ലേ സുഖമില്ലാതിരിക്കുവല്ലേ എന്ന് കരുതി അവള്‍ ഒരു തവണ കുറച്ചു മീന്‍ കറി അവര്‍ക്കു കൊടുത്തു വിട്ടു. ഒരു തരത്തിലുമുള്ള നന്ദി വാചകങ്ങള്‍ ഔപചാരികതയ്ക്ക് പോലും പറയാത്ത കക്ഷിയാണവര്‍. ആനി എന്റെ സുഹൃത്താണ്. അത്യാവശ്യം കുഴപ്പമില്ലാതെ പാചകപരീക്ഷണങ്ങളൊക്കെയുണ്ട്. 

അങ്ങനെയിരിക്കെ ഒരു ദിവസം കിടക്കാന്‍നേരം ഭര്‍ത്താവ് തോമസുകുട്ടി ആനിമോളോട് മൊഴിഞ്ഞു, 'നാളെ രാധാമണിച്ചേച്ചിക്കു കുറച്ചു നെമ്മീന്‍ വാങ്ങിക്കൊടുക്കണം.' കാര്യമൊക്കെ ശരി തന്നെ അയല്‍ക്കാരാണ്, ചൊല്ലും വിളിയും ഒക്കെ വേണം. പക്ഷെ ഈ പോക്ക് എങ്ങോട്ടാണെന്ന് ആനിക്കു ഒട്ടും മനസ്സിലായില്ല. തോമസുകുട്ടി അപ്പറഞ്ഞതു ആനിയുടെ മനസ്സില്‍ ഒരു കനലായി കിടന്നു. ഒരിക്കല്‍ ആനി കൊടുത്തുവിട്ട മീന്‍ കറി അവര്‍ കഴിച്ചുവെന്നും, അവര്‍ക്കതു അപാരമായി ഇഷ്ടപ്പെട്ടുവെന്നും അവള്‍ക്കു മനസ്സിലായി, പക്ഷെ അത് നന്നായിരുന്നു എന്ന് പറയാന്‍ അവരുടെ ഒരിത് അവരെ സമ്മതിച്ചിട്ടില്ലെന്നും ആനിക്ക് മനസ്സിലായിരുന്നു. അത് കൊണ്ട് അവര്‍ ആനിയെ കണ്ടപ്പോള്‍ ഇങ്ങനെ പറഞ്ഞു 'കുഞ്ഞിരാമന്‍ (അവരുടെ മകന്‍) കഴിച്ചു. നിറം കണ്ടപ്പോള്‍ ഞാന്‍ കരുതി ഭയങ്കര എരിവായിരിക്കുമെന്നു. നിങ്ങള്‍ എന്ത് മുളക് പൊടിയാണ് ചേര്‍ക്കുന്നത്?' സേച്ചി (നോ ഒഫെന്‍സ്) കൊള്ളാമല്ലോ, കറിയൊക്കെ കഴിച്ചു, ഇഷ്ടപ്പെടുകയും ചെയ്തു, പക്ഷെ സമ്മതിക്കാന്‍ വയ്യ, അതിനാലാണ് കിഴിഞ്ഞും കുഴിഞ്ഞും ചോദിക്കുന്നത്, 'അതെ കുറച്ചു കാന്താരി മുളക് ഉണക്കിപ്പൊടിച്ചു ചേര്‍ക്കും.' ആനിക്കു അങ്ങനെ പറയാനാണ് തോന്നിയത്. അവള്‍ വെളുക്കെ ചിരിച്ചു കൊണ്ട് ഉള്ളാലെ അവരെ പ്രാകി. 

ഇതെല്ലാം കഴിഞ്ഞിട്ടാണ് തന്റെ ഭര്‍ത്താവിനോട് നെമ്മീന്‍ വാങ്ങിക്കൊടുക്കണമെന്നു പറഞ്ഞിരിക്കുന്നത്.  അല്ലെങ്കില്‍ തന്നെ അവര്‍ക്ക്  ഈയിടെയായി ഇങ്ങേര്‍ മേടിച്ചു കൊടുക്കുന്ന മട്ടന്‍ മാത്രമേ ഇറങ്ങൂ. ആനിയുടെ കുശുമ്പ് ഉണര്‍ന്നു. ഇത് ഇന്ന് തന്നെ അമ്മായിയമ്മയെ വിളിച്ചു പറഞ്ഞാലോ എന്ന് ആനി മനസ്സില്‍ ആലോചിച്ചു. കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ അമ്മായിഅമ്മ ഓര്‍മിപ്പിച്ചതാണ്. ' ആനി ഈ ആണുങ്ങളെ കണ്ണുമടച്ചങ്ങു വിശ്വസിക്കരുത്. ഒരു കണ്ണ് എപ്പോഴും അവരുടെ മേല്‍ ഉണ്ടായിരിക്കണം.' 'എന്റീശോയെ ഞാന്‍ രണ്ടു കണ്ണും ഇങ്ങേരുടെ മേലിട്ടിട്ടും ഇതാണല്ലോ ഗതി.'  പിന്നീടങ്ങോട്ട് ആനി വളരെയധികം ജാഗരൂകയായിരുന്നു. രാധാമണിച്ചേച്ചിയോടു ഒരു ഗ്യാപ് ഒക്കെ  ഇട്ടിട്ടു നില്‍ക്കാമെന്നു വിചാരിച്ചു.  

അങ്ങനെയിരിക്കെ പത്രത്തില്‍ ഒരു വാര്‍ത്ത. 'വിഴിഞ്ഞത്തു നെമ്മീന്‍ ചാകര' തോമസ്‌കുട്ടി നെമ്മീന്‍ വാങ്ങാന്‍ പോകുമെന്നവള്‍ മനസ്സിലുറപ്പിച്ചു. അവര്‍ക്കുള്ളത് കൂടെ മേടിക്കുവാന്‍ ചിലപ്പോള്‍ ചേച്ചിയും പറയും അവള്‍ മനസ്സിലോര്‍ത്തു. അങ്ങനെ തോമസ്‌കുട്ടി നെമ്മീന്‍ മേടിക്കുവാനായി പോയി. ആനി അടുക്കളപ്പണികളൊക്കെ പെട്ടെന്ന് പെട്ടെന്ന് തീര്‍ത്തു കൊണ്ടിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ തോമസ്‌കുട്ടി നെമ്മീനുമായി എത്തി. എന്നിട്ടു ആനിയോട് ഇങ്ങനെ മൊഴിഞ്ഞു, 'ആനി, ചേച്ചി ഇന്നാള് നെമ്മീന്‍ മേടിച്ചു കൊടുക്കണമെന്ന് പറഞ്ഞു, പകുതി മീന്‍ അവര്‍ക്കു കൊടുക്കട്ടെ.' ആനിയുടെ മേലാകെ ഒന്ന് വിറച്ചു, 'ഇതെന്തു ഭ്രാന്താണ് മനുഷ്യാ, അവരുടെ കൂടെ ഒരു മകനുണ്ട്. അവര്‍ക്കു വണ്ടിയുണ്ട്, വേണമെങ്കില്‍ അവര്‍ പോയി മേടിച്ചുകൊള്ളും, നിങ്ങള്‍ നിങ്ങളുടെ പാട് നോക്ക് നാട്ടിലുള്ള ചേച്ചിമാര്‍ക്കു നെമ്മീന്‍ വാങ്ങാന്‍ നടക്കുന്നു. നാണമില്ലേ നിങ്ങള്‍ക്ക്.' ആനി പിന്നെയും എന്തൊക്കെയോ അലച്ചു കൊണ്ടിരുന്നു. പക്ഷെ തോമസ്‌കുട്ടിയുടെ പൊടി പോലും അവിടെ കാണാനില്ലായിരുന്നു. ആനി കുറച്ചധികം നേരം ഹാലിളകി നിന്നു. പക്ഷെ അന്ന് അവളുടെ അടുക്കളയില്‍ ഒരു ദുരന്തം സംഭവിച്ചു.

സാധാരണ മീന്‍ എരിക്കറി വെച്ചു കഴിഞ്ഞാല്‍ ഒരു ദിവസം മുഴുവന്‍ അത് പുറത്തിരുന്നാലും കേടാകാറില്ല, മറിച്ച്  രുചി കൂടുകെയുള്ളു. അന്നത്തെ മീന്‍ കറി അഞ്ചു മണി ആയപ്പോള്‍ തന്നെ കേടായി. എന്താണ് പിശക് പറ്റിയതെന്ന് ആനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തോമസ് കുട്ടി പുതിയ ഒരു കണ്ടുപിടിത്തവുമായി എത്തി, 'ഇത് ദൈവശാപമാണ് ആനി, പാവം പിടിച്ച ഒരു ചേച്ചിക്ക് അല്‍പ്പം മീന്‍ മേടിച്ചു കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ നീ വിലക്കിയതോര്‍മ്മയുണ്ടോ, അതിന്റെ ശാപമാ'. കഷ്ടപ്പെട്ടുവെച്ച  മീന്‍കറി കേടായതിന്റെ സങ്കടവും കെട്ടിയോന്റെ ന്യായീകരണവും കൂടി കേട്ടതോടെ ആനിക്ക് കാലുമുതല്‍ തലവരെ പെരുത്തുകയറി. തോമസുകുട്ടിയെ പിന്നെ കുറച്ച് നേരത്തേക്ക് ആ അടുക്കളപ്പരിസരത്ത് തന്നെ കാണാനുണ്ടായിരുന്നില്ല. അടുക്കള വഴക്കുകള്‍ അവരിപ്പോഴും അനുസ്യൂതം തുടരുന്നുണ്ടെന്നതും വേറെകാര്യം 

Content Highlights: dr.gigi j alex share her memories about a friend's neymeen curry