ആഹാരയാത്രകളിലെ സഹയാത്രികനും അപ്രത്യക്ഷമായ ബീഫ് ജോസഫും

ഭക്ഷണത്തെ കുറിച്ച് വായിക്കുവാനും, എഴുതുവാനും, സംസാരിക്കുവാനും എനിക്കേറ്റവും പ്രചോദനം കിട്ടിയത് എന്റെ വാമഭാഗത്തില്‍ നിന്നാണ്. ഭക്ഷണം ഇഷ്ടപ്പെടുന്ന ഭര്‍ത്താവ്, അത് എങ്ങിനെ ഉണ്ടാക്കാമെന്നും, കഴിക്കാമെന്നും, ഗവേഷണം നടത്താന്‍ താല്പര്യമുള്ള അദ്ദേഹം എന്റെയീ ഭക്ഷണയാത്രകളിലെല്ലാം കൂടെയുണ്ട്. രുചിയുടെ കാര്യത്തില്‍ യാതൊരു കോംപ്രമൈസിനും തയ്യാറാകാത്ത അദ്ദേഹം യാതൊരു മടിയുമില്ലാതെ എന്റെ കൂടെയുള്ള ആഹാരയാത്രകളില്‍ സഹയാത്രികനായി. ഏറ്റവും പ്രിയപ്പെട്ട ആഹാരങ്ങള്‍ ഉണ്ടാക്കിത്തന്നു, ആഹാരകേന്ദ്രങ്ങള്‍ പരിചയപ്പെടുത്തി, രുചിയുള്ള പലഹാരങ്ങള്‍ വാങ്ങിത്തന്നു.
ഏറ്റവും പ്രിയമുള്ള ഒരോര്‍മ്മ പറയാം; ജോലി കിട്ടി തിരുവനന്തപുരത്തു താമസിക്കുന്ന സമയം. 2007 സെപ്റ്റംബര്‍ മൂന്നിനാണ് മരപ്പാലത്തുള്ള വാടകവീട്ടിലേക്കു മാറുന്നത്. മകന് ഒരു വയസ്സായതേ ഉള്ളു. അപ്പച്ചന്റെയും അമ്മച്ചിയുടെയും മൂത്ത കൊച്ചുമകനായി അവന്‍ കടമ്പാനാട്ടും ഞങ്ങള്‍ രണ്ടു പേരും തിരുവനന്തപുരത്തും. ജോലി കിട്ടിയ സന്തോഷമുണ്ടെങ്കിലും മകനെ നാട്ടില്‍ നിര്‍ത്തി എന്നുള്ള മദര്‍ഗില്‍റ്റ് വഹിക്കുന്ന ഞാന്‍ വീട്ടില്‍ അല്‍പ്പം മൂശേട്ട ആയിരുന്നു. അങ്ങനെയൊരു പിറന്നാള്‍ദിനം വന്നെത്തി. എല്ലാവരും രാവിലെ തന്നെ വിളിക്കുന്നു, ആശംസകള്‍ അറിയിക്കുന്നു. ഭര്‍ത്താവു മാത്രം ഒന്നും പറഞ്ഞില്ല. എന്നാലും പുള്ളിക്കാരന്‍ സ്വന്തം ഭാര്യയുടെ പിറന്നാള്‍ മറന്നുപോയല്ലോ, എന്തൊരു കഷ്ടം എന്നൊക്കെ ഞാന്‍ മനസ്സിലോര്‍ത്തു. പതിവ് പോലെ ജോലിക്കുപോയി.
തിരികെ വൈകുന്നേരം എത്തുമ്പോള്‍ അല്‍പ്പം വൈകി. സന്ധ്യയായി തുടങ്ങിയിരുന്നു. നേരത്തെ എത്തുന്ന ഭര്‍ത്താവു വീട്ടില്‍ ഇല്ല, പക്ഷെ കതക് ചാരിയിട്ടേ ഉള്ളു. വീട്ടിനുള്ളില്‍ വെളിച്ചമൊന്നുമില്ല. വാതില്‍ തുറന്നു അകത്തു കയറിയപ്പോള്‍, ഡൈനിങ് ടേബിളില്‍ ഒരു ട്രേയില്‍ ഒരു പീസ് പേസ്ട്രി, ചുറ്റും സില്‍വര്‍ മെഴുകുതിരികളുടെയും ചുവന്ന റോസാപ്പൂക്കളുടെയുമിടയില്‍ അലങ്കരിച്ചു വെച്ചിരിക്കുന്നു. ഭര്‍ത്താവ് പിറന്നാളാശംസകള്‍ പറഞ്ഞില്ല എന്ന സങ്കടം മാറി എന്ന് മാത്രമല്ല, അതിന്റെ പേരില്‍ പരിഭവം കാണിച്ചതില്‍ അല്‍പ്പം ചമ്മലും തോന്നി.
ഇത് പോലെയുള്ള സസ്‌പെന്‍സുകളുടെ ഒരു രാജകുമാരനാണ് അദ്ദേഹം. ഏറ്റവും വിശന്നും ദാഹിച്ചും ഇരിക്കുന്ന സമയത്തു ചിലപ്പോള്‍ യേശുകര്‍ത്താവ് ആയിക്കളയും. ഒരിക്കല്‍ റിസേര്‍ച്ച് സ്‌കോളര്‍ ആയിരിക്കുന്ന സമയം ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ പോകേണ്ടി വന്നു. ഹൈദരാബാദിലേക്കുള്ള യാത്ര വലിയ സ്വപ്‌നങ്ങള്‍ ഒക്കെ നെയ്തുകൊണ്ടായിരുന്നു. പത്തു ദിവസത്തെ ലൈബ്രറിവര്‍ക്കിന് വേണ്ടി പോകുന്നു. അപ്പോള്‍ ഞാന്‍ മനസ്സിലോര്‍ത്തു, അഞ്ചു ദിവസം ലൈബ്രറിയില്‍, ബാക്കി അഞ്ചു ദിവസം കൊണ്ട് ഹൈദരാബാദ് മുഴുവന്‍ കാണണം, ഷോപ്പിങ് ചെയ്യണം, അങ്ങനെ മനക്കോട്ടകള്‍ കെട്ടിപ്പൊക്കി തയ്യാറായി. യാത്ര തുടങ്ങിയപ്പോഴേ ഭര്‍ത്താവ് നയം വ്യക്തമാക്കി, 'റാണീ നോ കറക്കം, നോ റൊമാന്‍സ്, ഒൺലി പഠിത്തം' 'ശ്ശെ അറുബോറന്‍' എന്ന് ഞാന്‍ മനസ്സിലോര്‍ത്തു.
രാവിലെ എട്ടു മണിക്ക് സ്‌കോളേഴ്‌സ് ഹോസ്റ്റലില്‍ നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിച്ചു ലൈബ്രറിയില്‍ കയറും. ജേണല്‍സ് റഫറന്‍സ് പേജ് നമ്പര്‍ എഴുതിക്കൊടുക്കും, ഭര്‍ത്താവ് അതിന്റെയെല്ലാം പ്രിന്റ്ഔട്ട് എടുത്തു ബൈന്‍ഡ് ചെയ്തു കൊണ്ടുവരും. ഇടയ്ക്കെങ്കിലും പുറത്തു ചാടാമെന്നു വെച്ചാല്‍, ഭദ്രമായി പേപ്പര്‍ കവറില്‍ പൊതിഞ്ഞു കൊണ്ട് വന്ന കശുവണ്ടിപ്പരിപ്പ് (ഉപ്പും കുരുമുളകും കായപ്പൊടിയും ചേര്‍ത്ത് വറുത്തത് ) എടുത്തു കൊറിക്കാന്‍ തരും. 'ഈ തൊരപ്പന്‍ ഇതെപ്പം ഒപ്പിച്ചു' എന്ന് ഞാന്‍ മനസ്സിലോര്‍ക്കും. പക്ഷേ കൃത്യം അഞ്ചര മണിക്ക് ഞങ്ങള്‍ ലൈബ്രറിയില്‍ നിന്നും ചാടും. ബസ്സിൽ റ്റാര്‍ണാക, സെക്കന്ദരാബാദ് എന്നിവിടങ്ങളിലൊക്കെ കറങ്ങും. ഹൈദരാബാദ് ബിരിയാണി ഒക്കെ പരീക്ഷിച്ചു വയറുനിറച്ചു ഹോസ്റ്റലില്‍ വന്നു കിടന്നുറങ്ങും.
പിറ്റേന്ന് വീണ്ടും അതെ റുട്ടീന്‍. ഇതിങ്ങനെ തുടരുന്നത് കണ്ടപ്പോള്‍ കൂടെയുള്ള ടീച്ചേഴ്‌സ് ചോദിക്കും, 'ഇതിപ്പോ ആരാ ഗവേഷണം ചെയ്യുന്നത്, ഭാര്യയോ ഭര്‍ത്താവോ, ഞങ്ങടെ പാര്‍ട്‌നേഴ്‌സിനെ അവര്‍ ഞങ്ങളെ ഇവിടെ കൊണ്ടാക്കിയപ്പോഴാ അവസാനമായി കണ്ടത്. ഇനിയിപ്പോള്‍ വിളിക്കാന്‍ വരുമ്പോള്‍ കാണാം.' ഇപ്പോഴാണെങ്കിലും കോളേജില്‍ സ്റ്റേബാക്ക് ചെയ്യേണ്ടി വന്നാല്‍ രാത്രിയില്‍ വിളിക്കാന്‍ വരുമ്പോള്‍ ഒരു കുപ്പി ലിംകയും ഒരു കട്‌ലെറ്റും ഉറപ്പായും മേടിച്ചുകൊണ്ട് വരും, തിരിച്ചു വണ്ടിയില്‍ കയറി യാത്ര തുടങ്ങുമ്പോള്‍ ആദ്യത്തെ ചോദ്യം, 'ഭവതിക്കു കഴിക്കാന്‍ എന്തെങ്കിലും?' ' ഭവാന്‍ എന്തെങ്കിലും കരുതിയിട്ടുണ്ടോ?' 'നിങ്ങളെ ഞാന്‍ അനാഥരായി വിടുകയില്ല എന്നല്ലേ കര്‍ത്താവു പറഞ്ഞിട്ടുള്ളത്.' ഇതും പറഞ്ഞുകൊണ്ട് ഭദ്രമായി വെച്ചിരിക്കുന്ന സ്‌നാക്ക്‌സ് എടുത്തുതരും.'നന്നായി, ഭര്‍ത്താവ് അങ്ങനെ കര്‍ത്താവായി ' എന്ന് ഞാന്‍ പറയും.
അങ്ങനെ ഭക്ഷണകാര്യങ്ങളില്‍ താല്പര്യമുള്ള ഭര്‍ത്താവിന്റെ മറ്റൊരു വിനോദം ഭക്ഷണത്തെ കുറിച്ച് വരുന്ന വാര്‍ത്തകള്‍, പ്രത്യേകിച്ചും ചില പുതിയ ഹോട്ടലുകള്‍, എത്‌നിക് ഭക്ഷണസാധനങ്ങള്‍ കിട്ടുന്ന ചില കടകള്‍, സിഗ്‌നേച്ചര്‍ ഡിഷസ് പറയുന്ന ചില കുറിപ്പുകള്‍, ഇതെല്ലാം വെട്ടിസൂക്ഷിക്കുക എന്നതാണ്. പറ്റുന്നിടത്തോളും അവിടെയൊക്കെ പോകും, സാധനങ്ങള്‍ മേടിക്കും, ഞങ്ങളൊരുമിച്ചു പരീക്ഷിക്കും, അങ്ങനെ തിരുവനന്തപുരത്തിന്റെ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണപാരമ്പര്യത്തിന്റെ ഒരു ചെറിയ ചരിത്രം പ്രത്യേകിച്ചും 2007 മുതലുള്ളത് അദ്ദേഹത്തിന്റെ കയ്യിലുണ്ട്. അതെല്ലാം ഒരു ബ്രീഫ് കേസ് നിറച്ചും അടുക്കിവെച്ചിട്ടുണ്ട്.
അങ്ങനെ കിട്ടിയ ഒരു ഡിഷാണ് ബീഫ്‌ജോസഫ്. ബീഫാണ് മെയിന്‍ ഇന്‍ഗ്രീഡിയന്റ്. പക്ഷെ അതിന്റെ പാചകരീതിയൊക്കെ അതിവിശിഷ്ടമാണ്. പാറ്റൂര്‍ എന്ന സ്ഥലത്താണ് ഇത് കിട്ടുന്ന ഹോട്ടല്‍. അവിടെ പോയിരുന്നു കഴിച്ചു, പിന്നെ പാഴ്‌സല്‍ മേടിച്ചും കഴിച്ചു. അങ്ങനെ അടുത്തിടെ വീണ്ടും ബീഫ് ജോസഫിനെ ഒന്ന് കാണാനും കഴിക്കുവാനും മോഹമുദിച്ചു, പക്ഷെ ആട് കിടന്നിടത്തു പൂട പോലുമില്ല എന്ന് പറഞ്ഞ പോലെയായി, ആ കട അവിടെ നിന്നും അപ്രത്യക്ഷമായി, പകരം മറ്റൊരു കട അവിടെ വന്നു. 'ശ്രീ ഭൂവിലസ്ഥിര.'
Content Highlights: dr. gigi j alex share food memories about special dish beef joseph