സമ്മര്‍ദമകറ്റി സന്തോഷിക്കാൻ ഇനി സാലഡ് കഴിച്ചോളൂ

മാനസികസമ്മർദത്തെ അതിജീവിക്കാൻ പല വഴികളും വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി വളര്‍ന്നുവരുന്നൊരു മേഖലയാണ് ന്യൂട്രീഷണല്‍ സൈക്യാട്രി. നമ്മള് കഴിക്കുന്ന ഭക്ഷണം ശരീരത്തെ മാത്രമല്ല, മനസ്സിനെയും നേരിട്ട് സ്വാധീനിക്കുന്നു എന്നതാണ് ന്യൂട്രീഷണല്‍ സൈക്യാട്രി എന്ന ശാഖയുടെ അടിസ്ഥാന തത്വം. ഭക്ഷണം മനസ്സിന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന പഠനമാണ് ഇതിലൂടെ നടത്തുന്നത്.
നല്ല പോഷകങ്ങള്‍ നിറഞ്ഞ ആഹാരം വിഷാദരോഗം, ഉത്കണ്ഠ, സമ്മര്‍ദ്ദം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. കഫീന്‍, ഫാസ്റ്റ് ഫുഡ്, പഞ്ചസാര എന്നിവയുടെ അമിതമായ ഉപയോഗം ശരീരത്തെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് ഈ പഠനത്തിലൂടെ കണ്ടെത്തിയിട്ടുള്ളത്.
ഉദാഹരണത്തിന് ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ബി-വിറ്റാമിനുകള്‍, മഗ്നീഷ്യം, സിങ്ക്, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ആഹാരം മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും, സെറോട്ടോണിന്‍ പോലുള്ള സന്തോഷ ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മത്സ്യം, മുട്ട, പഴങ്ങള്‍, പച്ചക്കറികള്‍, വിത്തുകള്‍ എന്നിവ ഈ ഘടകങ്ങള്‍ നല്കുന്ന പ്രധാനഭക്ഷണങ്ങളാണ്.
അതേസമയം, അധികമായ മധുരം, ഫാസ്റ്റ് ഫുഡ്, സോഡ തുടങ്ങിയ പ്രോസസ്സുചെയ്ത ഭക്ഷണങ്ങള്‍ വിഷാദവും ഉത്കണ്ഠയും വര്‍ധിപ്പിക്കുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഫാസ്റ്റ് ഫുഡ് വല്ലപ്പോഴും മാത്രമാക്കി, ദൈനംദിന ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും പോഷകങ്ങളും ഉള്‍പ്പെടുത്തുക എന്നത് തന്നെയാണ് മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് നല്ലത്. ഇതിനായി ചില സാലഡുകള്‍ ഭക്ഷണമെനുവില്‍ ഉള്‍പ്പെടുത്തുന്നത് നന്നാവും.
ഗ്രില്‍ഡ് ചിക്കന്‍ സാലഡ്
ചേരുവകള്‍:
ചിക്കന്‍ ബ്രെസ്റ്റ് പീസ് - രണ്ട്
കുക്കുമ്പര്‍ - ഒന്ന്
കാരറ്റ് - ഒന്ന്
സവാള - ഒന്ന്
സ്വീറ്റ്കോണ് - കാല് കപ്പ്
ആപ്പിള്‍ - ഒന്ന്
ലെറ്റിയൂസ് അരിഞ്ഞത് - കാല് കപ്പ്
ചെറുനാരങ്ങാനീര് - രണ്ട് ടേബിള്‍ സ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
യോഗര്‍ട്ട് - ഒരു കപ്പ്
പുതിനയില - അരക്കപ്പ്
തേന്‍ - രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ്, ഓയില്‍ - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ചിക്കനിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. പാനില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാക്കി, അതിലേക്ക് ചിക്കന്‍ കഷ്ണങ്ങളിട്ട് ഇടത്തരം തീയില്‍ രണ്ടു വശവും 3-4 മിനിറ്റ് ഗ്രില്‍ ചെയ്യുക. ഇരുവശവും മൊരിഞ്ഞു വരുമ്പോള്‍ അടുപ്പില്‍നിന്ന് മാറ്റാം. ആറിയതിനുശേഷം ചെറിയ ക്യൂബ് ആയി കട്ട് ചെയ്ത് വയ്ക്കുക.
യോഗര്‍ട്ടിലേക്ക് ബാക്കി നാരങ്ങാനീരും കുരുമുളകുപൊടിയും തേനും പുതിനയില അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് സാലഡ് ഡ്രെസ്സിങ് തയ്യാറാക്കുക. ഒരു വലിയ ബൗളിലേക്ക് ക്യൂബാക്കിയ ചിക്കന്‍, കുക്കുമ്പര്‍, കാരറ്റ്, ആപ്പിള്‍, സവാള, ലെറ്റിയൂസ്, വേവിച്ച സ്വീറ്റ് കോണ്‍ എന്നിവ ചേര്‍ക്കുക. ഇതിലേക്ക് സാലഡ് ഡ്രെസ്സിങ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ക്രീമി ഗ്രില്‍ഡ് ചിക്കന്‍ സാലഡ് റെഡി.
മിക്സ്ഡ് ഫ്രൂട്ട് ചാട്ട്
ചേരുവകള്‍:
ആപ്പിള്‍ - ഒന്ന്
പപ്പായ ക്യൂബ് ആക്കിയത് - ഒരു കപ്പ്
പേരക്ക - ഒന്ന്
ഞാലിപ്പൂവന് പഴം - നാല്
സീഡ്ലെസ്സ് മുന്തിരിങ്ങ - അരക്കപ്പ്
കിവി ക്യൂബ് ആക്കിയത് -അരക്കപ്പ്
മിക്സ്ഡ് നട്ട്സ് - കാല് കപ്പ്
യോഗര്‍ട്ട് - ഒരു കപ്പ്
ഫ്രഷ് ക്രീം - കാല് കപ്പ്
തേന്‍ - രണ്ടു ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി - അര ടീസ്പൂണ്‍
ചാട്ട് മസാല - അര ടീസ്പൂണ്‍
ജീരകപ്പൊടി - കാല് ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: എല്ലാ പഴങ്ങളും ചെറിയ ക്യൂബ് ആയി കട്ട് ചെയ്ത് വയ്ക്കുക. യോഗര്‍ട്ട്, ഫ്രഷ് ക്രീം, തേന്‍, ചാട്ട് മസാല, കുരുമുളകുപൊടി, ജീരകപ്പൊടി, അല്പം ഉപ്പ് എന്നിവ നന്നായി ബീറ്റ് ചെയ്ത് ക്രീമി ആവുന്നത് വരെ യോജിപ്പിച്ച് ഫ്രൂട്സിലേക്ക് ചേര്‍ക്കാം. നട്ട്സ് ചേര്‍ത്ത് തണുപ്പിച്ചശേഷം കഴിക്കാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Crunch away the stress with feel-good salads