കല്ലില്‍ വിരിഞ്ഞ ശില്പഭംഗിയും കള്ളിയങ്കാട്ട് നീലിയും

ചിതറാള്‍ | പി. ജയേഷ്
ചിതറാള്‍ | പി. ജയേഷ്

ഇരുവശങ്ങളിലും ബദാം മരങ്ങള്‍ തണല്‍വിരിച്ചുനില്‍ക്കുന്നു. അതിന് മധ്യത്തിലൂടെ കരിങ്കല്‍ വിരിച്ച പാത മലമുകളിലേക്ക് നീളുന്നു. വൃക്ഷത്തലപ്പുകളിലൂടെ ഊര്‍ന്നെത്തുന്ന ഇളംകാറ്റ്. പാത വിജനമായിരുന്നു. ആളനക്കമില്ലാത്ത നിര്‍ജീവഭൂമിയില്‍ എത്തിപ്പെട്ടപോലെ. മുന്നോട്ടുനടക്കുമ്പോള്‍ ചുറ്റും പാറക്കൂട്ടങ്ങള്‍ നിറയുന്നു. ദൂരെ ഭീമാകാരമായ ഒരു പേരാല്‍ ശാഖകള്‍ വിരിച്ചുനില്‍ക്കുന്നു. ആല്‍മരത്തിനോട് ചേര്‍ന്ന് പുരാതനസംസ്‌കൃതിയുടെ അവശേഷിപ്പെന്നോണം തലയുയര്‍ത്തിനില്‍ക്കുന്ന ജൈനസ്മൃതികളുടെ ഗോപുരം താഴ്വാരത്തുനിന്നേ കാണാം. അനന്തപുരിയില്‍നിന്ന് കന്യാകുമാരിയിലേക്ക് നീളുന്ന ഓരോ ബസ് യാത്രയിലും വേളിമലയുടെ ഓരത്തുള്ള നാഞ്ചിനാടിന്റെ സൗന്ദര്യത്തെ കണ്ണെടുക്കാതെ നോക്കിനില്‍ക്കാറുണ്ട്. ഐതിഹ്യകഥകളും ചരിത്രവും ഉറങ്ങുന്ന ഈ മണ്ണിലെ അതിപുരാതനമായ ചിതറാള്‍ ജൈനപാഠശാലയിലേക്കായിരുന്നു യാത്ര.

തിരുവനന്തപുരം-കന്യാകുമാരി ദേശീയപാതയിലുള്ള മാര്‍ത്താണ്ഡത്തുനിന്ന് ഏകദേശം നാല് കി.മീ. സഞ്ചരിച്ചാല്‍ ആറ്റൂര്‍ എന്നൊരു കൊച്ചുഗ്രാമത്തിലെത്തും. അവിടെനിന്ന് മൂന്ന് കി.മീ. പിന്നിട്ടാല്‍ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ വലിയൊരു കുന്നിന്റെ താഴ്വാരത്തെത്താം. ക്രിസ്തുവിനും മുന്‍പ് ബി.സി. ഒന്നാംനൂറ്റാണ്ടിലാണ് ഈ കുന്നിന്‍ നെറുകയിലുള്ള പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ ജൈനക്ഷേത്രം നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു. ഇന്നിത് ജൈനക്ഷേത്രം മാത്രമല്ല, ഹൈന്ദവാരാധനയുള്ള ഭഗവതിക്ഷേത്രവും കൂടിയാണ്. ജൈനമതം രൂപംകൊണ്ട് അധികം വൈകാതെതന്നെ അതിന്റെ സന്ദേശവാഹകര്‍ തമിഴകത്തുമെത്തി. മധുരയ്ക്ക് സമീപം എട്ടുകുന്നുകളിലായി ജൈനസ്മാരകങ്ങളുണ്ടായിരുന്നു, തിരുപ്രംകുണ്ഡത്തിലും കീഴെകുയില്‍ കുടിയിലും (കോവില്‍പ്പെട്ടയ്ക്ക് സമീപം) ജൈനസ്മാരകങ്ങള്‍ അക്കാലത്ത് സ്ഥാപിക്കപ്പെട്ടു. എന്നാല്‍, അവയെക്കാളെല്ലാം പുരാതനമാണ് ചിതറാളിലെ ജൈനക്ഷേത്രം. ക്ഷേത്രം എന്നതിലുപരി ജൈന്‍ യൂണിവേഴ്‌സിറ്റിയായിരുന്നു ഇത്.

പഴയ തമിഴ് ലിപിയില്‍ എഴുതപ്പെട്ട ഒരുശിലാലിഖിതം ചിതറാളില്‍നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ചേര-ചോള-പാണ്ഡ്യസാമ്രാജ്യങ്ങള്‍ക്ക് മുന്‍പ് കുറവരാജവംശത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം. ജൈനഭിക്ഷുക്കള്‍ക്ക് പാഠശാല പണിയാന്‍ ഈ പാറക്കൂട്ടങ്ങള്‍ വിട്ടുനല്‍കിയത് കുറവരാജവംശത്തിലെ രാജ്ഞിയായിരുന്ന കുറത്തിയറയാള്‍ എന്നാണ് ശിലാലിഖിതത്തിലെ പരാമര്‍ശം. തമിഴിന്റെ പഴയ രൂപത്തില്‍ എഴുതപ്പെട്ട ഈ ശിലാലിഖിതം തന്നെയാണ് ചിതറാളിന്റെ പൂര്‍വകാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്നത്. പാറക്കൂട്ടങ്ങള്‍ക്ക് മുകളിലെത്തുമ്പോള്‍ ശാന്തമായ അന്തരീക്ഷമാണ്. മുന്നില്‍ കരിങ്കല്ലുകളാല്‍ തീര്‍ത്ത ജൈനക്ഷേത്രം.

അഞ്ചുതലയുള്ള സര്‍പ്പത്തിന്റെ കീഴെ നഗ്‌നനായി നില്‍ക്കുന്ന പാര്‍ശ്വനാഥന്റെ ശില്പമാണ് ജൈനക്ഷേത്രത്തിന്റെ ചുവരുകളില്‍ ആദ്യം കാണുക. ജൈനമതത്തിലെ ഇരുപത്തിമൂന്നാമത്തെ തീര്‍ഥങ്കരനായിരുന്നു പാര്‍ശ്വനാഥനെന്നാണ് സങ്കല്പം. തൊട്ടടുത്തായി പാര്‍ശ്വനാഥന്റെ യക്ഷിയായ പത്മാവതിയെയും കാണാം. മറ്റൊരു ഗുഹയില്‍ തീര്‍ഥങ്കരനായ വര്‍ധമാന മഹാവീരനും യക്ഷിയായ കൂഷ്മാണ്ഡിയുടെയും ശില്പങ്ങള്‍ കാണാനാകും.  ചിതറാള്‍ ക്ഷേത്രത്തിന്റെ പുറംഭിത്തിയില്‍ കൊത്തിവെച്ചിട്ടുള്ള യക്ഷിശില്പങ്ങളെല്ലാം സൗമ്യവതികളാണ്. പില്‍ക്കാലത്ത് അവരെ ഭീകരരൂപിണികളായി ചിത്രീകരിച്ചിരുന്നത് ആരായിരുന്നു? 

ചിതറാളിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പ് വഴിയുടെ ആദ്യഭാഗത്ത് കല്ലുകൊണ്ടുള്ള ഒരുകവാടമുണ്ട്. കവാടം പിന്നിട്ട് രണ്ട് പാറക്കൂട്ടങ്ങളുടെ വിടവിലൂടെ വേണം മറുപുറമെത്താന്‍. ഒരു പാറയുടെ മുകളില്‍ പണിതീരാത്ത ചെറിയ മണ്ഡപം. ആ മണ്ഡപത്തില്‍ ധ്യാനിച്ചിരിക്കുന്ന തീര്‍ഥങ്കരന്റെ വിവിധ രൂപങ്ങള്‍. നൂറ്റാണ്ടുകളായി മൂകമായി നില്‍ക്കുന്ന ശില്പങ്ങളുടെ ഭംഗിയാസ്വദിച്ച് മുന്നോട്ടുനടന്നു. സമീപത്തായി കരിങ്കല്ലില്‍ തീര്‍ത്ത ക്ഷേത്രമുണ്ട്. അതിനോട് ചേര്‍ന്ന് നാഗത്തെ പ്രതിഷ്ഠിച്ചിരിക്കുന്നു. പടിക്കെട്ട് കയറിച്ചെല്ലുന്നത് കൊത്തുപണികളോട് കൂടിയ, കരിങ്കല്‍ത്തൂണുകളുള്ള വരാന്തയിലേക്കാണ്. ഈ വരാന്തയില്‍നിന്നാണ് ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തിലേക്ക് തുറക്കുന്ന പ്രധാനവാതിലുള്ളത്.

എന്തുകൊണ്ടായിരിക്കാം ജൈനഭിക്ഷുക്കള്‍ നഗരങ്ങളെ ഉപേക്ഷിച്ച് പാഠശാല സ്ഥാപിക്കാന്‍ ഈ മലമുകള്‍ തിരഞ്ഞെടുത്തിട്ടുണ്ടാവുക? എങ്ങനെയായിരിക്കും അവര്‍ ഇവിടെയെത്തിച്ചേര്‍ന്നിട്ടുണ്ടാവുക? ജൈനഭിക്ഷുക്കള്‍ക്ക് ജീവിതചര്യ വളരെ നിഷ്ഠയുള്ളതാണ്. അഷ്ടമഹാമാര്‍ഗമാണ് അവരുടെ ജീവിതരീതി. അഹിംസയാണ് അതില്‍ പ്രധാനം. ഹിംസ്രജന്തുക്കള്‍ ആക്രമിക്കാന്‍ വന്നാല്‍പോലും തിരിച്ച് അവരെ ആക്രമിച്ചുകൂടാ. അതുകൊണ്ട് വന്യമൃഗങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത കുന്നിന്‍മുകളിലും പാറക്കൂട്ടങ്ങളുടെ വിടവുകളിലും ഭിക്ഷുക്കള്‍ പാഠശാല സ്ഥാപിച്ചിരിക്കണം.  

പൂര്‍ണനഗ്‌നരായി, ഒരുനേരം മാത്രം ഭക്ഷണം കഴിച്ച്, അതും ആരെങ്കിലും ദാനമായി നല്‍കിയാല്‍ മാത്രമേ ഭിക്ഷുക്കള്‍ കഴിച്ചിരുന്നുള്ളുവത്രെ. ജൈനവിശ്വാസപ്രകാരം പഞ്ചദാനങ്ങളുണ്ട് വിദ്യാഭ്യാസം, ആരോഗ്യദാനം, അഭയദാനം ഇവയെല്ലാമാണ് അതില്‍ പ്രധാനം. തമിഴിലെ വ്യാകരണഗ്രന്ഥമായ തൊല്‍കാപ്പിയംപോലും ജൈനരുടെ സംഭാവനയാണ്. ബ്രാഹ്മണാധിപത്യകാലത്ത് കീഴ്ജാതിക്കാര്‍ക്ക് വിദ്യ അഭ്യസിക്കണമെങ്കില്‍ ജൈനഭിക്ഷുക്കളുടെ പക്കലെത്തിച്ചേരണമായിരുന്നു. 

എല്ലാ ജൈന അധിവാസകേന്ദ്രങ്ങളോടും ചേര്‍ന്ന് ഒരു നീരുറവ ഉണ്ടായിരിക്കും. ചിതറാളിലെ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ കിനിഞ്ഞെത്തുന്ന നാല് ഉറവകള്‍ വന്ന് ചേരുന്ന രണ്ട് കുളങ്ങള്‍ കാണാം. ഏത് ഋതുവിലും വറ്റാത്ത കുളങ്ങളാണത്. എട്ടാംനൂറ്റാണ്ടോടുകൂടി ജൈനമതത്തിന്റെ വേരോട്ടം ഇല്ലാതായതോടെ ഇത് ഹിന്ദുക്ഷേത്രമായി മാറ്റപ്പെട്ടുവെന്നും പറയപ്പെടുന്നു. ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പല്ലവരാജാവായിരുന്ന മഹേന്ദ്രവര്‍മന്‍ ഒന്നാമന്റെ കാലത്താണ് ഇന്നുകാണുന്ന രീതിയിലുള്ള ക്ഷേത്രം നിര്‍മിക്കപ്പെട്ടതെന്നാണ് കണ്ടെത്തല്‍. 19-ാം നൂറ്റാണ്ടോടെ ക്ഷേത്രവും ചുറ്റുപാടും ക്ഷയിക്കാന്‍ തുടങ്ങി. പിന്നീട് പുനരുദ്ധാരണം നടത്തിയെടുക്കുകയായിരുന്നു. ഇന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ (അടക) യുടെ കീഴിലാണ് ചിതറാള്‍ പരിപാലിക്കപ്പെട്ടുന്നത്.

വേളിമലയില്‍നിന്ന് ഇടയ്ക്കിടെ വീശിയെത്തുന്ന കാറ്റില്‍ സ്വയംമറന്നിരിക്കുന്ന ഏകാന്തസഞ്ചാരികളെ ഒഴിച്ചാല്‍ ചിതറാള്‍ ശൂന്യമാണ്. ജൈസിസം ആഴത്തില്‍ വേരോടിയ മണ്ണായിരുന്നു നാഞ്ചിനാട്. ക്രമേണ ജൈസിസം അപ്രത്യക്ഷമായെങ്കിലും മിത്തുകള്‍  ഇന്നും ഈ മണ്ണിലവശേഷിക്കുന്നു. സായാഹ്നത്തിന് മുന്‍പേ കല്ലുകള്‍ പാകിയ പാതയിലൂടെ തിരിച്ചിറങ്ങി. ചിതറാളിനോട് വിടപറയവേ കേട്ടുമറന്ന ഐതിഹ്യകഥ മനസ്സിലേക്കെത്തി. യാത്ര നീളുന്നത് അവിടേക്കാണ്. കള്ളിയങ്കാട്ട് നീലിയിലേക്ക്...

കള്ളിയങ്കാട്ട് നീലിയുടെ കഥ
മാര്‍ത്താണ്ഡത്തുനിന്നും നാഗര്‍കോവിലിലേക്ക് നീളുന്ന പാതയിലാണ് വേളിമല. വലിയ പാറക്കൂട്ടങ്ങളും വൃക്ഷങ്ങളും നിറഞ്ഞ വേളിമലയുടെ ഓരത്ത് വയലുകളും ആമ്പല്‍പ്പാടങ്ങളും പച്ചവിരിച്ച പാര്‍വതിപുരമെന്ന ഗ്രാമത്തില്‍ ആരോരും ശ്രദ്ധിക്കപ്പെടാതെയുള്ള ഒരു കൊച്ചു ക്ഷേത്രമുണ്ട്. കള്ളിയങ്കാട്ട് നീലി അമ്മന്‍ കോവില്‍. സായാഹ്നത്തില്‍ അവിടെയെത്തുമ്പോള്‍ ക്ഷേത്രം അടഞ്ഞുകിടക്കുകയായിരുന്നു. കേട്ടുവളര്‍ന്ന ഐതിഹ്യകഥയില്‍ ക്രൂരയായിരുന്നുവല്ലോ അവള്‍. തമിഴില്‍ രചിക്കപ്പെട്ട അഞ്ച് ലഘുകാവ്യങ്ങളില്‍ ഒന്നാണ് നീലകേസി. ജൈനകാവ്യമായ നീലകേസിയില്‍ പരാമര്‍ശിക്കുന്ന കഥയാണ് പഞ്ചവന്‍കാട്ടുനീലിയെന്ന കള്ളിയങ്കാട്ട് നീലിയുടെത്. പണ്ടേയ്ക്ക് പണ്ട്, ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്ന ഈ പ്രദേശമെല്ലാം കള്ളിയങ്കാട് എന്ന കൊടും വനമായിരുന്നു. ഇതിനോടുചേര്‍ന്ന് ആളൂര്‍ എന്ന സ്ഥലത്ത് താമസിച്ചിരുന്ന ഒരു കച്ചവടക്കാരന്റെ മകളായിരുന്നുവത്രേ നീലി. അവള്‍ സുന്ദരിയായിരുന്നു. ദൂരെനിന്ന് കച്ചവടത്തിനെത്തിയ ഒരു പരദേശിക്ക് തന്റെ മകളെ അയാള്‍ വിവാഹം ചെയ്തുകൊടുത്തു. അവന്‍ എങ്ങനെയുള്ള ആളായിരുന്നുവെന്ന് നീലിയുടെ അച്ഛന്‍ അന്വേഷിച്ചിരുന്നില്ല. കുറെക്കാലം അവര്‍ ജീവിച്ചു. വൈകാതെ നീലി ഗര്‍ഭം ധരിച്ചു. ഒരിക്കല്‍ അവന്‍ അവളോട് പറഞ്ഞു. ദൂരദേശത്തുള്ള തന്റെ അമ്മയുടെ അടുത്തേക്ക് നമുക്ക് പോകേണ്ടിയിരിക്കുന്നു. അങ്ങനെ നീലിയും അവനും യാത്രതിരിച്ചു. കൊടുംകാടായ കള്ളിയങ്കാട്ട് എത്തിയപ്പോള്‍ ഗര്‍ഭാലസ്യത്താല്‍ നീലിക്ക് ക്ഷീണം അനുഭവപ്പെട്ടു. അവളോട് വിശ്രമിക്കാന്‍ അവന്‍ ആവശ്യപ്പെട്ടു. ക്ഷീണത്താല്‍ അവള്‍ ഉറങ്ങിപ്പോയി. നീലി നല്ല ഉറക്കമായപ്പോള്‍ വലിയൊരു കല്ലെടുത്തിട്ട് അവന്‍ അവളെ കൊന്നുകളഞ്ഞു, എന്നിട്ട് അവളുടെ ആഭരണവുമായി കടന്നുകളഞ്ഞുവത്രേ! അങ്ങനെയവള്‍ യക്ഷിയായി മാറിയെന്നാണ് വിശ്വാസം. ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ അവന്‍ ഈ വഴി വീണ്ടും വന്നു. അപ്പോള്‍ കാട്ടിനുള്ളില്‍വെച്ച് കൈയില്‍ ചോരക്കുഞ്ഞുമായി നിന്ന ഒരുവള്‍, അവനോട് വെറ്റിലയ്ക്ക് അല്പം ചുണ്ണാമ്പ് തരുമോയെന്ന്് ചോദിച്ചു. അവന്‍ ചുണ്ണാമ്പ് നീട്ടവേ, നീലി തന്റെ വിശ്വരൂപം കാണിച്ചു. ഒരു ഉടലില്‍നിന്ന് നൂറ് ഉടലുകളായി വളര്‍ന്ന്, നൂറായിരം കൈകള്‍ മുളച്ച് ഭീകരൂപിണിയായ യക്ഷിയായിമാറി അവന്റെ കൈയില്‍ കടന്നുപിടിക്കുകയും കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കഥകഴിക്കുകയും ചെയ്തു. നീലിയുടെ ഉപദ്രവം പിന്നെയും തുടര്‍ന്നുകൊണ്ടിരുന്നു. ചുണ്ണാമ്പുചോദിച്ച അവളില്‍ കാമത്തിന്റെ കണ്ണെറിഞ്ഞ പുരുഷന്മാരെയെല്ലാം നീലി കൊന്നു. അങ്ങനെയിരിക്കേ ചിതറാളില്‍നിന്ന് നാഗനന്തി അടികള്‍ എന്ന ജൈനഭിക്ഷു നാഗര്‍കോവിലിലുള്ള നാഗരമ്മന്‍കോവിലിലേക്ക് പോവുകയായിരുന്നു.

കള്ളിയങ്കാടെന്ന കൊടുംകാട്ടിലെത്തവേ നീലി നാഗനന്തി അടികളോടും ചുണ്ണാമ്പ് ചോദിച്ചത്രേ. ജൈനഭിക്ഷുവിന്റെ കണ്ണുകളില്‍ അവളോട് കാമത്തിന്റെ തരിമ്പുപോലുമില്ലായിരുന്നു. തന്റെ വിശ്വരൂപം കാണിക്കാനൊരുങ്ങവേ നാഗനന്തി അടികള്‍ അവളെ അനുഗ്രഹിച്ചെന്നാണ് കഥ. വൈകാതെ നീലി ജൈനഭിക്ഷുവിന്റെ ശിഷ്യയായി മാറുകയും ജൈനശാസ്ത്രങ്ങള്‍ പഠിക്കുകയും ചെയ്തു. എല്ലാ ശാസ്ത്രത്തിലും അവഗാഹം നേടിയ നീലി പൂമ്പുകാറിലെത്തി എല്ലാവരെയും തര്‍ക്കശാസ്ത്രത്തില്‍ പരാജയപ്പെടുത്തിയെന്നാണ് കഥ. നീലിയെ അരുള്‍ചെയ്ത നാഗനന്തി അടികളായിരുന്നുവത്രേ ചിതറാളില്‍ ജൈനപാഠശാല സ്ഥാപിച്ചതെന്നും ഐതിഹ്യമുണ്ട്. കുഞ്ഞുനാളില്‍ ഞങ്ങള്‍ കുട്ടികളുടെ രാവുറക്കങ്ങളെ ഭീതിയിലാഴ്ത്തിയ എത്രയെത്ര യക്ഷിക്കഥകളായിരുന്നു ചുറ്റും. അതിലൊന്ന് കള്ളിയങ്കാട്ട് നീലിയുമായിരുന്നുവല്ലോ? അവള്‍ക്കുവേണ്ടിയും ഒരു കൊച്ചുകോവിലുണ്ടെന്നത് അദ്ഭുതപ്പെടുത്തുന്നു. കള്ളിയങ്കാടിനെ നഗരം കവര്‍ന്നെടുത്തെങ്കിലും വഴിപാടുകളുടെയും ഭക്തജനങ്ങളുടെയും എണ്ണം കുറഞ്ഞുവെങ്കിലും ജൈനഭിക്ഷുവിന്റെ അരുള്‍കൊണ്ട് ദേവതയായി മാറിയ നീലി ഈ മണ്ണില്‍ ഇന്നും കുടികൊള്ളുന്നു. വേളിമലയ്ക്ക് മുകളില്‍ ഇരുള്‍ പരന്നുതുടങ്ങിയിരിക്കുന്നു. ജൈനസ്മൃതികളുടെ അവശേഷിപ്പുകള്‍ പേറുന്ന നാഞ്ചിനാടിനോട് വിടപറയേണ്ടിയിരിക്കുന്നു. തോരാക്കഥകളുടെ തീരാഭാരവുമായി ഞങ്ങള്‍ തിരിച്ചുമടങ്ങി.

Content Highlights: chitharal rock jain temple thamilnadu trav