ചൂട് ചോറും അയലക്കറിയും പപ്പായ കാരറ്റ് അച്ചാറും മോരും, വിമല ഹോസ്റ്റലിലെ രുചിയോര്‍മകള്‍

പ്രീഡിഗ്രി, ഡിഗ്രി കാലങ്ങളിലെ വീട്ടില്‍ നിന്നും ദൂരെയുള്ള വീട് വിമലയായിരുന്നു. ആദ്യമായാണ് വീട്ടില്‍ നിന്നും മാറിനില്‍ക്കുന്നതെങ്കിലും എനിക്കൊരിക്കലും അങ്ങനെ തോന്നിയിരുന്നില്ല. കാരണം അത്രയും സുരക്ഷ അവിടെ ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. ചെങ്ങനാശേരി എന്ന സ്ഥലത്തിന്റെ ഭക്ഷണ പാരമ്പര്യം ഹോസ്റ്റലില്‍ ഞങ്ങള്‍ക്ക് അനുഭവിക്കുവാന്‍ സാധിച്ചിട്ടുണ്ട്. മറ്റുള്ള കോളേജ് ഹോസ്റ്റലുകളെ പോലെയായിരുന്നില്ല വിമല ഹോസ്റ്റല്‍. ബ്രേക്ക് ഫാസ്റ്റും ലഞ്ചും സ്‌നാക്‌സും ഡിന്നറും എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. ഫുഡ്‌പോയ്‌സണിങ് ആയി ആര്‍ക്കുമൊരിക്കലും ക്ലാസ്സ് മുടങ്ങിയിട്ടില്ല. ഇന്നാകട്ടെ പലപ്പോഴും പലയിടത്തുമുള്ള ഹോസ്റ്റലുകളിലെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ടു ധാരാളം വാര്‍ത്തകള്‍ പത്രത്തില്‍ വരാറുണ്ട്. പക്ഷെ ഒരിക്കലും വിമലയോ, അസംപ്ഷന്‍ കോളേജിന്റെ മറ്റു ഹോസ്റ്റലുകളോ അത്തരം വാര്‍ത്തകളിലൊന്നും ഇടം പിടിച്ചിരുന്നില്ല എന്നുള്ളത് ആശ്വാസര്‍ഹമാണ്.
ആദ്യമായി ചെങ്ങനാശേരി രുചികള്‍ പരിചയിച്ചതു വിമലഹോസ്റ്റലില്‍ നിന്നാണ്. പൊതുവെ നോണ്‍വെജിറ്റേറിയനായ എനിക്ക് ഹോസ്റ്റലിലെ ഭക്ഷണം ഒത്തിരി ഇഷ്ടമായി. പ്രത്യേകിച്ചും, ഉച്ചക്ക് ക്ലാസ് കഴിഞ്ഞു വരുമ്പോള്‍ നല്ല ചൂട് ചോറും അയലക്കറിയും നേരിയ മഞ്ഞ നിറത്തിലെ പപ്പായ ക്യാരറ്റ് അച്ചാറും, മോരും ഒക്കെ കൂട്ടിയുള്ള ഊണ്, ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും. ഹോസ്റ്റലില്‍ പോകുന്നത് വരെ മീന്‍ വിഭവങ്ങള്‍ എന്ന് പറഞ്ഞാല്‍ ഫിഷ് കറി അല്ലെങ്കില്‍ ഫിഷ് ഫ്രൈ, പക്ഷെ വിമലയില്‍ എന്തോരം വെറൈറ്റി മീന്‍ വിഭവങ്ങള്‍ ആണെന്നറിയാമോ? ഉണക്കമീന്‍ വെച്ചൊരു തോരന്‍ ഉണ്ട്, അതാണ് ക്ലാസ്സ്. അതുപോലൊന്ന് വിമലയില്‍ നിന്നിറങ്ങിയതിനു ശേഷം ഞാന്‍ കഴിച്ചിട്ടില്ല. അതെ പോലെ മുട്ട വെച്ച് ഒരു തോരന്‍ ഉണ്ട്. അതും കേമമാണ്. അന്നെനിക്ക് മനസ്സിലായ ഒരു സത്യം എന്താണെന്നോ? ചെങ്ങനാശേരി എന്ന പ്രദേശം മാത്രം എടുത്താല്‍ തന്നെ കിട്ടും, ഒരു പാചക പുസ്തകം എഴുതാനും വേണ്ടിയുള്ള വിഭവങ്ങള്‍.
വിമലയിലെ മെസ്സ്ഹാള്‍ പഠിപ്പിച്ച, പരിചയിപ്പിച്ച ആഹാരശീലങ്ങള്‍, രുചിയോര്‍മ്മകള്‍ ഒരിക്കലും മറക്കില്ല. ബെസ്റ്റ് ബേക്കറി പ്രത്യേകിച്ചും, കേരളത്തിന്റെ, മാത്രമല്ല ഇന്ത്യയിലെ തന്നെ ബേക്കിംഗ് ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന മമ്പള്ളി ബാപ്പു എന്ന പ്രശസ്തനായ തലശ്ശേരിക്കാരന്റെ ഇളം തലമുറയാണെന്ന് പിന്നീടാണ് എനിക്ക് ബോധ്യമായത്. അവിടെനിന്നും നാലു മണിക്ക് കഴിക്കുവാനായുള്ള ബീഫ് പഫ്‌സ് വരുമായിരുന്നു. കൈവെള്ളയില്‍ വെക്കാന്‍ പാകത്തിന് മണിപേഴ്‌സ് മാതിരിയുള്ള നല്ല ഒതുക്കമുള്ള പഫ്‌സ്. മഹേഷിന്റെ പ്രതികാരത്തില്‍ സൗബിന്‍ പറയുന്നതു പോലെ നാണം കെടുത്തുന്ന പലഹാരമായിരുന്നില്ല, നല്ല ഒതുക്കമുള്ള പഫ്‌സ്‌പേഴ്‌സ്, ഉള്ളിലാണെങ്കില്‍ സവാള വഴറ്റിയതു മാത്രമല്ല കേട്ടോ, നല്ല മിന്‍സ്ഡ് മീറ്റ് വിത്ത് മസാല. ഒരു പഫ്‌സും ഒരു സ്റ്റീല്‍ഗ്ലാസ് ചായയും, ഏതു ദിവസത്തെ സ്‌നാക്ക്‌സ് ആയിരുന്നു ഇതെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല, പക്ഷെ ആഴ്ചയില്‍ ഒരു ദിവസം ഇതായിരുന്നു വിഭവം. അല്ലാത്തപ്പോള്‍ ഉഴുന്നുവടയും ചമ്മന്തിയും, പരിപ്പുവടയും പാളയങ്കോടന്‍പഴവും, ത്യാഗം പഠിപ്പിച്ച വാഴക്കഅപ്പം... അങ്ങനങ്ങനെ പോകും.
സണ്‍ഡേസ്‌പെഷ്യല്‍ പൊളിയായിരുന്നു, നല്ല ഹോം മെയ്ഡ് ഐസ്‌ക്രീം, കോഫീ ഹൗസിലെ ഐസ്‌ക്രീമിന്റെ ടേസ്റ്റ് ആയിരുന്നു വിമലയിലെ ഐസ്‌ക്രീമിനും. ഐസ്‌ക്രീം അല്ലെങ്കില്‍ കപ്പലണ്ടി മിഠായി, എന്തൊരു ക്രിസ്പി ആയിരുന്നു അന്നത്തെ കപ്പലണ്ടി മിഠായി, അന്നത് കടിച്ചപ്പോള്‍ കേട്ട ഒച്ച ഇന്നും കാതില്‍ മുഴങ്ങുന്നു. ഞങ്ങള്‍ അന്ന് വിചാരിച്ചിരുന്നു ഇത്രയും ക്രിസ്പി മിഠായി മുട്ടായി എവിടുന്നായിരിക്കും എന്ന്. ഒരു ദിവസം ഞങ്ങളത് കണ്ടുപിടിച്ചു. പാറേല്‍ പള്ളി പെരുന്നാളിന് സിസ്റ്റര്‍ ഞങ്ങളെയും കൊണ്ട് പോകുന്ന വഴിക്കുള്ള ഒരു വീട്ടില്‍ നിന്നായിരുന്നു ഹോസ്റ്റലിലേക്ക് കപ്പലണ്ടി മുട്ടായി വാങ്ങിയിരുന്നത്. അങ്ങോട്ടേക്ക് വര്‍ഷത്തിലൊരിക്കലാണ് യാത്ര, ആ യാത്ര ആത്മീയതയുടെയും ഭൗതീകതയുടെയും ഒരു സമന്വയം ആയിരുന്നു.
പാറേല്‍ മാതാവിനെ കാണാന്‍ പോകുമ്പോഴുള്ള ആത്മീയമായ തയ്യാറെടുപ്പിനോടൊപ്പം അത്രയും കാലം പുറംലോകം കാണാത്ത ആക്രാന്തത്തില്‍ (അതായത് ആള്‍ക്കൂട്ടം, ഉത്സവം, ആരവം, സുന്ദരന്മാരായ ചേട്ടന്മാരെ വെറുതെ ഒരു രസത്തിന് നോക്കുവാനുള്ള അവസരം, ഇങ്ങനെയുള്ള കാര്യങ്ങളുടെ ഇല്ലായ്മ അല്ലെങ്കില്‍ ശോഷണം കൊണ്ടുണ്ടാകുന്ന പ്രത്യേക തരം മാനസികവിഭ്രാന്തി) ഇരിക്കുന്ന ഞങ്ങള്‍ക്ക് ഈ യാത്ര ഒരേ സമയം പരദേശി മോക്ഷയാത്രയും, അര്‍മാദിക്കാനുള്ള യാത്രയും ആണ്. അപ്പോള്‍ പള്ളിയില്‍ എത്തുന്ന ഞങ്ങള്‍ ആദ്യം തന്നെ പള്ളിയില്‍ കയറി മുട്ടിപ്പായി പ്രാര്‍ത്ഥിക്കും, പിന്നീട് പുറത്തിറങ്ങി പള്ളിമുറ്റത്ത് കിട്ടാവുന്ന ആഹാരസാധനങ്ങളൊക്കെ വാങ്ങി ആഘോഷമായി തിരിച്ചു പോരും, അങ്ങോട്ടോ ഇങ്ങോട്ടോ പോകുന്ന വഴിക്ക് കപ്പലണ്ടിമുട്ടായിയും മേടിക്കും, അങ്ങനെ ഞങ്ങള്‍ ആഘോഷമായി പാറേല്‍ പള്ളി പെരുന്നാള്‍ കൊണ്ടാടും.
ഇനി പരീക്ഷക്കാലമായാല്‍ സ്റ്റഡി ലീവിന് വീട്ടില്‍ പോകാതെ ഹോസ്റ്റലില്‍ നിന്ന് പഠിക്കുവാണെങ്കില്‍ നിങ്ങള്‍ കൂടുതല്‍ പരിപോഷിക്കപ്പെടും, കാരണം രാവിലെ എന്നും നല്ല ചൂട് കട്ടന്‍കാപ്പി കിട്ടും. ഒരു പത്ത് പതിനൊന്നു മണിയൊക്കെ ആകുമ്പോള്‍ മോരുംവെള്ളം കിട്ടും അങ്ങനെ നിങ്ങളെ ഉണര്‍ത്തിയിരുത്തി, ഉന്മേഷവതികളാക്കി വിമല മിടുക്കികളാക്കും.
പിന്നെ മിക്കവാറും ദിവസങ്ങളിലൊക്കെ ഫീസ്റ്റ് കാണും, വിശുദ്ധന്മാരുടെ, വിശുദ്ധകളുടെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ക്ക് കിട്ടുന്ന സംഭവങ്ങള്‍ എന്തോരും സൂപ്പര്‍ ആണെന്നറിയാമോ. ചിലപ്പോള്‍ ചിക്കന്‍ ബിരിയാണി, ചിലപ്പോള്‍ ഫ്രൈഡ്റൈസ്, ചിലപ്പോള്‍ ബര്‍ഗര്‍ എന്ന് വേണ്ട, പേരറിയാവുന്നതും, അറിയാന്‍ പാടില്ലാത്തതുമായ വിശുദ്ധന്മാരെ വിശുദ്ധകളെ നിങ്ങള്‍ക്ക് സ്വസ്തി. അതായിരുന്നു തിരുനാള്‍ വിരുന്നുകളുടെ ഒരിത്. വിമലയില്‍ ഞങ്ങള്‍ ഭക്ഷണത്തെ സ്‌നേഹിച്ചു, ബഹുമാനിച്ചു, രുചിച്ചു, സംതൃപ്തിയോടെ കഴിച്ചു, ഇന്നും തൃപ്തരാണ്, എല്ലാത്തിനോടും, എല്ലായ്‌പ്പോഴും. ഡിഗ്രിക്ക് ശേഷം പിന്നീടുള്ള പഠനത്തിന് മറ്റു പല ഹോസ്റ്റലുകളിലും നിന്നിട്ടുണ്ട്. പക്ഷെ വിമലയ്ക്കു തുല്യം വിമല മാത്രം. അത് കൊണ്ട് തന്നെ വിമല എന്റെ ഉയിരാണ്.
Content Highlights: childhood food memories ruchiyorma by dr.gigi j alex