ജഡ പിടിച്ച താടിയിൽ കാപ്പിവിത്ത് ഒളിപ്പിച്ചുകടത്തിയ സന്യാസി; കടല്‍ കടന്നെത്തിയ കാപ്പിയുടെ കഥതേടി

#അഞ്ജന ശശി
മുല്ലയനഗിരിയുടെ മുകളിൽനിന്നുള്ള കാഴ്ച
മുല്ലയനഗിരിയുടെ മുകളിൽനിന്നുള്ള കാഴ്ച

പണ്ടുപണ്ട്...അതായത് ഏതാണ്ട് 350 വര്‍ഷം മുമ്പത്തെ കഥയാണ്. പിടിക്കപ്പെട്ടാല്‍ മരണശിക്ഷ ഉറപ്പാണെന്നറിഞ്ഞിട്ടും കാപ്പിയോട് തോന്നിയ പ്രണയത്താല്‍ അതിന്റെ വിത്ത് ഇന്ത്യയില്‍ എത്തിച്ച ഒരു സൂഫിവര്യന്റെ കഥ. ആഫ്രിക്കയില്‍ പിറവിയെടുത്ത കാപ്പി, യെമന്‍ വഴി ഇന്ത്യയില്‍ എത്തിയ കഥ. ഗ്രൂപ്പ് കോ-ഓര്‍ഡിനേറ്റര്‍ കൃഷ്‌ണേന്ദു തൃശൂര്‍ ചുവയില്‍ കഥ പറഞ്ഞുതുടങ്ങിയപ്പോള്‍ത്തന്നെ മംഗലാപുരംകാരി ഗ്രേസ് പുറകില്‍നിന്ന് ഉടക്കിട്ടു. മലയാളം മാത്രം പോരാ, ഇംഗ്ലീഷിലോ ഹിന്ദിയിലോ കൂടിവേണം. പാവത്തിന് ആകെ അറിയാവുന്നത് ചില മലയാളം വാക്കുകളാണ്. അതാണെങ്കില്‍ പൊതുമധ്യത്തില്‍ പറയാനും വയ്യ.

ആകെ പതിമൂന്നുപേരുടെ പെണ്‍കൂട്ടമായിരുന്നു ഞങ്ങളുടേത്. പന്ത്രണ്ടുപേരും കേരളത്തിന്റെ വിവിധ ജില്ലകളില്‍നിന്നുള്ളവര്‍. പലവഴിയില്‍ മംഗലാപുരത്തെത്തി അവിടെനിന്ന് ഒന്നിച്ചവര്‍. മലയാളത്തില്‍ അല്ലാതെ കഥ പറഞ്ഞാല്‍ ഒരു 'ഫീല്‍' ഉണ്ടാവില്ലെന്ന് ജോയ്‌സി ചേച്ചിയുടെ കമന്റ് വന്ന ഉടനെതന്നെ ഭൂരിപക്ഷം പിന്‍താങ്ങി. ഹിന്ദി തര്‍ജ്ജമ ഏറ്റെടുത്തുകൊണ്ട് കല്‍പന അതിനും പരിഹാരം കണ്ടെത്തി. അങ്ങനെ കൃഷ്ണ കഥ തുടര്‍ന്നു. 

കൊല്ലം-1670. മുഗള്‍രാജവംശം ഇന്ത്യ ഭരിക്കുന്ന കാലം. ഡച്ചുകാര്‍ അന്ന് ഇന്ത്യയില്‍ എത്തിത്തുടങ്ങുന്നതേയുള്ളൂ. ബാബ ബുദാന്‍ എന്നപേരില്‍ അറിയപ്പെട്ടിരുന്ന ഇന്ത്യയിലെ സൂഫി സന്യാസി ഹജ്ജ് കര്‍മത്തിനായി കടല്‍ കടന്ന് അറേബ്യയിലേക്ക് പോയി. തിരിച്ചുവരും വഴി അദ്ദേഹം മോച്ച എന്ന തുറമുഖത്തെത്തി. കാപ്പിയുടെ അന്താരാഷ്ട്ര വിപണന കേന്ദ്രമായിരുന്നു അന്ന് ചെങ്കടലിലെ മോച്ച തുറമുഖം. തീര്‍ഥാടനം കഴിഞ്ഞെത്തുന്നവര്‍ക്ക് അവിടെവെച്ച് കാപ്പി ഉപയോഗിച്ചുണ്ടാക്കുന്ന ഖാവ എന്ന പാനീയം നല്‍കുന്ന പതിവുണ്ട്. ആദ്യമായി ഖാവ കുടിച്ചപ്പോള്‍ത്തന്നെ ബാബ ബുദാന്‍ കാപ്പിയുമായി പ്രണയത്തിലായി. ഇന്ത്യയില്‍ ഇങ്ങനെയൊരു ചെടിയെക്കുറിച്ചോ കായയെക്കുറിച്ചോ ആര്‍ക്കും കേട്ടറിവുപോലും ഇല്ലാത്ത കാലമായിരുന്നു. ഈ ചെടിയുടെ വിത്ത് എങ്ങനെയെങ്കിലും നാട്ടില്‍ എത്തിക്കണമെന്ന ആഗ്രഹം ബാബയില്‍ കലശലായി. കാപ്പിയുടെ പച്ചവിത്തുകള്‍ നാട്ടിലെത്തിക്കുകയെന്നത് തലപോകുന്നതിന് തുല്യമായിരുന്നു അന്ന്.

കാപ്പിച്ചെടിയുടെ ഉദ്ഭവം ആഫ്രിക്കയിലാണെങ്കിലും അതിന്റെ കൃഷിയും വ്യാപനവും അറബ് രാജ്യങ്ങളിലായിരുന്നു. ഇന്നത്തെ യെമന്‍ മേഖലയില്‍ നിന്നുള്ള അറബ് സൂഫിമാരാണ് ആദ്യമായി കാപ്പിച്ചെടി നട്ടുവളര്‍ത്തുന്നതും അതിന്റെ വറുത്ത ബീന്‍സ് ഉപയോഗിച്ച് പാനീയം ഉണ്ടാക്കിയതും. 
വിത്തുകള്‍ നാട്ടിലേക്ക് എത്തിക്കണമെന്ന് ഉറപ്പിച്ച ബാബ കുറച്ച് പച്ച വിത്തുകള്‍ ഒപ്പിച്ചെടുത്തു. അതില്‍ ഏഴെണ്ണം കടത്തിക്കൊണ്ടുവരാന്‍ ബാബ തീരുമാനിച്ചു. എങ്ങനെ കടത്തും എന്നതായി പിന്നത്തെ പ്രശ്‌നം. ഏറെ ആലോചിച്ച ശേഷം ബാബ ഒരു ഉത്തരത്തിലെത്തി- നീണ്ട്, കട്ടിയില്‍ ജഡപിടിച്ചു കിടക്കുന്ന സ്വന്തം താടിയ്ക്കിടയില്‍ ഏഴുവിത്തുകളും ഒളിപ്പിച്ചുവെച്ച് അദ്ദേഹം കാപ്പിവിത്ത് ഇന്ത്യയില്‍ എത്തിച്ചു. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലേക്കായിരുന്നു ബാബ വന്നത്. എത്തിയ ഉടനെ ബാബ കാപ്പി വിത്തുകള്‍ അവിടുത്തെ മലയില്‍ നട്ടു. പതുക്കെ ഏഴ് കാപ്പി മരങ്ങളും മുളച്ചു. വിദേശമണ്ണിലെ ആദ്യത്തെ അറബിക്കാപ്പി മരങ്ങളായിരുന്നു അത്. ബാബ ബുദാന്‍ പാകിയ വിത്തുകളില്‍നിന്ന് പില്‍ക്കാലത്ത് കാപ്പി ഇന്ത്യക്ക് പുറത്തേക്കും പടര്‍ന്നു. 
യാത്രാസംഘം ബേലൂർ ക്ഷേത്രത്തിനുമുന്നിൽ

സ്ത്രീകള്‍ക്കുമാത്രമുള്ള ചിക്കമംഗളൂരു യാത്ര ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആദ്യം വായിച്ചുപഠിച്ചതും ഈ ചരിത്രമായിരുന്നു. യാത്രയിലെ പ്രധാന ആകര്‍ഷണവും ബാബ ബുദാന്‍ഗിരി ഉള്‍പ്പെടെയുള്ള മലനിരകളിലൂടെയുള്ള ട്രക്കിങ് തന്നെ. ചിക്കമംഗളൂരു പോകുംവഴിയാണ് ബേലൂരും ഹാലേബേഡും. ഇന്ത്യന്‍ വാസ്തുവിദ്യയുടെ രത്നമെന്ന് അറിയപ്പെടുന്ന ഇടം. ക്ഷേത്രങ്ങളുടെയും ശില്‍പങ്ങളുടെയും മനോഹരമായ ശേഖരം കൊണ്ട് അലങ്കരിച്ച ഒരു നഗരമാണിത്.

കഥകേട്ട് കഴിഞ്ഞ് അതും സ്വപ്‌നം കണ്ട്, സീറ്റിലേക്ക് തല ചായ്ച്ചിരിക്കുമ്പോഴാണ് പൊന്നാനിക്കാരി പ്രീത വിളിച്ചുപറഞ്ഞത്. 'മുന്നിലേക്ക് നോക്കിയേ, ദേ സൂര്യന്‍ ചുവന്ന് തുടുത്തു നില്‍ക്കുന്നു'. തിരശ്ശീലയ്ക്ക് പിന്നില്‍നിന്നും നാണംകുണുങ്ങി, തല പതിയെ പുറത്തുകാണിക്കുന്ന നായികയെപ്പോലെ ആകാശത്ത് മേഘക്കൂട്ടങ്ങള്‍ക്കിടയില്‍നിന്നും സൂര്യന്‍ പതുക്കെ തെളിഞ്ഞുവരുന്നു. മുന്നിലെ പാത തെളിഞ്ഞുതുടങ്ങിയപ്പോഴാണ് പ്രകൃതിയുടെ ശരിയായ സൗന്ദര്യം കാണുന്നത്. റോഡിന് ഇരുവശവും ഇടതൂര്‍ന്നുനില്‍ക്കുന്ന മരങ്ങളും ദൂരെ തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകളും. ഒരു വളവ് തിരിഞ്ഞപ്പോള്‍ മുന്നില്‍ ഇലകള്‍ മൂടിക്കൊണ്ട് വയലറ്റ് ജാക്കരാന്ത പൂവുകള്‍ മരങ്ങള്‍ക്ക് കിരീടമന്നെപോലെ നില്‍ക്കുന്നു. ഇടയ്ക്ക് കണ്ണിന് സുഖംനല്‍കാന്‍ ഗുല്‍മോഹര്‍ വസന്തം. 

ബേലൂര്‍ ക്ഷേത്രം

ശില്പചാതുര്യത്തിന്റെ വിസ്മയക്കാഴ്ചകള്‍
പുറത്തെ കത്തുന്ന വെയിലിലും സഞ്ചാരികള്‍ക്ക് വിസ്മയം തീര്‍ത്ത് ഹോയ്‌സാല സാമ്രാജ്യത്തിന്റെ പ്രൗഢി വിളിച്ചോതി ബേലൂര്‍ വിഹരിക്കുന്നു. 1117-ലുണ്ടായ തലക്കാട് യുദ്ധത്തില്‍ ചോളന്മാരെ തോല്‍പ്പിച്ചതിന്റെ സന്തോഷസൂചകമായി ഹൊയ്‌സാല ചക്രവര്‍ത്തിയായ വിഷ്ണുവര്‍ദ്ധനാണ് ചെന്നകേശവ ക്ഷേത്രം പണികഴിപ്പിച്ചത്. ക്ഷേത്രനിര്‍മാണത്തില്‍ ജൈനവാസ്തുവിദ്യയുടെ സ്വാധീനവും കാണാനാകും. നാല് പ്രവേശനകവാടങ്ങളാണ് ഇവിടെയുള്ളത്. ശില്‍പഭംഗി നിറഞ്ഞ 48 തൂണുകള്‍. ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തം. മുകളില്‍ നിന്നു നോക്കിയാല്‍ ഒരു നക്ഷത്രം പോലെയാണ് ക്ഷേത്രത്തിന്റെ ഘടന. എത്ര കണ്ടാലും മതിവരാത്ത കൊത്തുപണികള്‍. ഒന്നിനോടൊന്ന് മത്സരിക്കുന്ന ശില്‍പസൗന്ദര്യങ്ങള്‍.

ഹാലേബീഡു ക്ഷേത്രം

ഈ അദ്ഭുതം കണ്ടശേഷം നേരെ ഹാലേബീഡു ക്ഷേത്രത്തിലേക്ക്. ഇവിടെയുണ്ടായിരുന്ന 84 സ്ത്രീ രൂപ ശില്‍പങ്ങളില്‍ 14 എണ്ണം ഒഴികെ ബാക്കിയെല്ലാം മോഷ്ടിച്ചുവെന്നാണ് ചരിത്രം. ക്ഷേത്രത്തിന്റെ പുറംചുവരുകളില്‍ മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും കഥകള്‍ പറയുന്ന നൂറുകണക്കിന് കൊത്തുപണികള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ബേലൂരിലെയും ഹാലേബീഡുവിലെയും മനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിച്ച് ചിക്കമംഗളൂരുവിലേക്ക് യാത്ര തുടര്‍ന്നു. ഇരുവശത്തും കാപ്പിത്തോട്ടങ്ങള്‍നിറഞ്ഞ പാതയിലൂടെയുള്ള യാത്ര. കാപ്പി മരങ്ങള്‍ക്കിടയില്‍, കാപ്പിപ്പൂവുകളുടെ സുഗന്ധവുമായി ഒരു രാത്രി കടന്നുപോവുന്നു. 

മുല്ലയനഗിരിയുടെ നെറുകയില്‍
പുലര്‍ച്ചെ മുല്ലയനഗിരിയിലേക്കായിരുന്നു യാത്ര. കര്‍ണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. ദക്ഷിണ കര്‍ണാടകയിലെ പ്രകൃതിസ്നേഹികളുടെ പറുദീസയെന്ന് അറിയപ്പെടുന്ന ഇടം. ചന്ദ്രക്കലയുടെ ആകൃതിയുള്ള, ചന്ദ്രദ്രോണ എന്നു വിളിപ്പേരുള്ള പര്‍വതനിരയിലാണ് ഈ കൊടുമുടിയുള്ളത്. മുല്ലയനഗിരിയില്‍ ഒരു ചെറിയ ക്ഷേത്രമുണ്ട്. അവിടെയുള്ള ഗുഹയില്‍ ധ്യാനിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന മുല്ലപ്പ എന്ന സന്യാസിയുടെ പേരിലാണ് ഈ കൊടുമുടി അറിയപ്പെടുന്നത്. ചിക്കമംഗളൂരില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരമാണ് മുല്ലയനഗിരിയിലേക്ക്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇടങ്ങളാണ് പാതയ്ക്ക് ഇരുവശവുമുള്ളത്. പച്ചപ്പ് നിറഞ്ഞ താഴ്‌വരകളും പരുക്കന്‍ പാറകളും മൂടല്‍മഞ്ഞുള്ള കാലാവസ്ഥയും ഈ മുല്ലയനഗിരിക്ക് ഭംഗിയേറ്റുന്നു. വഴി അവസാനിക്കുന്നിടത്ത് ഒരു ചെറിയ പാര്‍ക്കിങ് ഏരിയയാണ്. അവിടെനിന്ന് കുത്തനെയുള്ള ട്രെക്കിങ് പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒന്നരമണിക്കൂര്‍ എടുക്കും. അതല്ലാതെ കുറച്ചുകൂടി മുകളിലേക്ക് പോകണമെങ്കില്‍ സര്‍വീസ് നടത്തുന്ന ജീപ്പുകളെ അഭയം പ്രാപിക്കാം. ജീപ്പില്‍ മുകളിലേക്ക് പോയാലും അവിടെനിന്നും കൊടുമുടിയുടെ അറ്റത്ത് എത്തണമെങ്കില്‍ 500 പടികള്‍ കയറണം. കൊടുമുടിയുടെ നെറുകയിലേക്ക് കുത്തനെ കയറാന്‍ സഹായിക്കുന്ന പടികളാണിത്. 

താഴ്‌വാരം മുതല്‍ കൊടുമുടിയുടെ അറ്റംവരെ ചോക്കുകൊണ്ടുവരച്ചതെന്നപോല്‍ വളഞ്ഞുകിടക്കുന്ന പാത. തണുത്ത കാറ്റുംകൊണ്ട് പതിയെ പടികള്‍ കയറാന്‍ തുടങ്ങി. ഏതാണ്ട് പകുതി കയറിക്കഴിഞ്ഞപ്പോള്‍ താഴേക്ക് തിരിഞ്ഞുനോക്കി. പാമ്പുപോലെ വളഞ്ഞുപുളഞ്ഞുകിടക്കുന്ന വെളുത്തനിറമുള്ള പാത ഒരു മലയെ അടുത്ത മലയുമായി ചേര്‍ത്തുവെക്കുന്ന മനോഹരമായ കാഴ്ച. അവിടെനിന്നും കുറച്ച് പടികള്‍ മുകളിലേക്ക് വൃത്തിയായി പണിതുവെച്ചിട്ടുണ്ട്. അങ്ങോട്ട് പ്രവേശിക്കണമെങ്കില്‍ ചെരിപ്പ് താഴെ അഴിച്ചുവെക്കണം. മുകളില്‍ ചെറിയ അരമതില്‍ക്കെട്ടിനുള്ളില്‍ ശിവക്ഷേത്ര കാണാം. ക്ഷേത്രത്തിനും ഒരു പടി മുകളിലായുള്ള കിണറിനു മുകളില്‍ വലിയൊരു മണി തൂക്കിയിട്ടിരിക്കുന്നു. കൊടുമുടിയുടെ ഏറ്റവും മുകളിലത്തെ കാഴ്ച. അവിടെനിന്നും താഴോട്ടുനോക്കുമ്പോള്‍ കണ്ടത് വാക്കുകളില്‍ ഒതുങ്ങില്ല. കൈകൊണ്ട് തൊടാമെന്നതുപോല നില്‍ക്കുന്ന നീലാകാശവും പഞ്ഞിപോലുള്ള മേഘങ്ങളും താഴെ പച്ച പുതച്ച ഭൂമിയും. 

ബാബ ബുദാന്‍ഗിരി ദത്ത പീഠം
'കുട്ടികളെ, നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് വെറും മലകളല്ല, ഇന്ത്യന്‍ കാപ്പിയുടെ തറവാടാണ്' -കൊച്ചിയുടെ ഭാഷാച്ചുവയില്‍ പ്രിയ ആദ്യ ഗോള്‍ അടിച്ചതോടെ യാത്രക്കൂട്ടം വീണ്ടും ഉഷാറായി. ബാബ ബുദാന്റെ കഥ കേട്ടതുമുതല്‍ അവിടം കാണാനുള്ള ആവേശമായിരുന്നു എല്ലാവര്‍ക്കും. അദ്ദേഹം കാപ്പി മരങ്ങള്‍ നട്ടുപിടിപ്പിച്ച കുന്നുകളിലൊന്നില്‍ത്തന്നെയാണ് അദ്ദേഹം പ്രാര്‍ഥിച്ചിരുന്ന ഗുഹയുള്ളത്. അദ്ദേഹത്തിന്റെ ശവകുടീരവും അവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മുസ്ലീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ഒരുപോലെ വിശുദ്ധമായ ഇടമാണിത്. സര്‍ക്കാര്‍ രേഖകളില്‍ ശ്രീ ഗുരു ദത്താത്രേയ ബാബാബുദാന്‍ സ്വാമി ദര്‍ഗ എന്നാണ് വിവാദ സ്ഥലം പരാമര്‍ശിച്ചിരിക്കുന്നത്. 1964-ന് മുമ്പ്, ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ ആരാധിച്ചിരുന്ന ദേവാലയമായിരുന്നു ഇത്. സൂഫി സംസ്‌കാരത്തിന്റെയും ഹൈന്ദവ-ഇസ്ലാം സംസ്‌കാരങ്ങളുടെയും പ്രതീകമായിരുന്ന ഇടം.
സ്വാമി ദത്താത്രേയയുടെ അന്ത്യവിശ്രമസ്ഥലമായി ഹിന്ദുക്കള്‍ ഈ കുന്നിനെ കണക്കാക്കുന്നു, ദക്ഷിണേന്ത്യയിലെ സൂഫിസത്തിന്റെ ആദ്യകാല കേന്ദ്രങ്ങളിലൊന്നായ ദര്‍ഗയെന്നാണ് മുസ്ലീം വിശ്വാസം. മതേതരത്വത്തിനുമേല്‍ മതം ശക്തിപ്രാപിച്ചപ്പോള്‍ വിശ്വാസകേന്ദ്രങ്ങളും വിവാദപ്രദേശങ്ങളായി മാറുന്ന ഇന്ത്യയിലെ പതിവുകാഴ്ച ഇവിടെയും ഇപ്പോള്‍ അരങ്ങേറുന്നു. ബാബ ബുദാന്‍ഗിരിയിലെ ഇരുവശത്തും ഗ്രാമചന്തകള്‍ പോലെ നിറയെ കടകള്‍. പ്രകൃതിയില്‍നിന്നുണ്ടാക്കുന്ന മരുന്നുകള്‍, മരുന്നുണ്ടാക്കാനുള്ള കൂട്ടുകള്‍ എന്നിവയായിരുന്നു പ്രധാനമായും അവിടെ വില്പനയ്ക്കുവെച്ചിരുന്നത്. അവിടംകടന്ന് നേരെ നടന്നപ്പോള്‍ നടന്നുവന്ന മലയൂടെ അറ്റത്തെത്തി. താഴേക്ക് വലിയ കൊക്കയാണ്. നേരെ നോക്കുമ്പോള്‍ നിരവധി മലകള്‍ പച്ചപുതച്ചും വേനല്‍വെയിലിന്റെ ശക്തിയില്‍ ചില ഇടങ്ങള്‍ ചാരനിറമടിച്ചും കിടക്കുന്നു. 
മാണിക്യധാര

ഈ മലയോടുചേര്‍ന്നുതന്നെ മറ്റൊരു മുനമ്പുണ്ട്. അവിടേയ്ക്കുള്ള പാത താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. അതിനുമുകളില്‍നിന്നുള്ള സൗന്ദര്യം ആസ്വദിച്ചശേഷം വലതുവശത്തുള്ള പടികളിറങ്ങി. അവിടെയാണ് പുണ്യജലമൊഴുകുന്ന മാണിക്യധാരയുള്ളത്. അതിനോടുചേര്‍ന്ന്് ഒരു ദര്‍ഗയുമുണ്ട്. ഒരാള്‍ക്ക് അഞ്ചുരൂപവെച്ച് പ്രവേശന ഫീസും കൊടുത്ത് മാണിക്യധാരയുടെ അരികിലേക്കിറങ്ങി. അനങ്ങി നടക്കാന്‍ ഇടയില്ലാത്ത വിധം ആളുകളുടെ തിരക്കാണിവിടെ. മാണിക്യധാരയിലെ പുണ്യജലത്തില്‍ കുളിക്കാനായുള്ള വരവാണ്. കുളിക്കാന്‍ പോകുന്നവരും കുളി കഴിഞ്ഞുവരുന്നവരും തമ്മിലുള്ള കൈയാങ്കളിയെന്നും പറയാം. ഒരുവിധം നടന്ന് താഴെയെത്തി. കീഴ്ക്കാംതൂക്കായി കിടക്കുന്ന പാറയിലൂടെ, പച്ചപ്പുല്ലുകളില്‍ തട്ടിത്തടഞ്ഞ്, നൂലില്‍ കോര്‍ത്തടുത്തപോലെ തുള്ളികളായി പെയ്തിറങ്ങുന്ന ചെറിയ വെള്ളച്ചാട്ടം. കുത്തനെയുള്ള പാറക്കെട്ടിന്റെ മുകളില്‍നിന്നും പേരിന് അനുയോജ്യമായ രീതിയില്‍ താഴേക്ക് പതിക്കുന്ന മാണിക്യധാരയെന്ന മനോഹര കാഴ്ച. 

ഇനി മലയിറക്കമാണ്. ബുദാന്‍ഗിരിയുടെ ഏതാണ്ട് അടിവാരം എന്നുതന്നെ പറയാം. അവിടെയാണ് ബാബയുടെ ശവകുടീരവും അദ്ദേഹം പ്രാര്‍ത്ഥിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന ഗുഹയുമുള്ളത്. അവിടെയും ആളുകളുടെ തിരക്ക് തന്നെയാണ്. ഗുഹയ്ക്കകം പെയിന്റ് ചെയ്ത് സംരക്ഷിച്ചിരിക്കുന്നു. അകത്തേക്ക് കടക്കുമ്പോള്‍ ചന്ദനത്തിന്റെയും അത്തറിന്റെയും മണം ഒരുപോലെ പരന്നു. നിവര്‍ന്നു നില്‍ക്കാന്‍ പ്രയാസമുള്ള ഒരു ചെറിയ ഗുഹ. തലതാഴ്ത്തി ഏറെ നേരം നിന്നുവേണം ദര്‍ശനം നടത്താന്‍. അവിടെനിന്നും പുറത്തിറങ്ങി തിരിച്ചുള്ള യാത്രയില്‍ വെള്ളച്ചാട്ടങ്ങളും കാപ്പിത്തോട്ടങ്ങള്‍ നിറഞ്ഞ മലകളും തന്നെയായിരുന്നു പ്രധാന കാഴ്ച. അരികിലുള്ള മലകളിലെ കാപ്പിത്തോട്ടങ്ങള്‍ ഞങ്ങളെ നോക്കി തലയാട്ടി. 'നിങ്ങള്‍ കുടിക്കുന്ന ഓരോ കാപ്പിയിലെയും വിത്തുകള്‍, 6,500 കിലോമീറ്ററോളം ദൂരം, ഒരു സൂഫിവര്യന്‍ താടിയില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന വിത്തിന്റെ വിദൂര സന്തതി'യാണെന്ന് ഓര്‍മിപ്പിക്കുന്നതുപോലെ..!

Content Highlights: chikmagalur, indian coffee history, baba budangiri