കൃഷ്ണശിലയുടെ തണുപ്പാണ് ഇവിടെ ഓരോ ചുവരിനും.. ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രം
#അക്ഷര അര്‍ജുന്‍
ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രം
ചുറ്റും അലയടിക്കുന്ന ഓംകാരധ്വനി... കല്‍ച്ചുമരുകളില്‍ തട്ടിത്തഴുകിവരുന്ന കാറ്റില്‍ പൂജാദ്രവ്യങ്ങളുടെയും പേരറിയാപ്പൂക്കളുടെയും നറുമണം. നഗരത്തിന്റെ ആരവങ്ങള്‍ കടന്ന് പ്രശാന്തിയുടെ തീരത്തേക്കുള്ള പ്രയാണം പോലെയാണ് ഇവിടേക്കുള്ള യാത്ര. നെയ്യാറ്റിന്‍കരയ്ക്കടുത്ത് ചെങ്കല്‍ ഗ്രാമം. ഗ്രാമക്കാഴ്ചകളുടെ ഏടുകള്‍ കടന്നാല്‍ മുന്നില്‍തെളിയും മഹാവിസ്മയംപോലെ ശിവലിംഗം. ഗ്രാമവിളക്കായി ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രം. ക്ഷേത്രാങ്കണത്തില്‍ മനസ്സിനെ പുണരുന്ന കുളിര്‍മ അനുഭവിച്ചറിയാം. മന്ത്രധ്വനികളും നറുനെയ്ഗന്ധവും ഊര്‍ജത്തിന്റെ ഉറവയായി ഒഴുകുന്ന ദേവസ്ഥാനം. കൃഷ്ണശിലയുടെ തണുപ്പാണ് ഇവിടെ ഓരോ ചുവരിനും. കേരളീയ വാസ്തുശില്പകലകളാല്‍ സമ്പന്നമായ ക്ഷേത്രസമുച്ചയം. ചുറ്റമ്പലത്തിന് പുറത്ത് വെള്ളമണല്‍ വിരിച്ച വിശാലമായ നടപ്പാത... ക്ഷേത്രത്തിന്റെ വായുകോണില്‍ തലയെടുപ്പുള്ള വിസ്മയമായി മഹാശിവലിംഗം.
നാലു കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ഓരോ കവാടത്തിനും മുകളിലായി ശില്പചാരുത നിറഞ്ഞ ഗോപുരങ്ങള്‍. പ്രധാന ഗോപുരവാതില്‍ കിഴക്ക് വശത്താണ്. മനോഹരമായ കൊത്തുപണികളോടുകൂടിയ ഇരുനില ഗോപുരമാണിത്. പുറത്ത് പാര്‍വതീ പരമേശ്വരന്മാരുടെ സംരക്ഷണത്തിനായി നന്ദികേശന്‍... ഗോപുരവാതിലില്‍ കാവല്‍ നില്‍ക്കുന്ന ശിലാരൂപികളായ ഗജവീരന്മാര്‍. വിസ്തൃതമായ ആനക്കൊട്ടില്‍... അതുകടന്നു ചെന്നാല്‍ എഴുപതുതൂണുകളോടുകൂടിയ നമസ്‌കാര മണ്ഡപം. ശിലയിലും തടിയിലും കൊത്തിയെടുത്ത ദേവരൂപങ്ങള്‍. ശിവനും ശക്തിയും ഒരു പീഠത്തിലിരിക്കുന്നു എന്ന അപൂര്‍വതയുമു്. ഉമാമഹേശ്വര പുത്രന്മാരായ ശ്രീ ഗണപതിയുടെയും സുബ്രമണ്യന്റെയും ഉപദേവതാ പ്രതിഷ്ഠയും നാഗപ്രതിഷ്ഠയും നവഗ്രഹപ്രതിഷ്ഠയും കൂടിയാകുമ്പോഴേ പൂര്‍ത്തിയാകുന്നുള്ളു ക്ഷേത്രക്കാഴ്ചകള്‍...ഓരോ മനുഷ്യനിലും ഈശ്വരന്‍ കുടികൊള്ളുന്നു എന്ന മഹാതത്വത്തെ അടിസ്ഥാനമാക്കിയാണ് മഹാശിവലിംഗം നിര്‍മിച്ചിരിക്കുന്നതെന്ന് ക്ഷേത്രമഠാധിപതി ശ്രീ മഹേശ്വരാനന്ദ സരസ്വതി പറയുന്നു. 111.2 അടി ഉയരമുള്ള മഹാശിവലിംഗം ഇതിനോടകം തന്നെ റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടം പിടിച്ചിട്ടുണ്ട് . 111 അടി എന്നത് ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാരെ സൂചിപ്പിക്കുന്നു. മനുഷ്യശരീരത്തിലെ ഏഴ് ചക്രങ്ങളെ അടിസ്ഥാനപ്പെടുത്തി എട്ട് നിലകളിലായാണ് മഹാശിവലിംഗത്തിന്റെ നിര്‍മിതി. ശിവലിംഗത്തിന്റെ പൃഥ്വി ചക്രത്തിനുള്ളില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ചെറുശിവലിംഗത്തില്‍ സ്വയം അഭിഷേകം നടത്തി പ്രാര്‍ത്ഥിക്കാം. ഉള്ളിലേക്ക് കയറുന്തോറും മറ്റൊരു ലോകത്തില്‍ എത്തിയ അനുഭൂതിയാണ്.കാനനപാതയിലൂടെ നടക്കുന്ന പ്രതീതി ജനിപ്പിക്കുന്ന വിധമാണ് നിര്‍മാണം. ഓരോ ഭാഗങ്ങളെയും പറ്റി വിശദീകരിക്കാനായി ഓരോ ഗ്രൂപ്പ് ആളുകളോടൊപ്പവും ഒരു ഗൈഡ് ഉണ്ട്. ഗുഹാമാര്‍ഗത്തിലുള്ള നടപ്പാതയിലൂടെ ശിവലിംഗത്തിന്റെ മുകളിലേക്ക് കയറാം. പ്രകൃതിയെ ഉടലില്‍ സ്വീകരിച്ച മഹാദേവന്റെ സങ്കല്‍പ്പം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ധ്യാനനിമഗ്നരായ ഋഷീശ്വരന്മാരെ യാത്രയിലുടനീളം കാണാം. ഏഴുനിലകളിലായി ശിവന്റെ 64 ഭാവങ്ങളും പരശുരാമന്‍ പ്രതിഷ്ഠിച്ചിട്ടുള്ള 108 ശിവക്ഷേത്രങ്ങളെ പ്രതിനിധീകരിക്കുന്ന 108 ശിവലിംഗങ്ങളുമുണ്ട്. മൂലാധാരനിലയില്‍ നിന്നും യാത്ര തുടര്‍ന്ന് സ്വാധിഷ്ഠാന, മണിപുര, അനാഹത, വിശുദ്ധ, ആജ്ഞ, സഹസ്രാര എന്നിവയെ പ്രതിനിധീകരിക്കുന്ന ചക്രങ്ങളുള്ള നിലകളിലെത്തി അവിടെ നിന്നും കൈലാസത്തില്‍ പ്രവേശിക്കുന്നു. ധ്യാനത്തിനുവേണ്ടി ഓരോ നിലയുടെയും മധ്യഭാഗം ഒഴിച്ചിട്ടിരിക്കുകയാണ്. മഹാശിവലിംഗത്തിനുള്ളിലെ കൈലാസദര്‍ശനം മറക്കാനാവില്ല. ഉടലില്‍ പടരുന്ന ഹിമത്തണുപ്പില്‍ ശിവപഞ്ചാക്ഷരീധ്വനി. സഹസ്രാരപത്മത്തില്‍ ഉപവിഷ്ഠരായ പാര്‍വ്വതീപരമേശ്വരന്മാര്‍.
മഹേശ്വരം ശ്രീ ശിവപാര്‍വ്വതി ക്ഷേത്രത്തിന് ഏകദേശം 5000 കൊല്ലത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ബ്രഹ്മജ്ഞനായ ഒരു സ്വാമിജിയുടെ സമാധി ഈ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും പില്‍ക്കാലത്ത് അവിടെ ആചാരവിധിപ്രകാരം ശിവന്‍, പാര്‍വ്വതി, ഗണപതി, മുരുകന്‍ എന്നീ ദേവതകളെ പ്രതിഷ്ഠിച്ച് പൂജാദി കര്‍മ്മങ്ങള്‍ നടത്തിയതായും പറയപ്പെടുന്നു. കാലാന്തരത്തില്‍ പ്രകൃതിക്ഷോഭം മൂലം ക്ഷേത്രസമുച്ചയം മണ്ണിനടിയില്‍പ്പെട്ട് നശിച്ചതായും സ്വാമിജിയുടെ പുനര്‍ജന്മമായി ഈ സ്ഥലത്ത് മഹേശ്വരാനന്ദ സ്വാമികള്‍ ജനിച്ചതായും വിശ്വസിക്കപ്പെടുന്നു. ശിവപാര്‍വ്വതി വിഗ്രഹം പുറ്റിന്റെ ആകൃതിയില്‍ വളര്‍ന്നതുകൊണ്ട് പണ്ട് പുറ്ററയ്ക്കല്‍ എന്ന പേര് നിലനിന്നതായും കഥകളുണ്ട്. അതിരുദ്രമഹായജ്ഞം രണ്ടുതവണ നടത്തിയ കേരളത്തിലെ ആദ്യത്തെ ക്ഷേത്രമാണിത്. ശിവരാത്രിയാണ് മഹേശ്വരം ക്ഷേത്രത്തിലെ പ്രധാന ആഘോഷം. ശിവരാത്രിയോടനുബന്ധിച്ച് രുദ്രയജ്ഞം നടത്താറുണ്ട്. പള്ളിവേട്ടയും ക്ഷേത്രകലാരൂപങ്ങള്‍ ഒന്നിച്ചുള്ള ഘോഷയാത്രയും രഥോത്സവവുമുണ്ടാകും. വൃശ്ചിക മാസത്തില്‍ 41 ദിവസം നീണ്ടു നില്‍ക്കുന്ന മണ്ഡലച്ചിറപ്പും നടക്കും.
32 ഗണേശഭാവങ്ങള്‍ ഉമാപുത്രനായ ഗണപതി ഇവിടെ ഉപദേവതകളില്‍ പ്രധാനിയാണ്. ചുറ്റമ്പലത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഗണപതിയുടെ 32 ഭാവങ്ങളെയും പ്രത്യേകം പ്രതിഷ്ഠിച്ച് പൂജിക്കുന്നുണ്ട്. ബാല ഗണപതി മുതല്‍ യോഗ ഗണപതി വരെ. അപൂര്‍വ്വമായ ഗണേശ ദര്‍ശനം. ഗണപതി പ്രീതിക്കായി മുട്ടുടക്കല്‍, ഗണപതി ഹോമം, വിഘ്‌ന നിവാരണ പൂജ തുടങ്ങിയ വഴിപാടുകള്‍ നടത്തുന്നുണ്ട് ഇവിടെ.
Content Highlights: chenkal maheswaram temple, indian temple, travel